ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം
ന്യൂഡല്‍ഹി: രാജ്യത്തെ ഇടതുപക്ഷപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുവാന്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നു. കോഴിക്കോട് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് പ്രമേയം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം പണാധിപത്യത്തിനു കീഴടങ്ങുന്നതിനെതിരെ പ്രതികരിക്കും. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായി സമാനരാഷ്ട്രീയകക്ഷികളെ ഒരുമിച്ചു കൊണ്ടുവരും. കോണ്‍ഗ്രസും ബിജെപിയും രാജ്യത്തെ ജനങ്ങളുടെ താല്‍പര്യത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. ജനതാല്‍പര്യത്തിനെതിരായി ഭരണം നടത്തുന്ന യുപിഎ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ്. ഹിന്ദുത്വ അജന്‍ഡയിലൂടെ വര്‍ഗീയത പരത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കും. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളെ ചെറുത്ത് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങളും പ്രശ്നങ്ങളും ഉയര്‍ത്തിപ്പിടിക്കും. രാജ്യത്ത് ഉയരുന്ന വര്‍ഗീയതയെ ശക്തമായി ചെറുക്കും. ആദിവാസികളും സാധാരണക്കാരുമടങ്ങുന്ന രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളെ ജനാധിപത്യത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടു വരും. ജനകീയജനാധിപത്യവും സോഷ്യലിസവും സ്ഥാപിക്കുന്നതിന് മുന്‍തൂക്കം നല്‍കും. പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്തും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കും. യുപിഎ സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങളും ചെറുക്കും. മുസ്ലിം സമുദായത്തിന് 10 ശതമാനം സംവരണമേര്‍പ്പെടുത്തണം. രംഗരാജന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. ദുരിതജീവിതം നയിക്കുന്ന അസംഘടിതതൊഴിലാളിവിഭാഗങ്ങള്‍ക്കുവേണ്ടി ശക്തമായി രംഗത്തു വരുമെന്നും കാരാട്ട് അറിയിച്ചു.
No comments:
Post a Comment