ബാര്‍കോഴ  കേസ് അട്ടിമറിക്കാന്‍ : കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നു-വിഎസ്
തിരുവനന്തപുരം > അറ്റോര്‍ണി ജനറല്‍ മുകില്‍ റോഹ്ത്തഗി ബാര്‍ ഉടമയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതോടെ, കെഎംമാണി പ്രതിയായ ബാര്‍ക്കോഴ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, ബിജെപിയും ചേര്‍ന്ന് നടത്തിയ കള്ളക്കളി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
ബാര്‍ ഉടമയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന് അനുവാദം വാങ്ങിക്കൊടുത്തത് കേരളത്തിലെ ബിജെപി നേതൃത്വമാണ്. ഇതിലൂടെ അഴിമതിക്കാരനായ മാണിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസും, ബിജെപിയും ബദ്ധകങ്കണരായി പ്രവര്‍ത്തിക്കുന്ന കാര്യം വെളിപ്പെട്ടിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.
കണ്ണൂരിലെ സില്‍വര്‍പേള്‍ ബാറിന്റെ വക്കാലത്ത് ഏറ്റെടുത്താണ് അറ്റോര്‍ണി ജനറല്‍ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായി കേസ് മാറ്റി വെപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അഭിഭാഷകനായ അറ്റോര്‍ണി ജനറല്‍ റോഹ്ത്തകി സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ബാര്‍ ഉടമയ്ക്ക് വേണ്ടി ഹാജരായത്. ഇങ്ങനെ ഒരാളെ നിയമോപദേശത്തിനുവേണ്ടി തെരഞ്ഞുപിടിക്കാന്‍ വിജിലന്‍സ് മേധാവി വിന്‍സണ്‍ എം പോള്‍ കാണിച്ച സാമര്‍ത്ഥ്യം അപാരം തന്നെ. ഇദ്ദേഹത്തില്‍ നിന്ന് നിയമോപദേശം തേടുന്നത് തെറ്റാണെന്ന് താന്‍ നേരത്തെതന്നെ പറഞ്ഞിരുന്നതാണ്.
മുന്‍ അറ്റോര്‍ണി ജനറല്‍ നാഗേശ്വരറാവിന്റെ പക്കല്‍ നിന്ന് നിയമോപദേശം ആരാഞ്ഞതും ശരിയല്ലെന്ന് താന്‍ സൂചിപ്പിച്ചിരുന്നതാണ്. ഇന്നിപ്പോള്‍ നാഗേശ്വരറാവുവും ബാര്‍ ഉടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരിക്കുകയാണ്. അതായത് മാണിയെ ഏതുവിധേനയും രക്ഷപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ തന്നെ ഉപദേശമാണ് വിന്‍സണ്‍ എംപോള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആധാരമായി എടുത്തിട്ടുളളതെന്നും വിഎസ് പറഞ്ഞു.