Sunday, June 07, 2009

ഊന്നല്‍ ഉദാരവല്‍ക്കരണത്തിനുതന്നെ

ഊന്നല്‍ ഉദാരവല്‍ക്കരണത്തിനുതന്നെ .

സോപ്പില്‍ പൊതിഞ്ഞ പ്രഖ്യാപനങ്ങളുടെ തനിയാവര്‍ത്തനത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഉദാരവല്‍ക്കരണം തന്നെയാണെന്നാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം വ്യക്തമാക്കുന്നത്. വിദേശമൂലധനം നാടിന്റെ വളര്‍ച്ചയ്ക്ക് നല്ല സംഭാവന നല്‍കിയെന്നു പറയുന്ന സര്‍ക്കാര്‍, പുതിയ മേഖലകളിലേക്കുകൂടി അതിന്റെ കടന്നുകയറ്റം വ്യാപിപ്പിക്കുമെന്നാണ് പറയുന്നത്. അതില്‍ പ്രധാനം ധനകാര്യമേഖലയാണ്. പൊതുമേഖലാ ബാങ്കുകളുടെ മൂലധന പുനഃസംഘടനയിലൂടെ വിദേശമൂലധനത്തിന് കടന്നുവരാന്‍ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. ആഗോള സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് പാഠം പഠിക്കുന്നതിന് കോഗ്രസ് തയ്യാറല്ലെന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. അമേരിക്ക ഉള്‍പ്പെടെ വികസിത മുതലാളിത്ത രാജ്യങ്ങള്‍ അത്യഗാധ പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചുനിന്നതിന്റെ പ്രധാന കാരണം ശക്തമായ പൊതുമേഖലാ ബാങ്കുകളുടെ നേതൃപരമായ സാന്നിധ്യമായിരുന്നു. ഇക്കാര്യം എടുത്തുപറഞ്ഞ്, ദേശസാല്‍ക്കരണം നടപ്പാക്കിയ ഇന്ദിരാഗാന്ധിക്കും കോഗ്രസിനുമാണ് അതിന്റെ ക്രെഡിറ്റെന്ന് തെരഞ്ഞെടുപ്പുസമയത്ത് അവകാശവാദം ഉന്നയിച്ച പാര്‍ടിയാണ് ഇപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി വിദേശമൂലധനത്തിന് പരവതാനി വിരിക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയിലും പെന്‍ഷന്‍ഫണ്ടിലും ഇതേനയം നടപ്പാക്കുമെന്ന പ്രഖ്യാപനവും അനുഭവത്തില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറല്ലെന്നുതന്നെയാണ് കാണിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ സന്ദര്‍ഭത്തില്‍ രണ്ടുലക്ഷം കോടി ഡോളറിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളാണ് അമേരിക്കയില്‍ നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ പണിയെടുക്കുന്നവന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഒലിച്ചുപോകാതിരുന്നത് അത് പൊതുമേഖലയിലെ നിക്ഷേപമായിരുന്നതുകൊണ്ടാണ്. അതുതന്നെയാണ് ഇന്‍ഷുറന്‍സ് മേഖലയുടെ സ്ഥിതിയും. ആഗോള ഇന്‍ഷുറന്‍സ് കുത്തക കമ്പനികള്‍ പാപ്പരായി തലകുനിച്ചുനില്‍ക്കുന്ന ദയനീയകാഴ്ച മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും ഒരു പാഠവും നല്‍കുന്നില്ലെന്നത് കഷ്ടംതന്നെ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനവും രാഷ്ട്രപതി നടത്തിയിട്ടുണ്ട്. ലാഭത്തിലുള്ളതെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനത്തിന്റെയും ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തില്‍നിന്ന് രക്ഷപ്പെട്ടെന്ന ആഹ്ളാദത്തിന്റെ ആവേശത്തിലാണ് വിറ്റഴിക്കല്‍പ്രഖ്യാപനം നടത്തുന്നത്. 51 ശതമാനം ഓഹരിയും സര്‍ക്കാര്‍നിയന്ത്രണത്തില്‍ നിര്‍ത്തുമെന്ന വാചകമടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. നവരത്ന സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കേണ്ട ഒരു സാഹചര്യവും ഇല്ലാതിരിക്കെ ഈ പ്രഖ്യാപനം നടത്തുന്നതിന് കൃത്യമായ ലക്ഷ്യമുണ്ട്. ലാഭത്തിലുള്ള സ്ഥാപനങ്ങള്‍ കൈക്കലാക്കുന്നതിനാണ് മൂലധനശക്തികള്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ആഹ്ളാദം പകരുന്ന ഈ തീരുമാനം രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിന് എതിരാണ്. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന കാര്യവും മധുരത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നുണ്ട്. അര്‍ഹരായവര്‍ക്കുമാത്രമായി സബ്സിഡികള്‍ പരിമിതപ്പെടുത്തുന്നതിനുള്ള നയം രൂപീകരിക്കുമെന്നാണ് പറയുന്നത്. ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ളവരും മുകളിലുള്ളവരുമെന്ന് വിഭജിച്ച് പൊതുവിതരണസമ്പ്രദായം പരിമിതപ്പെടുത്തിയവരുടെ ലക്ഷ്യം, നിലവിലുള്ളതിനെ തകര്‍ക്കലാണ്. കാര്‍ഷികമേഖലയില്‍ പൊതുമൂലധനനിക്ഷേപം വര്‍ധിപ്പിക്കുമെന്നും സംഭരണവില ഉയര്‍ത്തുമെന്നും ഒരു ഭാഗത്ത് പറയുന്ന സര്‍ക്കാര്‍, അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് സബ്സിഡിയുടെ കാര്യത്തില്‍ കാണിക്കുന്നത്. ഫലത്തില്‍ മനുഷ്യത്വമുഖം പ്രഖ്യാപനങ്ങളില്‍മാത്രമായി ഒതുങ്ങുമെന്ന് ഉറപ്പ്. പൊതുമേഖലയും സ്വകാര്യമേഖലയും പങ്കാളിത്തം വഹിക്കുന്ന പദ്ധതികളുടെ കാര്യത്തില്‍ നടപ്പാക്കുന്ന പുതിയ സമീപനം മൂലധനസൌഹാര്‍ദപരമായിരിക്കുമെന്ന പ്രഖ്യാപനവും ആശങ്ക സൃഷ്ടിക്കുന്നതാണ്. കോഗ്രസിനും യുപിഎക്കും സുരക്ഷിതമായ അംഗസംഖ്യ ലോക്സഭയില്‍ ലഭിച്ചെങ്കിലും അത് ഉദാരവല്‍ക്കരണ നയങ്ങള്‍ക്കുള്ള അംഗീകാരമായി തെറ്റിദ്ധരിക്കരുതെന്ന പൊതുഅഭിപ്രായം സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. പൊതുമിനിമം പരിപാടി വേണമെന്ന യുപിഎയിലെ ഘടകകക്ഷികളുടെ അഭിപ്രായം കോഗ്രസ് മാനിക്കാതിരുന്നതിന്റെ ഉദ്ദേശ്യവും നയപ്രഖ്യാപനം തുറന്നുകാട്ടി. സാമൂഹ്യക്ഷേമ മേഖലകളില്‍ ഊന്നിയുള്ള പല പ്രഖ്യാപനവും സാധാരണ നടത്തുന്ന കൈയടി കിട്ടാനുള്ള വിദ്യമാത്രമാണ്. കോഗ്രസിന്റെ എത്രയോ പദ്ധതികളും പ്രഖ്യാപനങ്ങളും കണ്ട നാടാണ് ഇന്ത്യ. നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും പേരിലുള്ള വന്‍പദ്ധതികള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഈ രാജ്യത്തിന്റെ അവസ്ഥ ഇങ്ങനെയാകുമായിരുന്നില്ല. ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ളവര്‍ക്ക് കിലോയ്ക്ക് മൂന്നുരൂപ വിലയ്ക്ക് 25 കിലോ അരി പ്രതിമാസം നല്‍കുമെന്ന പ്രഖ്യാപനവും സൂത്രപ്പണിയാണ്. പല സംസ്ഥാനത്തും ഇപ്പോള്‍ത്തന്നെ രണ്ടുരൂപ വിലയിലാണ് അരി നല്‍കുന്നത്. കേന്ദ്രത്തിന്റെ പുതിയ പദ്ധതി നിലവിലുള്ള രണ്ടു പദ്ധതിയുടെ സംയോജനമാണ്. ഫലത്തില്‍ ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ളവര്‍ക്ക് സൌജന്യവിലയ്ക്ക് ലഭിച്ചിരുന്ന അരിയുടെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തില്‍നിന്ന് വിദ്യാഭ്യാസത്തിന് വകയിരുത്തുന്ന തുകയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ട രാജ്യം നമ്മുടേതാണെന്ന കാര്യവും മറന്നുകൂടാ. ചില പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ നയപ്രഖ്യാപനത്തിലുള്ളത് അപ്പടി പകര്‍ത്തിയതാണ്. യുവാക്കളുടെ കര്‍മശേഷി ഉപയോഗിച്ചുള്ള പുരോഗതിയെല്ലാം തനിയാവര്‍ത്തനംമാത്രം. സ്ത്രീസംവരണത്തിന്റെ കാര്യത്തില്‍ സമയബന്ധിതമായ പരിപാടി പ്രഖ്യാപിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സംവരണം 50 ശതമാനമായി ഉയര്‍ത്തുമെന്നും പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ അധികാരനിര്‍വഹണത്തില്‍ കൂടുതല്‍ ഇടപെടുന്നതും നേതൃത്വം വഹിക്കുന്നതും പൊതുസംവിധാനത്തിന്റെ നടത്തിപ്പില്‍ ഗുണപരമായ മാറ്റമുണ്ടാക്കുന്നതിനും സ്ത്രീകളുടെ സ്ഥാനം ഉയര്‍ത്തുന്നതിനും സഹായകരമായിരിക്കും. എന്നാല്‍, പതിവുപോലെ ഇത്തവണയുംഇത് പ്രഖ്യാപനത്തില്‍ ഒതുങ്ങിപ്പോകരുത്. ഇന്നത്തെ സാഹചര്യം ബഹുമുഖമായ ഉത്തരവാദിത്തമാണ് രാജ്യസ്നേഹികളില്‍ ഏല്‍പ്പിക്കുന്നത്. ഒന്നാമതായി ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെ ഒരു കാരണവശാലും അനുവദിക്കരുത്. അതിന് പാര്‍ലമെന്റിനകത്തും പുറത്തും അതിശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കേണ്ടിവരും. അതോടൊപ്പംതന്നെ നയപ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുള്ള ജനക്ഷേമപരമെന്ന് തോന്നുന്ന കാര്യങ്ങള്‍ പതിവുപോലെ കടലാസില്‍ ഒതുങ്ങാതിരിക്കുന്നതിനും അതിശക്തമായ ഇടപെടല്‍ വേണ്ടിവരും. സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാനും വ്യാമോഹങ്ങളില്‍ കുടുങ്ങാതിരിക്കുന്നതിനും രാജ്യസ്നേഹികള്‍ക്ക് കഴിയേണ്ടതാണ്

3 comments:

ജനശക്തി ന്യൂസ്‌ said...

ഊന്നല്‍ ഉദാരവല്‍ക്കരണത്തിനുതന്നെ

സോപ്പില്‍ പൊതിഞ്ഞ പ്രഖ്യാപനങ്ങളുടെ തനിയാവര്‍ത്തനത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഉദാരവല്‍ക്കരണം തന്നെയാണെന്നാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം വ്യക്തമാക്കുന്നത്. വിദേശമൂലധനം നാടിന്റെ വളര്‍ച്ചയ്ക്ക് നല്ല സംഭാവന നല്‍കിയെന്നു പറയുന്ന സര്‍ക്കാര്‍, പുതിയ മേഖലകളിലേക്കുകൂടി അതിന്റെ കടന്നുകയറ്റം വ്യാപിപ്പിക്കുമെന്നാണ് പറയുന്നത്. അതില്‍ പ്രധാനം ധനകാര്യമേഖലയാണ്. പൊതുമേഖലാ ബാങ്കുകളുടെ മൂലധന പുനഃസംഘടനയിലൂടെ വിദേശമൂലധനത്തിന് കടന്നുവരാന്‍ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. ആഗോള സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് പാഠം പഠിക്കുന്നതിന് കോഗ്രസ് തയ്യാറല്ലെന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. അമേരിക്ക ഉള്‍പ്പെടെ വികസിത മുതലാളിത്ത രാജ്യങ്ങള്‍ അത്യഗാധ പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചുനിന്നതിന്റെ പ്രധാന കാരണം ശക്തമായ പൊതുമേഖലാ ബാങ്കുകളുടെ നേതൃപരമായ സാന്നിധ്യമായിരുന്നു. ഇക്കാര്യം എടുത്തുപറഞ്ഞ്, ദേശസാല്‍ക്കരണം നടപ്പാക്കിയ ഇന്ദിരാഗാന്ധിക്കും കോഗ്രസിനുമാണ് അതിന്റെ ക്രെഡിറ്റെന്ന് തെരഞ്ഞെടുപ്പുസമയത്ത് അവകാശവാദം ഉന്നയിച്ച പാര്‍ടിയാണ് ഇപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി വിദേശമൂലധനത്തിന് പരവതാനി വിരിക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയിലും പെന്‍ഷന്‍ഫണ്ടിലും ഇതേനയം നടപ്പാക്കുമെന്ന പ്രഖ്യാപനവും അനുഭവത്തില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറല്ലെന്നുതന്നെയാണ് കാണിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ സന്ദര്‍ഭത്തില്‍ രണ്ടുലക്ഷം കോടി ഡോളറിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളാണ് അമേരിക്കയില്‍ നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ പണിയെടുക്കുന്നവന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഒലിച്ചുപോകാതിരുന്നത് അത് പൊതുമേഖലയിലെ നിക്ഷേപമായിരുന്നതുകൊണ്ടാണ്. അതുതന്നെയാണ് ഇന്‍ഷുറന്‍സ് മേഖലയുടെ സ്ഥിതിയും. ആഗോള ഇന്‍ഷുറന്‍സ് കുത്തക കമ്പനികള്‍ പാപ്പരായി തലകുനിച്ചുനില്‍ക്കുന്ന ദയനീയകാഴ്ച മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും ഒരു പാഠവും നല്‍കുന്നില്ലെന്നത് കഷ്ടംതന്നെ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനവും രാഷ്ട്രപതി നടത്തിയിട്ടുണ്ട്. ലാഭത്തിലുള്ളതെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനത്തിന്റെയും ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തില്‍നിന്ന് രക്ഷപ്പെട്ടെന്ന ആഹ്ളാദത്തിന്റെ ആവേശത്തിലാണ് വിറ്റഴിക്കല്‍പ്രഖ്യാപനം നടത്തുന്നത്. 51 ശതമാനം ഓഹരിയും സര്‍ക്കാര്‍നിയന്ത്രണത്തില്‍ നിര്‍ത്തുമെന്ന വാചകമടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. നവരത്ന സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കേണ്ട ഒരു സാഹചര്യവും ഇല്ലാതിരിക്കെ ഈ പ്രഖ്യാപനം നടത്തുന്നതിന് കൃത്യമായ ലക്ഷ്യമുണ്ട്. ലാഭത്തിലുള്ള സ്ഥാപനങ്ങള്‍ കൈക്കലാക്കുന്നതിനാണ് മൂലധനശക്തികള്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ആഹ്ളാദം പകരുന്ന ഈ തീരുമാനം രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിന് എതിരാണ്. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന കാര്യവും മധുരത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നുണ്ട്.

Anonymous said...

അതേ രാജ്യസ്നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇന്ത്യ ചൈന യുദ്ധകാലത്തു ചൈനാ ചാരന്മാരായി പ്രവര്‍ത്തിച്ച പാര്‍ട്ടിയെ അധികാരത്തില്‍ എത്താതെ സുക്ഷിക്കേണ്ടതു ഒരോ രാജ്യസ്നേഹിയുടെയും കടമയാണു

Anonymous said...

Hahaha the Editor is working and living in Dufai..........