കലിക്കറ്റ് വിസിയെ പ്രോസിക്യൂട്ട്ചെയ്യും
തേഞ്ഞിപ്പലം > ചട്ടങ്ങള്‍ മറികടന്ന് എന്‍ജിനിയറിങ് പ്രാക്ടിക്കല്‍ പുനഃപരീക്ഷ നടത്തിയ കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറെയും പ്രോ വൈസ് ചാന്‍സലറെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ അനുമതിനല്‍കി. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിസി ഡോ. എം അബ്ദുള്‍ സലാമിനും പിവിസി കെ രവീന്ദ്രനാഥിനും എതിരെ നിയമനടപടിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അനുമതിനല്‍കിയത്. ഇതുസംബന്ധിച്ച ചാന്‍സലറുടെ കത്ത് സര്‍കലാശാലാ രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുള്‍ മജീദിന് ലഭിച്ചു.
രവീന്ദ്രനാഥിന്റെ പേഴ്സണല്‍ സ്റ്റാഫംഗം എന്‍ എസ് രാമകൃഷ്ണന്റെ മകള്‍ സംഗീതയുള്‍പ്പെടെയുള്ളവര്‍ക്കാണ് നിയമവിരുദ്ധമായി ബിടെക് പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയത്. വിദ്യാര്‍ഥികളുടെ പേരില്‍ വ്യാജ ഒപ്പിട്ടായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷ വീണ്ടും നടത്തണമെന്ന അപേക്ഷ നല്‍കിയത്. നേരത്തെ ഈ ആവശ്യം സര്‍വകലാശാല തള്ളിയിരുന്നു. രാമകൃഷ്ണന്‍ പിവിസിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായതോടെ നിയമവിരുദ്ധമായി പരീക്ഷ നടത്താനുള്ള നീക്കം സജീവമായി.വകുപ്പുമേധാവികളുടെയും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്റെയും ശുപാര്‍ശ മറികടന്നായിരുന്നു വൈസ് ചാന്‍സലറുടെയും പ്രോ വൈസ് ചാന്‍സലറുടെയും ഒത്താശയോടെ പരീക്ഷ.
ഇതിനെതിരെ സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന വി സ്റ്റാലിന്‍ അഡ്വ. എം സി ആഷി മുഖേന തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. അഴിമതി നിരോധന നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ടും നല്‍കി. ഇതില്‍ വിസിയെയും പിവിസിയെയും പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. ചാന്‍സലറുടെ അനുമതിയില്ലാതെയുള്ള അന്വേഷണത്തിനെതിരെ വിസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി.
വിജിലന്‍സിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വിസി ഒന്നാം പ്രതിയും പിവിസി രണ്ടാം പ്രതിയുമാണ്. മൂന്നാം പ്രതി എന്‍ എസ് രാമകൃഷ്ണനും നാലാം പ്രതി മകള്‍ എന്‍ എസ് സംഗീതയുമാണ്. ഒന്ന് മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ ഔദ്യോഗിക പദവിദുരുപയോഗപ്പെടുത്തി നാലാം പ്രതിയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്.വിരമിക്കാന്‍ 27 ദിവസം ബാക്കിനില്‍ക്കെ എത്തിയ നിയമനടപടി ഡോ. അബ്ദുള്‍സലാമിന് കനത്ത തിരിച്ചടിയാകും. ആഗസ്ത് 11-നാണ് വിസിയുടെ കാലാവധി തീരുക. വിസിയുടെ ഇരട്ട വേതന കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് വിജിലന്‍സ് കേസ്. മുസ്ലിംലീഗിന്റെ നോമിനിയായാണ് ഡോ. എം അബ്ദുള്‍സലാം കലിക്കറ്റ് വിസിയാകുന്നത്.
No comments:
Post a Comment