Tuesday, September 20, 2011

യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍


യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍

വയനാട്ടിലെ ആദിവാസികളോടുള്ള യുഡിഎഫിന്റെ ശത്രുതാപരമായ സമീപനം പുതിയതല്ല. പഴയതിന്റെ തുടര്‍ച്ച മാത്രമാണ്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസിച്ചു. അവര്‍ക്ക് അഞ്ചേക്കര്‍വീതം ഭൂമി നല്‍കാമെന്ന് ഉറപ്പുനല്‍കി കോല്‍ക്കളി കളിച്ച്, പാട്ടുംപാടി സമരം അവസാനിപ്പിച്ചു. പിന്നീടാണ് മുത്തങ്ങ വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ വീണ്ടും കുടില്‍കെട്ടി മൂന്നുമാസം താമസിച്ചത്. പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് അവരെ ഇറക്കിവിട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ , ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ആദിവാസിയെ വെടിവച്ചു കൊന്നത് ഈ ഒഴിപ്പിക്കലിനോട് അനുബന്ധിച്ചാണ്. ഒരു പൊലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെടുകയുണ്ടായി. മുത്തങ്ങയില്‍ കുടില്‍കെട്ടി താമസിച്ച ആദിവാസികളെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചതിന്റെ യഥാര്‍ഥചിത്രം കൈരളി ചാനല്‍ സമര്‍ഥമായി ഒപ്പിയെടുത്ത് ബഹുജന സമക്ഷം അവതരിപ്പിച്ചത് കണ്ടവരാരും മറന്നുകാണില്ല. ആദിവാസികളെ ഇത്ര ക്രൂരമായി തല്ലിച്ചതച്ചതിന് മറ്റൊരു ഉദാഹരണമില്ല.

അടുത്ത ഘട്ടത്തിലാണ് ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ പോകട്ടെ, ഒരേക്കര്‍ ഭൂമിപോലും കൊടുക്കാതിരുന്നപ്പോള്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ തരിശുഭൂമിയില്‍ കുടില്‍കെട്ടി താമസിച്ചത്. 18 കേന്ദ്രങ്ങളില്‍ ഇങ്ങനെ കുടില്‍ കെട്ടുകയുണ്ടായി. യുഡിഎഫ് സര്‍ക്കാര്‍ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നൂറുകണക്കിന് ആദിവാസി സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി കോഴിക്കോട്, കണ്ണൂര്‍ ജയിലുകളില്‍ അസാമാന്യ ധീരതയോടെ കഴിഞ്ഞുകൂടാന്‍ തയ്യാറായി. സ്വന്തം ജാമ്യത്തില്‍ ഇറങ്ങാന്‍പോലും അവര്‍ തയ്യാറായില്ല. ഒടുവില്‍ നിരുപാധികം വിട്ടയച്ചതിനെത്തുടര്‍ന്ന് അതേ സ്ഥലത്തുതന്നെ തിരികെ വന്നു താമസിച്ചു. ഇന്നും അവിടെത്തന്നെ താമസം തുടരുകയാണ്. യുഡിഎഫിന്റെ ആദിവാസി വിരുദ്ധ നിലപാടിന് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ആദിവാസി ക്ഷേമസമിതി പൂര്‍വാധികം ശക്തിപ്രാപിക്കുകയും അവരുടെ ഏക സംഘടന എന്ന നിലയില്‍ വിശ്വാസമാര്‍ജിക്കുകയുംചെയ്തു. വീരന്‍ജനതയുടെ നേതാക്കളായ വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ് കുമാര്‍ എംഎല്‍എയും സര്‍ക്കാര്‍ഭൂമി അന്യായമായി കൈവശം വച്ചുവരുന്നതായി കോടതിവിധിയിലൂടെ തെളിയിക്കപ്പെട്ടു. സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തുന്നതിനെതിരെ കടുത്ത ഭാഷയില്‍ തന്നെ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഈ ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കപ്പെട്ടു. എന്നാല്‍ , ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഈ ഭൂമി വിതരണംചെയ്യാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ തയ്യാറായില്ല. കൊട്ടിഘോഷിച്ച 100 ദിന പരിപാടിയിലും ഭൂമി വിതരണംചെയ്യുന്ന വിഷയം ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. കൈയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയത്തില്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ആദിവാസികള്‍ നിര്‍ബന്ധിതരായത് ഈ സാഹചര്യത്തിലാണ്. സെപ്തംബര്‍ 16ന് വയനാട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ വൈത്തിരി, കല്‍പ്പറ്റ, പനമരം എന്നീ കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പരിപാടി അനുസരിച്ച് കരിങ്കൊടി കാണിക്കാന്‍ ആദിവാസികളും ഇടതു പ്രവര്‍ത്തകരും തയ്യാറായി. കരിങ്കൊടി പ്രകടനം തികച്ചും സമാധാനപരമായിരുന്നു. പൊലീസിന്റെ ഇടപെടല്‍ ആവശ്യമായിരുന്നില്ല. എന്നിട്ടും ഒരു കേന്ദ്രത്തില്‍ പ്രകടനക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കരിങ്കൊടി കാണിക്കുന്നത് കേരളത്തില്‍ ആദ്യസംഭവമല്ല. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോള്‍പോലും കരിങ്കൊടി കാണിച്ചിട്ടുണ്ട്. എന്നാല്‍ , വയനാട്ടില്‍ അസാധാരണമായ രീതിയിലാണ് വിറളിപിടിച്ച പൊലീസ് പ്രകടനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ഇടതുപ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി. അതിലും വിചിത്രമായ സംഗതിയാണ് ആദിവാസി സ്ത്രീകളുടെ കച്ചയഴിപ്പിച്ചത്. വയനാട്ടിലെ ആദിവാസി സ്ത്രീകള്‍ ഉടുമുണ്ടിനു മീതെ കറുത്ത വസ്ത്രംകൊണ്ട് കച്ച മുറുക്കുന്ന പതിവുണ്ട്. സ്ത്രീകളുടെ ഉടുമുണ്ട് അഴിഞ്ഞുപോകാതിരിക്കാനുള്ള ഒരു കരുതല്‍കൂടിയാണ് അവര്‍ ധരിക്കുന്ന കച്ച. ഇത് സാമുദായിക ആചാരംകൂടിയാണ്. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ബലം പ്രയോഗിച്ച് ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ചതുവഴി അവരെ അപമാനിക്കുകയാണ് ചെയ്തത്. തികഞ്ഞ അഹങ്കാരവും ധിക്കാരവുമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത് തനി തെമ്മാടിത്തമല്ലാതെ മറ്റൊന്നുമല്ല.

യുഡിഎഫ് ഭരണത്തില്‍മാത്രമേ അപഹാസ്യമായ ഇത്തരമൊരു നടപടി പ്രതീക്ഷിക്കാന്‍ കഴിയൂ. പ്രതിഷേധം ശമിപ്പിക്കാന്‍ നിരോധനാജ്ഞയുടെ മാര്‍ഗമാണ് ഒടുവില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്നലെ വയനാട്ടിലെ നൂറുകണക്കിനു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധത്തിന്റെ സ്വരംപോലും കേള്‍ക്കാന്‍ തയ്യാറാകാത്ത അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. ഇത് ജനാധിപത്യ ഭരണക്രമത്തിന് ഭീഷണിയാണ്. ഭരണാധികാരികളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന തന്നതാണ്. അത് കവര്‍ന്നെടുക്കാന്‍ ഉമ്മന്‍ചാണ്ടിയെ എന്നല്ല, ഒരു ഭരണാധികാരിയെയും അനുവദിച്ചുകൂടാ. ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധസ്വരം അലയടിച്ച് ഉയരേണ്ടതുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...

യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍ Posted on: 20-Sep-2011 11:21 PMവയനാട്ടിലെ ആദിവാസികളോടുള്ള യുഡിഎഫിന്റെ ശത്രുതാപരമായ സമീപനം പുതിയതല്ല. പഴയതിന്റെ തുടര്‍ച്ച മാത്രമാണ്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസിച്ചു. അവര്‍ക്ക് അഞ്ചേക്കര്‍വീതം ഭൂമി നല്‍കാമെന്ന് ഉറപ്പുനല്‍കി കോല്‍ക്കളി കളിച്ച്, പാട്ടുംപാടി സമരം അവസാനിപ്പിച്ചു. പിന്നീടാണ് മുത്തങ്ങ വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ വീണ്ടും കുടില്‍കെട്ടി മൂന്നുമാസം താമസിച്ചത്. പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് അവരെ ഇറക്കിവിട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ , ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ആദിവാസിയെ വെടിവച്ചു കൊന്നത് ഈ ഒഴിപ്പിക്കലിനോട് അനുബന്ധിച്ചാണ്. ഒരു പൊലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെടുകയുണ്ടായി. മുത്തങ്ങയില്‍ കുടില്‍കെട്ടി താമസിച്ച ആദിവാസികളെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചതിന്റെ യഥാര്‍ഥചിത്രം കൈരളി ചാനല്‍ സമര്‍ഥമായി ഒപ്പിയെടുത്ത് ബഹുജന സമക്ഷം അവതരിപ്പിച്ചത് കണ്ടവരാരും മറന്നുകാണില്ല. ആദിവാസികളെ ഇത്ര ക്രൂരമായി തല്ലിച്ചതച്ചതിന് മറ്റൊരു ഉദാഹരണമില്ല.