തിരുവനന്തപുരം > യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് ജനങ്ങളെ തല്ലിക്കൊല്ലുന്നു. ലോക്കപ്പില്‍ കെട്ടിത്തൂക്കുക, മൂന്നാംമുറയിലൂടെ മൃതപ്രായരാക്കി ആശുപത്രിയിലാക്കുക, വാഹനത്തില്‍പിന്തുടര്‍ന്ന് മരണത്തിലേക്ക് തള്ളിവിടുക, മൂത്രം കുടിപ്പിക്കുക...പൊലീസിന്റെ അപരിഷ്കൃതമായ ക്രൂരതയുടെ പട്ടിക നീളുകയാണ്. ഇതിന്റെ അവസാനത്തെ ഇരയാണ് ശനിയാഴ്ച ലോക്കപ്പ് മര്‍ദനംമൂലം മരിച്ച കോട്ടയം സ്വദേശി സിബി. പാഠപുസ്തകത്തിനുവേണ്ടി സമരംചെയ്യുന്ന വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊളിക്കുന്ന പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോക്കപ്പുമരണത്തെയും ന്യായീകരിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം ലോക്കപ്പുമര്‍ദനത്തെ തുടര്‍ന്ന് മരിക്കുന്ന നാലാമത്തെയാളാണ് സിബി. പൊന്നാനിയില്‍ രണ്ടുപേരാണ് മരിച്ചത്. ഈഴുവത്തിരുത്തി ഗവ. ഐടിഐക്കു സമീപം കുംഭാരകോളനിയിലെ പരേതനായ നാരായണന്റെ മകന്‍ ഇളയാട്ടുപറമ്പില്‍ ഗോപാലനാണ് ഒരാള്‍. ഇതിന് തൊട്ടുപിന്നാലെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത എടപ്പാള്‍ മാണൂര്‍ ചേകന്നൂര്‍ ഹനീഷയെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ മര്‍ദനമേറ്റ രാജാജി നഗര്‍ സ്വദേശി സുജിത് എന്ന ജിത്തു ആത്മഹത്യചെയ്തത് അടുത്തിടെയാണ്. ജനമൈത്രി പൊലീസിന്റെ മാനസികപീഡനത്തില്‍ മനംനൊന്താണ് തൊളിക്കോട് ചെറ്റച്ചല്‍ ഇടമുക്ക് മുപ്രയില്‍ തടത്തരികത്തു വീട്ടില്‍ സുലൈമാന്റെ മകന്‍ അന്‍സാരി ജീവനൊടുക്കിയത്. വീടുവളഞ്ഞ് പൊലീസ് പിടിച്ചുകൊണ്ടുപോയ മനോവിഷമത്തില്‍ ഗൃഹനാഥന്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്തതും തലസ്ഥാനത്താണ്.
കഴക്കൂട്ടം ആറ്റുംകുഴി ദേവി ഗാര്‍ഡന്‍സ് ആര്‍ബി ഹൗസില്‍ രാധാകൃഷ്ണന്‍ (53),ഭഭാര്യ ബീനാകുമാരി (44), മകള്‍ നീതു (16) എന്നിവരാണ് പൊലീസ് ക്രൂരതയുടെ ഇരയായി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.പൊലീസ് മര്‍ദനത്തില്‍ മരണതുല്യമായി കിടപ്പിലായവര്‍ നിരവധി. കഠിനംകുളം പുതുവല്ലിലെ അജീഷിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് കാന്താരിമുളക് അരച്ച് ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും തേച്ചു. വനിതാ സെല്ലില്‍ പരാതി നല്‍കിയ ദളിത് യുവതി കുന്നിക്കോട് തേക്കിന്‍മുകള്‍ ശ്രീകൃഷ്ണവിലാസത്തില്‍ സുരേഷിന്റെ ഭാര്യ സുമയെ കൊട്ടാരക്കര വനിതാ സെല്ലിലെ പൊലീസുകാരി മുടി മുറിച്ചതും വിവാദമായിരുന്നു. വടകര മൂരാട് ദേശീയപാതാ സ്ഥലമേറ്റെടുക്കലിനെതിരെ പ്രതിഷേധിച്ച വിമുക്തഭടന്‍ കൊയിലാണ്ടി പന്തലായനി പ്രതീക്ഷയില്‍ നാരായണന്‍നായരുടെ ജനനേന്ദ്രിയം പൊലീസ് അടിച്ചുതകര്‍ത്തു. കൊച്ചിയില്‍ വീട്ടുജോലിക്കാരിയായ ചേരാനല്ലൂര്‍ കപ്പേളയ്ക്കു സമീപം തുണ്ടിപ്പറമ്പില്‍ രതീഷിന്റെ ഭാര്യ ലീബ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ അനുഭവിക്കേണ്ടിവന്നത് കൊടുംക്രിമിനലുകളോടു പോലും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയാണ്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.
ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച പൊലീസുകാരന്റെ ഫോട്ടോ എടുത്തതിന് കസ്റ്റഡിയിലെടുത്ത പൊന്നാനി പെരുമുക്ക് സ്വദേശി കിഴക്കേവളപ്പില്‍ ഷഹനാസ് എന്ന ഷാനവാസ് ചങ്ങരംകുളം പൊലീസ് ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിനിരയായത് അടുത്തിടെയാണ്. പൊലീസുകാരിയുടെ ഭര്‍ത്താവില്‍നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കിയ പതിനേഴുകാരന്‍ ആലപ്പുഴ കുതിരപ്പന്തി പുഴിക്കടവില്‍ ബാലചന്ദ്രന്റെ മകന്‍ അരുണ്‍കുമാറിനെ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ തല്ലിച്ചതച്ചതും സമാനതകളില്ലാത്ത രീതിയിലാണ്. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ ലക്ഷംവീട് അയണിയറത്തല വീട്ടില്‍ ബൈജുവിന്റെ മകന്‍ വൈശാഖിനെ ലോക്കപ്പിലിട്ട് മര്‍ദിച്ചു. കോഴഞ്ചേരിയില്‍, നിയമസഭയില്‍ ജമീല പ്രകാശം എംഎല്‍എയെ അപമാനിച്ച ശിവദാസന്‍നായര്‍ക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ടൈറ്റസിനെ ആറന്മുള പൊലീസ് മൂന്നാംമുറയ്ക്ക് ഇരയാക്കി.
തല്ലിക്കെടുത്തിയത് നിര്‍ധനകുടുംബത്തിന്റെ വിളക്ക്
മരങ്ങാട്ടുപിള്ളി> കാക്കിക്കുള്ളിലെ കാപാലികത ലോക്കപ്പില്‍ ഫണംവിടര്‍ത്തി ആടിയപ്പോള്‍ അണഞ്ഞത് നിര്‍ധനകുടുംബത്തിന്റെ ആശ്രയവിളക്ക്. നീതി നടപ്പാക്കേണ്ട നിയമപാലകരില്‍ നിന്ന് നിയമലംഘനങ്ങളുടെ പരമ്പരയാണ് ജനമൈത്രി പൊലീസ് സ്റ്റേഷനെന്ന് ബോര്‍ഡുവെച്ച മരങ്ങാട്ടുപിള്ളി സ്റ്റേഷനില്‍ സിബി ഒരുരാത്രി മുഴുവന്‍ ഏറ്റുവാങ്ങിയത്.ജൂണ്‍ 29ന് രാത്രി ഏഴുമണിയോടെയായിരുന്നു തുടക്കം. ജീപ്പില്‍ പട്രോളിങ്ങിന് ഇറങ്ങിയ എസ്ഐ ജോര്‍ജ്കുട്ടിയുടെ കണ്ണില്‍ മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിസരത്ത് സിബി പെട്ടു. നാലുപൊലീസുകാരോടൊപ്പമായിരുന്നു എസ്ഐ വന്നത്. ഇരയെ കണ്ട വന്യമൃഗത്തേപ്പോലെയായിരുന്നു പിന്നീട് പൊലീസിന്റെ പെരുമാറ്റമെന്നായിരുന്നു പൊലീസ് കംപ്ലയിന്റ് അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണക്കുറുപ്പിന് ദൃക്സാക്ഷികള്‍ നല്‍കിയ മൊഴി.
മരങ്ങാട്ടുപിള്ളിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇലയ്ക്കാട് കാരിക്കുട്ടത്തില്‍ സോമന്റെ വാക്കുകളിങ്ങനെ: പൊലീസ് വിവസ്ത്രനാക്കി അടിവയറ്റില്‍ തൊഴിച്ചപ്പോള്‍ നിലത്തുവീണുപിടഞ്ഞ സിബിക്കുമേല്‍ എല്ലാപൊലീസുകാരും താണ്ഡവമാടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീകള്‍ മര്‍ദ്ദനംകണ്ട്ഭഭയന്ന് നിലവിളിച്ച് ഓടിയൊളിച്ചു. ആ സംഭവം സോമന്റെ കണ്‍മുന്നില്‍ ഇപ്പോഴുമുണ്ട്. അവശനായ സിബിയെ ജീപ്പിലേക്ക് എടുത്ത് എറിയുകയായിരുന്നു. പൊലീസ്ബൂട്ടിന് നാഭിക്ക് തൊഴിയേറ്റ സിബി ജീപ്പില്‍തന്നെ മലമൂത്രവിസര്‍ജ്ജനം ചെയ്തുപോയി. ജീവച്ഛവമായ യുവാവിനെ സ്റ്റേഷനുപിന്നിലെ മുറ്റത്ത് തോരാതെപെയ്ത മഴയത്തേക്ക് വലിച്ചെറിഞ്ഞശേഷമാണ് കാക്കിക്കുള്ളിലെ കലിയടങ്ങിയത്. ജീപ്പിലെ വിസര്‍ജ്യം കഴുകിവൃത്തിയാക്കി തിരിച്ചെത്തിയ പൊലീസ് ഡ്രൈവര്‍ മൃതപ്രായനായ സിബിക്കുമേല്‍ മര്‍ദ്ദനം തുടര്‍ന്നു. മകനെ തേടിയെത്തിയ മാതാപിതാക്കള്‍ക്കു നേരെയും അസഭ്യം ചൊരിഞ്ഞു.
""എന്തിനാടോ ഇങ്ങനെ മക്കളെ ജനിപ്പിച്ച് വളര്‍ത്തുന്നത്'' എന്നായിരുന്നു ഒരു പൊലീസുകാരന്റെ ചോദ്യം. മകനെ മഴയത്തുനിന്നു മാറ്റിക്കിടത്താന്‍ ഇവര്‍ കേണപേക്ഷിച്ചപ്പോള്‍ രണ്ടുപൊലീസുകാര്‍ അവശനായിക്കിടന്ന സിബിയെ എണീപ്പിക്കാന്‍ ശ്രമിച്ചു. ""അവശനായി കിടക്കുന്ന ഇവനെ എഴുന്നേല്‍പ്പിക്കാനുള്ള വിദ്യഅറിയമെന്നു'' പറഞ്ഞ് സിബിയുടെ ഇരുകൈകളും ഉയര്‍ത്തി വാരിയെല്ലുകള്‍ക്കിടയിലൂടെ ലാത്തി ഉപയോഗിച്ച് കുത്തിയെണീല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതുവിജയിക്കാതെ വന്നതോടെയാണ് വലിച്ചിഴച്ച് സെല്ലിനുമുമ്പില്‍ കൊണ്ടിട്ടത്. മലമൂത്രവിസര്‍ജ്ജനം ചെയ്തുകിടന്ന സിബിയുടെ ഉടുമുണ്ടുരിഞ്ഞ് തോര്‍ത്തി വൃത്തിയാക്കിയപ്പോള്‍ ഉണര്‍ന്ന സിബി തന്നെ പൊലീസ് മര്‍ദ്ദിച്ചത് മാതാപിതാക്കളോട് പറഞ്ഞിരുന്നു. സെല്ലിന്റെ ഗ്രില്ലില്‍ പിടിച്ചെണീറ്റുനിന്ന സിബി വീണ്ടും അറിയാതെ മലമൂത്രവിര്‍ജനം ചെയ്തതോടെ വൃദ്ധമാതാപിതാക്കളെക്കൊണ്ട് ഇത് കോരിമാറ്റി കഴുകി വൃത്തിയാക്കിച്ചു. സിബിയെ വിട്ടുകിട്ടാതെ മാതാപിതാക്കള്‍ പോയ ശേഷവും പൊലീസ് മര്‍ദ്ദനം തുടര്‍ന്നു  by റഷീദ് ആനപ്പുറം