Sunday, November 07, 2010

ഒബാമയുടെ വാക്കും പ്രവൃത്തിയും

ഒബാമയുടെ വാക്കും പ്രവൃത്തിയും ..

സീതാറാം യെച്ചൂരി


ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം മോടിപിടിപ്പിച്ചിരിക്കയാണ്. തിങ്കളാഴ്ച ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ എംപിമാരെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോള്‍ ഒബാമ എന്ത് പറയുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. നല്ല പ്രഭാഷകനായ ഒബാമയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് നാം ഇതിനകംതന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഒബാമയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ മുമ്പേ തുടങ്ങിയതാണ്. ഇന്ത്യയില്‍നിന്ന് എന്താണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള തീട്ടൂരമടങ്ങുന്ന കത്ത് ഒബാമ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ചിരുന്നു. ചില പ്രതിരോധ കരാറുകളും ടെലികോം ഇടപാടും ആണവ വ്യാപാരവും മാത്രമല്ല, അമേരിക്കയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിസാധ്യത തുറന്നിടുക എന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് ഇന്ത്യ കീഴടങ്ങുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ലോക വ്യാപാരസംഘടനയുടെ ദോഹവട്ട ചര്‍ച്ചയിലൂടെ തകര്‍ച്ചയിലായ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും ജനങ്ങളുടെ ദുരിതവും കൂടുതല്‍ രൂക്ഷമാക്കുന്ന സമീപനമാണ് ഒബാമയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്്. അടുത്തിടെ നടന്ന ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍ക്കായുള്ള (എംഡിജി) ഉച്ചകോടിയില്‍ ഒബാമ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമായ സമീപനമാണ് ഇന്ത്യയോട് സ്വീകരിക്കുന്നത്. ഉച്ചകോടിയില്‍ കവിതയൊഴുകുന്ന വാക്കുകളിലൂടെ ഒബാമ പ്രഖ്യാപിച്ചു: " ഒരു പുതിയ സഹസ്രാബ്ദത്തിന്റെ പ്രഭാതത്തില്‍, നമ്മള്‍ മഹത്തായ ഒരു ലക്ഷ്യത്തിന് രൂപംകൊടുത്തിരിക്കയാണ്. കൊടിയ ദാരിദ്യ്രത്തിന്റെ അനീതിയില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നമ്മുടെ സഹോദരങ്ങളെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. അന്താരാഷ്ട്രസമൂഹം ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് പല വികസനലക്ഷ്യങ്ങളും നഷ്ടമാകും. ഇത് ഒരു സത്യമാണ്.'' ഒബാമയുടെ ഈ വാക്കുകളിലെ ആത്മാര്‍ഥത പ്രവൃത്തിയിലില്ല. ലോകത്തെ ദാരിദ്യ്രവും രോഗവും കുറച്ച് പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ് എംഡിജിയിലൂടെ ഉദ്ദേശിച്ചത്. ദാരിദ്രത്തിന്റെയും പട്ടിണിയുടെയും നിരക്ക് കുറയ്ക്കാനുള്ള ലക്ഷ്യപ്രഖ്യാപനത്തെ 191 രാജ്യങ്ങള്‍ അംഗീകരിക്കുകയും 147 രാജ്യങ്ങളിലെ ഗവമെന്റുകള്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. 1990 നെ അടിസ്ഥാനമാക്കി ഇവ 2025ല്‍ കുറച്ചുകൊണ്ടുവരാനാണ് ലക്ഷ്യമിട്ടത്. ശിശുമരണനിരക്ക് മൂന്നില്‍ രണ്ടായും ഗര്‍ഭിണികളുടെ മരണനിരക്ക് നാലില്‍ മൂന്നായും കുറയ്ക്കുന്നതോടൊപ്പം എല്ലാവര്‍ക്കും സാര്‍വത്രികമായ പ്രാഥമികവിദ്യാഭ്യാസം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. എന്നാല്‍, 1990നും 2008നുമിടയില്‍ ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ അവലോകനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാത്രമല്ല, 2010ലെ യുഎന്‍ റിപ്പോര്‍ട്ടില്‍ സ്ഥിതി ഏറെ ദയനീയമാണെന്നും ചൂണ്ടിക്കാട്ടുന്നു. പുതുക്കിയ കണക്കുപ്രകാരം ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത് ആഗോളസാമ്പത്തികമാന്ദ്യം അഞ്ച് കോടി ജനങ്ങളെകൂടി 2009ല്‍ കൊടിയ ദാരിദ്യ്രത്തിലേക്ക് തള്ളിവിട്ടെന്നാണ്. 2010 അവസാനത്തോടെ ഇത് 6.4 കോടിയായി ഉയരും. മാന്ദ്യത്തിന് പിന്നാലെ സാമ്പത്തികവളര്‍ച്ച പൂര്‍വസ്ഥിതിയിലെത്തിയാലും 2015ലും 2020ലും ദാരിദ്യ്രത്തിന്റെ നിരക്ക് കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദാരിദ്യ്രം ഇല്ലായ്മ ചെയ്യാന്‍ സാധിച്ചിട്ടില്ല. 1990ല്‍ ജനസംഖ്യയുടെ 37.2 ശതമാനം ദാരിദ്യ്രരേഖയ്ക്ക് താഴെയായിരുന്നു. ഇത് 2015ല്‍ 18.5 ശതമാനമാക്കാനായിരുന്നു ലക്ഷ്യമിട്ടത്. 22 ശതമാനത്തിലെത്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് കാണുന്നത്. പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 2015ല്‍ 26.8 ശതമാനമാക്കി കറയ്ക്കുകയായിരുന്നു ലക്ഷ്യം. 40 ശതമാനത്തിന്റെ നിലവാരത്തിലെത്താന്‍പോലുമാകില്ല. ശിശുമരണ നിരക്ക്, പ്രസവസമയത്തെ സ്ത്രീകളുടെ മരണനിരക്ക് എന്നിവ കുറയ്ക്കാനുള്ള ലക്ഷ്യവും കൈവരിക്കാനാകില്ല. നമ്മുടെ ജനസംഖ്യയുടെ 51 ശതമാനത്തിനും ശുചീകരണസംവിധാനവും ആരോഗ്യസംരക്ഷണസൌകര്യങ്ങളുമില്ല. സഹസ്രാബ്ദ വികസനലക്ഷ്യം കൈവരിക്കാന്‍ രൂപീകരിച്ച ഫണ്ടിലേക്ക് വികസിതരാജ്യങ്ങള്‍ അവരുടെ മൊത്ത ദേശീയവരുമാനത്തിന്റെ 0.7 ശതമാനം സംഭാവന നല്‍കാമെന്ന് 2002ല്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, പല രാജ്യങ്ങളും ഇതില്‍നിന്ന് പിന്മാറി. പട്ടിണിമാറ്റാന്‍ യത്നിക്കണമെന്ന് പറയുന്ന ഒബാമ പ്രസിഡന്റായിരിക്കുമ്പോള്‍ അമേരിക്കപോലും വാഗ്ദാനം നിറവേറ്റിയില്ല. 2009ല്‍ അമേരിക്ക ഈ ഫണ്ടിലേക്ക് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 0.2 ശതമാനമാണ് നല്‍കിയത്. യൂറോപ്യന്‍ യൂണിയന്റെ സംഭാവന മൊത്തദേശീയ വരുമാനത്തിന്റെ (ജിഎന്‍ഐ) 0.48 ശതമാനവും. സഹസ്രാബ്ദലക്ഷ്യം കൈവരിക്കാന്‍ ആഗോളതലത്തിലും ഇന്ത്യയിലും ഇന്ന് നടപ്പാക്കുന്ന നയം ഉപേക്ഷിച്ച് പുതിയ സമീപനം സ്വീകരിക്കണം. വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ നയംമാറ്റവും ഗവമെന്റുകളുടെ ഇടപെടലുകളും അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹ്യക്ഷേമത്തിനുള്ള അണ്ടര്‍സെക്രട്ടറി ഷാ സുയോങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമ്പന്നനും ദാരിദ്രനും തമ്മിലും ഗ്രാമീണജനതയും നഗരവാസികളും തമ്മിലുമുള്ള അസമത്വങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഭൂമിശാസ്ത്രം, ലിംഗം, പ്രായം, വംശീയ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള അസമത്വങ്ങളും വര്‍ധിച്ചുവരുന്നു. ഇത് പരിഹരിക്കാന്‍ ആഗോളതലത്തിലും ഇന്ത്യയിലും സമൂലമായ പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. സാമ്പത്തികമാന്ദ്യം മറികടക്കാന്‍ അമേരിക്ക വ്യവസായ-വാണിജ്യ-ബാങ്കിങ് മേഖലയിലെ 12.2 ലക്ഷം കോടി ഡോളിന്റെ ബാധ്യത എഴുതിത്തള്ളിയെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നടപ്പുസാമ്പത്തികവര്‍ഷത്തെ (2009-10) ബജറ്റില്‍ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് 5,02,299 കോടി രൂപയുടെ നികുതി ഇളവുകളാണ് അനുവദിച്ചത്്. കോര്‍പറേറ്റുകളുടെ ലാഭത്തിനായി അനുവദിച്ച പണം പൊതുമേഖലയുടെ നിക്ഷേപമായും അടിസ്ഥാനസൌകര്യത്തിനും വിനിയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമായിരുന്നു. അതുവഴി ആഭ്യന്തരവിപണിയുടെ വിപൂലീകരണവും സാമ്പത്തികവളര്‍ച്ചയും സാധ്യമായിരുന്നു. ഇത് ദാരിദ്യ്ര- പോഷകാഹാരക്കുറവിന്റെ നിരക്ക് കുറച്ച് ജനങ്ങളുടെ ജീവിതസൂചിക ഉയര്‍ത്തി. നയംമാറ്റത്തിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ധനവിപണിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. കൂടുതല്‍പേരെ കൊടിയ ദാരിദ്യ്രത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്ന വിലക്കയറ്റത്തിന് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളുടെയൂം അവശ്യസാധനങ്ങളുടെയും ഊഹക്കച്ചവടം അവസാനിപ്പിക്കുന്ന നയമാറ്റം വേണം. ലോകവ്യാപാരസംഘടനയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളിലും കാലാവസ്ഥ വ്യതിയാന ചര്‍ച്ചയിലും വികസിതരാജ്യങ്ങള്‍ അവരുടെ പ്രഖ്യാപനങ്ങള്‍ പാലിക്കാതെ വികസ്വര രാജ്യങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്നു. വികസ്വര രാജ്യങ്ങളുടെ ഊര്‍ജാവശ്യങ്ങള്‍ക്കുനേരെയും കണ്ണടയ്ക്കുകയാണ്. സഹസ്രാബ്ദ വികസനലക്ഷ്യം കൈവരിക്കാനുള്ള പിന്നോക്കരാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് തടയിടുന്ന ഇരട്ടത്താപ്പ് നയമാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്നത്്. സഹസ്രാബ്ദ വികസനലക്ഷ്യം കൈവരിക്കാനായി വികസിതരാജ്യങ്ങളുടെ നയസമീപനത്തില്‍ കാതലായ മാറ്റംവരുത്താനുള്ള നേതൃപരമായ പങ്ക് നൊബേല്‍ ജേതാവായ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നിര്‍വഹിക്കുമോ എന്ന് പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ഇന്ത്യന്‍ജനതയ്ക്ക് അറിയേണ്ടത്. വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമില്ലെന്ന് തെളിയിക്കാനുള്ള അവസരംകൂടിയാണ് ഒബാമയ്ക്ക് ഇന്ത്യാ സന്ദര്‍ശനം.

1 comment:

ജനശക്തി ന്യൂസ്‌ said...

ഒബാമയുടെ വാക്കും പ്രവൃത്തിയും
സീതാറാം യെച്ചൂരി
ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം മോടിപിടിപ്പിച്ചിരിക്കയാണ്. തിങ്കളാഴ്ച ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ എംപിമാരെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോള്‍ ഒബാമ എന്ത് പറയുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. നല്ല പ്രഭാഷകനായ ഒബാമയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് നാം ഇതിനകംതന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഒബാമയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ മുമ്പേ തുടങ്ങിയതാണ്. ഇന്ത്യയില്‍നിന്ന് എന്താണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള തീട്ടൂരമടങ്ങുന്ന കത്ത് ഒബാമ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ചിരുന്നു. ചില പ്രതിരോധ കരാറുകളും ടെലികോം ഇടപാടും ആണവ വ്യാപാരവും മാത്രമല്ല, അമേരിക്കയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിസാധ്യത തുറന്നിടുക എന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് ഇന്ത്യ കീഴടങ്ങുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും.