ബാര്‍ കോഴക്കേസില്‍നിന്ന് ഭരണാധികാരം ഉപയോഗിച്ച് രക്ഷപ്പെടാന്‍ തങ്ങള്‍ ഒരുക്കുന്ന തന്ത്രങ്ങള്‍ അപ്പാടെ കോടതി വെള്ളംതൊടാതെ വിഴുങ്ങിക്കൊള്ളും എന്ന യുഡിഎഫ് നേതൃത്വത്തിന്റെ മോഹത്തിന് തിരിച്ചടിയേല്‍ക്കുന്നു. തെളിവില്ലെന്നു പറഞ്ഞ് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് അപ്പാടെ അംഗീകരിച്ച് കെ എം മാണിയുടെയും കെ ബാബുവിന്റെയും മറ്റും മോഹങ്ങള്‍ക്ക് ജുഡീഷ്യറി തുല്യംചാര്‍ത്തിക്കൊടുക്കും എന്ന് കരുതിയവര്‍ക്കു തെറ്റി. ദ്രുതപരിശോധനാ റിപ്പോര്‍ട്ട്, കേസ് ഡയറി, വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് തുടങ്ങിയവയൊക്കെ വിളിപ്പിച്ചിരിക്കുകയാണ് കോടതി. ശുഭോദര്‍ക്കമാണിത്.
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കും വിധമാണ് വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാണി അംഗമായ മന്ത്രിസഭയ്ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഇതല്ലാതെ മറ്റൊന്നു ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ല; പ്രത്യേകിച്ചും മാണിയുടെയും അദ്ദേഹത്തിന്റെ പാര്‍ടിയുടെയും ദയാദാക്ഷിണ്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം എന്നിരിക്കെ. മാണിക്കെതിരായ നിയമനടപടികളെ അതിന്റെ വഴിക്കു നീങ്ങാന്‍ അനുവദിച്ചാല്‍ തെറിക്കുന്നത് തന്റെ മുഖ്യമന്ത്രിസ്ഥാനമാണെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതിനുമപ്പുറം, നിയമത്തിന്റെയോ നീതിയുടെയോ നടത്തിപ്പ് നേര്‍വഴിക്കാകണമെന്ന കാര്യത്തില്‍ വിശേഷാല്‍ നിഷ്കര്‍ഷയുള്ളയാളൊന്നുമല്ല അദ്ദേഹം. തനിക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ ചെന്നുപറയണമെന്നു നിശ്ചയിച്ച മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ചയാള്‍, തന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ കേസ് ഇല്ലാതാക്കിക്കൊടുക്കണമെന്ന ആഗ്രഹത്തിനുമേല്‍ മറിച്ചൊരു തീരുമാനമെടുക്കുമെന്ന് ആര്‍ക്ക് കരുതാനാകും? അഴിമതി നടത്താനും അതിന്റെ തെളിവുകള്‍ തേച്ചുമാച്ചുകളയാനുമുള്ള സംവിധാനമാക്കി ഭരണത്തെ അധഃപതിപ്പിച്ച ഇവരില്‍നിന്ന് ധാര്‍മികതയുടെ കണികപോലും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
കോഴ ഇടപാട് നടന്നതിന്റെ എ മുതല്‍ ഇസഡ് വരെ തെളിവുകള്‍ ഉണ്ടെന്ന് നേരത്തെ വ്യക്തമാക്കിയ അതേ എസ്പിയെക്കൊണ്ടാണ് ഇപ്പോള്‍ തെളിവുകള്‍ അപര്യാപ്തമാണെന്ന മട്ടിലുള്ള റിപ്പോര്‍ട്ട് കൊടുപ്പിച്ചത്. ഏത് കോടതി മുമ്പാകെയാണോ ഈ റിപ്പോര്‍ട്ട് നല്‍കിയത്, ആ കോടതിക്കുതന്നെയറിയാം ഒരു ഘട്ടത്തില്‍ ഇതേ എസ്പിതന്നെ മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ടതിന്റെ 60 ശതമാനവും തെളിവ് ശേഖരിച്ചതായി വ്യക്തമാക്കിയിരുന്നു എന്ന്. ഇതോടെ ഈ രാജ്യത്ത് നിയമവാഴ്ചയും നീതിസംവിധാനവും പുലരണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളുടെയും കണ്ണ് വിജിലന്‍സ് കോടതിയുടെ മേലായി. പൊതുജീവിതത്തിലെ ശുദ്ധി കളങ്കപ്പെടാനുവദിക്കില്ല എന്ന് കോടതി കരുതുന്നു എന്നതിന്റെ സൂചനയുണ്ട് വ്യാഴാഴ്ചത്തെ നടപടിയില്‍. ആശ്വാസകരമാണിത്.
ശാസ്ത്രീയ തെളിവുണ്ട്. സാഹചര്യത്തെളിവുണ്ട്. നുണപരിശോധനാ ഫലമുണ്ട്. 20 ശതമാനം തെളിവുണ്ടെങ്കില്‍ കുറ്റപത്രം നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശമിരിക്കെ 60 ശതമാനം തെളിവുണ്ടെന്ന് കേസന്വേഷിച്ച എസ്പിതന്നെ വ്യക്തമാക്കിയശേഷവും കുറ്റപത്രം ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന വ്യഗ്രതയുണ്ട്. ഇതൊക്കെ പൊതുജനത്തിന്റെ കണ്ണില്‍മാത്രമല്ല, കോടതിയുടെ ദൃഷ്ടിപഥത്തിലുമുണ്ട്. ബാര്‍ കോഴക്കേസില്‍ കടുത്ത സമ്മര്‍ദമുണ്ടായി എന്ന് എഡിജിപി സ്ഥാനം വഹിച്ച ജേക്കബ് തോമസും എസ്പിയായ സുകേശനും പറഞ്ഞതും ആ എഡിജിപിയെ മാറ്റി മന്ത്രിസഭയ്ക്ക് സ്വീകാര്യനായ ഒരാളെ നിയമിച്ചതും ഒക്കെ പൊതുശ്രദ്ധയിലുണ്ട്. കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ല എന്ന സ്ഥിതിയുണ്ടാക്കാന്‍ സര്‍ക്കാര്‍പെട്ട പാട് ചെറുതൊന്നുമല്ല. ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ വാദിക്കുന്ന എല്‍ നാഗേശ്വരറാവുവിലേക്കുവരെ ഇതിനായി ഈ സര്‍ക്കാര്‍ നിയമോപദേശം തേടിപ്പോയി. ബാര്‍ ഉടമകളുടെ വക്കീലാകുമ്പോള്‍ എളുപ്പമുണ്ടല്ലോ എന്നു കരുതിക്കാണണം. അങ്ങനെയൊക്കെ ഉണ്ടാക്കിയെടുത്ത അതിദുര്‍ബലമായ നിയമോപദേശത്തിന്റെ തട്ടില്‍നിന്നാണ് തങ്ങളുടെ മന്ത്രിക്കെതിരെ കേസ് എടുക്കുന്ന സ്ഥിതി ഒഴിവാക്കിത്തരണേ എന്ന് ആ മന്ത്രി ഉള്‍പ്പെട്ട മന്ത്രിസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നതും ഒട്ടും സ്വതന്ത്രമല്ലാത്തതുമായ വിജിലന്‍സ് വകുപ്പ് കോടതിയോട് അഭ്യര്‍ഥിക്കുന്നത്.
മുമ്പ് ഒരു വിജിലന്‍സ് ജഡ്ജി ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണം വേണമെന്നു പറഞ്ഞപ്പോള്‍ യുഡിഎഫും അതിന്റെ സര്‍ക്കാര്‍ സംവിധാനമാകെത്തന്നെയും ആ ജഡ്ജിക്കെതിരെ ഇരച്ചുചെന്നു. ആക്ഷേപങ്ങളുന്നയിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് ആ ജഡ്ജിയെ പിന്മാറ്റി. അതാണ് ഇവര്‍ക്ക് കോടതിയോടുള്ള ആദരവിന്റെ നില. ഏത് ജഡ്ജിയെയും തങ്ങള്‍ക്കനുകൂലമല്ല എങ്കില്‍ പാഠം പഠിപ്പിക്കുമെന്ന ഈ ഹുങ്ക് കോടതികള്‍തന്നെ തിരിച്ചറിയുമെന്നു നമുക്ക് പ്രത്യാശിക്കാം. കേസ് നിലനിന്നാല്‍ പ്രതിയാകുമെന്ന് ആശങ്കപ്പെടുന്നയാള്‍ തന്നെയല്ലേ കേസ് പിന്‍വലിക്കണമെന്ന് നിശ്ചയിച്ച മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ചത് എന്നു ചോദിച്ച ഉജ്വലമായ മുഹൂര്‍ത്തങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ സമീപനാളുകളുടെ ചരിത്രത്തില്‍ത്തന്നെ ഉണ്ടായിട്ടുണ്ട് എന്ന വസ്തുത ഈ പ്രത്യാശയ്ക്ക് തിളക്കമേകുന്നുണ്ട്.
കേസ് അവസാനിപ്പിക്കാനുള്ള മന്ത്രിസഭാതലത്തിലുള്ള ഈ നീക്കം യഥാര്‍ഥത്തില്‍ നീണ്ട നിയമയുദ്ധപ്രക്രിയക്ക് തുടക്കമാകാന്‍ പോവുകയാണ്. അത്ര എളുപ്പത്തില്‍ രക്ഷപ്പെട്ടുപോകാന്‍ കഴിയാത്തവിധം മുറുകാന്‍ പോവുകയാണ് പല തലങ്ങളിലായി ഇനിവരുന്ന ഘട്ടത്തില്‍ ഈ കേസിന്റെ കുരുക്കുകള്‍. എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റി സ്വന്തം ആളെ വച്ചതും അയാളെക്കൊണ്ട് മന്ത്രിസഭയുടെ ആഗ്രഹപ്രകാരമുള്ള റിപ്പോര്‍ട്ട് എഴുതിച്ചതും മാണിക്കുവേണ്ടി ബാര്‍കേസ് അഭിഭാഷകനെക്കൊണ്ട് നിയമോപദേശം എഴുതിവാങ്ങിച്ചതും 60 ശതമാനം തെളിവുണ്ടെന്ന സത്യം പൂഴ്ത്തിവച്ച് തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതുമൊക്കെ എങ്ങനെയും രക്ഷപ്പെടാനുള്ള വെപ്രാളത്തിന്റെ ഭാഗമാകാം. എന്നാല്‍, ആ വെപ്രാളത്തില്‍ കുരുക്കുകള്‍ കൂടുതല്‍ മുറുകുകയേയുള്ളൂ വരുംഘട്ടങ്ങളില്‍.