തലശേരിയില്‍ ആര്‍എസ്എസ്  പ്രാദേശിക നേതാക്കളുള്‍പ്പെട്ട  വന്‍കവര്‍ച്ചാസംഘം അറസ്റ്റില്‍
തലശേരി > ആര്‍എസ്എസ് പ്രാദേശിക നേതാക്കളുള്‍പ്പെട്ട വന്‍കവര്‍ച്ചാസംഘം തലശേരിയില്‍ അറസ്റ്റില്‍. കുപ്രസിദ്ധമോഷ്ടാവ് കൊല്ലം കരുനാഗപള്ളി ചെറിയഅഴീക്കല്‍ താഴച്ചേരി ഹൗസില്‍ പ്രകാശ്ബാബു എന്ന മുഹമ്മദിനിയാസ്(37), ആര്‍എസ്എസ് പ്രവര്‍ത്തകരായ മട്ടന്നൂര്‍ തില്ലങ്കേരി പന്നിയോടന്‍ഹൗസില്‍ പി എം വിനീഷ്(28), മാഹിചെമ്പ്ര സ്വദേശികളായ കുന്നുമ്മല്‍ഹൗസില്‍ അനീഷ്കുമാര്‍(22), അയനിയാട്ട് വീട്ടില്‍ ഇളവരശന്‍ എന്ന കാരി സതീഷ്(28), പാനൂര്‍ വള്ളങ്ങാട്ടെ എരഞ്ഞിക്കന്റവിട നവനീത് എന്ന കുക്കു(23), അനുജന്‍ നിവേദ് എന്ന അപ്പു(22) എന്നിവരെയാണ് സിഐ വിശ്വംഭരന്‍നായരും സംഘവും അറസ്റ്റ്ചെയ്തത്.
അക്രമകേസുകളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍കിടന്ന ആര്‍എസ്എസുകാര്‍ അവിടെവെച്ച് പരിചയപ്പെട്ട പ്രകാശ്ബാബുവുമായി ചേര്‍ന്ന് ഒരു വര്‍ഷത്തോളമായി മോഷണം നടത്തുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മാഹിയിലുമായി നൂറ്റമ്പത്പവനിലേറെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവര്‍ന്നിട്ടുണ്ട്. മോഷണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളും ഓട്ടോറിക്ഷയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂട്ടിയിട്ട വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണംതുടരുകയാണെന്നും പൊലീസ് പറഞ്ഞു.