പാമോലിന്‍ അഴിമതി: ജിജി തോംസന്റെ വാദം തെറ്റെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം > പാമോയിന്‍ ഇറക്കുമതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വാദം തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാമോയിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിന് വിയോജനകുറിപ്പ് നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കരുണാകരന്‍ സര്‍ക്കാര്‍ പാമോലില്‍ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ് ജിജി തോംസണ്‍ രംഗത്ത് വന്നിരുന്നു. താന്‍ അന്നു തന്നെ വിയോജനക്കുറിപ്പ് എഴുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ രേഖകള്‍ ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി ഇന്ന് നിയമസഭയിൽ  പറഞ്ഞത്.
1991ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരിക്കെയാണ് മലേഷ്യയില്‍നിന്ന് 14000 ടണ്‍ പാമൊലിന്‍ ഉയര്‍ന്ന സര്‍വീസ് നിരക്കില്‍ ഇറക്കുമതിചെയ്ത് 2.32 കോടി രൂപയുടെ നഷ്ടം വരുത്തിയത്. കെ കരുണാകരന്‍ ഒന്നാം പ്രതിയും അന്നത്തെ ഭക്ഷ്യ മന്ത്രി ടി എച്ച് മുസ്തഫ രണ്ടാം പ്രതിയുമായിരുന്നു. അന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ജിജി തോംസണ്‍, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ പി ജെ തോമസ് എന്നിവരടക്കം ഏഴുപേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്.