Sunday, November 07, 2010

ഒബാമ ഇന്ത്യക്ക് ആരാണ്?..

ഒബാമ ഇന്ത്യക്ക് ആരാണ്?......'
ചര്‍ച്ചചെയ്യാന്‍ പേടിയരുത്, ചര്‍ച്ച പേടിച്ചാവുകയുമരുത്' എന്ന് 1961ല്‍ ജോ എഫ് കെന്നഡി പറഞ്ഞത് ബറാക് ഒബാമ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഡോ. മന്‍മോഹന്‍സിങ് ഓര്‍മിക്കുന്നത് നന്ന്. ചര്‍ച്ചയ്ക്കെടുക്കുന്ന വിഷയങ്ങളേക്കാള്‍ പ്രാധാന്യമുള്ളവയാകും ചര്‍ച്ചയ്ക്കു പുറത്തുനില്‍ക്കുന്ന വിഷയങ്ങള്‍ എന്നത് ഏതാണ്ടുറപ്പായിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഉഭയരാഷ്ട്ര ചര്‍ച്ചകളെക്കുറിച്ച് കെന്നഡി പറഞ്ഞ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം, ഇരട്ട സാങ്കേതികജ്ഞാനത്തിന്റെ കയറ്റുമതിക്കുള്ള നിരോധനം നീക്കല്‍, ജെകെഎല്‍എഫ് നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിലൂടെ അമേരിക്ക നടത്തുന്ന ഇടപെടല്‍, ലോകബാങ്കില്‍നിന്ന് സഹായം വേണമെങ്കില്‍ ഡൌ കമ്പനിക്കെതിരായി നടപടി എടുക്കില്ലെന്ന് ഉറപ്പ് കൊടുത്തുകൊള്ളണമെന്ന വ്യവസ്ഥ, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയ അമിത ലൈസന്‍സ് ഫീ, സിഐഎയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ട ഏജന്റായ ഡേവിഡ് ഹെഡ്ലിയെ വിട്ടുതരല്‍ എന്നിവയൊക്കെയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവരേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍. എന്നാല്‍, ഇത്രതയും അതേപടി മാറ്റിവച്ച് സൈനിക-സാമ്പത്തിക-വ്യാപാര ബന്ധങ്ങളിലേക്ക് ചര്‍ച്ചയെ പരിമിതപ്പെടുത്തുക എന്നതാണ് ഒബാമയുടെ താല്‍പ്പര്യം. ഒബാമയുടെ താല്‍പ്പര്യം നിര്‍വഹിച്ചുകൊടുക്കാനുള്ള വിധേയത്വ മാനസികാവസ്ഥയിലാണ് ഡോ. മന്‍മോഹന്‍സിങ്. അതുകൊണ്ടാണ് കെന്നഡിയുടെ വാക്കുകള്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കേണ്ടിവരുന്നത്. ി ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പുതന്നെ ഒബാമ രക്ഷാസമിതിയിലെ ഇന്ത്യയുടെ അംഗത്വകാര്യത്തിലുള്ള നിഷേധാത്മക നിലപാട് പരസ്യമായി വ്യക്തമാക്കി. 'വളരെ പ്രയാസകരമാണത്' എന്നാണ് ഒബാമ പറഞ്ഞത്. സാങ്കേതിക ജ്ഞാനത്തിന്റെ ഇരട്ട ഉപയോഗത്തിനുമേലുള്ള നിരോധനം നീക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞത് 'കുഴപ്പംപിടിച്ച കാര്യമാണത്' എന്നും. അമേരിക്കയുമായി ആണവകരാറുണ്ടാക്കാന്‍ വ്യഗ്രതപ്പെട്ട് നടന്ന ഘട്ടങ്ങളില്‍ ഡോ. മന്‍മോഹന്‍സിങ്, പാര്‍ലമെന്റിലടക്കം പറഞ്ഞത്, ഈ ഇരുകാര്യങ്ങളിലും അമേരിക്ക ഇന്ത്യക്കനുകൂലമായ നിലപാടെടുക്കുമെന്ന് ഉറപ്പുകിട്ടിയിട്ടുണ്ട് എന്നായിരുന്നു. ഇന്ന്, മന്‍മോഹന്‍സിങ്, ഈ ഇരുകാര്യങ്ങളെയുംകുറിച്ച് പറയുന്നതേയില്ല. അതേസമയം, സുരക്ഷാസമിതിയില്‍ താല്‍ക്കാലികമായ ഉപാംഗത്വം കിട്ടിയതിനെ മഹാകാര്യമായി വാഴ്ത്തുകയുംചെയ്യുന്നു. രക്ഷാസമിതി കാര്യത്തില്‍ സ്ഥിരാംഗങ്ങള്‍ നിശ്ചയിക്കുന്നതേ നടക്കൂ. ഇന്ത്യ സ്ഥിരാംഗമാകുന്നതിനെ എതിര്‍ക്കില്ലെന്ന് ചൈന പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ പിന്തുണയ്ക്കാമെന്ന് റഷ്യയും ബ്രിട്ടനും പറഞ്ഞുകഴിഞ്ഞു. അമേരിക്കയുടെ എതിര്‍പ്പ് ഒന്നുകൊണ്ടുമാത്രം ഇന്ത്യക്ക് സ്ഥിരാംഗമാകാന്‍ കഴിയുന്നില്ല. അമേരിക്ക നിലപാട് മാറ്റണമെന്ന് ഒബാമയോട് പറയാനുള്ള ധൈര്യം ഈ ദിവസങ്ങളില്‍ മന്‍മോഹന്‍സിങ്ങിനുണ്ടാകുമോ? അതാണ് അടുത്തദിവസങ്ങളില്‍ കാണേണ്ടത്. മന്‍മോഹന്‍സിങ് മഹാകാര്യമായി ഇപ്പോള്‍ അവതരിപ്പിക്കുന്ന താല്‍ക്കാലിക ഉപാംഗത്വം 16 വര്‍ഷങ്ങള്‍ക്കുമുമ്പും ഇന്ത്യക്ക് കിട്ടിയതാണ്. ഇപ്പോള്‍ വീണുകിട്ടിയതാകട്ടെ കസാഖ്സ്ഥാന്‍ പിന്മാറിയതുകൊണ്ടാണ്; അമേരിക്ക തുണച്ചതുകൊണ്ടല്ല. അമേരിക്കയ്ക്ക് അനുകൂലമായി വിദേശനയം മാറ്റിയാല്‍ ഇത്തരം കാര്യങ്ങളില്‍ അവര്‍ പിന്തുണച്ചുകൊള്ളുമെന്ന യുപിഎ ഗവമെന്റിന്റെ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. വിദേശനയം മാറി; പക്ഷേ അമേരിക്ക പിന്തുണയ്ക്കില്ല. ി കശ്മീര്‍പ്രശ്നം അന്താരാഷ്ട്രവല്‍ക്കരിക്കരുതെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. പക്ഷേ, അമേരിക്ക അതുതന്നെ ചെയ്യുന്നു. ഇന്ത്യയിലെ അമേരിക്കന്‍ ഹൈക്കമീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലിക്കിനെയും ഗീലാനിയെയും ചര്‍ച്ചയ്ക്ക് വിളിക്കുന്നു. ആഭ്യന്തരമന്ത്രി പി ചിദംബരം ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് ചെല്ലാന്‍ കൂട്ടാക്കാത്ത ഇവര്‍ വിനീതരായി അമേരിക്കന്‍ ഹൈക്കമീഷനില്‍ പോയി ചര്‍ച്ച നടത്തുന്നു. ഇന്ത്യന്‍മണ്ണില്‍ വന്നുനിന്ന്, ഇന്ത്യന്‍ ആഭ്യന്തരകാര്യങ്ങളില്‍ ഇങ്ങനെ ഇടപെടാന്‍ എന്തധികാരം എന്ന് ഒബാമയോട് മന്‍മോഹന്‍സിങ് ചോദിക്കുമോ? അതോ, ഒബാമയ്ക്ക് ആവശ്യമുള്ള കാര്യങ്ങള്‍മാത്രം ചര്‍ച്ചചെയ്ത് അദ്ദേഹത്തെ യാത്രയാക്കുമോ? രണ്ടാമത് പറഞ്ഞതേ നടക്കൂ എന്നത് തീര്‍ച്ച. ി മുംബൈ കൂട്ടക്കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ ചാര ഏജന്‍സിയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ട ഏജന്റായ ഡേവിഡ് ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന ന്യായമായ ആവശ്യം ഒബാമയ്ക്കു മുന്നില്‍ വീണ്ടും വയ്ക്കാന്‍ മന്‍മോഹന്‍സിങ്ങിന് കരുത്തുണ്ടാകുമോ? ഇയാള്‍ ഇന്ത്യയില്‍ കൂട്ടക്കൊലകള്‍ ആസൂത്രണംചെയ്യുന്ന വിവരം മുന്‍കൂട്ടി ലഭിച്ചിട്ടും ഇയാളുടെ പേരുപോലും ഇന്ത്യാ ഗവമെന്റിന് നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന് ചോദിക്കാന്‍ ധൈര്യമുണ്ടാകുമോ? ഹെഡ്ലിയെ വിട്ടുതരില്ല എന്നതാണ് അമേരിക്കന്‍ നിലപാട്. അവിടെച്ചെന്ന് നടത്തിയ ചോദ്യംചെയ്യല്‍ ഫലപ്രദമായിരുന്നില്ല. ഇരുട്ടില്‍ തപ്പുകയാണ് ഇന്ന്, ഇക്കാര്യത്തില്‍ ഇന്ത്യ. ി ലോകബാങ്കില്‍നിന്നുള്ള പ്രത്യേക സഹായപദ്ധതി ലഭിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ആസൂത്രണ കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്സിങ് അലുവാലിയ ഒബാമയുടെ ഉപദേഷ്ടാവിന് കത്തയച്ചു. ആ സഹായത്തിന് ഒബാമഭരണം ഒരു നിബന്ധനവച്ചു. ഡൌ കെമിക്കല്‍സിനെതിരായ എല്ലാ നിയമനടപടികളും ഇന്ത്യ നിര്‍ത്തിവയ്ക്കണമെന്നതായിരുന്നു ആ നിബന്ധന. ഭോപാല്‍ വിഷവാതക ദുരന്തം ഉണ്ടാക്കിയ യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത സ്ഥാപനമാണ് ഡൌ കെമിക്കല്‍സ്്. കാര്‍ബൈഡ് പ്ളാന്റിന് ഘടനാപരമായ തകരാറുണ്ടായിരുന്നതും വിഷമാലിന്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുശേഷംപോലും നീക്കാതിരുന്നതും മുന്‍നിര്‍ത്തിയുള്ള പ്രശ്നങ്ങളില്‍ ഡൌ കെമിക്കല്‍സ് കേസ് നേരിടുകയാണ്; നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണ്. ആ ചുമതലകളില്‍നിന്ന് അവരെ ഒഴിവാക്കിക്കൊടുക്കണമെന്നാണ് ഒബാമ ഭരണം പറയുന്നത്. പ്രധാനപ്രതിയായ വാറന്‍ ആന്‍ഡേഴ്സനെ അമേരിക്കയിലേക്ക് രക്ഷപ്പെട്ടുപോകാന്‍ അനുവദിച്ച കോഗ്രസ് ഭരണം, ഈ നിബന്ധനയിലുള്ള പ്രതിഷേധമറിയിക്കാനെങ്കിലും ഈ വേളയില്‍ ധൈര്യംകാട്ടുമോ എന്നതാണറിയേണ്ടത്. ി സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഐടി കമ്പനികളുടെമേലുള്ള ലൈസന്‍സ് ഫീ ക്രമാതീതമായി ഉയര്‍ത്തി. യുഎസ് കമ്പനികള്‍ അടച്ചുപൂട്ടിയപ്പോള്‍ ആ പഴുതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ ലാഭമുണ്ടാക്കുന്നുവെന്നു പറഞ്ഞായിരുന്നു അവിടത്തെ ഇന്ത്യന്‍ കമ്പനികള്‍ക്കുമേല്‍ ഇങ്ങനെ സാമ്പത്തികാക്രമണം നടത്തിയത്. അത് ആ കമ്പനികളുടെ തകര്‍ച്ചയ്ക്ക് വഴിതെളിക്കുന്നു. അത് നീക്കാന്‍ മന്‍മോഹന്‍സിങ് ആവശ്യപ്പെടുമോ? ി അഫ്ഗാനിസ്ഥാനില്‍ പോയി ഇടപെട്ട് നിത്യേന നൂറുകണക്കിന് അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടാക്കി വച്ചതിനെതിരായി അമേരിക്കയില്‍ ജനവികാരമുയര്‍ന്നു. ഇതേത്തുടര്‍ന്ന് പട്ടാളക്കാരെ അമേരിക്ക കൂടിയതോതില്‍ പിന്‍വലിക്കുകയാണ്. എന്നാല്‍, 'ഭീകരവിരുദ്ധപോരാട്ടം' പൊതുതാല്‍പ്പര്യത്തിലുള്ളതാണെന്നുപറഞ്ഞ് അഫ്ഗാനിലെ അമേരിക്കന്‍ യുദ്ധം ഇന്ത്യയെക്കൊണ്ട് ചെയ്യിക്കാനാണിപ്പോള്‍ ശ്രമം. അമേരിക്ക പിന്‍വലിക്കുന്നത്ര സൈന്യത്തെ ഇന്ത്യ 'പൊതുതാല്‍പ്പര്യ'ത്തിനുവേണ്ടി അവിടേക്ക് അയച്ചുകൊടുക്കണമത്രേ. സാധ്യമല്ലെന്ന് ഒബാമയോട് പറയാന്‍ മന്‍മോഹന്‍സിങ്ങിന് കഴിയുമോ? ി ആണവകരാറിന്റെ ഘട്ടത്തില്‍ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞിരുന്നത്, ആണവവിതരണ സംഘത്തില്‍ (ന്യൂക്ളിയര്‍ സപ്ളയേഴ്സ് ഗ്രൂപ്പ്) ഇന്ത്യക്ക് അംഗത്വം നേടിത്തരുന്നതിനുള്ള നിലപാട് അമേരിക്ക കൈക്കൊള്ളുമെന്നാണ്. ഇതിന്റെ മുന്നോടിയായി വാസനാര്‍ അറേഞ്ച്്മെന്റ്, ഓസ്ട്രേലിയ ഗ്രൂപ്പ് എന്നിവയിലും ഇന്ത്യ എത്തുമെന്നും അത് വന്‍ വികസനമുന്നേറ്റമുണ്ടാക്കുമെന്നുമാണ്. എന്നാല്‍, ഈ വിഷയങ്ങളൊന്നും ഇപ്പോഴത്തെ സന്ദര്‍ശനത്തിന്റെ അജന്‍ഡയിലില്ല. ി വ ടൂ ത്രി എഗ്രിമെന്റിനു പിന്നാലെ വ ടൂ സിക്സ് എഗ്രിമെന്റ് വരികയാണ്. പോര്‍വിമാനങ്ങളടക്കമുള്ള പടക്കോപ്പുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാനുള്ള കരാറാണിത്. ഫ്രാന്‍സും സ്വീഡനും കുറഞ്ഞവിലയ്ക്ക് നല്‍കുന്ന അതേ ഇനങ്ങള്‍ അമേരിക്കയില്‍നിന്ന് കൂടിയ വിലയ്ക്ക്! ഇന്തോ- യുഎസ് ഡിഫന്‍സ് ഫ്രെയിംവര്‍ക്ക് എഗ്രിമെന്റ്, അന്താരാഷ്ട്ര സൈനിക പരിശീലനത്തിനുള്ള ഐഎംഇടി കരാര്‍, ഇന്തോ- യുഎസ് ലോജിസ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ് എന്നിങ്ങനെയുള്ള കരാറുകള്‍ക്കു പിന്നാലെ ഇന്ത്യയെ അമേരിക്കന്‍ സൈനിക പങ്കാളിയാക്കാനുള്ള പുത്തന്‍ കരാറുകളുടെ കരടുരൂപവുമായാണ് ഒബാമ വരുന്നത്. മന്‍മോഹന്‍സിങ് എന്തുചെയ്യും. ഇന്ത്യ മാത്രമല്ല, വികസ്വരരാജ്യങ്ങളാകെ ഇന്ത്യയുടെ നിലപാടിലേക്ക് ഉറ്റുനോക്കുന്നുണ്ട്. നാളെ ഇറാനെ ആക്രമിക്കാന്‍ ഇന്ത്യന്‍മണ്ണ് താവളമായിവേണം അമേരിക്കയ്ക്ക്. ആ യുദ്ധത്തില്‍ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ ചേര്‍ക്കണം. അപ്പോള്‍ ഇരു സൈന്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന പടക്കോപ്പുകളും യുദ്ധവിമാനങ്ങളുംവേണം. ഈ താല്‍പ്പര്യത്തോടെയാണ് അമേരിക്ക അവരുടെ പോര്‍വിമാനങ്ങളും പടക്കോപ്പുകളും വന്‍തോതില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. അതിന് ആക്കംകൂട്ടാനുള്ള കരാറുകളാണ് ഈ സന്ദര്‍ഭത്തിലുണ്ടാവുക. ി വ്യാപാര- വ്യവസായ അജന്‍ഡയാണ് ഈ സന്ദര്‍ശനത്തിന്റെ മറ്റൊരു മുഖ്യാംശം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇരട്ടിയാകുന്നതാണ് കണ്ടത്. അമേരിക്ക ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്ന രാജ്യങ്ങളുടെ ലിസ്റില്‍ 25-ാമതായിരുന്നു 2003 വരെ ഇന്ത്യ. എന്നാല്‍, ഇന്ന് ഈ ലിസ്റില്‍ പതിനാലാം സ്ഥാനമായിരിക്കുന്നു ഇന്ത്യക്ക്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നില്ലതാനും. ഈ സന്ദര്‍ശനം ഇറക്കുമതി സംബന്ധിച്ച അവശേഷിക്കുന്ന ഉപാധികളും നിബന്ധനകളുംകൂടി എടുത്തുകളയാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കുന്നതിനുള്ളതാണ് എന്നതും നാം കാണേണ്ടതുണ്ട്. ചില്ലറ വ്യാപാരം, വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ് തുടങ്ങി പ്രതിരോധമേഖലവരെയുള്ളിടങ്ങളില്‍ അമേരിക്കയ്ക്കു മുന്നില്‍ ഇന്ത്യ വാതില്‍ തുറന്നുവയ്ക്കുക എന്നതാകും ബിസിനസ് ചര്‍ച്ചകളില്‍നിന്നുണ്ടാകുന്ന ഫലം എന്നത് നിസ്തര്‍ക്കമാണ്. ി അമേരിക്ക ഒരിക്കലും ഇന്ത്യക്കനുകൂലമായ നിലപാടെടുത്ത ചരിത്രമില്ല, ഹരിസിങ്ങിന്റെയും ഷേഖ് അബ്ദുള്ളയുടെയും നേതൃത്വത്തില്‍ കശ്മീര്‍ ഇന്ത്യന്‍ യൂണിയനോട് ചേര്‍ന്നവേളയില്‍ അന്താരാഷ്ട്രവേദികളില്‍ അതിനെ എതിര്‍ത്ത രാജ്യമാണ് അമേരിക്ക. പാക് അധീനകശ്മീര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ച രാജ്യം. ഇന്ത്യ- പാക് പ്രശ്നങ്ങളില്‍ ഇന്ത്യക്കെതിരായി തുടരെ വീറ്റോ പ്രയോഗിച്ച രാജ്യം. രക്ഷാസമിതി പ്രവേശനകാര്യത്തില്‍ ഇന്ത്യയെ എതിര്‍ത്ത രാജ്യം. ബംഗ്ളാദേശ് വിമോചനഘട്ടത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഏഴാം കപ്പല്‍പ്പടയെ അയച്ച രാജ്യം. ഇന്ത്യക്കാരന്‍ യുഎന്‍ സെക്രട്ടറി ജനറലാകുമെന്നുവന്നപ്പോള്‍ അതിനെ തകര്‍ത്ത രാജ്യം. 1974ലും മറ്റും ഉപരോധങ്ങളിലൂടെ ഇന്ത്യയെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ച രാജ്യം. ഇത്തരം ചരിത്രമുള്ള അമേരിക്ക ഇന്ത്യയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമാണെന്നു കരുതാന്‍ ലോകത്ത് ഒരു കോഗ്രസും ഒരു മന്‍മോഹന്‍സിങ്ങും മാത്രമേയുണ്ടാകൂ. കഴിഞ്ഞദിവസമുണ്ടായ തെരഞ്ഞെടുപ്പു ഫലത്തിലെ പിന്നോട്ടടിയുടെ പശ്ചാത്തലത്തില്‍ ജനപിന്തുണ സമാഹരിക്കാന്‍ ഒബാമ നടത്തുന്ന ഓരോ പ്രവര്‍ത്തനവും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നതരത്തിലാകാനേ വഴിയുള്ളൂവെന്നതും കാണാതിരിക്കേണ്ടതില്ല.
പ്രഭാവര്‍മ

No comments: