ബാറുടമകള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍
ന്യൂഡല്‍ഹി > സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാറുടമകള്‍ക്കുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് ബാറുടമകള്‍ക്കുവേണ്ടി ഹാജരാകുന്നതെന്ന് റോഹ്തഗി കോടതിയെ അറിയിച്ചു. കണ്ണൂരിലെ ഫോര്‍സ്റ്റാര്‍ ബാറായ സ്കൈപേളിന് വേണ്ടിയാണ് ഹാജരായത്. ബാര്‍കോഴ കേസില്‍ മന്ത്രി കെ എം മാണിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ നാഗേശ്വരറാവു ബാറുടമകള്‍ക്കുവേണ്ടി ഹാജരാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനിമിഷം നാടകീയമായിരുന്നു അറ്റോര്‍ണി ജനറലിന്റെ രംഗപ്രവേശം. അതേസമയം, ഹര്‍ജി പരിഗണിക്കുന്നത് 28ലേക്ക് മാറ്റിയതായി രണ്ടംഗ ബെഞ്ച് അറിയിച്ചു. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി മദ്യനയം അംഗീകരിച്ചതെന്നും ഇടക്കാല ഉത്തരവിലൂടെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മദ്യഉപഭോഗം കുറയ്ക്കുകയെന്ന അവകാശവാദത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പരമോന്നത നിയമോപദേഷ്ടാവുതന്നെ രംഗത്തെത്തിയത് അസ്വാഭാവികമാണെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തല്‍. സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി നേടിയിരുന്നെന്ന അറ്റോര്‍ണി ജനറലിന്റെ വാദംകൂടി കണക്കിലെടുക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍തന്നെ മദ്യനയത്തിനെതിരാണെന്ന ധാരണയും ശക്തമായിട്ടുണ്ട്. നേരത്തെയും ബാറുടമകള്‍ക്കുവേണ്ടി റോഹ്തഗി ഹാജരായിട്ടുണ്ടെങ്കിലും അറ്റോര്‍ണി ജനറലായി അധികാരമേറ്റശേഷം ഇതാദ്യമായാണ് കേസില്‍ ഹാജരാകുന്നത്. എന്നാല്‍, ബാറുടമകള്‍ക്കായി ഹാജരായതില്‍ നിയമപരമായ പ്രശ്നങ്ങളില്ലെന്ന് അറ്റോര്‍ണി ജനറല്‍ പ്രതികരിച്ചു. നേരത്തെ ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ പ്രതിചേര്‍ക്കുന്നതു സംബന്ധിച്ച് വിജിലന്‍സ് അറ്റോര്‍ണി ജനറലിന്റെയും നിയമോപദേശം തേടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, നിയമോപദേശം നല്‍കാനാകില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
സമയക്കുറവുകാരണം ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കേണ്ടതില്ലെന്നാണ് ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെയും ആര്‍ കെ അഗര്‍വാളും അടങ്ങുന്ന ബെഞ്ച് ആദ്യം തീരുമാനിച്ചത്. എന്നാല്‍, സംസ്ഥാനത്തെ മദ്യവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിതെന്നും നിരവധി പേരുടെ ജോലി പ്രശ്നത്തിലാണെന്നും ചൂണ്ടിക്കാണിച്ച് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. മദ്യവ്യവസായത്തെ തകര്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും റോഹ്തഗി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അപ്രായോഗികമാണെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ബാര്‍ഹോട്ടലുകളെ ഫൈവ്സ്റ്റാര്‍, ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ എന്നിങ്ങനെ തരംതിരിക്കുന്നതിലെ ഔചിത്യവും കോടതി ചോദ്യംചെയ്തിരുന്നു.
സംസ്ഥാനത്ത് ബാറുകളുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാകണം ലൈസന്‍സ് പുതുക്കിനല്‍കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടതുള്ളൂവെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. 24 ഫൈവ്സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ഹാജരായത് ഞെട്ടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ്ശര്‍മ പ്രതികരിച്ചു.