പുസ്തകം കൊടുക്കാത്ത മന്ത്രിക്ക്  പുസ്തകം കീറുന്ന  അനുയായികള്‍: പിണറായി
തിരുവനന്തപുരം > പാഠപുസ്തകം കൊടുക്കാത്ത വിദ്യാഭ്യാസമന്ത്രിക്ക് പുസ്തകം കീറുന്ന അനുയായികളാണുള്ളതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം
.പാഠപുസ്തക അച്ചടിയും വിതരണവും അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ കുഞ്ഞുങ്ങളോട് ചെയ്തത് അക്ഷന്തവ്യമായ അപരാധമാണ്. പാഠപുസ്തകം കിട്ടാത്തതുമൂലം കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസം ഇല്ലാതാക്കാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നാണ് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണംചെയ്യുന്നത്.
തൃപ്രങ്ങോട് കൈനിക്കര എഎംഎല്‍പി സ്കൂളില്‍ അങ്ങനെ വിതരണംചെയ്ത പുസ്തകം കുട്ടികളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും പിടിച്ചുവാങ്ങി നശിപ്പിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവം സമൂഹമനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണ്്. നാലാംക്ലാസിലെ 44 വിദ്യാര്‍ഥികള്‍ക്കുള്ള മലയാളം, ഇംഗ്ലീഷ് പാഠപുസ്തകങ്ങളുമായി എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് എംഎസ്എഫ്- യൂത്ത് ലീഗ് സംഘം തടഞ്ഞത്.
സ്കൂള്‍ അധികൃതരുടെയും പിടിഎയുടെയും അനുവാദം വാങ്ങി വിതരണംചെയ്ത പുസ്തകം കീറിയെറിഞ്ഞത് വിദ്യാഭ്യാസമന്ത്രിയുടെ അനുയായികള്‍തന്നെയാണെന്നത് നിസ്സാരമല്ല. ഈ നെറികെട്ട അക്രമത്തിനും സംസ്കാരശൂന്യതയ്ക്കുമെതിരെ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും പ്രതിഷേധമുയരണമെന്ന് പിണറായി പറഞ്ഞു.