അറ്റോര്‍ണി ജനറല്‍ ഹാജരായത് കോണ്‍ഗ്രസ് - ബിജെപി ബന്ധത്തിന്റെ തെളിവ്: കോടിയേരി
തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ മദ്യ മുതലാളിമാര്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായതില്‍ തെളിയുന്നത് യുഡിഎഫ് സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും തമ്മിലുള്ള സഹകരണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹതഗി ബാര്‍ ഉടമകള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയശേഷമാണ്. ഒരു സംസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ബാര്‍ മുതലാളിമാര്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അഭിഭാഷകന്‍ തയ്യാറാകുക എന്നത് അസാധാരണ നടപടിയാണ്.
രാഷ്ട്രീയവും നയപരവുമായ തീരുമാനം കൈക്കൊണ്ടാല്‍ മാത്രമേ അറ്റോര്‍ണി ജനറലിന് കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി ലഭിക്കൂ. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പൂട്ടിയതിനെ അംഗീകരിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതിയിലുള്ളത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ബാറുടമകളുമായി ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ധനകാര്യമന്ത്രി കെ എം മാണിയും എക്സൈസ് മന്ത്രി കെ ബാബുവും ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് കോടതിയുടെ പരിഗണനയിലാണ്. കോഴ വാങ്ങിയ മന്ത്രിമാര്‍ക്കു മുന്നില്‍ തെളിയുന്നത് തടവറയാണ്.
ഇതിനെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ബാര്‍ മുതലാളിമാരുമായി രഹസ്യ കരാര്‍ ഉണ്ടാക്കി മുന്നോട്ടുനീങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. ബാര്‍ മുതലാളിമാര്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ നേരത്തെ ഹാജരായ നാഗേശ്വര റാവുവില്‍ നിന്നും കോഴക്കേസില്‍ മന്ത്രി മാണിക്ക് അനുകൂലമായി നിയമോപദേശം വാങ്ങിയിരുന്നു. ബാര്‍ മുതലാളിമാരെ സഹായിച്ച് കോഴക്കേസ് ഒതുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ പരിശ്രമത്തിന് നരേന്ദ്രമോഡി ഗവണ്‍മെന്റ് സഹകരണാത്മക പിന്തുണ നല്‍കിയിരിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാരിനെതിരായ കോഴക്കേസ് ഒതുക്കുന്നതിന് ഉമ്മന്‍ചാണ്ടിയുടെയും മോഡിയുടെയും സര്‍ക്കാരുകള്‍ കൈകോര്‍ത്തതിന്റെ വിളംബരമാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ബാര്‍ ഉടമകള്‍ക്കുവേണ്ടി പ്രത്യക്ഷനായതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
No comments:
Post a Comment