പിന്നോക്ക രാഷ്ട്രീയം ബിജെപിയുടെ കാപട്യം
അരുവിക്കരയില്‍ ജയിച്ച യുഡിഎഫും തോറ്റ ബിജെപിയും അഹങ്കാര സ്വരത്തിലാണ്. ആ അഹങ്കാരം ഉല്‍പ്പാദിപ്പിക്കുന്ന പൊള്ളയായ അവകാശവാദങ്ങള്‍ കേട്ട് ജനം അമ്പരക്കുകയാണ്. പുതിയ ആകാശവും പുതിയ ഭൂമിയും കീഴടക്കി എന്ന മട്ടിലാണ് ബിജെപി. അരുവിക്കരയില്‍ മൂന്നാംസ്ഥാനത്താണെങ്കിലും 34,000 വോട്ട് സമ്പാദിച്ചതിന്റെ പേരില്‍, ബിജെപി എന്തെല്ലാമാണോ അതല്ല എന്നുവരുത്താനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍. പിന്നോക്കവിഭാഗത്തിന്റെയും പട്ടികജാതി- വര്‍ഗത്തിന്റെയും പ്രതിനിധിയായ പാര്‍ടിയായി ബിജെപി മാറി എന്നുവരുത്താനാണ് ഉദ്യമം. മുന്നണിരാഷ്ട്രീയത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ക്കാനും പട്ടികജാതി- വര്‍ഗ പിന്നോക്കവിഭാഗങ്ങളിലേക്ക് ആഴത്തില്‍ വേരോട്ടമുണ്ടാക്കാനും ബിജെപിക്ക് കഴിഞ്ഞുവെന്നാണ് പ്രചാരണം. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ മാറിയും തിരിഞ്ഞും അധികാരത്തിലെത്തുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയസ്വഭാവത്തെ മാറ്റിമറിക്കാന്‍ ബിജെപിക്ക് കഴിഞ്ഞാല്‍ അതിന്റെ ആപത്ത് ചെറുതാകില്ല. സംസ്ഥാനത്തിന്റെ മതനിരപേക്ഷ നിലനില്‍പ്പും ജനതയുടെ ഒരുമയും പുരോഗതിയും തകര്‍ക്കപ്പെടുകയാകും അതിന്റെ ഫലം. അത് തിരിച്ചറിയാനുള്ള വിവേകം കേരളീയര്‍ക്ക് പൊതുവിലുണ്ട്. അതുകൊണ്ടുതന്നെ അരുവിക്കരയുടെ പേരില്‍ ബിജെപി പുലര്‍ത്തുന്ന ആത്മവിശ്വാസം പൊതുവായി സംസ്ഥാനത്ത് പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല.
അരുവിക്കരയില്‍ ബിജെപി നേടിയത് 23.99 ശതമാനം വോട്ട്. സ്ഥാനാര്‍ഥിയുടെ വ്യക്തിമഹിമ, ജില്ലയില്‍ പരമ്പരാഗതമായി ചില മേഖലകളില്‍ ബിജെപി നേടുന്ന വോട്ടുമുന്നേറ്റം തുടങ്ങിയ ഘടകങ്ങളെല്ലാം ഇത്ര വോട്ട് ലഭിച്ചതിനുപിന്നിലുണ്ട്. അത് മാറ്റിനിര്‍ത്തിയാല്‍പ്പോലും 23 ശതമാനം വോട്ടുകൊണ്ട് സംസ്ഥാനത്തെ ഒരു നിയമസഭാമണ്ഡലത്തിലും ബിജെപിക്ക് ജയിക്കാനാകില്ല. സംസ്ഥാന നിയമസഭയിലേക്ക് കടന്നുവരാന്‍ ഒരു സാഹചര്യവുമില്ലാത്ത കക്ഷിയാണ് ഇപ്പോഴും ബിജെപി എന്നര്‍ഥം. എന്നിട്ടാണ് വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എന്തോ മഹാത്ഭുതം കാട്ടാന്‍പോകുന്നു എന്ന പ്രതീതി അവര്‍ പരത്തുന്നത്. മുന്നണി രാഷ്ട്രീയത്തിന് എന്തെല്ലാം കുറവുകളുണ്ടെങ്കിലും, യുഡിഎഫ് എത്രമാത്രം അഴിമതിയിലാറാടി ദുര്‍ഗുണങ്ങളാല്‍ കെട്ടുനാറുകയാണെങ്കിലും യുഡിഎഫിനേക്കാള്‍ ഒട്ടും മെച്ചപ്പെട്ട രാഷ്ട്രീയശക്തിയല്ല ബിജെപി. അത് തികഞ്ഞ ഹിന്ദുവര്‍ഗീയതയുടെ രാഷ്ട്രീയരൂപമാണ്. കേന്ദ്രത്തില്‍ അധികാരത്തില്‍വന്നു എന്നതുകൊണ്ട് ഇതിന് രാഷ്ട്രീയമാന്യത നല്‍കാന്‍ പാടില്ല.
പിന്നോക്കവിഭാഗക്കാരെയും ദളിതരെയും കബളിപ്പിച്ചും പ്രലോഭിപ്പിച്ചും അവരുടെ സമുദായസംഘടനാ നേതാക്കളെ അടക്കം വിലയ്ക്കെടുത്തും ബിജെപി നടത്തുന്ന പിന്നോക്കപ്രീണന രാഷ്ട്രീയം തികഞ്ഞ കാപട്യമാണ്. ചെന്നായ മാന്‍തോലണിയുന്ന കപടരാഷ്ട്രീയമാണിത്. സവര്‍ണഹിന്ദു ആശയസംഹിതയാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനം ഹിന്ദുവര്‍ഗീയതയെ ഉപയോഗിച്ച് വോട്ടുപിടിക്കുന്നു. അതിനുവേണ്ടി കേന്ദ്ര അധികാരവും പണവും വിതറി പിന്നോക്ക- ദളിത് സംഘടനാനേതാക്കളെ പാട്ടിലാക്കുന്നു. ഇതൊക്കെ ഉണ്ടായിട്ടും ദളിത്- പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് സിംഹഭാഗവും എല്‍ഡിഎഫിനാണ്. അരുവിക്കരയിലെ വോട്ട് സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് വ്യക്തമാകും. പക്ഷേ, പ്രചാരണമാകട്ടെ ആ വിഭാഗങ്ങള്‍ ബിജെപിയെ പ്രതിനിധാനം ചെയ്യുന്നുവെന്ന്. ജാതിയും മതവും പറഞ്ഞല്ല എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ജാതിയിലും മതത്തിലുംപെട്ടവരും ഒരു മതത്തിലും വിശ്വാസമില്ലാത്തവരുമായ വോട്ടര്‍മാരുടെ സമ്മതിദാനം വലിയതോതില്‍ ലഭിക്കുന്ന പ്രസ്ഥാനമാണ് എല്‍ഡിഎഫ്.
പിന്നോക്ക- ദളിത് വിഭാഗങ്ങളുടെ പേരില്‍ നിലകൊള്ളുന്ന വിവിധ സമുദായസംഘടനാ നേതാക്കളില്‍ പലരെയും പലവിധത്തില്‍ സ്വാധീനിക്കുന്നതില്‍ ബിജെപി നേതൃത്വം വിജയിക്കുന്നുണ്ടെങ്കിലും അതിനുസൃതമായി അവരുടെ അനുയായികളെപ്പോലും തങ്ങള്‍ക്കനുകൂലമായി അണിനിരത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും തെറ്റിദ്ധാരണ സൃഷ്ടിച്ച് പിന്നോക്ക- ദളിത് വിഭാഗങ്ങളില്‍നിന്ന് ഒരുപങ്ക് വോട്ടുനേടാന്‍ അരുവിക്കരയില്‍ ബിജെപിക്ക് കഴിഞ്ഞു. ബിജെപിയും ആര്‍എസ്എസും എന്താണെന്ന് ഈ വിഭാഗങ്ങളെ ഓര്‍മപ്പെടുത്താനും പഠിപ്പിക്കാനും അവരുടെയിടയില്‍ ക്ഷമയോടെ പ്രവര്‍ത്തിച്ച് അവരെ ബോധ്യപ്പെടുത്തണം. ആ കടമയാണ് എല്‍ഡിഎഫിനുമുന്നിലുള്ളത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ആര്‍എസ്എസ് വിഭാവനം ചെയ്യുന്നത്. ഇവര്‍ വിഭാവനംചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്റെ മേല്‍ത്തട്ടില്‍ എല്ലാ ഹിന്ദുക്കളും വരില്ല. അത് സവര്‍ണമേധാവിത്വത്തെ അരക്കിട്ടുറപ്പിക്കുന്ന തത്വശാസ്ത്രമാണ്; മനുവിന്റെ നിയമങ്ങളോടുള്ള വിധേയത്വം പ്രഖ്യാപിക്കുന്ന പ്രസ്ഥാനമാണ്. "മനുസ്മൃതി'യിലെ നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കരുത് എന്നാണ് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ രണ്ടാമത്തെ സര്‍സംഘ് ചാലക് ആയ എം എസ് ഗോള്‍വാള്‍ക്കര്‍ ചൂണ്ടിക്കാണിച്ചത്. അയിത്തത്തോടുള്ള സമീപനമെന്തെന്ന് ഗോള്‍വാള്‍ക്കറോട് ആരാഞ്ഞപ്പോള്‍ അക്കാര്യത്തിലൊരു സമീപനവുമില്ലെന്നായിരുന്നു പ്രതികരണം. വര്‍ണവ്യവസ്ഥയുടെ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുമോ എന്നു ചോദിച്ചപ്പോഴും, ഐക്യമുള്ള ഏകജാതീയമായ ഒരു ഹിന്ദുജനതയെ സൃഷ്ടിക്കാന്‍ ഞാന്‍ ഗുണകരമായി പ്രവര്‍ത്തിക്കുമെന്ന കൗശലമുള്ള മറുപടിയാണ് ലഭിച്ചത്. ശിരസ്സ് ബ്രാഹ്മണനും കരങ്ങള്‍ ക്ഷത്രിയനും തുടകള്‍ വൈശ്യനും പാദങ്ങള്‍ ശൂദ്രനുമായ ഹിന്ദുജനതയാണ് അദ്ദേഹത്തിന്റെ ഗുണകരമായ ഹിന്ദുസമൂഹം. ഈ നാലുമടങ്ങിയ സംവിധാനത്തെ വാഴ്ത്തുകയാണ് ആര്‍എസ്എസിന്റെ ഗുരുക്കള്‍. ഈ ഗുരുനിലപാടുകളെ ഇതേവരെ ആര്‍എസ്എസ് തള്ളിപ്പറഞ്ഞിട്ടില്ല. വര്‍ണവ്യവസ്ഥയെ ഗോള്‍വാള്‍ക്കര്‍ മാത്രമല്ല, സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് ആചാര്യന്മാര്‍ അഭിമാനപൂര്‍വമാണ് അവതരിപ്പിച്ചത്.
സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പികള്‍- അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍, പട്ടികജാതി- വര്‍ഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള വകുപ്പുകളുണ്ടാക്കിയപ്പോള്‍ ആര്‍എസ്എസ് എന്ത് നിലപാടെടുത്തുവെന്ന് നോക്കുക. ഹിന്ദുസാമൂഹ്യക്രമത്തിന്റെ വേരുകള്‍ കുഴിമാന്തിയെടുത്ത്, മുന്‍കാലങ്ങളിലുണ്ടായിരുന്ന വ്യത്യസ്ത വിഭാഗങ്ങളുടെ അന്യതാബോധവും അവര്‍ക്കിടയിലുണ്ടായിരുന്ന സ്വരഐക്യവും നശിപ്പിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ നിലപാട്. പട്ടികജാതി- വര്‍ഗക്കാരുടെ സംവരണത്തെപ്പോലും പിന്തുണയ്ക്കാത്തവരാണ് ആര്‍എസ്എസ്. അപ്പോള്‍പിന്നെ പിന്നോക്കവിഭാഗക്കാരുടെ സംവരണത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഈ നിലപാടിന്റെ തുടര്‍ച്ചയായാണ്, വി പി സിങ് സര്‍ക്കാരിന്റെകാലത്ത് സംവരണത്തിനെതിരെ പ്രക്ഷോഭം കെട്ടഴിച്ചുവിടാന്‍ സംഘപരിവാര്‍ തെരുവിലിറങ്ങിയത്. സംവരണവിരുദ്ധ പ്രക്ഷോഭം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമീപകാലത്തും നടത്തിയ പാര്‍ടിയാണ് ബിജെപി. ഈ ചരിത്രവും വസ്തുതയും മറച്ചുവച്ചാണ് പിന്നോക്കക്കാരുടെയും ദളിതരുടെയും മിത്രമായി കേരളത്തില്‍ ബിജെപി പ്രത്യക്ഷപ്പെടുന്നത്. ഇതാണ് ആര്‍എസ്എസും ബിജെപിയുമെന്ന് ജനങ്ങളെ കൂടുതലായി പഠിപ്പിക്കാന്‍ ഇടതുപക്ഷവും ജനാധിപത്യപ്രസ്ഥാനവും മുന്നോട്ടുവരേണ്ടതുണ്ട്.
ഇന്ത്യയെ 200 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രിയായിരിക്കെ ജവാഹര്‍ലാല്‍ നെഹ്റു അഭിപ്രായപ്പെട്ടപ്പോള്‍, യഥാര്‍ഥ ഇന്ത്യയെ കൂടുതല്‍ പിറകിലേക്ക്, ഒരായിരം വര്‍ഷങ്ങള്‍ക്കുപിന്നിലേക്ക് കൊണ്ടുപോകുകയാണ് ആവശ്യം എന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോഡി ഒബിസിയില്‍ ജനിച്ച ആളായതുകൊണ്ട് ആര്‍എസ്എസ്- ബിജെപി തത്വശാസ്ത്രം പിന്നോക്കാധിഷ്ഠിതമാകുന്നില്ല. പിന്നോക്കക്കാരനായ കല്യാണ്‍സിങ് യുപി മുഖ്യമന്ത്രിയായിരിക്കെയാണല്ലോ അയോധ്യയില്‍ ബാബറിമസ്ജിദ് തകര്‍ത്തത്. ഒബിസിക്കാരന്‍ അധികാരശ്രേണിയിലെത്തിയാലും ആര്‍എസ്എസ് അജന്‍ഡ മാറുകയോ അത് നടപ്പാക്കുന്നതിലുള്ള തീവ്രത കുറയുകയോ ചെയ്യില്ല എന്നാണ് ഈ സംഭവം വ്യക്തമാക്കിയത്.
ശ്രീനാരായണഗുരുവും അയ്യന്‍കാളിയും ചട്ടമ്പിസ്വാമിയും നയിച്ച സാമൂഹ്യനവോത്ഥാനത്തെയും അതിന്റെ പിന്തുടര്‍ച്ചാപ്രവര്‍ത്തനത്തെയും അനുകൂലിക്കാത്ത ശക്തിയാണ് ആര്‍എസ്എസ്. അയിത്ത നിര്‍മാര്‍ജനം, ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയ്ക്കായി കേരളത്തില്‍ നടന്ന നവോത്ഥാനപോരാട്ടങ്ങളുടെ സദ്പാരമ്പര്യമല്ല; മറിച്ച്, അവയ്ക്കെതിരെ നിലകൊണ്ട മതാന്ധ- യാഥാസ്ഥിതിക ശക്തികളുടെ പിന്തുടര്‍ച്ചയാണ് ആര്‍എസ്എസ്- ബിജെപി പേറുന്നത്. എന്നിട്ടാണ് ക്ഷേത്രപ്രവേശനം- അയിത്തനിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെപ്പറ്റി നിഷേധാത്മകമായി ബിജെപി നേതാക്കള്‍ എഴുതുകയും പറയുകയും ചെയ്യുന്നത്. പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് തുടങ്ങിയ നേതാക്കള്‍ കമ്യൂണിസ്റ്റാകുംമുമ്പേ നവോത്ഥാന രാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചു. ഗുരുവായൂര്‍ അമ്പലത്തില്‍ എല്ലാവര്‍ക്കും ആരാധനാസ്വാതന്ത്ര്യം കിട്ടാനും വൈക്കം ക്ഷേത്രറോഡില്‍ എല്ലാവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം കിട്ടാനുമുള്ള പ്രക്ഷോഭങ്ങളില്‍ പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് നേതാക്കളായവര്‍ അണിനിരന്നു.
ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനായകര്‍ ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നതെന്ന ചരിത്രയാഥാര്‍ഥ്യം ബിജെപിക്കാരുടെ പരിഹാസംകൊണ്ട് മറഞ്ഞുപോകില്ല. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നവോത്ഥാനപ്രസ്ഥാനങ്ങളും സാമൂഹ്യപരിഷ്കര്‍ത്താക്കളും ഉണ്ടായെങ്കിലും ആ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും ഇപ്പോഴും അയിത്തവും അനാചാരവും ക്ഷേത്രപ്രവേശന വിവേചനവും നിലനില്‍ക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ പലയിടത്തും ബിജെപി ശക്തമാണ്. അവിടങ്ങളിലുള്ള ദുഃസ്ഥിതി കേരളത്തിലുണ്ടാകാതിരുന്നത് നവോത്ഥാനപ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ഏറ്റെടുത്ത് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും പുരോഗമനവാദികളും മുന്നോട്ടുപോകുന്നതുകൊണ്ടാണ്.
മോഡി ഭരിച്ച ഗുജറാത്തിലെയും കേരളത്തിലെയും ദളിത് - പിന്നോക്കക്കാര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ അവസ്ഥ താരതമ്യംചെയ്താല്‍ കേരളം ഏറെ പുരോഗതിയിലാണെന്നുകാണാം. പോഷകാഹാരക്കുറവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. 2011ലെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ പറയുന്നത് അവിടത്തെ പകുതിയോളം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണ് എന്നാണ്. 2012ലെ യൂണിസെഫ് റിപ്പോര്‍ട്ടനുസരിച്ച് അഞ്ചുവയസ്സിനുതാഴെയുള്ള ഓരോ രണ്ടുകുട്ടികളിലും ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. നാലില്‍ മൂന്ന് കുട്ടികള്‍ വിളര്‍ച്ചബാധിച്ചവരാണെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. ശിശുമരണനിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 44 പേര്‍ മരിക്കുന്നു. മൂന്ന് അമ്മമാരില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. സാക്ഷരതയുടെ കാര്യത്തിലാകട്ടെ, ഏഴാം സ്ഥാനത്താണ്. വ്യവസായങ്ങളേറെയുണ്ടെങ്കിലും ജോലിയെടുക്കുന്നവര്‍ക്ക് അന്തസ്സോടെ ജീവിതം നയിക്കാനുള്ള കൂലി ലഭിക്കുന്നില്ല. 67 ശതമാനം വീട്ടിലും കക്കൂസില്ല. ജനങ്ങളുടെ ജീവിതസുരക്ഷയേക്കാള്‍ വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന മോഡിനയമാണ് ബിജെപി മോഡല്‍. ഇതിന്റെ പേരില്‍ കേരളത്തിലെ പിന്നോക്കക്കാരെയും ദളിതരെയും ആവേശംകൊള്ളിക്കാമെന്നാണ് ബിജെപി കരുതുന്നതെങ്കില്‍ ഹാ! കഷ്ടം എന്നേ പറയാനുള്ളൂ
No comments:
Post a Comment