Thursday, December 26, 2013

ഹൃദയങ്ങളില്‍ പിറക്കട്ടെ ക്രിസ്മസ്

ഹൃദയങ്ങളില്‍ പിറക്കട്ടെ ക്രിസ്മസ്

മാനവജാതിക്ക് സന്തോഷവും സമാധാനവും ആശംസിച്ച് വീണ്ടുമൊരു ക്രിസ്മസ് സമാഗതമായി. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭാഗീയത വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ നിര്‍ഭാഗ്യസാഹചര്യത്തില്‍ ക്രിസ്മസ് സന്ദേശത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. ലോകമെമ്പാടും പല തരത്തിലും രീതിയിലും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നു. ക്രിസ്മസ് കരോളുകള്‍, ക്രിസ്മസ് ക്ലബ്ബുകള്‍, ക്രിസ്മസ് ട്രീകള്‍, കമ്പിത്തിരി, മത്താപ്പൂ, കാര്‍ഡുകള്‍, ക്രിസ്മസ് ഫീസ്റ്റ് ഇവയെല്ലാം ആഘോഷങ്ങളുടെ ഭാഗം.

ഇന്ന് ലോകത്തിലുള്ള ഏറ്റവും വലിയ ഉത്സവവും ക്രിസ്മസുതന്നെയാകും. വൈരുധ്യത്തില്‍ ഏകത്വം  എന്ന തത്വം ക്രിസ്മസിനെ സംബന്ധിച്ചിടത്തോളം അന്വര്‍ഥമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജീവിക്കുകയും പല ഭാഷകള്‍ സംസാരിക്കുകയും പല സംസ്കാരങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്ന കോടിക്കണക്കിനു ജനങ്ങള്‍ പല രീതിയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നതെങ്കിലും എല്ലാത്തിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്- യേശുവിനെ സ്മരിക്കുക എന്നുള്ളത്.

സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ശക്തിയുക്തം പോരാടിയ വിപ്ലവകാരിയായിരുന്നു ക്രിസ്തു. ദേവാലയത്തില്‍ കച്ചവടം നടക്കുന്നു എന്ന് കണ്ടമാത്രയില്‍ ചമ്മട്ടിയെടുത്ത് കച്ചവടക്കാരെ അടിച്ചോടിച്ച അദ്ദേഹം, വിശന്നിരുന്ന അജഗണങ്ങളെ കണ്ടപ്പോള്‍ മനസ്സലിയുകയും സ്നേഹിതനായ ലാസറിന്റെ മരണവാര്‍ത്ത കേട്ട് കരയുകയും ലാസറിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയുംചെയ്ത വ്യക്തിയാണ്. ആത്മാര്‍ഥതയുള്ള ആട്ടിടയന്മാരും വിദ്വാന്മാരും അവര്‍ക്ക് ലഭിച്ച സന്ദേശമനുസരിച്ച് പൈതലായ യേശുവിനെ ആരാധിക്കാന്‍ പുറപ്പെട്ടു. എന്നാല്‍, രാജാവിനോ മതപുരോഹിതന്മാര്‍ക്കോ യഹൂദ പ്രമാണികള്‍ക്കോ ഈ ഭാഗ്യം ലഭിച്ചില്ല. ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ളവര്‍ക്കുമാത്രമേ ദിവ്യമായ അനുഗ്രഹങ്ങള്‍ ലഭിക്കുകയുള്ളൂ. വിനയമുള്ള ജീവിതവും ആഴമേറിയ സമര്‍പ്പണവും ഇതിനാവശ്യമാണ്. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം&ൃെൂൗീ;എന്ന സന്ദേശമായിരുന്നു മാലാഖമാരില്‍നിന്ന് ആട്ടിടയന്മാര്‍ കേട്ടത്. ദൈവത്തിന് മഹത്വം പാടാന്‍ കഴിയണമെങ്കില്‍ വിഭാഗീയചിന്തകള്‍ ഇല്ലാതെയാകണം. പരസ്പരം ശുശ്രൂഷിക്കാനും ആദരിക്കാനും സ്നേഹിക്കാനും സാധിക്കണം.

മദ്യപാനവും ധൂര്‍ത്തും ക്രിസ്മസ് ആഘോഷങ്ങളല്ല, അവഹേളനങ്ങളാണ്. മനുഷ്യന്‍ മനുഷ്യന് കോടാലി ആകാന്‍ പാടില്ല. സ്വന്തം സഹോദരനെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും നമുക്കു കഴിയണം. അപ്പോള്‍ മാത്രമേ ക്രിസ്തുവിന്റെ ജനനം നമ്മെ സംബന്ധിച്ച് അര്‍ഥപൂര്‍ണമാകയുള്ളൂ. മനുഷ്യര്‍ ശരിക്കും ദൈവപുത്രരാകുന്നത് യേശുവിനോട് അലിഞ്ഞുചേരുമ്പോഴാണ്. ദൈവം മനുഷ്യനായി മനുഷ്യനെ ദൈവമാക്കി എന്നാണ് സെന്റ് ബേസില്‍ പറയുന്നത്. മനുഷ്യന്‍ യേശുവിലൂടെ സ്നേഹമായി മാറുന്നു. ഇങ്ങനെയുള്ളവര്‍ക്കാണ് ക്രിസ്മസ് ആല്‍മോല്‍ക്കര്‍ഷദായകമായി മാറുന്നത്. യേശുവിന്റെ ജനനം പ്രത്യാശയുടെയും സമാധാനത്തിന്റെയും പുത്തന്‍പുലരിയായി ലോകം പരിഗണിച്ച് മനുഷ്യജീവിതത്തിന് അര്‍ഥവും ലക്ഷ്യവും നല്‍കണം. പ്രതാപത്തിന്റെ ഗിരിശൃംഗങ്ങളില്‍ നിന്ന് സമാധാനത്തിന്റെ സന്ദേശവാഹകനായി സ്നേഹത്തിന്റെയും വിശുദ്ധിയുടെയും പ്രവാചകനായി ബത്ലഹേമില്‍ പിറന്ന ത്യാഗമൂര്‍ത്തി ഈ ക്രിസ്മസ് സുദിനത്തില്‍ നമ്മുടെ ഹൃദയത്തിലും പിറക്കട്ടെ.റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി

No comments: