മാണിയുടെ രാജി: സഭയില്‍ പ്രതിപക്ഷ ബഹളം  ; വി എസ് കക്ഷിചേരും
തിരുവനന്തപുരം> ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം.മാണി രാജി വെക്കണ മെന്നാവശ്യപ്പെട്ടുള്ള പ്ളക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബാര്‍ കോഴ അട്ടിമറിച്ചത് ചര്‍ച്ചചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഉടനെ സ്പീക്കര്‍ തിരക്കിട്ട് സഭാ നടപടികള്‍ അവസാനിപ്പിച്ചു. പ്രതിപക്ഷം സഭയില്‍നിന്നിറങ്ങി ധര്‍ണനടത്തി.
അതേ സമയം മാണിക്കെതിരായ ബാര്‍കോഴകേസില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കക്ഷി ചേരും. കേസ് തള്ളരുതെന്നാവശ്യപ്പെട്ടാണ് വി എസ് കക്ഷി ചേരുന്നത്. വി എസ് അച്യുതാനന്റെ പരാതിയിലാണ് ബാര്‍ കോഴ കേസ് വിജിലന്‍സ് അന്വേഷിച്ചത്. കേസില്‍ മാണി കുറ്റക്കാരനല്ലെന്ന വിധത്തില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. പരാതിക്കാരനായ തന്റെ വാദംകൂടി കോടതി കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ് വി എസ് കക്ഷിചേരുന്നത്.
ബാര്‍കോഴ കേസ് അട്ടിമറിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടി. സുരേഷ് കുറുപ്പ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ബാര്‍കോഴ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്നും പ്രതിയുടെ മൊഴി മാത്രം വിശ്വസിച്ച് വിജിലന്‍സ് അന്വേഷണം മുക്കിയെന്നും സുരേഷ്കുറുപ്പ് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മറികടന്ന് മറ്റുള്ളവരില്‍നിന്ന് നിയമോപദേശം തേടിയതും കേസ് അട്ടിമറിക്കാനാണെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു.
അതേസമയം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെ കുറിച്ച് സഭയില്‍ ചര്‍ച്ചചെയ്യുന്നത് ചട്ടലംഘനമാകുമെന്നും അത് കോടതിയെ വരെ സ്വാധീനിച്ചേക്കാമെന്നുമായിരുന്നു ആഭ്യന്തരമന്ത്രി ചെന്നിത്തലയുടെ മറുപടി. 7 മാസംകൊണ്ട് കുറ്റമറ്റ ശാസ്ത്രീയ അന്വേഷണമാണ് കേസില്‍ നടത്തിയത്. കേസില്‍ നിയമോപദേശം തേടുന്നത് ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുയായിരുന്നു.