Wednesday, July 13, 2011

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കൊതിച്ചത് കിട്ടാതെ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണിയും.



തിരു: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കൊതിച്ചത് കിട്ടാതെ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണിയും. ലീഗിന്റെ ചുണ്ടില്‍ മധുരം തേച്ച് കോണ്‍ഗ്രസ് കാര്യം ഒതുക്കി. ഇതില്‍ പരസ്യമായി പ്രതിഷേധിക്കാനാകാത്ത പരുവത്തിലാണ് ലീഗ്. സംസ്ഥാനത്ത് അഞ്ചാം മന്ത്രിസ്ഥാനത്തിനു പകരം കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിച്ച ഇ അഹമ്മദിന് അത് കിട്ടിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റും ഇതിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലിച്ചില്ല. ജോസ് കെ മാണി കേന്ദ്രമന്ത്രിയായി കാണാനുള്ള ഒരു പിതാവിന്റെ കിനാവിന് പ്രായം രണ്ടു വര്‍ഷമായി. ഇനിയും കാത്തിരിപ്പ് തുടരണം. ഇതില്‍ കെ എം മാണി തികച്ചും അസന്തുഷ്ടനാണ്. വിയോജിപ്പ് വൈകാതെ ഡല്‍ഹിയിലെത്തി സോണിയഗാന്ധിയെ നേരില്‍ ധരിപ്പിക്കും. ഫലത്തില്‍ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നൂലിഴ ഭൂരിപക്ഷമുള്ള യുഡിഎഫ് മന്ത്രിസഭയുടെ അസ്ഥിരതയ്ക്ക് ആക്കംകൂട്ടി. പക്ഷേ, സംസ്ഥാനത്തെ രണ്ടു കക്ഷികള്‍ സമുദായ ലേബലില്‍ കോണ്‍ഗ്രസുമായി വിലപേശുകയും ഇതിന് കോണ്‍ഗ്രസ് ഭാഗികമായി വഴങ്ങുകയും ചെയ്യുന്നതിന്റെ അപഹാസ്യ ചിത്രവും കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ വ്യക്തമായി. ക്യാബിനറ്റ്പദവി ചോദിച്ച മുസ്ലിംലീഗിലെ ഇ അഹമ്മദിന് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനം പോലും കിട്ടിയില്ലെങ്കിലും അധികമായി ഒരു വകുപ്പ് കിട്ടി. മാനവവിഭവശേഷി വികസന വകുപ്പ്. കപില്‍സിബല്‍ ക്യാബിനറ്റ് മന്ത്രിയായ ഈ വകുപ്പില്‍ സഹമന്ത്രി വേറെയുമുണ്ട്. അഹമ്മദിനു പുതിയ വകുപ്പ് കിട്ടിയെങ്കിലും എത്രത്തോളം ഭരണത്തില്‍ ഇടപെടാമെന്നത് കണ്ടറിയണം. പക്ഷേ, ലീഗിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചെന്നു പറഞ്ഞ് സമാശ്വാസിക്കാന്‍ അധിക ചുമതല പിടിവള്ളിയാക്കാം. പുതിയ വകുപ്പുലബ്ധിയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ സന്തോഷപ്രകടനം ഇതിന്റെ ഭാഗമാണ്. മാനവവിഭവശേഷിവകുപ്പ് ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും ലീഗിന് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്യമായി പ്രതിഷേധിക്കാതെ രഹസ്യമായി വിലപേശലാണ് ലീഗിന്റെ തന്ത്രം. ഒട്ടിനിന്ന് കൂടുതല്‍ സ്ഥാനവും പങ്കും വകുപ്പും നേടുകയാണ് ലക്ഷ്യം. അഹമ്മദിന് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി സ്ഥാനംപോലും കിട്ടാത്തതിനാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഞ്ചാംമന്ത്രി സ്ഥാനത്തിനുള്ള ആവശ്യം ശക്തമാക്കണമെന്നുള്ള അഭിപ്രായം ലീഗില്‍ ഉയരും. പക്ഷേ, 543 അംഗ ലോക്സഭയില്‍ രണ്ട് എംപി സ്ഥാനം മാത്രമുള്ള ലീഗും ഒരാള്‍ മാത്രമുള്ള കേരളകോണ്‍ഗ്രസ് എമ്മും കേന്ദ്രഭരണത്തില്‍ വിലപേശുന്നതിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്. ആര്‍ എസ് ബാബു

No comments: