Wednesday, July 13, 2011

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു


ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു


മമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു

മമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാളാണ് ധനമന്ത്രി കെ എം മാണിയും. എന്നാല്‍ , മാണി നിയമസഭയില്‍ അവതരിപ്പിച്ച 2011-2012 ലെ ബജറ്റ് ചില ജില്ലകളോട് മമതയും മറ്റ് ജില്ലകളോട് അവഗണനയും കാണിച്ചതായി ഭരണകക്ഷി എംഎല്‍എമാരും ഭരണമുന്നണിയെ അനുകൂലിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും കടുത്ത രീതിയില്‍ വിമര്‍ശം ഉന്നയിച്ചത് ഒരുപക്ഷേ ആദ്യത്തെ അനുഭവമായിരിക്കും.

ബജറ്റ് വിവാദമാക്കിയതില്‍ മാണിക്ക് ഖേദം എന്നാണ് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത്. "ബജറ്റ് അവതരിപ്പിച്ച് സീറ്റില്‍ ഇരിക്കുമ്പോള്‍ സാധാരണ ധനമന്ത്രിമാരെ അഭിനന്ദിക്കാനാണ് ഭരണപക്ഷ എംഎല്‍എമാര്‍ എത്തുക" എന്ന് മാണി യുഡിഎഫ് യോഗത്തില്‍ പരിഭവസ്വരത്തില്‍ പറഞ്ഞുപോലും. അഭിനന്ദിക്കാന്‍ തന്റെ സമീപത്ത് ആരും വന്നില്ലെന്നാണ് മാണിയുടെ പരാതി. ഒരു പ്രമുഖപത്രം മാണിബജറ്റിനെ പരിഹാസപൂര്‍വം വിശേഷിപ്പിച്ചത് കെ എം ബജറ്റെന്നാണ്. "കെ" കോട്ടയത്തിനും "എം" മലപ്പുറത്തിനും ഉള്ളതാണുപോലും. അതായത് മാണി ബജറ്റില്‍ കോട്ടയത്തിനും മലപ്പുറത്തിനും അമിത പ്രാധാന്യവും പരിഗണനയും നല്‍കിയപ്പോള്‍ മറ്റു ജില്ലകളെ പാടെ അവഗണിക്കുകയാണ് ചെയ്തത്. മുസ്ലിം ലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത് മലപ്പുറത്തിന് അര്‍ഹിക്കുന്നത് കിട്ടി എന്നാണ്. അര്‍ഹിക്കുന്നത് രണ്ട് ജില്ലകള്‍ക്കു മാത്രം കിട്ടിയാല്‍ പോരല്ലോ. മറ്റു ജില്ലകള്‍ക്കും അര്‍ഹതയുണ്ട്. അത് ലഭിച്ചില്ല എന്നതാണ് പരാതി. സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിക്കുമ്പോള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീതം വയ്ക്കാനാവില്ല. നീതിപൂര്‍വകമായായിരിക്കണം പൊതുഖജനാവിലെ പണം വിനിയോഗിക്കേണ്ടത്.

രണ്ട് ജില്ലകളോട് പ്രത്യേക മമത കാണിക്കുകയും മറ്റു ജില്ലകളെ അവഗണിക്കുകയുംചെയ്തത് പക്ഷപാതപരമാണ്. മമതയില്ലാതെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്നത് പ്രതിജ്ഞയുടെ ലംഘനമാണ്. ഇത്രയും വിമര്‍ശവിധേയമായ ഒരു ബജറ്റ് കേരള നിയമസഭയില്‍ ഇതിനുമുമ്പ് ആരെങ്കിലും അവതരിപ്പിച്ചതായി ഓര്‍ക്കുന്നില്ല. ഭരണകക്ഷി എംഎല്‍എമാര്‍ ബജറ്റിനെതിരെ പരസ്യമായി വിമര്‍ശം ഉന്നയിക്കുന്നത് ശരിയല്ലെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞ ഉടനെയാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹസ്സനെ തിരുത്തിയത്. പാര്‍ലമെന്റില്‍ ബജറ്റവതരിപ്പിച്ചാല്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എംപിമാര്‍ വിമര്‍ശം ഉന്നയിക്കാറുണ്ട്. അതേപോലെ കേരളത്തിലെ എംഎല്‍എമാര്‍ക്കും വിമര്‍ശം ഉന്നയിക്കാന്‍ അവകാശമുണ്ടെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇക്കാര്യത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
നേതാക്കളുടെ വിലക്കും അച്ചടക്ക നടപടിയുടെ ഭീഷണിയും തൃണവല്‍ഗണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി പ്രതികരിച്ചത്. കോട്ടയവും മലപ്പുറവുമെല്ലാം കേരളത്തിലാണെന്ന് ഓര്‍ക്കണമെന്നാണ് മറ്റൊരു ന്യായീകരണം. കേരളത്തിനകത്ത് വേറെയും ജില്ലകളുണ്ടെന്ന് ഓര്‍ക്കണമെന്നാണ് അതിനുള്ള ന്യായമായ മറുപടി. എല്‍ഡിഎഫ് ഭരണകാലത്ത് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെതിരെ ഇത്തരത്തില്‍ വിമര്‍ശമുണ്ടായില്ല. മറിച്ച് അഭിനന്ദനവുമായി പ്രതിപക്ഷ എംഎല്‍എമാര്‍പോലും മന്ത്രിയെ സമീപിക്കുകയുംചെയ്തു. ക്ഷേമപെന്‍ഷനുകള്‍ 400 രൂപയായി വര്‍ധിപ്പിച്ചതും എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചതും നവജാതശിശുക്കളുടെ പേരില്‍ 10,000 രൂപ ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള തീരുമാനവും 8 പുതിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ 125 കോടി രൂപ വകയിരുത്തിയതും ഉള്‍പ്പെടെ ഒട്ടേറെ ജനക്ഷേമ നടപടികള്‍ എല്ലാവരുടെയും അഭിനന്ദനത്തിന് പാത്രമായി. മാണിയുടെ ബജറ്റ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ ക്ഷേമനടപടികളെയൊക്കെ പൂര്‍ണമായും അവഗണിച്ചു. റോഡുകളുടെ സമഗ്രമായ വികസനത്തിനായി 40,000 കോടി രൂപയുടെ പുതിയ പദ്ധതിയെപ്പറ്റി മാണിബജറ്റില്‍ ഒരു പരാമര്‍ശവുമില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കും ഭീഷണിയും അവഗണിച്ച് പരസ്യമായി ബജറ്റിനെതിരെ വിമര്‍ശമുന്നയിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഒരു സങ്കോചവും ഉണ്ടായില്ല.
ടി എന്‍ പ്രതാപനെപ്പോലുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി രംഗത്തുവന്നതും ശ്രദ്ധേയമായ കാര്യമാണ്. അവഗണിച്ചതില്‍ പ്രതിഷേധിക്കാന്‍ രംഗത്തുവരണമെന്ന് യുഡിഎഫിലെ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതാദളിന്റെ മുന്‍ എംഎല്‍എയായ എം കെ പ്രേംനാഥ് പരസ്യമായി ആഹ്വാനംചെയ്തിരിക്കുന്നു. ബജറ്റ് തയ്യാറാക്കുമ്പോള്‍ മന്ത്രിസഭയുടെ ആയുസ്സ് കുറവാണെന്നും തെരഞ്ഞെടുപ്പ് അകലെയല്ലെന്നും ധനമന്ത്രിക്ക് തോന്നലുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതായിരിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടിവന്ന സ്വന്തം നിയോജകമണ്ഡലത്തിനും വേങ്ങരയ്ക്കുമൊക്കെ പ്രത്യേക പരിഗണന നല്‍കാന്‍ കാരണമായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തുതന്നെയായാലും ബജറ്റിന്റെ പൊതുചര്‍ച്ച ആരംഭിക്കുന്നതിനു മുമ്പുതന്നെ ധനമന്ത്രി മാണി കുറ്റം ഏറ്റുപറയുകയും തിരുത്തല്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യാന്‍ നിര്‍ബന്ധിതമായ സവിശേഷ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഭരണം ഏറ്റെടുത്ത് രണ്ടുമാസം തികയുന്നതിന് മുമ്പുതന്നെ യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് വ്യക്തമായിക്കഴിഞ്ഞു. നേടിയെടുത്ത ആനുകൂല്യങ്ങളൊന്നുംതന്നെ തിരിച്ചുപിടിക്കാന്‍ കേരള ജനത അനുവദിക്കില്ലെന്ന് വൈകിയ വേളയിലെങ്കിലും ധനമന്ത്രി ഓര്‍ക്കുന്നത് നല്ലതാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു

മമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നുമമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാളാണ് ധനമന്ത്രി കെ എം മാണിയും. എന്നാല്‍ , മാണി നിയമസഭയില്‍ അവതരിപ്പിച്ച 2011-2012 ലെ ബജറ്റ് ചില ജില്ലകളോട് മമതയും മറ്റ് ജില്ലകളോട് അവഗണനയും കാണിച്ചതായി ഭരണകക്ഷി എംഎല്‍എമാരും ഭരണമുന്നണിയെ അനുകൂലിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും കടുത്ത രീതിയില്‍ വിമര്‍ശം ഉന്നയിച്ചത് ഒരുപക്ഷേ ആദ്യത്തെ അനുഭവമായിരിക്കും.