തിരുവനന്തപുരം > പാഠപുസ്തകം ആവശ്യപ്പെട്ട് സമരം ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിക്കാന്‍ പൊലീസിന്റെ നെറികെട്ട നീക്കം. ബാരിക്കേഡ് നശിപ്പിച്ചതിന് ഒരുലക്ഷം രൂപ നാശനഷ്ടം കണക്കാക്കിയാണ് യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി വൈശാഖിനെ ജാമ്യം നേടാനാകാത്ത സ്ഥിതിയുണ്ടാക്കി ജയിലിലിടാന്‍ ശ്രമിക്കുന്നത്.പാഠപുസ്തകം ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ നിയമസഭാമാര്‍ച്ചില്‍ പങ്കെടുത്തതിന്റെ പേരിലാണ് പൊലീസിന്റെ ക്രൂരത. ബാരിക്കേഡിന് സമീപമെത്തിയപ്പോള്‍ത്തന്നെ പൊലീസ് വിദ്യാര്‍ഥിവേട്ട ആരംഭിച്ചിരുന്നു. ഗ്രനേഡും കണ്ണീര്‍വാതകവും ലാത്തിയും പ്രയോഗിച്ച് ഭീകരമായി അക്രമിക്കുകയായിരുന്നു പൊലീസ്. നിരവധി വിദ്യാര്‍ഥികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. എന്നിട്ടും കലിയടങ്ങാതെ കള്ളക്കേസ് ചുമത്തി വിദ്യാര്‍ഥികളെ വേട്ടയാടുകയാണ് പൊലീസ്. ഇരുമ്പ് കൊണ്ടുള്ള ബാരിക്കേഡ് നശിപ്പിച്ചെന്ന പെരുംനുണകള്‍ ചേര്‍ത്താണ് എഫ്ഐഎര്‍ എഴുതുന്നത്. ഇതിന് പുറമെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം എസ്എഫ്ഐ ജില്ലാസെക്രട്ടറി പ്രദിന്‍സാജ് കൃഷ്ണ, ജില്ലാകമ്മിറ്റിയംഗം ശരത്, അരുണ്‍, അഭിജിത്ത് എന്നിവരുടെ വീട്ടില്‍ പൊലീസെത്തി ഭീഷണിമുഴക്കി. വാതില്‍ ചവിട്ടിപ്പൊളിച്ച് കയറിയ പൊലീസുകാര്‍ വീട്ടിലെ സാധനങ്ങള്‍ വലിച്ചെറിയുകയും റേഷന്‍ കാര്‍ഡുള്‍പ്പെടെ എടുത്തുകൊണ്ടുപോകുകയും ചെയ്തു.