ബാര്‍കോഴ  : മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി
തിരുവനന്തപുരം > കെ എം മാണിക്കെതിരെയുള്ള ബാര്‍കോഴ കേസിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ വിജിലന്‍സ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിന് ഇരുട്ടടിയാകുന്ന നിര്‍ദ്ദേശമുണ്ടായത്.
കേസ് ഡയറിയും ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം. വിജിലന്‍സ് ഡയറക്ടറുടെ കുറിപ്പും ഹാജരാക്കണം. കേസില്‍ പരാതിക്കാരായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനോടും ബാര്‍അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിനോടും കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചു. ഇരുവര്‍ക്കും കോടതി നോട്ടീസ് അയക്കും. കേസ് വീണ്ടും ആഗസ്റ്റ് 7ന് പരിഗണിക്കും.
കേസില്‍ കെ എം മാണിക്കെതിരെ തെളിവുകള്‍ കുറവാണെന്നും മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുവാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കേസന്വേഷിച്ച എസ്പി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പുറത്ത് നിന്ന് നിയമോപദേശം തേടിയശേഷം മാറ്റം വരുത്തിയാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. കേസ് അട്ടിമറിക്കുവാന്‍ വേണ്ടിയാണ് പുറത്ത്നിന്നാണ് നിയമോപദേശം തേടിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ആ റിപ്പോര്‍ട്ടിലാണ് മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത് . കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനും കേസില്‍ കക്ഷിചേരും.