Saturday, June 06, 2009

വീഴ്ചകള്‍ തിരുത്തി മുന്നോട്ട്

വീഴ്ചകള്‍ തിരുത്തി മുന്നോട്ട് . ( part .3 )

പിണറായി വിജയന്‍

പാര്‍ടി മുന്നോട്ടുവച്ച ചില മുദ്രാവാക്യങ്ങള്‍തന്നെ മാര്‍ക്സിസ്റ് വിരുദ്ധമായിരുന്നു എന്നും അത്തരം മുദ്രാവാക്യങ്ങള്‍ ഏതു പ്രസ്ഥാനത്തിനും മുന്നോട്ടുവയ്ക്കാന്‍ കഴിയുന്നതാണെന്നും ചിലര്‍ ആക്ഷേപമുന്നയിക്കുന്നുണ്ട്. വര്‍ഗപരമായ കാഴ്ചപ്പാട് വെടിഞ്ഞ് സാമൂഹ്യനീതിയുടെയും വികസനത്തിന്റെയും സമീപനങ്ങള്‍ മുന്നോട്ടുവച്ചു എന്നാണ് ഇത്തരക്കാരുടെ വാദം. ജാതിഘടനയ്ക്കും അത് ഉയര്‍ത്തുന്ന വിവേചനങ്ങള്‍ക്കും എതിരായുള്ള പോരാട്ടങ്ങള്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ആരംഭകാലത്തുതന്നെ കേരളത്തില്‍ നടത്തിയിട്ടുള്ളതാണ്. പാലിയംസമരം പോലുള്ള പ്രക്ഷോഭങ്ങള്‍ പാര്‍ടി മുന്‍കൈയെടുത്ത് നടത്തിയതാണെന്ന കാര്യം ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്ന്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരം വര്‍ഗസമരത്തിന്റെ ഭാഗമെന്ന നിലയില്‍തന്നെയാണ് കാണേണ്ടത്. ഏതെങ്കിലും ജനവിഭാഗത്തെ അടിമത്തത്തിലേക്ക് തള്ളിവിട്ടുകൊണ്ട് തൊഴിലാളിവര്‍ഗത്തെ അതിന്റെ ശരിയായ കാഴ്ചപ്പാടോടെ നയിക്കാനാവില്ല. സ്ത്രീകളുടെയും അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍കൂടി ഏറ്റെടുക്കുമ്പോള്‍മാത്രമേ തൊഴിലാളിവര്‍ഗം സമൂഹത്തെയാകമാനം നയിക്കുന്ന പ്രസ്ഥാനമായി മാറുകയുള്ളൂ. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സുപ്രധാന അജന്‍ഡതന്നെയാണ് ഇത്തരം പ്രശ്നങ്ങള്‍. ഈ മാര്‍ക്സിസ്റ് നിലപാടുകളെ മനസ്സിലാക്കാത്ത വിപ്ളവ വായാടിത്തം വിപ്ളവപ്രസ്ഥാനത്തെ കരുത്തുറ്റതാക്കാനല്ല, ദുര്‍ബലപ്പെടുത്താന്‍മാത്രമേ സഹായിക്കുകയുള്ളൂ. സ്ത്രീസ്വാതന്ത്യ്രത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ മാര്‍ക്സും എംഗല്‍സുംതന്നെ ശക്തമായി ഉന്നയിച്ചിട്ടുണ്ട് എന്ന വസ്തുതയും ഇവര്‍ മറക്കുന്നു. 'കമ്യൂണിസ്റ് മാനിഫെസ്റോ'യില്‍തന്നെ ഈ വിഷയം മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. 'കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം' എന്ന എംഗല്‍സിന്റെ പ്രസിദ്ധമായ കൃതി സ്ത്രീവിമോചനത്തിന്റെ പ്രശ്നം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുകൂടിയാണ്. വികസനം എന്ന കാഴ്ചപ്പാട് കമ്യൂണിസ്റ് പാര്‍ടി മുന്നോട്ടുവയ്ക്കുന്നതുതന്നെ തെറ്റാണ് എന്ന് ഇത്തരം ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹത്തെയാകമാനം മുന്നോട്ടു നയിക്കുന്നതിന് തൊഴിലാളിവര്‍ഗത്തിന് മാത്രമേ സാധ്യമാവുകയുള്ളൂ എന്നാണ് മാര്‍ക്സും എംഗല്‍സും വിഭാവനംചെയ്തത്. വികസനത്തിന് കമ്യൂണിസ്റുകാര്‍ ഒരിക്കലും എതിരല്ല. എന്നാല്‍, ആ വികസനം തൊഴിലാളിവര്‍ഗം ഉള്‍പ്പെടെയുള്ള അധ്വാനിക്കുന്ന ബഹുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായിരിക്കണം എന്നതാണ് പാര്‍ടിയുടെ കാഴ്ചപ്പാട്. അല്ലാതെ വികസനപ്രക്രിയ എന്നത് രാഷ്ട്രീയവിമുക്തമായ ഒന്നാണ് എന്ന് ഒരു ഘട്ടത്തിലും പാര്‍ടി നിലപാടെടുത്തിട്ടില്ല. ഈ കാഴ്ചപ്പാടോടുകൂടിയാണ് കേരളസംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പുതന്നെ കേരളവികസനത്തെ സംബന്ധിച്ചുള്ള ഒരു നയരേഖ കമ്യൂണിസ്റ് പാര്‍ടി കേരളത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ രേഖയാണ് 1957 ലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശകമായത്. ആ വികസനരേഖയിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു ജന്മിത്വത്തിന്റെ ചങ്ങലക്കെട്ടുകള്‍ തകര്‍ക്കണമെന്ന കാഴ്ചപ്പാട്. വികസനം എന്നതിനല്ല, മറിച്ച് അത് ആര്‍ക്കുവേണ്ടി നടപ്പാക്കപ്പെടുന്നു എന്നതാണ് ഏറെ പ്രധാനമായിട്ടുള്ളത്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ ഒരു താല്‍പ്പര്യവും ഹനിക്കുന്ന തരത്തിലുള്ള നിലപാട് പാര്‍ടി ഉയര്‍ത്തിപ്പിടിച്ചിട്ടില്ല. ഇ എം എസ് വികസനത്തിന്റെ ഈ പ്രശ്നം വളരെ ഗൌരവമായി കൈകാര്യം ചെയ്യാനാണ് പരിശ്രമിച്ചത്. അദ്ദേഹത്തിന്റെ മുന്‍കൈയില്‍ സംഘടിപ്പിക്കപ്പെട്ട പഠന കോഗ്രസ് ഇതിന് ഉദാഹരണമാണ്. വിപ്ളവപ്രസ്ഥാനത്തിന്റെ നേതൃനിരയിലെ സഖാക്കളെ സംബന്ധിച്ചുള്ള വിമര്‍ശനങ്ങളും ചിലര്‍ ഉയര്‍ത്തിക്കാണുന്നുണ്ട്. അവര്‍ വിദ്യാര്‍ഥി-യുവജനമേഖലകളില്‍നിന്ന് കടന്നുവന്നവരാണ് എന്നും ഇക്കൂട്ടര്‍ വ്യാഖ്യാനിക്കുന്നു. ലെനിനിസ്റ് കാഴ്ചപ്പാടുകളെ സംബന്ധിച്ച അപക്വമായ ധാരണകളാണ് ഇതിനു പിന്നിലുള്ളത്. വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങള്‍ ബഹുവര്‍ഗങ്ങളില്‍നിന്നുള്ള വിഭാഗങ്ങള്‍ അണിനിരക്കുന്ന സംഘടനയാണ്. തൊഴിലാളി-കര്‍ഷക വിഭാഗങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളാണ് അതില്‍ അണിചേര്‍ന്നിട്ടുള്ളത്. അവരുടെ വര്‍ഗപശ്ചാത്തലം അത്തരത്തിലുള്ളതാണ്. ആ വര്‍ഗങ്ങളില്‍നിന്ന് രൂപപ്പെട്ടവരാണ് ഇവരെന്ന യാഥാര്‍ഥ്യം ലെനിനിസത്തിന്റെ സംഘടനാതത്വങ്ങളെയോ പ്രായോഗിക പരിപാടികളെയോ കാണാത്തവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റില്ല. ഇവരുടെ കാഴ്ചപ്പാടനുസരിച്ച് ഇ എം എസ് പോലും കമ്യൂണിസ്റല്ല എന്ന് വിലയിരുത്തേണ്ടിവരുന്ന തലതിരിഞ്ഞ സമീപനത്തിലേക്കാണ് നാം എത്തിച്ചേരുക. പാര്‍ടി സംഘടനയുടെ നേതൃത്വത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുള്ള ആളുകള്‍ നിരവധിയുണ്ട് എന്ന വസ്തുത ഇവര്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നു. തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ ഉറച്ച കര്‍ഷകസഖ്യത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് സാമ്രാജ്യത്വവിരുദ്ധവും കുത്തകവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ ജനകീയ ജനാധിപത്യവിപ്ളവം സംഘടിപ്പിക്കുക എന്നതാണ് പാര്‍ടിയുടെ അടിയന്തര ലക്ഷ്യം. അതിലൂടെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും രാജ്യത്തെ എത്തിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യവും സിപിഐ എം വിഭാവനംചെയ്യുന്നു. ഇതിന് അനുസൃതമായിട്ടുള്ള സംഘടന കെട്ടിപ്പടുക്കുക എന്നതാണ് പാര്‍ടി ചെയ്യുന്നത്. പാര്‍ടി പരിപാടിയുടെ ഈ ബാലപാഠംപോലും അറിയാത്തവരാണ് സിപിഐ എമ്മിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ലെനിനിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമീപനം വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്തുക എന്നതാണ്. അതില്‍ ഇടപെട്ടുകൊണ്ട് മാത്രമേ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് തൊഴിലാളികളെയും മറ്റു വിഭാഗങ്ങളെയും സംഘടിപ്പിക്കാനാവൂ. അവരുടെ അടിയന്തര ആവശ്യങ്ങളും താല്‍പ്പര്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും മനസ്സിലാക്കിക്കൊണ്ട് ഇടപെടുകയാണ് വേണ്ടത്. ആ ഇടപെടലിലൂടെ അവരുടെ ബോധനിലവാരത്തെ പടിപടിയായി വിപ്ളവബോധത്തിലേക്ക് നയിക്കുകയുമാണ് വേണ്ടത്. ലെനിന്റെ പ്രസിദ്ധമായ എന്തു ചെയ്യണം എന്ന കൃതി ഈ പ്രശ്നത്തെയാണ് അഭിമുഖീകരിക്കുന്നത്. ജനങ്ങളുടെ ദൈനംദിനമായ ആവശ്യങ്ങളില്‍നിന്ന് പുറംതിരിഞ്ഞുകൊണ്ട് ഒരു വിപ്ളവസംഘടന പോവട്ടെ, സംഘടനപോലും കെട്ടിപ്പടുക്കാനാവില്ല. ഈ പ്രാഥമികമായ ലെനിനിസ്റ് ധാരണപോലും ഇല്ലാതെയാണ് പലരും ലെനിനിസത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നത് എന്നും കാണാം. വിമര്‍ശന-സ്വയംവിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരിശോധനതന്നെ നടത്തുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് ലെനിനിസ്റ് സിദ്ധാന്തങ്ങളില്‍നിന്നുള്ള വ്യതിചലനം എന്ന സ്വയംവിമര്‍ശനം കേവലമായ ഒരു പദപ്രയോഗമല്ല. മറിച്ച്, തെറ്റു തിരുത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. വന്ന പോരായ്മകള്‍ പോരായ്മകളാണെന്ന് പറയാനും അതിന്റെ അടിസ്ഥാനത്തില്‍ അവ തിരുത്താനുമുള്ള ധീരത കമ്യൂണിസ്റുകാര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു പരിശോധന നടത്തുന്നത്. കേരളത്തിലെ പല തെരഞ്ഞെടുപ്പുകളിലും ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുക എന്നത്. ആ പ്രവണത ഇത്തവണയും കൃത്യമായി നടന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 12.16 ശതമാനം വോട്ടാണ് ഉണ്ടായിരുന്നത്. 2009 ല്‍ 6.31 ശതമാനമായി അത് കുറഞ്ഞു. അതായത് 5.85 ശതമാനം വോട്ടിന്റെ കുറവ്. ഇത് കാണിക്കുന്നത് നല്ല തോതില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചിട്ടുണ്ട് എന്നാണ്. 2004ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7,53,980 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. യുഡിഎഫിന് വര്‍ധിച്ചതാവട്ടെ 9,12,208 വോട്ടാണ്. ഈ വര്‍ധനയില്‍ ഏഴരലക്ഷത്തിലധികം വോട്ട് ബിജെപിയുടേതാണ് എന്ന് വ്യക്തമാണ്. കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഓരോ തെരഞ്ഞെടുപ്പിലും കിട്ടിയ സീറ്റും വോട്ടിന്റെ ശതമാനവും പൊതുവിലുള്ള രാഷ്ട്രീയചിത്രം മനസ്സിലാക്കുന്നതിന് ഏറെ സഹായകമാണെന്നു കാണാം. 1977 ല്‍ മുന്നണിക്ക് 42.36 ശതമാനം വോട്ട് ലഭിച്ചു. സീറ്റൊന്നും കിട്ടിയില്ല. 1980ല്‍ എല്‍ഡിഎഫിന് 50.48 ശതമാനം വോട്ടും 12 സീറ്റുമാണ് ലഭിച്ചത്. 1984ല്‍ അത് 41.97 ശതമാനവും മൂന്ന് സീറ്റുമായി. 1989ല്‍ 44.42 ശതമാനവും മൂന്നു സീറ്റും; 1991ല്‍ 44.73 ശതമാനവും നാലു സീറ്റും; 1996ല്‍ 44.22 ശതമാനം വോട്ടും 10 സീറ്റും; 1998ല്‍ 44.28 ശതമാനം വോട്ടും ഒമ്പത് സീറ്റും; 1999ല്‍ 43.68 ശതമാനം വോട്ടും ഒമ്പത് സീറ്റും; 2004ല്‍ 46.23 ശതമാനം വോട്ടും 18 സീറ്റും; 2009ല്‍ 41.89 ശതമാനം വോട്ടും നാല് സീറ്റും. ഈ ചിത്രം ഒരു കാര്യം വളരെ വ്യക്തമാക്കുന്നുണ്ടെന്ന് അടിവരയിട്ട് പറയട്ടെ. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചില്ല. എങ്കിലും ചില തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. ഈ തിരിച്ചടിയുടെ കാരണങ്ങള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി പരിശോധിച്ച് പൊതുവില്‍ ഉണ്ടാക്കിയ ധാരണകള്‍ കൊണ്ടുമാത്രം ഈ വിശകലനം അവസാനിക്കുന്നില്ല. ഇതിനെ സംബന്ധിച്ച് പാര്‍ടിയുടെ എല്ലാ തലത്തിലുമുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികളും യോഗം ചേര്‍ന്ന് പോരായ്മകള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. പ്രാദേശികതലത്തിലുണ്ടായ പ്രശ്നങ്ങള്‍കൂടി പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി മുന്നോട്ടുപോകാനാണ് പാര്‍ടി തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പരിശോധനയ്ക്കും വീഴ്ചകള്‍ തിരുത്തുന്നതിനുമുള്ള പരിപാടികള്‍ ആറുമാസത്തിനുള്ളില്‍ ആവിഷ്കരിച്ച് നടപ്പാക്കുകയുംചെയ്യും. അതോടൊപ്പം ചില കാര്യങ്ങള്‍ നടപ്പാക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായി യുഡിഎഫ് നടത്തുന്ന പ്രചാരണങ്ങളെ തുറന്നുകാട്ടും. ഈ പ്രചാരണങ്ങളില്‍ കുരുങ്ങിപ്പോയ ജനവിഭാഗങ്ങളെ പാര്‍ടിയുമായി അടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലുണ്ടായിട്ടുള്ള എല്ലാ ആശങ്കകളും തുറന്ന മനസ്സോടെ ചര്‍ച്ചചെയ്ത് പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ പാര്‍ടി സ്വീകരിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതിനുള്ള ഒരു രേഖ തയ്യാറാക്കി പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നടപടി ഉണ്ടാകും. ന്യൂനപക്ഷങ്ങള്‍ക്കിടയിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും പാര്‍ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. തെറ്റുതിരുത്തല്‍ ക്യാമ്പയിന്റെ ഭാഗമായ രേഖ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. സംഘടനാ ദൌര്‍ബല്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പാര്‍ടിയെ തകര്‍ക്കാന്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ തുറന്നുകാട്ടാനുള്ള പ്രചാരണങ്ങള്‍ കാര്യക്ഷമമായി സംഘടിപ്പിക്കും. ആശയപഠനരംഗം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. പാര്‍ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിലുണ്ടായിട്ടുള്ള ഈ തിരിച്ചടിയെ അതീവ ഗൌരവമായിത്തന്നെ പരിശോധിക്കുകയും പോരായ്മകള്‍ തിരുത്തി പാര്‍ടിയെ കൈവെടിഞ്ഞ ജനവിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള ആത്മാര്‍ഥമായ ഇടപെടല്‍ നടത്തുകയുംചെയ്യും. അതിന് വിമര്‍ശന-സ്വയംവിമര്‍ശനം ഉള്‍പ്പെടെയുള്ള ലെനിനിസ്റ് സംഘടനാരീതി മുറുകെപ്പിടിച്ച് മുന്നോട്ടുപോകും. കേന്ദ്രീകൃത ജനാധിപത്യത്തിനു കീഴിലുള്ള ഉള്‍പ്പാര്‍ടി ചര്‍ച്ചകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പ്രശ്നത്തെയും പാര്‍ടി മുറിച്ചുകടക്കും. അതിനായി പാര്‍ടിയെ സ്നേഹിക്കുന്ന എല്ലാ ബഹുജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു. (അവസാനിച്ചു)

2 comments:

ജനശക്തി ന്യൂസ്‌ said...

വീഴ്ചകള്‍ തിരുത്തി മുന്നോട്ട്
പിണറായി വിജയന്‍
പാര്‍ടി മുന്നോട്ടുവച്ച ചില മുദ്രാവാക്യങ്ങള്‍തന്നെ മാര്‍ക്സിസ്റ് വിരുദ്ധമായിരുന്നു എന്നും അത്തരം മുദ്രാവാക്യങ്ങള്‍ ഏതു പ്രസ്ഥാനത്തിനും മുന്നോട്ടുവയ്ക്കാന്‍ കഴിയുന്നതാണെന്നും ചിലര്‍ ആക്ഷേപമുന്നയിക്കുന്നുണ്ട്. വര്‍ഗപരമായ കാഴ്ചപ്പാട് വെടിഞ്ഞ് സാമൂഹ്യനീതിയുടെയും വികസനത്തിന്റെയും സമീപനങ്ങള്‍ മുന്നോട്ടുവച്ചു എന്നാണ് ഇത്തരക്കാരുടെ വാദം. ജാതിഘടനയ്ക്കും അത് ഉയര്‍ത്തുന്ന വിവേചനങ്ങള്‍ക്കും എതിരായുള്ള പോരാട്ടങ്ങള്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ആരംഭകാലത്തുതന്നെ കേരളത്തില്‍ നടത്തിയിട്ടുള്ളതാണ്. പാലിയംസമരം പോലുള്ള പ്രക്ഷോഭങ്ങള്‍ പാര്‍ടി മുന്‍കൈയെടുത്ത് നടത്തിയതാണെന്ന കാര്യം ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്ന്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരം വര്‍ഗസമരത്തിന്റെ ഭാഗമെന്ന നിലയില്‍തന്നെയാണ് കാണേണ്ടത്. ഏതെങ്കിലും ജനവിഭാഗത്തെ അടിമത്തത്തിലേക്ക് തള്ളിവിട്ടുകൊണ്ട് തൊഴിലാളിവര്‍ഗത്തെ അതിന്റെ ശരിയായ കാഴ്ചപ്പാടോടെ നയിക്കാനാവില്ല. സ്ത്രീകളുടെയും അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍കൂടി ഏറ്റെടുക്കുമ്പോള്‍മാത്രമേ തൊഴിലാളിവര്‍ഗം സമൂഹത്തെയാകമാനം നയിക്കുന്ന പ്രസ്ഥാനമായി മാറുകയുള്ളൂ. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സുപ്രധാന അജന്‍ഡതന്നെയാണ് ഇത്തരം പ്രശ്നങ്ങള്‍. ഈ മാര്‍ക്സിസ്റ് നിലപാടുകളെ മനസ്സിലാക്കാത്ത വിപ്ളവ വായാടിത്തം വിപ്ളവപ്രസ്ഥാനത്തെ കരുത്തുറ്റതാക്കാനല്ല, ദുര്‍ബലപ്പെടുത്താന്‍മാത്രമേ സഹായിക്കുകയുള്ളൂ. സ്ത്രീസ്വാതന്ത്യ്രത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ മാര്‍ക്സും എംഗല്‍സുംതന്നെ ശക്തമായി ഉന്നയിച്ചിട്ടുണ്ട് എന്ന വസ്തുതയും ഇവര്‍ മറക്കുന്നു. 'കമ്യൂണിസ്റ് മാനിഫെസ്റോ'യില്‍തന്നെ ഈ വിഷയം മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. 'കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം' എന്ന എംഗല്‍സിന്റെ പ്രസിദ്ധമായ കൃതി സ്ത്രീവിമോചനത്തിന്റെ പ്രശ്നം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുകൂടിയാണ്. വികസനം എന്ന കാഴ്ചപ്പാട് കമ്യൂണിസ്റ് പാര്‍ടി മുന്നോട്ടുവയ്ക്കുന്നതുതന്നെ തെറ്റാണ് എന്ന് ഇത്തരം ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹത്തെയാകമാനം മുന്നോട്ടു നയിക്കുന്നതിന് തൊഴിലാളിവര്‍ഗത്തിന് മാത്രമേ സാധ്യമാവുകയുള്ളൂ എന്നാണ് മാര്‍ക്സും എംഗല്‍സും വിഭാവനംചെയ്തത്. വികസനത്തിന് കമ്യൂണിസ്റുകാര്‍ ഒരിക്കലും എതിരല്ല. എന്നാല്‍, ആ വികസനം തൊഴിലാളിവര്‍ഗം ഉള്‍പ്പെടെയുള്ള അധ്വാനിക്കുന്ന ബഹുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായിരിക്കണം എന്നതാണ് പാര്‍ടിയുടെ കാഴ്ചപ്പാട്. അല്ലാതെ വികസനപ്രക്രിയ എന്നത് രാഷ്ട്രീയവിമുക്തമായ ഒന്നാണ് എന്ന് ഒരു ഘട്ടത്തിലും പാര്‍ടി നിലപാടെടുത്തിട്ടില്ല. ഈ കാഴ്ചപ്പാടോടുകൂടിയാണ് കേരളസംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പുതന്നെ കേരളവികസനത്തെ സംബന്ധിച്ചുള്ള ഒരു നയരേഖ കമ്യൂണിസ്റ് പാര്‍ടി കേരളത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ രേഖയാണ് 1957 ലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശകമായത്. ആ വികസനരേഖയിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു ജന്മിത്വത്തിന്റെ ചങ്ങലക്കെട്ടുകള്‍ തകര്‍ക്കണമെന്ന കാഴ്ചപ്പാട്. വികസനം എന്നതിനല്ല, മറിച്ച് അത് ആര്‍ക്കുവേണ്ടി നടപ്പാക്കപ്പെടുന്നു എന്നതാണ് ഏറെ പ്രധാനമായിട്ടുള്ളത്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ ഒരു താല്‍പ്പര്യവും ഹനിക്കുന്ന തരത്തിലുള്ള നിലപാട് പാര്‍ടി ഉയര്‍ത്തിപ്പിടിച്ചിട്ടില്ല. ഇ എം എസ് വികസനത്തിന്റെ ഈ പ്രശ്നം വളരെ ഗൌരവമായി കൈകാര്യം ചെയ്യാനാണ് പരിശ്രമിച്ചത്. അദ്ദേഹത്തിന്റെ മുന്‍കൈയില്‍ സംഘടിപ്പിക്കപ്പെട്ട പഠന കോഗ്രസ് ഇതിന് ഉദാഹരണമാണ്. വിപ്ളവപ്രസ്ഥാനത്തിന്റെ നേതൃനിരയിലെ സഖാക്കളെ സംബന്ധിച്ചുള്ള വിമര്‍ശനങ്ങളും ചിലര്‍ ഉയര്‍ത്തിക്കാണുന്നുണ്ട്. അവര്‍ വിദ്യാര്‍ഥി-യുവജനമേഖലകളില്‍നിന്ന് കടന്നുവന്നവരാണ് എന്നും ഇക്കൂട്ടര്‍ വ്യാഖ്യാനിക്കുന്നു. ലെനിനിസ്റ് കാഴ്ചപ്പാടുകളെ സംബന്ധിച്ച അപക്വമായ ധാരണകളാണ് ഇതിനു പിന്നിലുള്ളത്. വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങള്‍ ബഹുവര്‍ഗങ്ങളില്‍നിന്നുള്ള വിഭാഗങ്ങള്‍ അണിനിരക്കുന്ന സംഘടനയാണ്. തൊഴിലാളി-കര്‍ഷക വിഭാഗങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളാണ് അതില്‍ അണിചേര്‍ന്നിട്ടുള്ളത്. അവരുടെ വര്‍ഗപശ്ചാത്തലം അത്തരത്തിലുള്ളതാണ്. ആ വര്‍ഗങ്ങളില്‍നിന്ന് രൂപപ്പെട്ടവരാണ് ഇവരെന്ന യാഥാര്‍ഥ്യം ലെനിനിസത്തിന്റെ സംഘടനാതത്വങ്ങളെയോ പ്രായോഗിക പരിപാടികളെയോ കാണാത്തവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റില്ല. ഇവരുടെ കാഴ്ചപ്പാടനുസരിച്ച് ഇ എം എസ് പോലും കമ്യൂണിസ്റല്ല എന്ന് വിലയിരുത്തേണ്ടിവരുന്ന തലതിരിഞ്ഞ സമീപനത്തിലേക്കാണ് നാം എത്തിച്ചേരുക. പാര്‍ടി സംഘടനയുടെ നേതൃത്വത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുള്ള ആളുകള്‍ നിരവധിയുണ്ട് എന്ന വസ്തുത ഇവര്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നു.

മുക്കുവന്‍ said...

2004ല്‍ 46.23 ശതമാനം വോട്ടും 18 സീറ്റും; 2009ല്‍ 41.89 ശതമാനം വോട്ടും നാല് സീറ്റും..

this shows that, you lost 10% support in your party. isn;t that bad? why a party lost 10% members afer ruling 3 good years?

you guys know it.. but wont accept it...

keep sending leaders son/daughter to UK/US and make strike in kerala.

let all poor people in kerala enjoy the hartal and strike... go back computer :)