Monday, July 16, 2007

അതിജീവനത്തിന്റെ കരുത്ത്..

അതിജീവനത്തിന്റെ കരുത്ത്..

പി കരുണാകരന്‍

(ദേശാഭിമാനിയില്‍ എഴുതിയ ഈ ലേഖനം വായിക്കാന്‍ കഴിയാട്ട്ഹവറ്ക്കുവേണ്ടി)
കുറെ ദിവസങ്ങളായി സിപിഐ എമ്മിനും ദേശാഭിമാനിക്കുമെതിരെ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി യുഡിഎഫും, ചില പത്രങ്ങളും ചാനലുകളും രംഗത്ത് വന്നിരിക്കുകയാണ്. നിയമസഭയില്‍ ഈ പ്രശ്നമുയര്‍ത്തി സഭ സ്തംഭിപ്പിക്കുന്നതിനും പ്രതിപക്ഷം തയ്യാറായി. സിപിഐ എം സെക്രട്ടറിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് സബ്മിഷന്‍ ഉന്നയിക്കുന്ന അപൂര്‍വ്വമായ സംഭവങ്ങള്‍ക്കും നിയമസഭ സാക്ഷ്യംവഹിച്ചു. മറ്റുചിലരാകട്ടെ മുഖ്യമന്ത്രിയെയും പാര്‍ടി സെക്രട്ടറിയെയും വ്യക്തിപരമായി തേജോവധം ചെയ്യാനും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നു.
ഇത്തരം പ്രശ്നങ്ങള്‍ക്കാധാരമായി പറയുന്ന കാര്യം പരിശോധിക്കുമ്പോള്‍ കേരളത്തില്‍ മറ്റൊരു പാര്‍ടിയും ചെയ്യാത്ത നടപടികള്‍ സിപിഐ എം സ്വീകരിച്ചിട്ടുണ്ട് എന്നു കാണാന്‍ കഴിയും. ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങള്‍ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സ്വാഭാവികമായും ഉയര്‍ന്നുവരാം. അതിലെ വസ്തുത പരിശോധിച്ച് തീരുമാനമെടുക്കാന്‍ പ്രയാസമുണ്ടാവില്ല. ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന വേണുഗോപാല്‍ പാര്‍ടിയുടെ സല്‍പ്പേരിന് കളങ്കംചാര്‍ത്തുന്ന നിലയില്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ ഇടപെട്ടത് ബോധ്യപ്പെട്ട ഉടനെ അദ്ദേഹത്തെ പാര്‍ടിയില്‍നിന്നും പത്രത്തില്‍നിന്നും ഒഴിവാക്കി. ആരും പരാതിയുമായി വരാതെതന്നെ പാര്‍ടിയെടുത്ത തീരുമാനം ഇത്തരം പ്രശ്നങ്ങളില്‍ പാര്‍ടിയുടെ പ്രത്യേകത വ്യക്തമാക്കുന്നതാണ്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.
ദേശാഭിമാനിയുടെ വികസനവുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങളില്‍നിന്നും പണം സ്വീകരിക്കുന്നത് പുതിയ സംഭവമല്ല. പുതിയ എഡിഷനുകള്‍ ആരംഭിക്കുന്നതിനും, ദേശാഭിമാനിയുടെ പശ്ചാത്തല സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളെ സമീപിക്കാറുണ്ട്. പരസ്യം ശേഖരിക്കാറുണ്ട്. പലപ്പോഴും ബഹുജന സംഘടനകള്‍ സഹായിക്കാറുണ്ട്. ദേശാഭിമാനിക്ക് പരസ്യം നല്‍കുന്നവരില്‍നിന്നും അഡ്വാന്‍സായി പണം സ്വീകരിക്കുന്ന സ്കീം ആണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് ദേശാഭിമാനി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിതകാലം കഴിഞ്ഞാല്‍ പലിശസഹിതം തിരിച്ചുകൊടുക്കുന്ന സംവിധാനം കൂടിയാണിത്. ദേശാഭിമാനിയുടെ എഡീഷനുകള്‍ക്കാവശ്യമായ പണം ശേഖരിച്ചത് ഹുണ്ടിക കലക്ഷന്‍ വഴിയും. സര്‍ക്കുലേഷന്‍ ക്യാമ്പയിന്‍ വഴിയും ആയിരുന്നു. മറ്റ് പത്രങ്ങളോട് മല്‍സരിക്കുമ്പോള്‍ പരസ്യം വര്‍ദ്ധിപ്പിക്കാതെ പോകാന്‍ കഴിയില്ല. ഇവിടെ പണം സ്വീകരിച്ചത് റസീറ്റ് നല്‍കിക്കൊണ്ട് ബാങ്ക് അക്കൌണ്ട് വഴി തന്നെയാണ്. എന്നാല്‍ പണം നല്‍കിയ ആളുകളെ സംബന്ധിച്ച് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് ശ്രദ്ധയില്‍പെട്ടപ്പോള്‍ ആ പണം തിരിച്ചുകൊടുക്കുന്നതിന് സിപിഐ എം തന്നെയാണ് തീരുമാനിച്ചത്. ഈ രണ്ട് സംഭവങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി ആവശ്യമാണെങ്കില്‍ മറ്റു തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നും പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. ആ പ്രവര്‍ത്തനവും നടന്നുവരികയാണ്. ഇത്രയും നടപടികള്‍ കൈക്കൊണ്ടതിനുശേഷവും സിപിഐ എമ്മിനെയും ദേശാഭിമാനിയെയും തകര്‍ത്തേ അടങ്ങു എന്ന വാശിയിലാണ് ചിലര്‍. ഇത് സാമാന്യ പരിധിവിട്ട് പാര്‍ടി സെക്രട്ടറി മാഫിയാ സംഘത്തിന് നേതൃത്വം നല്‍കുന്നുവെന്നുവരെ ജസ്റ്റിസ് സുകുമാരനെപ്പോലുള്ള ചിലര്‍ പറയാന്‍ തയ്യാറായി. എം വി ദേവനാകട്ടെ പാര്‍ടി സെക്രട്ടറിക്ക് ഒരു ജോലിയും അറിയില്ല എന്ന വിമര്‍ശനവുമായാണ് രംഗത്ത്വന്നത്. ജസ്റ്റിസ് സുകുമാരന്‍ റിട്ടയര്‍ ചെയ്തെങ്കിലും ജസ്റ്റിസ്തന്നെയാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് എന്തെങ്കിലും തെളിവുകളോ ന്യായീകരണങ്ങളോ അദ്ദേഹത്തിന്റെ പ്രസ്താവനയിലില്ല. മുന്‍ ന്യായാധിപനായാലും സമചിത്തത കൈവിട്ടുപോകുന്നത് ഭൂഷണമല്ല. എം വി ദേവന്റെ പ്രസ്താവനയാകട്ടെ പരിഹാസ്യവും വിവരക്കേടുമാണ് വിളിച്ചറിയിക്കുന്നത്. പാര്‍ടി സെക്രട്ടറിക്ക് ഒരു ജോലിയും അറിയില്ല, ഒരു ജോലിയും പഠിച്ചിട്ടില്ല എന്ന 'മഹത്തായ ഒരു പ്രഖ്യാപന'മാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. എ കെ ആന്റണിയും, ഉമ്മന്‍ചാണ്ടിയും, മറ്റു യുഡിഎഫ് നേതാക്കളും ഏതൊക്കെ ജോലി പഠിച്ചവരാണ് എന്ന് ദേവന്‍ ചോദിക്കുമോ?
കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒരു പ്രത്യയശാസ്ത്ര സമീപനമുണ്ട്. അതിന് പരിപാടിയും, ഭരണഘടനയുമുണ്ട്. ഈ പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെപേരില്‍ ഭീകരമായ മര്‍ദ്ദനങ്ങളും, ജയില്‍വാസവും നേരിട്ടവരാണ് സിപിഐ എമ്മിന്റെ നേതാക്കളും പ്രവര്‍ത്തകരും. പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ശക്തികളുടെയും പ്രതിലോമകാരികളുടെയും വെടിയുണ്ടകള്‍ക്കും കഠാരികള്‍ക്കും ഇരയായവരുടെ എണ്ണവും ചെറുതല്ല. ഇത്തരം കാര്യങ്ങള്‍ അറിയുവാനും മനസ്സിലാക്കുവാനുമുള്ള കഴിവോ വീക്ഷണമോ ദേവനുണ്ടാകില്ലല്ലോ. ഏതു വിഷയത്തെ സംബന്ധിച്ചും വിമര്‍ശനങ്ങളും അഭിപ്രായപ്രകടനവുമാകാം. എന്നാല്‍ അതിന് സമചിത്തത നഷ്ടപ്പെടുമ്പോള്‍ ലക്ഷ്യം മറ്റെന്തോ ആണെന്ന് വ്യക്തം. പരമ്പരാഗതമായി പ്രചരിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ വികൃത മുഖമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. അത് മറ്റുപാര്‍ടികളില്‍നിന്നും വ്യത്യസ്തമാണ്. വെടിയുണ്ട ദേഹത്ത് ഏറ്റി നടക്കുന്നവരുടെയും കഠാരിക്കുത്തേറ്റ് കൈയ്യറ്റുപോയവരുടെയും പൊലീസ് മര്‍ദ്ദനത്തിന്റെ ഭീകരമായ പാടുകള്‍ ദേഹത്ത് കൊണ്ടുനടക്കുന്നവരുടെയും പാര്‍ടിയാണിത്. ജനങ്ങളുടെ താല്‍പര്യങ്ങളും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിനിടയിലാണ് ഇതൊക്കെ നേരിടേണ്ടിവന്നത്.
ബൂര്‍ഷ്വാ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ്ഗ പാര്‍ടി പ്രവര്‍ത്തകര്‍ക്കും തെറ്റുകള്‍ പറ്റാം. അത്തരം സംഭവങ്ങള്‍ ബോധ്യപ്പെട്ടാല്‍ തിരുത്തുകയും, നടപടികള്‍ എടുക്കേണ്ടതാണെങ്കില്‍ മുഖംനോക്കാതെ നടപടിയെടുക്കുകയുംചെയ്യുന്ന പാര്‍ടിയാണ് സിപിഐ എം. അഴിമതികളുടെ നീണ്ട കഥകളുള്ള യുഡിഎഫ് നേതാക്കളുടെ പേരുകള്‍ മുമ്പും, ഇപ്പോഴും കേള്‍ക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രശ്നത്തില്‍ നടപടിയെടുത്ത ഒരു ചരിത്രം മറ്റു പാര്‍ടികള്‍ക്കുണ്ടോ? തുടര്‍ക്കഥകളെഴുതുന്ന മാധ്യമങ്ങള്‍ അത്തരം ഒരു പരിശോധന നടത്തിയിരുന്നെങ്കില്‍ എത്രയെത്ര സംഭവങ്ങള്‍ അവര്‍ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമായിരുന്നു. സിപിഐ എമ്മിന്റെ സംഘടനാ സംവിധാനത്തില്‍ ഈ പരിശോധന സദാ നടന്നുകൊണ്ടിരിക്കുന്നു. എല്ലാ പാര്‍ടി കമ്മിറ്റികളും പരിശോധിക്കുന്നു. വിവിധ തലങ്ങളിലുള്ള ഭരണ സംവിധാനവും ഈ പരിശോധനയ്ക്ക് വിധേയമാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം സംഭവങ്ങള്‍ വരുമ്പോള്‍ ഒരു പത്രവുമെഴുതാതെതന്നെ തെറ്റുചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ പ്രസ്ഥാനത്തിന് കഴിയുന്നത്.
ഇന്ത്യയിലായാലും കേരളത്തിലായാലും സാധാരണ ജനങ്ങളുടെ താല്‍പര്യത്തിനുവേണ്ടിയും, പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും, വര്‍ഗീയതയ്ക്കെതിരായും പോരാടുന്ന ഒരു വലിയ പ്രസ്ഥാനമായി സിപിഐ എം മാറിക്കഴിഞ്ഞു. ദേശീയ രംഗത്ത് ഇടപെടാന്‍ കഴിയുന്ന രാഷ്ട്രീയ ശക്തിയാണ് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും. കേരളത്തില്‍ യുഡിഎഫിനെ പാടെ തകര്‍ത്താണ് വലിയ ഭൂരിപക്ഷം എല്‍ഡിഎഫ് നേടിയത്. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ വിവിധ മേഖലകളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ കഴിഞ്ഞു. അനധികൃത ഭൂമി കൈയേറ്റത്തിനെതിരെ പാര്‍ടിയും എല്‍ഡിഎഫ് ഗവണ്‍മെന്റും നടത്തുന്ന പ്രവര്‍ത്തനം ദേശീയതലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കെതിരെ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ എതിരാളികള്‍പോലും വാഴ്ത്തുന്നുണ്ട്. അധികാര വികേന്ദ്രീകരണത്തിന് കേരളമാണ് മാതൃകയെന്ന് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാനരംഗത്ത് പുതിയ നടപടികള്‍ കൈക്കൊള്ളാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ക്രിയാത്മകമായ നടപടികള്‍ ദേശീയ തലത്തില്‍തന്നെ കൈക്കൊണ്ട ഏക സംസ്ഥാനമാണ് കേരളം. ഒരു വര്‍ഷം പിന്നിട്ട ഗവണ്‍മെന്റ് നേട്ടങ്ങളുടെ പട്ടികയുമായി മുന്നേറുമ്പോള്‍ പരിഹാസ്യമായ പ്രകടനമാണ് യുഡിഎഫ് നിയമസഭയില്‍ കാണിച്ചത്. ദേശാഭിമാനിയുടെ പേരില്‍ സഭസ്തംഭിപ്പിക്കുന്ന യുഡിഎഫിന് ധനാഭ്യര്‍ഥനയുമായി ബന്ധപ്പെട്ട ഏതെങ്കിലും സന്ദര്‍ഭത്തില്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. സമരവേദിയില്‍ ആയുധം നഷ്ടപ്പെട്ട് നിരാശരായി കഴിയുന്ന പ്രതിപക്ഷത്തിന് ഇപ്പോള്‍ തെല്ലൊരു ആശ്വാസം ലഭിച്ചത് ദേശാഭിമാനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പാര്‍ടിയെയും പത്രത്തെയും സ്നേഹിക്കുന്ന പതിനായിരക്കണക്കിനാളുകള്‍ക്കും, മറ്റു അഭ്യുദയകാംക്ഷികള്‍ക്കും നേതാക്കളെക്കുറിച്ചോ പത്രത്തെക്കുറിച്ചോ തെറ്റായ വാര്‍ത്തകള്‍ വരുമ്പോള്‍ സ്വാഭാവികമായും പ്രയാസമുണ്ടാകാം. എന്നാല്‍ പാര്‍ടിയുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ മുഖംനോക്കാതെ നടപടിയെടുത്ത ധീരമായ നിലപാട് അവര്‍ക്കാശ്വാസം നല്‍കുമെന്ന് മാത്രമല്ല പാര്‍ടിയെക്കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൊന്നുംപെടാത്ത മറ്റൊരു വിഭാഗമുണ്ട്. ഉറങ്ങുന്നവരെ മാത്രമെ വിളിച്ചുണര്‍ത്താന്‍ കഴിയു. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ കഴിയില്ല എന്നൊരു ചൊല്ലുണ്ട്. അവരുടെ ലക്ഷ്യം ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള വിശദീകരണമോ ബോധ്യപ്പെടുത്തലോ അല്ല പാര്‍ടിയെയും ദേശാഭിമാനിയെയും തരംതാഴ്ത്തലും, തകര്‍ക്കലുമാണ്. ഇതോടൊപ്പം ഭരണരംഗത്തെയും സംഘടനാരംഗത്തെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് മുഖ്യമന്ത്രി വി എസ്സിനെയും പാര്‍ടി സെക്രട്ടറി പിണറായിയെയും ചേരിതിരിച്ച് ആക്രമിച്ച് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അത് ഇന്നു തുടങ്ങിയതല്ല. പാര്‍ടി നേതാക്കളെ ചേരിതിരിച്ച് ആക്രമിക്കുന്നത് ഇതിന്റെ ഭാഗംതന്നെയാണ്. ആരോപണങ്ങള്‍ ഉയര്‍ത്തി തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കുന്നതും മറ്റൊരു തന്ത്രമാണ്. ഇവിടെ ചില മാധ്യമങ്ങള്‍ക്കും, യുഡിഎഫിനും രാഷ്ട്രീയംതന്നെയാണ് ലക്ഷ്യം. തുടര്‍ച്ചയായ പ്രചാരവേലകളിലൂടെ ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ ഭൌതിക സാഹചര്യം വളര്‍ത്തിയെടുക്കലാണ് ഇതിന്റെ ഉന്നം. അതിന്റെ ഉല്‍പന്നമാകട്ടെ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്ന സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും ക്ഷീണിപ്പിക്കലാണ്. ഈ യാഥാര്‍ത്ഥ്യം പാര്‍ടിയെയും പത്രത്തെയും സ്നേഹിക്കുന്നവര്‍ തിരിച്ചറിയും.

2 comments:

ജനശക്തി ന്യൂസ്‌ said...

കുറെ ദിവസങ്ങളായി സിപിഐ എമ്മിനും ദേശാഭിമാനിക്കുമെതിരെ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി യുഡിഎഫും, ചില പത്രങ്ങളും ചാനലുകളും രംഗത്ത് വന്നിരിക്കുകയാണ്. നിയമസഭയില്‍ ഈ പ്രശ്നമുയര്‍ത്തി സഭ സ്തംഭിപ്പിക്കുന്നതിനും പ്രതിപക്ഷം തയ്യാറായി. സിപിഐ എം സെക്രട്ടറിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് സബ്മിഷന്‍ ഉന്നയിക്കുന്ന അപൂര്‍വ്വമായ സംഭവങ്ങള്‍ക്കും നിയമസഭ സാക്ഷ്യംവഹിച്ചു. മറ്റുചിലരാകട്ടെ മുഖ്യമന്ത്രിയെയും പാര്‍ടി സെക്രട്ടറിയെയും വ്യക്തിപരമായി തേജോവധം ചെയ്യാനും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നു.

Ajith . kannur said...

കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്ട്ടി കെട്ടിപ്പടുത്ത നേതാക്കളെ തെറിപറഞ ഇ പി ജയരാജനേയും പാറ്ട്ടിയുടെ ഉന്നതസ്ഥാനത്തിരുന്ന് അഴിമതി നടത്തിയ മച്ചമ്പിയേയും രക്ഷിക്കാന്‍ ഇത്രയും വലിയ ലേഖനം എഴിതേണ്ടിവന്നല്ലോ കരുണാകരാ........സ: ഏ കെ ജി നിന്റെ കഴുത്തിന്ന് പിടിക്കും