Friday, June 05, 2009

തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും 2 എല്‍ഡിഎഫിന് എതിരായിവന്ന ഘടകങ്ങള്‍ .

തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും 2 എല്‍ഡിഎഫിന് എതിരായിവന്ന ഘടകങ്ങള്‍ .പിണറായി വിജയന്‍ .( part.2)
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്‍ഡിഎഫിനെതിരെ വമ്പിച്ച പ്രചാരവേലയാണ് നടന്നതെന്ന് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചല്ലോ. വസ്തുതകള്‍ വളച്ചൊടിച്ചും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുമാണ് പ്രചാരണം സംഘടിപ്പിക്കപ്പെട്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എല്‍ഡിഎഫിന് പിഡിപി നല്‍കിയ പിന്തുണയെ സംബന്ധിച്ചു നടന്നത്. പിഡിപി കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ആദ്യമായല്ല എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. എന്നാല്‍, മറ്റു പല തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാടും സ്വീകരിച്ചിരുന്നു. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമാണ് പിഡിപി നിലയുറപ്പിച്ചിരുന്നത്. അതില്‍ കഴക്കൂട്ടം, കുന്ദമംഗലം സീറ്റുകള്‍ യുഡിഎഫ് പിഡിപിക്കായി നീക്കിവയ്ക്കുകയുമായിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ളൊരു ബന്ധം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായിരുന്നില്ല. പിഡിപി എല്‍ഡിഎഫിന്റെ ഘടകകക്ഷിയായിരുന്നില്ല. ഏതെങ്കിലുമൊരു വ്യവസ്ഥയുടെ മേലെ പിഡിപി എല്‍ഡിഎഫിനെ പിന്താങ്ങിയതുമല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി മതേതരത്വത്തെ ശക്തിപ്പെടുത്താന്‍ പൊതുവില്‍ സ്വീകരിക്കുന്ന നിലപാടിനോടുള്ള യോജിപ്പായിരുന്നു ഈ പിന്തുണയ്ക്കാധാരം. എന്നാല്‍, ഈ പിന്തുണ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് യുഡിഎഫിന് ബോധ്യമായി. അതിന്റെ അടിസ്ഥാനത്തിലാണ് പിഡിപി തീവ്രവാദശക്തിയാണെന്ന് ആരോപിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ മുമ്പില്ലാത്തവിധം ഉണ്ടായത്. തീവ്രവാദബന്ധം ആരോപിച്ച് എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന തന്ത്രമാണ് മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ യുഡിഎഫ് സ്വീകരിച്ചത്. ഈ പ്രചാരണങ്ങള്‍ എല്‍ഡിഎഫിനോടൊപ്പം നിന്ന ചിലരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത്തരം ജനവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കൈവെടിയുകയുണ്ടായി. കേരളത്തില്‍ ആര്‍എസ്എസിന് സമാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍ഡിഎഫ്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്ത് നടന്ന നിരവധി കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായ സംഘടനയാണ് ഇത്. ന്യൂനപക്ഷ വര്‍ഗീയവാദം സംസ്ഥാനത്താകമാനം പ്രചരിപ്പിക്കുന്നതിനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഇവര്‍ പരിശ്രമിക്കുന്നത്. തീവ്രവാദ സംഘടനയായ ഇവരുമായി തുറന്ന സഖ്യത്തിലാണ് യുഡിഎഫ് ഏര്‍പ്പെട്ടിരുന്നത്. ഭീകരപ്രവര്‍ത്തകരുമായി ബന്ധമുള്ള ഈ സംഘടനയുമായുള്ള യുഡിഎഫിന്റെ ബന്ധം മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇവര്‍ പിഡിപി വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. പിഡിപി ബന്ധത്തെക്കുറിച്ച് നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിച്ച പല മാധ്യമങ്ങളും എന്‍ഡിഎഫ്-യുഡിഎഫ് സഖ്യത്തെ കാണാന്‍ തയ്യാറായില്ല. എത്ര പക്ഷപാതിത്വപരമായാണ് സ്വതന്ത്രമെന്ന് സ്വയം അവകാശപ്പെടുന്ന പല മാധ്യമങ്ങളും ഇടപെട്ടത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്. ഈ പ്രചാരണങ്ങള്‍ക്ക് വസ്തുതകളുമായി ബന്ധമില്ലെങ്കിലും ഇതും ജനവിധിയെ സ്വാധീനിച്ചിട്ടുണ്ട്. കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. കാര്‍ഷിക-വ്യാവസായിക മേഖലയിലും സാമൂഹ്യസുരക്ഷാ പരിപാടികളിലും ശ്രദ്ധേയമായ പുരോഗതി ഈ സര്‍ക്കാര്‍ സംഭാവന ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. കേരളത്തിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ മുറിച്ചുകടക്കുന്നതിനും ഈ കാലഘട്ടത്തില്‍ സാധ്യമായിട്ടുണ്ട്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും ക്രമസമാധാനപാലനത്തിനും എല്ലാം തികച്ചും മാതൃകാപരമായ ഇടപെടലാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍, സര്‍ക്കാരിന്റെ ഇത്തരം നേട്ടങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ പതിയേണ്ട ഓരോ ഘട്ടത്തിലും മാധ്യമങ്ങളിലൂടെ വിവാദം ഉയര്‍ന്നുവന്നപ്പോള്‍ ജനശ്രദ്ധ അതിലായി. ഈ പോരായ്മ ജനവിധിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതോടൊപ്പംതന്നെ ചില മേഖലകളില്‍ സര്‍ക്കാരിന്റെ ഇടപെടലിലുണ്ടായ ദൌര്‍ബല്യങ്ങളും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിരുദ്ധ വികാരം സംസ്ഥാനത്താകമാനം പ്രചരിപ്പിക്കുന്നതിന് മുന്‍പന്തിയില്‍ നില്‍ക്കുകയായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍. വീടിനകത്തുതന്നെ പ്രചാരണത്തിലൂടെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ദൃശ്യമാധ്യമങ്ങള്‍ ഈ കാര്യത്തില്‍ വലിയ പങ്കാണ് നിര്‍വഹിച്ചത്. ഇതിലൂടെ പാര്‍ടിയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും ഇടയായി. ഇടതുപക്ഷ ആശയഗതിക്കെതിരായി വലതുപക്ഷ ആശയങ്ങള്‍ക്ക് മേല്‍ക്കൈ ഉണ്ടാക്കുന്ന തലത്തിലുള്ള ഇത്തരം ഇടപെടലുകള്‍ തെരഞ്ഞെടുപ്പ് വിധിയെ സ്വാധീനിച്ചു. ഇതിന് കരുത്ത് കൂട്ടുന്ന തരത്തിലാണ് കോഗ്രസ് ഇടപെട്ടത്. ദൃശ്യമാധ്യമങ്ങളില്‍ ചിലതിന് തെരഞ്ഞെടുപ്പ് പരസ്യത്തിന്റെ വക കോഗ്രസ് കോടികള്‍തന്നെ നല്‍കിയിരുന്നു. ചിലത് കോഗ്രസ് വാടകയ്ക്കെടുത്ത മട്ടിലാണ് പ്രവര്‍ത്തിച്ചത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ രാജ്യത്താകമാനം നടത്തിയ ഇടപെടലുകളും ഇതിനു പിന്നിലുണ്ട്. പാര്‍ടിയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ ഇതിന്റെ ഫലമായി പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിലെ 28 ദിവസത്തെ പ്രചാരണഘട്ടമെടുത്താല്‍ 14 ദിവസവും മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് മഅ്ദനി വിഷയത്തെക്കുറിച്ചാണ്. പാര്‍ടിയെക്കുറിച്ച് വിവിധ തരത്തിലുള്ള തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുക എന്നത് മുഖ്യ കടമയായി ഇവര്‍ ഏറ്റെടുത്തു. വിമോചനസമരത്തിന്റെ കാലഘട്ടത്തില്‍ കമ്യൂണിസ്റ് പാര്‍ടിക്കെതിരായി നടന്ന പ്രചാരണങ്ങള്‍ പോലുള്ള ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് ഇവര്‍ സംഘടിപ്പിച്ചത്. അന്ന് ദൃശ്യമാധ്യമങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് മാധ്യമരംഗത്ത് ഇത്തരമൊരു സ്വാധീനം വിപുലപ്പെട്ടിട്ടുണ്ട് എന്ന വസ്തതയും പ്രചാരണത്തിന് കൂടുതല്‍ തീവ്രത പകരുന്നതിനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ട്. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പാര്‍ടിവിരുദ്ധ സമീപനങ്ങളില്‍ പലതും ഇടതുപക്ഷ തീവ്രവാദപരമായ സമീപനങ്ങളില്‍ നിന്നുകൊണ്ടായിരുന്നു. ഇടതുപക്ഷ സ്വാധീനമുള്ള കേരളംപോലുള്ള സംസ്ഥാനത്ത് വലതുപക്ഷത്തുനിന്നുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇടതു തീവ്ര നിലപാടുകളില്‍നിന്നുകൊണ്ട് നടത്തുന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കും. ഇത്തരത്തിലുള്ള പ്രചാരണത്തിനും മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജനങ്ങളുടെ ഇടയില്‍ വേരുകളില്ലാത്ത ഇത്തരക്കാരെ രംഗത്തിറക്കി എല്‍ഡിഎഫിനെ ആക്രമിക്കുന്ന കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധയും മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായി. തെരഞ്ഞെടുപ്പില്‍ ലാവ്ലിന്‍ വിവാദത്തെ യുഡിഎഫ് ഉപയോഗപ്പെടുത്തുകയുണ്ടായി. അതാണ് തെരഞ്ഞെടുപ്പിലെ കേന്ദ്രപ്രശ്നം എന്ന നിലയ്ക്കായിരുന്നു മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ പൂര്‍ത്തീകരിക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. മാത്രമല്ല, കരാറിലെ നിബന്ധനകള്‍ സംസ്ഥാനത്തിന് കൂടുതല്‍ അനുകൂലമാക്കിക്കൊണ്ടാണ് എല്‍ഡിഎഫ് ഭരണകാലത്ത് കാര്യങ്ങള്‍ നടന്നത്. എന്നാല്‍, രാഷ്ട്രീയ ലാക്കോടുകൂടിയാണ് ഇതിനെ വിവാദമാക്കിയതും സിബിഐ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തതും. ലെനിനിസ്റ് സംഘടനാ സംവിധാനത്തില്‍ വന്ന പോരായ്മയും തെരഞ്ഞെടുപ്പ് പരാജയത്തിന് വഴിതെളിച്ചിട്ടുണ്ട്. ജനാധിപത്യ കേന്ദ്രീകരണവും കൂട്ടായ പ്രവര്‍ത്തനവും വിമര്‍ശന സ്വയംവിമര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ് ഈ കാഴ്ചപ്പാട്. മേല്‍കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ കീഴ്കമ്മിറ്റികള്‍ക്ക് ബാധകമാണ്. ഭൂരിപക്ഷ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ന്യൂനപക്ഷ അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പാര്‍ടി ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനം കൂട്ടായി നടപ്പാക്കുക എന്നതും ഈ സംഘടനാരീതിയുടെ സവിശേഷതയാണ്. ഏതു പ്രശ്നത്തിലും പാര്‍ടി എടുക്കുന്ന തീരുമാനങ്ങളെ അതത് ഘടകങ്ങളില്‍ വിമര്‍ശിക്കാനും അതോടൊപ്പംതന്നെ ഓരോ വ്യക്തിയും ഘടകവും എടുത്ത തീരുമാനങ്ങളിലെ പിശകുകള്‍ സംഘടനയ്ക്കകത്ത് ചര്‍ച്ച ചെയ്യാനുമുള്ള അവകാശവും നല്‍കുന്നതാണ് ഈ സംവിധാനം. കീഴ്കമ്മിറ്റികള്‍ക്ക് മേല്‍കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതില്‍ പങ്കെടുക്കാനുള്ള അവകാശവും ഇത് വിഭാവനംചെയ്യുന്നു. ശരിയായ അര്‍ഥത്തില്‍ ഇവ നടപ്പാക്കപ്പെടുക എന്നത് കമ്യൂണിസ്റ് പ്രസ്ഥാനത്തിന് ഏറെ പ്രധാനമാണുതാനും. ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനരീതിയാണ് കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍നിന്ന് അതിനെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. ഈ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന ചില പ്രവണതകള്‍ ഈ കാലയളവില്‍ പ്രത്യക്ഷപ്പെട്ടു എന്നത് പ്രധാനപ്പെട്ട പ്രശ്നമായി നിലനില്‍ക്കുകയാണ്. ഇത് തിരുത്തുക എന്നതും അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്. ലെനിനിസ്റ് സംഘടനാ സംവിധാനത്തിലെ ഇത്തരം പോരായ്മകളെ സംബന്ധിച്ചുള്ള സ്വയംവിമര്‍ശനങ്ങള്‍ സംസ്ഥാന കമ്മിറ്റി നടത്തിയത് പുറത്തുവന്നപ്പോള്‍ അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കുത്തിപ്പൊക്കാനും ചിലര്‍ പുറപ്പെട്ടിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. അവരുടെ പ്രധാന ആക്ഷേപം പാര്‍ടിക്കകത്ത് വിമര്‍ശനവും സ്വയംവിമര്‍ശനവും നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. എന്നാല്‍, അത്തരമൊരു സംവിധാനം നിലനില്‍ക്കുന്നതുകൊണ്ടാണ് മേല്‍പ്പറഞ്ഞ രീതിയില്‍ തെരഞ്ഞെടുപ്പുരംഗത്തെ പോരായ്മകളെ അക്കമിട്ടുനിരത്താനും അവ തിരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവവും സിപിഐ എമ്മിന് ഉണ്ടായതെന്ന് ഇത്തരം വിമര്‍ശകര്‍ മറക്കുന്നു. അഥവാ അറിയാമെങ്കിലും ഇല്ലെന്ന് നടിക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. കാരണം യഥാര്‍ഥ ഇടതുപക്ഷ ബദല്‍ മുന്നോട്ടുവയ്ക്കുകയാണ് എന്ന് പറഞ്ഞ് വലതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം. അതിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുക എന്ന വലതുപക്ഷ താല്‍പ്പര്യം സംരക്ഷിക്കുകയുംചെയ്യുന്നു. (pls Read part 3)

1 comment:

ജനശക്തി ന്യൂസ്‌ said...

തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും 2 എല്‍ഡിഎഫിന് എതിരായിവന്ന ഘടകങ്ങള്‍ .പിണറായി വിജയന്‍ .( part.2)
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്‍ഡിഎഫിനെതിരെ വമ്പിച്ച പ്രചാരവേലയാണ് നടന്നതെന്ന് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചല്ലോ. വസ്തുതകള്‍ വളച്ചൊടിച്ചും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുമാണ് പ്രചാരണം സംഘടിപ്പിക്കപ്പെട്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എല്‍ഡിഎഫിന് പിഡിപി നല്‍കിയ പിന്തുണയെ സംബന്ധിച്ചു നടന്നത്. പിഡിപി കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ആദ്യമായല്ല എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. എന്നാല്‍, മറ്റു പല തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാടും സ്വീകരിച്ചിരുന്നു. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമാണ് പിഡിപി നിലയുറപ്പിച്ചിരുന്നത്. അതില്‍ കഴക്കൂട്ടം, കുന്ദമംഗലം സീറ്റുകള്‍ യുഡിഎഫ് പിഡിപിക്കായി നീക്കിവയ്ക്കുകയുമായിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ളൊരു ബന്ധം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായിരുന്നില്ല. പിഡിപി എല്‍ഡിഎഫിന്റെ ഘടകകക്ഷിയായിരുന്നില്ല. ഏതെങ്കിലുമൊരു വ്യവസ്ഥയുടെ മേലെ പിഡിപി എല്‍ഡിഎഫിനെ പിന്താങ്ങിയതുമല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി മതേതരത്വത്തെ ശക്തിപ്പെടുത്താന്‍ പൊതുവില്‍ സ്വീകരിക്കുന്ന നിലപാടിനോടുള്ള യോജിപ്പായിരുന്നു ഈ പിന്തുണയ്ക്കാധാരം. എന്നാല്‍, ഈ പിന്തുണ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് യുഡിഎഫിന് ബോധ്യമായി. അതിന്റെ അടിസ്ഥാനത്തിലാണ് പിഡിപി തീവ്രവാദശക്തിയാണെന്ന് ആരോപിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ മുമ്പില്ലാത്തവിധം ഉണ്ടായത്. തീവ്രവാദബന്ധം ആരോപിച്ച് എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന തന്ത്രമാണ് മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ യുഡിഎഫ് സ്വീകരിച്ചത്. ഈ പ്രചാരണങ്ങള്‍ എല്‍ഡിഎഫിനോടൊപ്പം നിന്ന ചിലരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത്തരം ജനവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കൈവെടിയുകയുണ്ടായി. കേരളത്തില്‍ ആര്‍എസ്എസിന് സമാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍ഡിഎഫ്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്ത് നടന്ന നിരവധി കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായ സംഘടനയാണ് ഇത്. ന്യൂനപക്ഷ വര്‍ഗീയവാദം സംസ്ഥാനത്താകമാനം പ്രചരിപ്പിക്കുന്നതിനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഇവര്‍ പരിശ്രമിക്കുന്നത്. തീവ്രവാദ സംഘടനയായ ഇവരുമായി തുറന്ന സഖ്യത്തിലാണ് യുഡിഎഫ് ഏര്‍പ്പെട്ടിരുന്നത്.