ക്ഷേമപെന്‍ഷനുകള്‍ നിലച്ചു; 11 ലക്ഷം പാവപ്പെട്ടവര്‍ ദുരിതത്തില്‍
തിരു: സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കാത്തതിനെത്തുടര്‍ന്ന് ക്ഷേമപെന്‍ഷനുകളുടെ വിതരണം നിലച്ചു. വികലാംഗര്‍ , വിധവകള്‍ , വയോജനങ്ങള്‍ , 50 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ തുടങ്ങിയവര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍വിതരണം പൂര്‍ണമായി സ്തംഭിച്ചു. പിതാവ് മരിച്ച പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം, ബുദ്ധിമാന്ദ്യമുള്ളവരുടെ പെന്‍ഷന്‍ എന്നിവയും മുടങ്ങി. ഇത്തരത്തില്‍ പത്തര ലക്ഷത്തിലേറെ പാവങ്ങളുടെ ആനുകൂല്യങ്ങളാണ് മാസങ്ങളായി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്. ആറു വര്‍ഷത്തിനിടെ ആദ്യമായാണ് സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നത്. 2011 സെപ്തംബര്‍വരെയുള്ള പെന്‍ഷന്‍മാത്രമാണ് സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളും വിതരണംചെയ്തത്. അവശേഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് തുക ക്രമീകരിച്ച് ഡിസംബര്‍വരെ പെന്‍ഷന്‍ ഭാഗികമായി നല്‍കി. എന്നാല്‍ , ഡിസംബറിനു ശേഷം ഒരിടത്തുപോലും പെന്‍ഷന്‍ നല്‍കാന്‍ ഫണ്ടുണ്ടായിരുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഇതിനകംതന്നെ വിതരണം ചെയ്തു തീര്‍ന്നതിനെത്തുടര്‍ന്ന് ഡിസംബറില്‍തന്നെ പെന്‍ഷന്‍ കൈകാര്യംചെയ്യുന്ന റവന്യു വിഭാഗം സര്‍ക്കാരിന് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 2010ലെ സാമ്പത്തിക സര്‍വേ അനുസരിച്ച് വികലാംഗ, വിധവ, വാര്‍ധക്യ, അവിവാഹിത പെന്‍ഷന് 9,59,809 ഗുണഭോക്താക്കളാണുള്ളത്. കഴിഞ്ഞ വര്‍ഷംമുതല്‍ പുതുതായി ഒരു ലക്ഷത്തിലേറെ പേര്‍കൂടി പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇത്രയും പേര്‍ക്ക് പ്രതിമാസം 400 രൂപവീതം ഒരു വര്‍ഷം പെന്‍ഷന്‍ നല്‍കാന്‍ 500 കോടിയിലേറെ രൂപ വേണമെങ്കിലും സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചത് 300 കോടിയോളം മാത്രം. ചെറിയ തുകയാണെങ്കിലും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ പെന്‍ഷന്‍ . തുക മുടങ്ങിയതോടെ ഇവരില്‍ പലര്‍ക്കും ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്‍ഷനുകള്‍ ഇനി എന്നു ലഭിക്കുമെന്നുപോലും അറിയാത്ത സ്ഥിതിയാണ്. വന്‍കിടക്കാര്‍ക്ക് അനധികൃതമായിപോലും ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തിടുക്കം കാട്ടുന്ന യുഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും തീര്‍ത്തും അവഗണിക്കുന്നതിന്റെ ക്രൂരമായ തെളിവാണ് പെന്‍ഷന്‍ നിഷേധം. 2011 മാര്‍ച്ചില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലാണ് പെന്‍ഷന്‍തുക 400 ആയി ഉയര്‍ത്തിയത്. തുടര്‍ന്ന്, അധികാരത്തില്‍ വന്ന യുഡിഎഫ് അവതരിപ്പിച്ച ബജറ്റിലും 400 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും തുക വകയിരുത്തിയിരുന്നില്ല. മാത്രമല്ല, ഇതുസംബന്ധിച്ച ഉത്തരവും ഇറക്കിയില്ല. ഫെബ്രുവരി ആദ്യം മാത്രമാണ് പെന്‍ഷന്‍ 400 രൂപയായി ഉയര്‍ത്തിയതായി ഉത്തരവിറക്കിയത്. 2011 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച പെന്‍ഷന്‍ നല്‍കാനാണ് ഉത്തരവ്. എന്നാല്‍ , നിലവിലുള്ള പെന്‍ഷന്‍ നല്‍കാനാവശ്യമായ ഫണ്ട് പോലും ഇനിയും അനുവദിച്ചിട്ടില്ല. 300 രൂപ വീതം പെന്‍ഷന്‍ നല്‍കണമെങ്കില്‍പോലും 100 കോടി രൂപ ഇനിയും വേണം. യുഡിഎഫ് 2006ല്‍ അധികാരം ഒഴിയുമ്പോള്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും ദീര്‍ഘകാലം കുടിശ്ശികയായിരുന്നു. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കുടിശ്ശിക തീര്‍ക്കുകയും ഓണം അടക്കമുള്ള ഉത്സവവേളകളില്‍ ഓരോ മാസം മുന്‍കൂര്‍ പെന്‍ഷന്‍ നല്‍കുകയുംചെയ്തു. 2011 മാര്‍ച്ചില്‍ പെന്‍ഷന്‍ നല്‍കാന്‍ 100 കോടി രൂപയാണ് ധനവകുപ്പ് മുന്‍കൂര്‍ നല്‍കിയത്. നീണ്ടകാലം 75 മുതല്‍ 110 രൂപവരെ മാത്രമായിരുന്ന വിവിധ ക്ഷേമപെന്‍ഷനുകള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് 400 രൂപയാക്കി ഉയര്‍ത്തിയത്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വരുമാന പരിധി നേരത്തെ 3,600 മുതല്‍ 6,000 രൂപ വരെയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഗ്രാമപ്രദേശങ്ങളില്‍ പരിധി 20,000 രൂപയായും നഗരങ്ങളില്‍ 22,375 രൂപയായും ഉയര്‍ത്തി. ഇതിലൂടെ രണ്ടര ലക്ഷത്തോളം പേര്‍ക്കുകൂടി പെന്‍ഷന്‍ ലഭിച്ചു.
1 comment:
ക്ഷേമപെന്‍ഷനുകള്‍ നിലച്ചു; 11 ലക്ഷം പാവപ്പെട്ടവര്‍ ദുരിതത്തില്‍
Post a Comment