Wednesday, February 01, 2012

തലസ്ഥാന ജില്ലയില്‍ 3 ലക്ഷം വീടുകളില്‍ ചെങ്കൊടി ഉയരും തിരു: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ബുധനാഴ്ച പതാകദിനമാചരിക്കും. ആതിഥേയ ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് ലക്ഷത്തിലേറെ വീടുകളില്‍ ബുധനാഴ്ച രാവിലെ ചെങ്കൊടി ഉയരും. പാര്‍ടി

തലസ്ഥാന ജില്ലയില്‍ 3 ലക്ഷം വീടുകളില്‍ ചെങ്കൊടി ഉയരും



തിരു: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ബുധനാഴ്ച പതാകദിനമാചരിക്കും. ആതിഥേയ ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് ലക്ഷത്തിലേറെ വീടുകളില്‍ ബുധനാഴ്ച രാവിലെ ചെങ്കൊടി ഉയരും. പാര്‍ടി അംഗങ്ങളും അനുഭാവികളും വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വീടുകളില്‍ രക്തപതാക ഉയര്‍ത്തി സമ്മേളനത്തിന്റെ വിളംബരമറിയിക്കും.


ഇതിനുപുറമെ ജില്ലയിലെ എല്ലാകേന്ദ്രങ്ങളിലും പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും പതാക ദിനം വിപുലമായി ആചരിക്കും. തലസ്ഥാന ജില്ലയില്‍ ആദ്യമായി ചേരുന്ന സംസ്ഥാന സമ്മേളനം അനുബന്ധ പരിപാടികളിലൂടെ ശ്രദ്ധനേടുകയാണ്. മൂന്ന് ലക്ഷം വീടുകളില്‍ ഒരേസമയം പതാക ഉയരുന്നത് ചരിത്രത്തില്‍ അപൂര്‍വാനുഭവമാകും. ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി ഫെബ്രുവരി ഏഴു മുതല്‍ പത്തുവരെയാണ് സംസ്ഥാന സമ്മേളനം. സമ്മേളനസന്ദേശവുമായി തിങ്കളാഴ്ച ജില്ലയില്‍ 156 ലോക്കല്‍ കേന്ദ്രങ്ങളില്‍ വര്‍ണശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നാടിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച ഘോഷയാത്രകള്‍ നാടിന്റെ ഉത്സവമായി. "മാര്‍ക്സ് ആണ് ശരി" എന്ന സന്ദേശവുമായി സ. എം കെ പന്ഥെ നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ചരിത്രപ്രദര്‍ശനം കാണാന്‍ നൂറുകണക്കിനാളുകളെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രദര്‍ശനം ഉദ്ഘാടനംചെയ്തു.



സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തില്‍ യാത്ര ആരംഭിച്ചു. കൊടിമര ജാഥ ഫെബ്രുവരി നാലിന് വൈകിട്ട് മൂന്നിന് വയലാറില്‍ കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. കേന്ദ്രകമ്മിറ്റി അംഗം എം എ ബേബിയുടെ നേതൃത്വത്തിലാണ് കൊടിമരം കൊണ്ടുവരുന്നത്. സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ നയിക്കുന്ന ദീപശിഖാ പ്രയാണം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.


No comments: