Tuesday, November 09, 2010

അഹങ്കാരത്തിലൂടെ അക്രമത്തിലേക്കോ?

അഹങ്കാരത്തിലൂടെ അക്രമത്തിലേക്കോ?
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ അല്‍പംചില സീറ്റുകള്‍ കൂടുതല്‍ കിട്ടിയതിന്റെപേരില്‍ ഇളകിവശായ യുഡിഎഫ് കേരളത്തിലാകെ അക്രമംഅഴിച്ചുവിട്ട് അസ്വസ്ഥത സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്. മുന്‍മന്ത്രിയുംസിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടി ശിവദാസമേനോന്‍ താമസിക്കുന്ന മഞ്ചേരിയിലെ വീടിനുനേര്‍ക്ക് നടന്ന ആക്രമണമടക്കം കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി വരുന്നത് യുഡിഎഫ് പ്രകോപനം സൃഷ്ടിക്കുന്നതിന്റെ വാര്‍ത്തകളാണ്. ഒരുവശത്ത് എല്‍ഡിഎഫ് നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കുംനേര്‍ക്ക് ആക്രമണം, മറുവശത്ത് കോഗ്രസിനുള്ളില്‍തന്നെ ചേരിതിരിഞ്ഞ് ആക്രമണം. തദ്ദേശഭരണ അധ്യക്ഷന്മാരെ ഗ്രൂപ്പ്സമവാക്യങ്ങള്‍ക്കൊത്ത് പങ്കുവെക്കുന്നതിലുള്ള തര്‍ക്കം കത്തിക്കുത്തില്‍വരെയെത്തിയത് കഴിഞ്ഞദിവസമാണെങ്കില്‍ കുറച്ചുമാസങ്ങള്‍ക്കുമുമ്പാണ് തിരുവനന്തപുരം നന്തന്‍കോട്ട് കോഗ്രസ് യോഗത്തിനിടെ മണ്ഡലം പ്രസിഡന്റിനെ സഹപ്രവര്‍ത്തകന്‍ ചവുട്ടിക്കൊന്നത്. സ്വന്തം പാര്‍ടി നേതാവിനെ ആക്രമിക്കുന്നതില്‍ ലീഗും പിന്നിലല്ല.
കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സ തര്‍ക്കവുമായി ബന്ധപ്പെട്ട് മുസ്ളിംലീഗ് ജില്ല പ്രസിഡന്റിന്റെ വീട് യൂത്തുലീഗുകാര്‍ ആക്രമിച്ചതും കാര്‍ തകര്‍ത്തതും തിങ്കളാഴ്ചയാണ്. ജയപരാജയങ്ങളെ ജനാധിപത്യ പ്രക്രിയയിലെ സ്വാഭാവിക കാര്യങ്ങളെന്നുകരുതി സമതുലിതമായ മനസ്സോടെ കാണാനുള്ള രാഷ്ട്രീയ മാനസികാവസ്ഥ യുഡിഎഫിന് നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ യുഡിഎഫിനുണ്ടായ ‘ജയ’ത്തേക്കാള്‍ എത്രയോ വലിയ വിജയമാണ് കഴിഞ്ഞതവണ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനുണ്ടായത്. ആ വിജയം എല്‍ഡിഎഫിനെ മത്തുപിടിപ്പിച്ചില്ല. അന്ന് പരാജയത്തിന്റെ പേരില്‍ കേരളത്തിലാകെ അക്രമം അഴിച്ചുവിട്ടവര്‍ ഇന്ന് ‘ജയ’ത്തിന്റെ പേരില്‍ അതേ അക്രമം ആവര്‍ത്തിക്കുന്നു. യുഡിഎഫിന് ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുള്ളത് അഞ്ചാറുലക്ഷം വോട്ടുകളുടെമാത്രം മുന്‍കൈയാണ്. മൂന്നരക്കോടിയിലേറെ ജനങ്ങള്‍ താമസിക്കുന്ന സംസ്ഥാനത്ത് ഇത് തുലോംചെറുതാണെന്നത് രാഷ്ട്രീയ ഗണിതശാസ്ത്രമറിയുന്ന ആര്‍ക്കും മനസിലാകും. അതിനപ്പുറം അഭിമാനിക്കാനൊന്നും അവശേഷിപ്പിച്ചിട്ടില്ലാത്ത അവിശുദ്ധ ബന്ധങ്ങളിലൂടെയും വര്‍ഗീയ സഖ്യങ്ങളിലൂടെയുമാണ് കൊട്ടിഘോഷിക്കുന്ന ഈ ‘ജയം’ യുഡിഎഫ് നേടിയെടുത്തത് എന്നതും ഏവര്‍ക്കുമറിയാവുന്നതാണ്.
ഒരുവശത്ത് എസ്ഡിപിഐ മുതല്‍ ആര്‍എസ്എസ് വരെയുള്ളവരുമായി കൂട്ടുകൂടി. മറുവശത്ത് മുന്‍ നക്സലൈറ്റുകള്‍ മുതല്‍ അരാജകവാദികള്‍വരെയുള്ളവരുമായി കൂട്ടുകൂടി. ജനാധിപത്യ ധാര്‍മികമൂല്യങ്ങളാകെ കാറ്റില്‍ പറത്തി. തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടങ്ങളടക്കം ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ ലംഘിച്ചു. കള്ളപ്രചാരണങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ടു. ഇങ്ങനെ കളങ്കിതവും അവിശുദ്ധവുമായ മാര്‍ഗങ്ങളിലൂടെ നേടിയ ‘ജയം’ അതുകൊണ്ടുതന്നെ, കോഗ്രസിലും യുഡിഎഫിലും അന്തഃഛിദ്രത്തിന്റെ കടന്നല്‍ക്കൂടിളക്കുകയും ചെയ്യുന്നു. അതിന്റെ ദൃഷ്ടാന്തങ്ങളാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഗ്രസിനുള്ളില്‍ കായികമായും അല്ലാതെയും നടക്കുന്ന ഏറ്റുമുട്ടലുകള്‍. ആലപ്പുഴ ഡിസിസി ഓഫീസ് കഴിഞ്ഞദിവസം കലാപക്കളമായി മാറി. എ ഗ്രൂപ്പുനേതാവായ ബിനു ജേക്കബ്ബിന് കുത്തേറ്റു. ആലപ്പുഴയില്‍ കത്തിക്കുത്തുമാത്രമല്ല, ഡിസിസി ഓഫീസ് കോഗ്രസുകാര്‍തന്നെ അടിച്ചുതകര്‍ക്കുന്ന നിലയുമുണ്ടായി. രണ്ടുവട്ടം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് പലരും ആശുപത്രിയിലായി.
വിതുര പെവാണിഭക്കേസില്‍ വിചാരണ നേരിടുന്ന നാലാംപ്രതി എം ടി ജേക്കബ്ബിനെ ആലുവ മുനിസിപ്പല്‍ ചെയര്‍മാനാക്കാനുള്ള തീരുമാനത്തിനെതിരായി വനിതകള്‍വരെ രംഗത്തിറങ്ങുന്നതായാണ് പുറത്തുവന്നിട്ടുള്ള വിവരം. കൊച്ചിയിലാകട്ടെ കോഗ്രസിന്റെ മേയര്‍സ്ഥാനാര്‍ഥിയെന്ന് വിശേഷിപ്പിച്ചുനടന്ന ഐ ഗ്രൂപ്പ് നേതാവ് എന്‍ വേണുഗോപാല്‍ അവരുടെ പാര്‍ലമെന്ററി പാര്‍ടി തെരഞ്ഞെടുപ്പില്‍ തോറ്റതോടെ രാജിഭീഷണി മുഴക്കി നില്‍ക്കുന്നു. രാജിഭീഷണിക്കിടെ വേണുഗോപാല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. തദ്ദേശഭരണ ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ സമുദായശക്തികളാണ് മുഖ്യപങ്കു വഹിക്കുന്നത് എന്നതാണത്.
മതനിരപേക്ഷകക്ഷി എന്നവകാശപ്പെടുന്ന കോഗ്രസ് തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി നടത്തുന്ന വര്‍ഗീയ പ്രീണനത്തിലൂടെ എത്രമാത്രം തരംതാഴുന്നു എന്നതിനുള്ള തെളിവ് എന്‍ വേണുഗോപാലിന്റെ വാക്കുകളിലുണ്ട്. പത്തുവര്‍ഷമായി കൌസിലറും നിലവില്‍ കെപിസിസി ജനറല്‍സെക്രട്ടറിയുമായ തന്നെ ഒതുക്കിയത് സമുദായശക്തികളാണെന്ന് വേണുഗോപാല്‍ പറയുന്നു. സമുദായത്തിന്റെ ഇടപെടല്‍ നല്ലതിനാണോ എന്ന് കോഗ്രസുകാര്‍ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ യുഡിഎഫിന്റെ ആഭ്യന്തരകാര്യങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍, ആക്രമണം പൊതുസമൂഹത്തിന്റെ നേര്‍ക്കുകൂടിയാവുന്നു എന്നതാണ് ടി ശിവദാസമേനോന്‍ താമസിക്കുന്ന വീടിനുനേര്‍ക്ക് നടന്ന ആക്രമണത്തില്‍നിന്ന് വ്യക്തമാകുന്നത്. ശിവദാസമേനോന്റെ മകളുടെ ഭര്‍ത്താവും മഞ്ചേരിയിലെ പ്രമുഖ അഭിഭാഷകനുമായ സി ശ്രീധരന്‍നായരുടെ വീടിനുനേര്‍ക്കാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച അര്‍ധരാത്രി മുസ്ളിംലീഗ് നടത്തിയ ആക്രമണത്തിലാണ് വീടിന് നാശനഷ്ടമുണ്ടായത്. ഒരു തെരഞ്ഞെടുപ്പ് ‘വിജയ’ത്തിന്റെ പേരില്‍ പൊതുസമൂഹത്തിലേക്ക് അക്രമവുമായി ഇറങ്ങാനാണ് ലീഗിന്റെ പരിപാടിയെങ്കില്‍ രാഷ്ട്രീയപ്രബുദ്ധതയുള്ള കേരളം അതിനെ ഗൌരവത്തോടെ നേരിടും എന്നത് തീര്‍ച്ച. കേരളത്തില്‍ നിലവിലുള്ള സമാധാനാന്തരീക്ഷം തകര്‍ക്കാനും അങ്ങനെ രാഷ്ട്രീയമുതലെടുപ്പ് നടത്താനുമുള്ള പ്രകോപനപരമായ നടപടിയാണിതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സംയമനം പാലിക്കുകയാണ് സിപിഐ എം ചെയ്തത്. ലീഗിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റത്തെ രാഷ്ട്രീയകേരളം സൂക്ഷ്മതയോടെ നോക്കിക്കാണുന്നുണ്ടെന്നുമാത്രം ഈ ഘട്ടത്തില്‍ പറയട്ടെ. തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ഭീകരപ്രവര്‍ത്തകരുടെ സംഘടനയുമായിവരെ യോജിച്ചുനിന്ന ലീഗിലേക്ക്, അത്തരം സംഘടനയുടെ സ്വഭാവം വളരെ വേഗത്തില്‍ പടര്‍ന്നുകയറുന്നുവെന്നത് കേരളം ഗൌരവത്തോടെ ശ്രദ്ധിക്കുന്നുണ്ട്.
തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളുടെ ഫലം വന്നതിനുശേഷം മുസ്ളിംലീഗ് മഞ്ചേരിയില്‍ തുടര്‍ച്ചയായി ആക്രമണപരമ്പരയാണ് നടത്തുന്നത്. മുന്‍ നഗരസഭാ ചെയര്‍മാന്‍, സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ വീടുകള്‍ക്കുനേര്‍ക്കും ആക്രമണമുണ്ടായി. ആ പരമ്പരയില്‍പ്പെട്ടതാണ് ശിവദാസമേനോന്‍ താമസിച്ച വീടിനുനേര്‍ക്കുണ്ടായത്. സമുദായശക്തികള്‍ക്ക് കീഴ്പ്പെട്ട് നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം രാഷ്ട്രീയപാര്‍ടിയുടെ സമസ്ത അവകാശങ്ങളും അടിയറവയ്ക്കുന്നിടത്തേ ചെന്നെത്തൂ എന്നത് ഇവിടെ തെളിയുന്നുണ്ട്. അതേപോലെ, പെവാണിഭക്കേസില്‍ വിചാരണ നേരിടുന്നയാളെത്തന്നെ അധ്യക്ഷപദവിയിലേക്കുയര്‍ത്താനായി കോഗ്രസ് കാട്ടുന്ന വ്യഗ്രത ആ പാര്‍ടിയുടെ രാഷ്ട്രീയ ജീര്‍ണതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് അധികാരസ്ഥാനങ്ങളില്‍ ആരെ നിയോഗിക്കണമെന്ന് തീരുമാനിക്കാന്‍ ചേരുന്ന നേതൃയോഗങ്ങള്‍ അടികലശലിലും കത്തിക്കുത്തിലും എത്തുന്ന അവസ്ഥ കോഗ്രസിന്റെ ജനാധിപത്യരാഹിത്യത്തിനും കുറ്റവാസനയ്ക്കും വേണ്ടത്ര തെളിവു തരുന്നുണ്ട്

1 comment:

raiku said...

after arresting ur own people , what you want to say now?
dont spread false News..
be gentle ..