അട്ടിമറിയുടെ ചുരുള്‍ നിവരുന്നു
തിരുവനന്തപുരം > ബാറുടമകള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരായതോടെ ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ചുരുളഴിയുന്നു. ഹൈക്കോടതി സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയാല്‍ കേസില്‍ തോറ്റുകൊടുക്കാമെന്ന് സര്‍ക്കാര്‍ ബാറുടമകള്‍ക്ക് ഉറപ്പുനല്‍കിയതായി ആരോപണമുണ്ടായിരുന്നു. ഏറ്റവും ഉന്നതരായ അഭിഭാഷകരെ ഹാജരാക്കി അതിന്റെ മറവില്‍ കേസ് തോറ്റുകൊടുക്കാനാണ് സര്‍ക്കാരിന്റെ ഗൂഢനീക്കം. ഇതിനു പ്രത്യുപകാരമായാണ് ബാര്‍ കോഴക്കേസില്‍ മാണിക്ക് അനുകൂലമായി ബാറുടമകള്‍ മൊഴി നല്‍കിയത്.
സുപ്രീംകോടതി വിധി തങ്ങള്‍ക്കെതിരായാല്‍ മാണിയടക്കമുള്ള മന്ത്രിമാര്‍ക്ക് കോഴ നല്‍കിയതിന്റെ എല്ലാ തെളിവുകളും പുറത്തുവിടുമെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വെളിപ്പെടുത്തിയിരുന്നു. മാണി കോഴ ചോദിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും സുപ്രീംകോടതി വിധി എതിരായാല്‍ അവ പുറത്തുവിടുമെന്നും ബാര്‍ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ഡി ധനേഷും വെളിപ്പെടുത്തിയിരുന്നു. അറ്റോര്‍ണി ജനറലില്‍നിന്ന് കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ നിയമോപദേശം തേടിയതും ചോദ്യംചെയ്യപ്പെടുകയാണ്.
അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം ആവശ്യപ്പെട്ട് രണ്ടുതവണയാണ് വിജിലന്‍സ് ഡയറക്ടര്‍ കത്തെഴുതിയത്. എന്നാല്‍, തിരക്കുകാരണം അദ്ദേഹത്തിന് വിജിലന്‍സ് ആവശ്യപ്പെട്ട സമയത്ത് നിയമോപദേശം നല്‍കാനായില്ല. ഇതോടെ അഡീഷണണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന എല്‍ നാഗേശ്വരറാവുവില്‍നിന്ന് നിയമോപദേശം തേടി മാണിയെ രക്ഷിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സമീപിച്ച രണ്ട് മുതിര്‍ന്ന അഭിഭാഷകരും ബാറുടമകളുടെ അഭിഭാഷകരാണെന്നത് യാദൃച്ഛികമല്ല. മദ്യലോബിയും സര്‍ക്കാരും അടങ്ങിയ ഒരുലോബിയാണ് ഇതിനു പിന്നില്‍.
ബാറുടമകള്‍ക്കുവേണ്ടി മുമ്പും റോഹ്തഗി ഹാജരായിട്ടുണ്ടെങ്കിലും അറ്റോര്‍ണി ജനറലായി അധികാരമേറ്റശേഷം ഇതാദ്യമായാണ് കേസില്‍ ഹാജരാകുന്നത്. ബാര്‍ കോഴ കേസന്വേഷണം വിജിലന്‍സ് ആരംഭിച്ചതോടെ മാണിയെ രക്ഷിക്കാന്‍ ഒരു പ്രമുഖ യുഡിഎഫ് നേതാവ് ഇടനിലക്കാരനായി ബാറുടമകളുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ബാറുടമകള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാമെന്നും അതുവരെ പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാമെന്നുമായിരുന്നു കരാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച മദ്യനയം പൊളിച്ചടക്കി ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാന്‍ അബ്കാരി ചട്ടം ഭേദഗതി ചെയ്തു. എന്നാല്‍, ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാരിന് വാക്ക് പാലിക്കാനായില്ല. കോണ്‍ഗ്രസ് എംഎല്‍എ ടി എന്‍ പ്രതാപനടക്കം ചിലര്‍ കേസില്‍ കക്ഷി ചേരുകയും മാധ്യമശ്രദ്ധ സജീവമായതിനാലുമാണിത്. ഇതോടെ ബാറുടമകള്‍ ആഗ്രഹിച്ച വിധി ഹൈക്കോടതിയില്‍നിന്ന് ലഭിച്ചില്ല. സുപ്രീംകോടതിയില്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കി. സര്‍ക്കാര്‍വാദം ദുര്‍ബലമാക്കുന്നതിനായി പ്രശസ്തരായ അഭിഭാഷകരെ വയ്ക്കാന്‍ തീരുമാനിച്ചതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്.