ഒബാമ ഇന്ത്യയിലെത്തുമ്പോള്‍..
പ്രകാശ് കാരാട്ട്.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ശനിയാഴ്ച ഇന്ത്യയിലെത്തുകയാണ്. ജോര്‍ജ് ബുഷാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്- 2006ല്‍. അന്ന് രാജ്യമാകെ പ്രതിഷേധം പടര്‍ന്നിരുന്നു. ഇറാഖിനെതിരായ യുദ്ധവും അധിനിവേശവുമാണ് പ്രധാനമായും അന്ന് ബുഷിന്റെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തിനു കാരണമായത്. പാര്‍ലമെന്റിന്റെ ഇരുസഭയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ബുഷിന്റെ ഭരണം അവസാനിക്കുകയും ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിനെ ലോകം ആശ്വാസത്തോടെയാണ് വരവേറ്റത്. സെനറ്റില്‍ ഇറാഖ് യുദ്ധത്തെ എതിര്‍ത്ത ആഫ്രോ-അമേരിക്കന്‍ യുവാവ് പ്രസിഡന്റ് പദത്തിലേക്കു വന്നത് ലോകത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ബുഷിന്റെ കാലഘട്ടത്തില്‍ തുടര്‍ന്ന നിയന്ത്രണമില്ലാത്ത നവ യാഥാസ്ഥിതിക അധിനിവേശം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ലോകം കാത്തിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തോളമുള്ള ഒബാമയുടെ ഭരണം പ്രതീക്ഷകളേറെയും തകര്‍ക്കുന്നതായിരുന്നു. പ്രവൃത്തിയിലും ശൈലിയിലും മാറ്റം ഉണ്ടായെങ്കിലും അമേരിക്കയുടെ വിദേശനയത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഇറാഖില്‍ വിന്യസിച്ചിട്ടുള്ള സേനയെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 50,000 പേരടങ്ങുന്ന അമേരിക്കന്‍സേന ഇപ്പോഴും അവിടെ തുടരുകയാണ്. ഇറാഖിലെ എണ്ണസമ്പത്തിന്റെ സിംഹഭാഗവും പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ് സൈനികതാവളം അവിടെ തുടരും. ആണവപ്രശ്നത്തില്‍ ഇറാനെ ലക്ഷ്യമാക്കിയുള്ള നടപടി തുടരുന്ന അമേരിക്ക, യുഎന്‍ സുരക്ഷാ കൌസില്‍ അംഗീകരിച്ച നാലാംവട്ട ഉപരോധം അടിച്ചേല്‍പ്പിക്കാന്‍ നീങ്ങുകയാണ്. പലസ്തീന്‍പ്രശ്നം നീതിപൂര്‍വകമായി പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതില്‍ ഒബാമ സര്‍ക്കാര്‍ പരാജയപ്പെട്ടു. അമേരിക്കയിലെ ശക്തരായ ജൂതലോബിയെ പിണക്കാന്‍ താല്‍പ്പര്യമില്ലാത്തതാണ് കാരണം. അധിനിവേശമേഖലയില്‍ ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനം കണ്ടില്ലെന്നു നടിക്കുകയാണ് അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. പാക്-അഫ്ഗാന്‍ തന്ത്രത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെക്കൂടി അയക്കുകയാണ് ഒബാമചെയ്തത്. അഫ്ഗാനിസ്ഥാനിലെ യുഎസ്-നാറ്റോ സേനയ്ക്ക് താലിബാനെ അമര്‍ച്ച ചെയ്യാനായില്ല, മറിച്ച് അഫ്ഗാന്‍ ജനതയുടെ ദുരിതം രൂക്ഷമായി. ക്യൂബയ്ക്കെതിരായ നിയമവിരുദ്ധ സാമ്പത്തിക ഉപരോധവും ഒബാമ സര്‍ക്കാര്‍ തുടരുകയാണ്. ഈ ഉപരോധം അവസാനിപ്പിക്കാന്‍ ക്യൂബയില്‍ 'ജനാധിപത്യ' ഭരണക്രമം വേണമെന്ന മുന്‍ ഉപാധി അമേരിക്കന്‍ ഭരണാധികാരികള്‍ തുടര്‍ച്ചയായി മുന്നോട്ടുവയ്ക്കുകയാണ്. 2009ലെ പ്രാഗ് പ്രസംഗത്തില്‍ സാര്‍വത്രിക ആണവ നിരായുധീകരണം വേണമെന്ന് ആഹ്വാനം ചെയ്തതാണ് അന്താരാഷ്ട്രതലത്തില്‍ ഒബാമയുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധേയമായ ഏക നടപടി. ഇതിന്റെ തുടര്‍ച്ചയായി റഷ്യയുമായി തന്ത്രപ്രധാന ആയുധ നിയന്ത്രണകരാറില്‍ (സ്റാര്‍ട്ട് 3) അമേരിക്ക ഒപ്പുവച്ചു. കരാര്‍പ്രകാരം ഇരു രാജ്യവും നിലവിലുള്ള ആണവായുധശേഖരത്തിന്റെ മൂന്നിലൊന്ന് വെട്ടിക്കുറയ്ക്കും. എന്നാല്‍, ഈ കരാര്‍ ഇപ്പോഴും യുഎസ് സെനറ്റിന്റെ അംഗീകാരം കാത്തുകിടക്കുകയാണ്. റിപ്പബ്ളിക്കന്മാരായാലും ഡെമോക്രാറ്റുകളായാലും അടിസ്ഥാനപരമായി ആഗോളതന്ത്രത്തിലും വിദേശനയത്തിലും ഒരുമാറ്റവും ഉണ്ടാകുന്നില്ലെന്നാണ് ഒബാമ ഭരണം രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്. അമേരിക്കന്‍ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യമാണ് ഇരു കക്ഷികളും ഉയര്‍ത്തിപ്പടിക്കുന്നത്. ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുമായി (9.6 ശതമാനം) അമേരിക്കന്‍ സമ്പദ്ഘടന മല്ലിടുമ്പോഴാണ് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം. വര്‍ധിച്ച തൊഴിലില്ലായ്മയും തുടരുന്ന സാമ്പത്തികമാന്ദ്യവും അമേരിക്കയില്‍ ഒബാമയുടെ ജനപിന്തുണ കുറച്ചു. കഴിഞ്ഞ ദിവസം കോഗ്രസിലേക്കും സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കുണ്ടായ തിരിച്ചടി യില്‍ ഇത് പ്രതിഫലിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പോളം പൂര്‍ണമായി തുറന്നുകിട്ടുന്നതിനാണ് അമേരിക്കന്‍ ശ്രമം. ചെറുകിട വ്യാപാരം, കൃഷി തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് നിക്ഷേപത്തിനുള്ള അനുവാദം കിട്ടാന്‍ അമേരിക്ക കാര്യമായി ശ്രമിക്കും. ഇന്ത്യയിലേക്കുള്ള പുറംകരാര്‍ ജോലി നിരുത്സാഹപ്പെടുത്തുന്ന നടപടിയാണ് ഒബാമ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതേസമയം, അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവസരം ഒരുക്കുന്ന സമീപനമാണ് നമ്മുടെ സര്‍ക്കാര്‍ എടുക്കുന്നത്. ഒബാമയുടെ സന്ദര്‍ശനം ഇന്ത്യയില്‍ വ്യത്യസ്ത പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തില്‍ ശക്തമായി സ്വാധീനമുള്ള അമേരിക്കന്‍ അനുകൂല ലോബി ഒബാമയുടെ സന്ദര്‍ശനം അമേരിക്കയും ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഖ്യം ശക്തിപ്പെടുത്താനുള്ള അവസരമായാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനും പുതിയ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിനും വാദിക്കുകയാണ് ഈ ലോബി. ചൈനയ്ക്കെതിരെ ഇന്ത്യയെ തിരിക്കുകയെന്ന അമേരിക്കന്‍ ലക്ഷ്യത്തോടൊപ്പം നീങ്ങണമെന്ന താല്‍പ്പര്യമാണ് വലതുപക്ഷത്തിനും കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കും. ബുഷ് യുഗത്തിനുവേണ്ടി ഓര്‍മകള്‍ അയവിറക്കുന്ന ഒരു വിഭാഗം ഇന്ത്യയിലുണ്ടെന്നത് വിരോധാഭാസമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷാണെന്ന അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി റോനന്‍ സെന്നിന്റെ പ്രസ്താവന ഈ വികാരം ഉള്‍ക്കൊണ്ടാണ്. അമേരിക്കയുമായി സഖ്യത്തിന് ആഗ്രഹിക്കുന്നവരെ ബുഷ് യുഗം അവസാനിച്ചത് നിരാശരാക്കി. അമേരിക്കയുടെ വിശ്വസ്ത തന്ത്രപ്രധാന സഖ്യകക്ഷിയായാല്‍ ഇന്ത്യയെ വന്‍ ശക്തിയാക്കി മാറ്റുമെന്ന ഉറപ്പാണ് ബുഷ് നല്‍കിയത്. അതേസമയം, യുഎന്‍ സുരക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കാന്‍ ബുഷ് തയ്യാറായതുമില്ല. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച്, ബുഷും ഒബാമയും തമ്മിലെ വ്യത്യാസം ഞങ്ങള്‍ തിരിച്ചറിയുന്നു. അതേസമയം, ആഗോള മേധാവിത്വത്തിനുവേണ്ടിയുള്ള അമേരിക്കയുടെ അടിസ്ഥാനനയത്തിന് നിലകൊള്ളുന്ന ഭരണകൂടത്തിന്റെ തുടര്‍ച്ചയാണ് ഒബാമ സര്‍ക്കാരെന്ന് ഇടതുപക്ഷം മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍ക്കെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമായി ഒബാമയുടെ സന്ദര്‍ശനത്തെയും ഉപയോഗിക്കുന്നത്. ഇന്ത്യയുടെ നവ ഉദാരവല്‍ക്കരണനയങ്ങള്‍ ശക്തിയോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന അമേരിക്കയുടെ സമ്മര്‍ദത്തിനെതിരെ ഇന്ത്യന്‍ ജനതയുടെ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പ്രധാനമായും ചെറുകിടവ്യാപാരം, കാര്‍ഷികമേഖല, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മര്‍മപ്രധാന മേഖലകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനാണ് അമേരിക്കന്‍ സമ്മര്‍ദം. പതിനായിരക്കണക്കിനു ചെറുകിട കച്ചവടക്കാരുടെ ജീവിതമാര്‍ഗം തകര്‍ക്കുന്ന തരത്തില്‍ വാള്‍മാര്‍ട്ടുപോലുള്ള കുത്തക ബ്രാന്‍ഡുകളെ അനുവദിക്കുന്നതിന് ഒമായുടെ സന്ദര്‍ശനം ഇടയാക്കരുത്. ചെറുകിടമേഖലയിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരാനാണ് ഇന്ത്യയുടെ വാണിജ്യമന്ത്രിയും യുപിഎ സര്‍ക്കാരിലെ ഒരു വിഭാഗവും ശ്രമിക്കുന്നതെന്ന് ഈ അവസരത്തില്‍ നാം കാണണം. 2005ല്‍ ഒപ്പിട്ട ഇന്തോ-യുഎസ് പ്രതിരോധ ചട്ടകൂട് കരാര്‍ അനുസരിച്ച് അമേരിക്ക മറ്റ് നിരവിധ കരാറുകളില്‍ ഇന്ത്യയോട് ഒപ്പിടാന്‍ ആവശ്യപ്പെടുകയാണ്. ലോജിസ്റിക് സപ്പോര്‍ട്ട് എഗ്രിമെന്റ് (എല്‍എസ്എ), കമ്യൂണിക്കേഷന്‍, ഇന്റര്‍ ഓപ്പറേറ്റബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (സിഐഎസ്എംഒഎ) എന്നിവ ഇന്ത്യന്‍ സൈന്യത്തെ പെന്റഗണിന്റെ സഖ്യസേനയാക്കി മാറ്റുന്നതാണ്. ഇന്ത്യ അമേരിക്കയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങണമെന്നാണ് ഒബാമ താല്‍പ്പര്യപ്പെടുന്നത്്. സൈനികാവശ്യത്തിന് സി-17 ചരക്കുവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചുകഴിഞ്ഞു. 1000 കോടി ഡോളര്‍ ചെലവു വരുന്ന 126 യുദ്ധവിമാനം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പിടുന്നതിലാണ് അമേരിക്കയ്ക്ക് വലിയ താല്‍പ്പര്യം. അമേരിക്കയുമായുള്ള സൈനിക സഹകരണത്തെ ഇടതുപക്ഷപാര്‍ടികള്‍ തുടര്‍ച്ചയായി എതിര്‍ക്കുകയാണ്. ഇത്തരം സഹകരണം ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തെയും തന്ത്രപരമായ പരമാധികാരത്തെയും ഇല്ലായ്മചെയ്യുന്നതാണ്. ഭോപാല്‍ വാതകദുരന്തത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്കുണ്ടെന്ന് ഇന്ത്യയിലെത്തുന്ന ഒബാമയോട് നാം തുറന്നുപറയണം. ലോകത്തെ ഏറ്റവും വലിയ വ്യവസായ അപകടങ്ങളിലൊന്നായ ഭോപാല്‍ ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദി അമേരിക്കന്‍കമ്പനിയാണ്. മെക്സിക്കന്‍ ഗള്‍ഫ് തീരത്തെ ആഴക്കടലില്‍ എണ്ണ ചോര്‍ച്ച ഉണ്ടായപ്പോള്‍ ദശലക്ഷക്കണക്കിനു കോടി ഡോളര്‍ നഷ്ടപരിഹാരമായി ബ്രിട്ടീഷ് പെട്രോളിയം കമ്പനിയില്‍നിന്ന് ഒബാമ ഈടാക്കിയിട്ടുണ്ട്. ഭോപാല്‍ വാതകദുരന്തം വരുത്തിയ നഷ്ടത്തിനും പ്രദേശത്തുനിന്ന് വിഷമാലിന്യങ്ങള്‍ നീക്കുന്നതിനും ഡൌകെമിക്കല്‍സില്‍നിന്ന് എന്തുകൊണ്ട് തുക ഈടാക്കിക്കൂടാ? നാലു പതിറ്റാണ്ടായി പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ നിയമവിരുദ്ധമായി അധീനപ്പെടുത്തി കൈവശംവച്ചിരിക്കുന്ന ഇസ്രയേല്‍ ഭരണകൂടത്തിന് അമേരിക്ക നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തലാക്കണമെന്നാണ് ഇടതുപാര്‍ടികള്‍ ആവശ്യപ്പെടുന്നത്. ക്യൂബയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിക്കുന്നതിനു പകരം ഇറാനുമായുള്ള ആണവപ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കാന്‍ അമേരിക്ക തയ്യാറാകണം. നവംബര്‍ എട്ടിന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധനചെയ്യും. മറ്റ് എംപിമാരോടൊപ്പം ഇടതുപക്ഷ പാര്‍ടിയിലെ എംപിമാരും ഒബാമയുടെ പ്രഭാഷണം കേള്‍ക്കാനെത്തും. എന്നാല്‍, അന്നേ ദിവസം ഇന്ത്യന്‍ജനതയ്ക്ക് അമേരിക്കന്‍ നയങ്ങളോടുള്ള പ്രതിഷേധം അറിയിക്കുന്നതിന് രാജ്യവ്യാപകമായി യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും. ഒബാമ പറയുന്നത് പാര്‍ലമെന്റ് അംഗങ്ങള്‍ കേള്‍ക്കുന്നതുപോലെ പ്രതിഷേധ ദിനാചരണത്തിലൂടെ ഇടതുപക്ഷം പറയുന്നത് കേള്‍ക്കാന്‍ ഒബാമയും തയ്യാറാകണം.
2 comments:
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ശനിയാഴ്ച ഇന്ത്യയിലെത്തുകയാണ്. ജോര്‍ജ് ബുഷാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്- 2006ല്‍. അന്ന് രാജ്യമാകെ പ്രതിഷേധം പടര്‍ന്നിരുന്നു. ഇറാഖിനെതിരായ യുദ്ധവും അധിനിവേശവുമാണ് പ്രധാനമായും അന്ന് ബുഷിന്റെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തിനു കാരണമായത്. പാര്‍ലമെന്റിന്റെ ഇരുസഭയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ബുഷിന്റെ ഭരണം അവസാനിക്കുകയും ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിനെ ലോകം ആശ്വാസത്തോടെയാണ് വരവേറ്റത്. സെനറ്റില്‍ ഇറാഖ് യുദ്ധത്തെ എതിര്‍ത്ത ആഫ്രോ-അമേരിക്കന്‍ യുവാവ് പ്രസിഡന്റ് പദത്തിലേക്കു വന്നത് ലോകത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ബുഷിന്റെ കാലഘട്ടത്തില്‍ തുടര്‍ന്ന നിയന്ത്രണമില്ലാത്ത നവ യാഥാസ്ഥിതിക അധിനിവേശം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ലോകം കാത്തിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തോളമുള്ള ഒബാമയുടെ ഭരണം പ്രതീക്ഷകളേറെയും തകര്‍ക്കുന്നതായിരുന്നു.
എന്തെങ്കിലുമൊക്കെ കാര്യം എന്തായാലും ഉണ്ടാകും . എന്‍റെ അഭിപ്രായം ദേ ഇവിടെയുണ്ട്
Post a Comment