Sunday, November 07, 2010

മാന്ദ്യം: മുതലാളിത്തത്തിന്റെ പരിഹാരനടപടികള്‍ തൊഴിലാളികള്‍ക്കു ഭീഷണി- കെ എന്‍ രവീന്ദ്രനാഥ് ..

മാന്ദ്യം: മുതലാളിത്തത്തിന്റെ പരിഹാരനടപടികള്‍ തൊഴിലാളികള്‍ക്കു ഭീഷണി- കെ എന്‍ രവീന്ദ്രനാഥ് ..

ആലപ്പുഴ: ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് വികസിത മുതലാളിത്തരാജ്യങ്ങള്‍ സ്വീകരിക്കുന്ന പരിഹാരനടപടികള്‍ തങ്ങള്‍ക്കു ഭീഷണിയാണെന്നു മനസ്സിലാക്കി തൊഴിലാളിവര്‍ഗം ശക്തമായ പോരാട്ടങ്ങള്‍ക്കു കരുത്തുനേടണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പറഞ്ഞു. ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) പത്താം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്തു തൊഴിലാളിവര്‍ഗം സാര്‍വദേശീയമായും ദേശീയതലത്തിലും നടത്തുന്ന പോരാട്ടം ആവേശം പകരുന്നതാണ്. ഇതു കൂടുതല്‍ ശക്തമാക്കുന്നതിന് നാം ഇനിയും ശക്തി ആര്‍ജിക്കേണ്ടതുണ്ട്. കഴിഞ്ഞ സെപ്തംബര്‍ ഏഴിനു നടന്ന ദേശീയപണിമുടക്കില്‍ പ്രകടമായ യോജിപ്പും ഐക്യവും കൂടുതല്‍ വിശാലമാക്കണം. ലോക കമ്പോളം സ്ഥാപിതമാകുന്നതോടെ ബൂര്‍ഷ്വാ സാമൂഹ്യവ്യവസ്ഥ അതേപടി നിലനിര്‍ത്താന്‍ മുതലാളിത്തത്തിനു കഴിയില്ലെന്നു ഒന്നരനൂറ്റാണ്ടുമുമ്പ് കാറല്‍ മാര്‍ക്സ് ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. മാര്‍ക്സിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിയെന്നു തെളിയിക്കുന്നതാണ് വര്‍ത്തമാനകാലത്ത് ലോകമുതലാളിത്തം നേരിടുന്ന പ്രതിസന്ധി. പ്രതിസന്ധി പരിഹരിക്കാന്‍ പൊതുഖജനാവില്‍നിന്നു ഭീമമായ തുക ചെലവിടുകയാണ് വികസിത മുതലാളിത്തരാജ്യങ്ങള്‍. ഇതിന്റെ ഫലമായി ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഭീമമായ കടത്തിലേക്ക് എടുത്തെറിയപ്പെട്ടു. ഇതില്‍നിന്നു കരകയറാന്‍ അന്താരാഷ്ട്ര നാണയനിധി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പ്രതിസന്ധി കൂടുതല്‍ മൂര്‍ഛിപ്പിക്കും. ജനങ്ങളില്‍ നികുതി ഉള്‍പ്പെടെ കൂടുതല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ഈ നിര്‍ദേശങ്ങള്‍. ഇതിന്റെ ഫലമായി വികസനപദ്ധതികള്‍ക്കു മുതല്‍മുടക്കില്ലാത്ത നിലയുണ്ട്. ഇപ്പോള്‍തന്നെ പ്രതിസന്ധി ഗ്രസിച്ച രാജ്യങ്ങളില്‍ ഒരുകോടി തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖ്യമുഖമുദ്രയായിരിക്കുന്നു. ദശലക്ഷക്കണക്കിനു കോടിരൂപയുടേതാണ് ഓരോ അഴിമതിയും. പൊതുവിതരണ സമ്പ്രദായത്തില്‍പോലും അഴിമതി വ്യാപകമാകുന്നു. സുപ്രീംകോടതി ഇടപെട്ടിട്ടും കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്കു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. സൂക്ഷിച്ചുവയ്ക്കാന്‍ ഗോഡൌ സൌകര്യമില്ലാതെ അവ വന്‍തോതില്‍ നശിക്കുകയാണ്. ഇതടക്കമുള്ള പ്രശ്നങ്ങളില്‍ കരുത്തുറ്റ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും രവീന്ദ്രനാഥ് ആഹ്വാനം ചെയ്തു.

No comments: