Wednesday, November 03, 2010

തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പ്രകടനം.1



തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പ്രകടനം.1

പിണറായി വിജയന്

‍കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ടു ഘട്ടത്തിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ണമായും പുറത്തുവന്നു കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി അമ്പേ പരാജയപ്പെട്ടെന്നും രാഷ്ട്രീയ അടിത്തറ ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നുമുള്ള പ്രചാരവേല സംഘടിതമായി നടക്കുകയാണ്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പിലെ പ്രകടനവും അതിന് അടിസ്ഥാനമായ വോട്ടിങ് നിലയും പരിശോധിച്ചാല്‍ ഇത്തരം പ്രചാരണങ്ങള്‍ വസ്തുതകളുമായി ബന്ധമില്ലാത്തതാണെന്നു കാണാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ച വിജയം നേടിയിട്ടില്ല എന്നത് വസ്തുതയാണ്. അതിന്റെ കാരണങ്ങളെ സംബന്ധിച്ച് വിശദമായ പരിശോധന പാര്‍ടിയുടെ വിവിധ ഘടകങ്ങളില്‍ നടക്കുകയാണ്. സ. ഐ വി ദാസിന്റെ മരണംമൂലം കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും പ്രാഥമികമായ ചില കാര്യങ്ങള്‍ അതുവരെ ഉണ്ടായ ചര്‍ച്ചകളില്‍നിന്ന് ഉരുത്തിരിഞ്ഞുവരികയുണ്ടായി. ഇതിനുമുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത് 2005ലാണ്. അതില്‍ 49.22 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ (2010) 42.32 ശതമാനം വോട്ടാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍നിന്ന് 6.90 ശതമാനം വോട്ടിന്റെ കുറവ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായി എന്ന് വ്യക്തമാകുന്നു. എന്നാല്‍, ആ കുറവിന് മറ്റൊരു കാരണമുണ്ട്. 2005ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പംനിന്ന ഡിഐസിയും ജനതാദള്‍ എസിലെയും കേരള കോഗ്രസ് ജോസഫിലെയും ഒരു വലിയ വിഭാഗവും ഐഎന്‍എല്ലിലെ ഒരു വിഭാഗവും ഇത്തവണ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് 2005ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് ശതമാനം ഇപ്രകാരമാണ്: ഡിഐസി- 4.67, ജനതാദള്‍ എസ്- 2.37, കേരള കോഗ്രസ് ജോസഫ്- 1.79, ഐഎന്‍എല്‍- 0.35. ഇവയെല്ലാം ചേര്‍ത്താല്‍ 9.18 ശതമാനം വോട്ട് വരും. ഈ വോട്ട് 2005ല്‍ കിട്ടിയ വോട്ടില്‍നിന്ന് കുറച്ചാല്‍ എല്‍ഡിഎഫിന്റെ വോട്ട് 40.04 ശതമാനമാണ്. എന്നാല്‍, ഈ പ്രാവശ്യം ലഭിച്ചതാകട്ടെ 42.32 ശതമാനമാണ്. അതായത്, 2.28 ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത് കാണിക്കുന്നത് എല്‍ഡിഎഫിന്റെയോ അതിന്റെ ഘടക കക്ഷികളുടെയോ സ്വാധീനം കേരളത്തില്‍ ദുര്‍ബലപ്പെട്ടിട്ടില്ല എന്നാണ്. 2000ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 42.64 ശതമാനം വോട്ടാണ്. ഇപ്പോള്‍ ലഭിച്ച 42.32 മായി താരതമ്യപ്പെടുത്തി നോക്കിയാല്‍ എല്‍ഡിഎഫിന് ഇത്തവണ ഉണ്ടായത് 0.32 ശതമാനത്തിന്റെ കുറവുമാത്രമാണ്. 2000ലെ മുന്നണി സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായ നിലയിലാണ് ഇന്ന് എല്‍ഡിഎഫ് നിലകൊള്ളുന്നത് എന്നുകൂടി പരിഗണിക്കുമ്പോള്‍ എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ രാഷ്ട്രീയത്തിനു പിന്നില്‍ ഉറച്ച അടിത്തറ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വ്യക്തമാവുക. എല്ലാ തെരഞ്ഞെടുപ്പുകളിലും 42 ശതമാനത്തോളം വോട്ട് എല്‍ഡിഎഫ് നിലനിര്‍ത്തുന്നുണ്ട്. അതായത്,അത്രയും വോട്ടിന്റെ സുശക്തമായ അടിത്തറ എല്‍ഡിഎഫിനുണ്ട്. എന്നാല്‍, ഇത്തരം ഭദ്രമായ ഒരു അടിത്തറ യുഡിഎഫിനുണ്ട് എന്ന് പറഞ്ഞുകൂടാ. 1995 മുതല്‍ ഇതുവരെ നടന്ന 11 തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇപ്പോള്‍ ലഭിച്ച വോട്ടിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ യുഡിഎഫിന് പലപ്പോഴും ലഭിച്ചതായി കാണാം. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 38.45 ശതമാനമാണ് യുഡിഎഫിന് ലഭിച്ച വോട്ട്. 2005ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത് 40.21 ശതമാനം വോട്ടാണ്. 2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാകട്ടെ അവരുടെ വോട്ടിങ് ശതമാനം 41.48 ശതമാനമാണ്. എല്‍ഡിഎഫിന് ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ യുഡിഎഫിന് മൂന്നു തവണ ലഭിച്ചിട്ടുണ്ട് എന്നാണിതിനര്‍ഥം. മുപ്പത്തെട്ടു ശതമാനം എന്നത് ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രകടനത്തിലെ ഏറ്റവും കുറഞ്ഞ ശതമാനമാണ്. ഇത് കാണിക്കുന്നത് യുഡിഎഫിന്റെ അടിത്തറ എല്‍ഡിഎഫുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ദുര്‍ബലമാണ് എന്നതാണ്. എല്‍ഡിഎഫിന്റെ കരുത്തുറ്റ രാഷ്ട്രീയ അടിത്തറയെ വെല്ലുവിളിക്കാന്‍ പോകുന്ന രാഷ്ട്രീയ പിന്തുണ യുഡിഎഫിന് കേരളത്തിലില്ല. യുഡിഎഫിന് കൂടുതല്‍ ലഭിക്കുന്ന വോട്ടുകളുടെ അടിത്തറ രാഷ്ട്രീയത്തിന് ബാഹ്യമായ ചില ഘടകങ്ങളില്‍നിന്നാണ് എന്നുമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. വര്‍ഗീയ-ഭീകരവാദ സംഘടനകളും ഇതര പിന്തിരിപ്പന്‍ സംഘങ്ങളുമാണ് ആ ബാഹ്യഘടകങ്ങള്‍. കേരളത്തിലെ പിന്തിരിപ്പന്‍ വര്‍ഗീയ ഭീകരവാദ സംഘടനകളെ നിലനിര്‍ത്തുക എന്നത് യുഡിഎഫിന്റെ രാഷ്ട്രീയ നിലനില്‍പ്പിന്റെകൂടി ഭാഗമാണ്. അതുകൊണ്ടാണ് യുഡിഎഫ് അധികാരത്തില്‍ എത്തുന്ന ഘട്ടങ്ങളില്‍ ഇത്തരം സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ലഭിക്കുന്നതും വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കും ഭീകരവാദികളുടെ വിളയാട്ടങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതും. കേരളത്തിന്റെ സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ അന്തരീക്ഷം സംശുദ്ധമായി നിലനില്‍ക്കണമെങ്കില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയേ മതിയാകൂ. കേരളത്തിന്റെ നവോത്ഥാന മതേതരത്വ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നതിനും ഈ രാഷ്ട്രീയസമീപനം അനിവാര്യമാണെന്നു കാണാം. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി തട്ടിച്ച് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്‍ഡിഎഫ് കൂടുതല്‍ കരുത്താര്‍ജിച്ചുവരുന്ന ചിത്രമാണുള്ളത്. പാര്‍ലമെന്റ് വോട്ടില്‍ എല്‍ഡിഎഫിന് ലഭിച്ചത് 67,17,438 ആണ്. തദ്ദേശ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ടുകളുടെ എണ്ണം 77,81,671 ആണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 10,64,233 വോട്ടിന്റെ വര്‍ധന സംസ്ഥാനത്തൊട്ടാകെ എല്‍ഡിഎഫിനുണ്ടായി എന്നര്‍ഥം. എല്ലാ ജില്ലകളിലും എല്‍ഡിഎഫിന് പാര്‍ലമെന്റിനെ അപേക്ഷിച്ച് വോട്ട് വര്‍ധിച്ചു. അതിന്റെ കണക്ക് ഇപ്രകാരമാണ്. തിരുവനന്തപുരം- 1,65,523, കൊല്ലം- 1,25,653, പത്തനംതിട്ട- 51,632, ആലപ്പുഴ- 72,795, കോട്ടയം- 50,488, ഇടുക്കി- 21,342, എറണാകുളം- 94,049, തൃശൂര്‍- 89,176, പാലക്കാട്- 84,288, മലപ്പുറം- 23,813, കോഴിക്കോട് - 1,19,101, വയനാട്- 63,421, കണ്ണൂര്‍- 85,504, കാസര്‍കോട്- 17,447. ഈ വര്‍ധന എല്‍ഡിഎഫ് നിലനിര്‍ത്തുമ്പോള്‍ യുഡിഎഫിന് കണ്ണൂരിലും ആലപ്പുഴയിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കുറയുന്ന സ്ഥിതിയാണുണ്ടായത്. വര്‍ഗീയസംഘടനകളുമായി തുറന്ന സംഖ്യത്തിന് യുഡിഎഫ് തയ്യാറായതിന്റെ തെളിവുകള്‍ കേരളത്തില്‍ ഉടനീളം ദൃശ്യമാണ്. മനുഷ്യസ്നേഹികള്‍ ആകമാനം രോഷംകൊണ്ടതാണ് ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം. അതിലെ പ്രതി അനസിനെ വാഴക്കുളം ബ്ളോക്കിലെ വഞ്ചിനാട് ഡിവിഷനില്‍നിന്ന് വിജയിപ്പിക്കുന്നതിന് വോട്ട് മറിക്കാന്‍ യുഡിഎഫ് തയ്യാറായി. വാഴക്കുളം ബ്ളോക്കിലെ വഞ്ചിനാട് ഡിവിഷനു കീഴില്‍ എട്ട് വാര്‍ഡാണുള്ളത്. ഇതില്‍ ഏഴു വാര്‍ഡും വിജയിച്ചത് യുഡിഎഫാണ്. ഒരു വാര്‍ഡില്‍മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാനായത്. അതാകട്ടെ മൂന്ന് വോട്ടിന്. ഈ ബ്ളോക്ക് ഡിവിഷനിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ യുഡിഎഫിന് 4209 വോട്ടുണ്ട്. എന്നാല്‍, ബ്ളോക്കിലേക്ക് വരുമ്പോള്‍ യുഡിഎഫിന്റെ വോട്ട് 2089 ആയി കുറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് 3992 ആയി വര്‍ധിച്ചു. കൈവെട്ട് കേസിലെ പ്രതികളെപ്പോലും ഇത്തരത്തില്‍ വിജയിപ്പിക്കുന്നതിന് യുഡിഎഫ് വോട്ട് മറിച്ചു നല്‍കി എന്നത് സാംസ്കാരിക കേരളത്തിനുതന്നെ അപമാനകരമായ സംഭവമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ദുര്‍ബലമായ തങ്ങളുടെ രാഷ്ട്രീയ അടിത്തറയെ ശക്തിപ്പെടുത്തുന്നതിന് ആരുമായും കൂട്ടുകെട്ടുണ്ടാക്കുന്ന യുഡിഎഫിന്റെ ശൈലിയുടെ മികച്ച ഉദാഹരണമാണ് ഈ സംഭവം. ഈ വസ്തുത മതേതര കേരളം തിരിച്ചറിഞ്ഞ് ഭാവിയില്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൈവെട്ട് കേസിലെ പ്രതിയെ വിജയിപ്പിച്ച യുഡിഎഫ് കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍ എസ്ഡിപിഐക്കുണ്ടായ വിജയത്തിനു കാരണം എല്‍ഡിഎഫ് വോട്ട് നല്‍കിയതാണെന്ന പ്രചാരണവും അഴിച്ചുവിടുകയാണ്. ഈ പ്രചാരണം തങ്ങളുടെ കൂട്ടുകെട്ട് മറച്ചുവയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ആ വാര്‍ഡിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. അവിടെ 2005ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി അന്ന് മത്സരിച്ചത് ഐഎന്‍എല്‍ ആയിരുന്നു. അന്ന് 560 വോട്ട് ലഭിച്ചു. എന്നാല്‍, 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 140 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. അസംബ്ളി ഉപതെരഞ്ഞെടുപ്പില്‍ അത് 133 ആയി. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 169 ആയി വര്‍ധിച്ചു. ഇത് കാണിക്കുന്നത് എല്‍ഡിഎഫിന്റെ വോട്ടുകള്‍ മറിച്ച് നല്‍കിയില്ല എന്നതാണ്. മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വര്‍ധിക്കുകയാണുണ്ടായത്. എന്നാല്‍, യുഡിഎഫിന്റെ വോട്ടില്‍ കുറവുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 459 വോട്ടായിരുന്നു യുഡിഎഫിന് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ അത് 381 ആയി. ഈ തെരഞ്ഞെടുപ്പില്‍ അത് 290 ആയി കുറഞ്ഞു. ഇവിടെയാണ് 325 വോട്ട് നേടി എസ്ഡിപിഐ വിജയിച്ചത്. ഇവിടെ കാണാവുന്ന വസ്തുത എസ്ഡിപിഐയെ വിജയിപ്പിക്കുന്നതിന് യുഡിഎഫ് വ്യഗ്രത കാണിച്ചു എന്നതാണ്. ഇത്തരം രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നത് യുഡിഎഫിന്റെ നിലനില്‍പ്പിന്റെ ഭാഗമാണ്; പലപ്പോഴായി അവര്‍ ആവര്‍ത്തിച്ച രീതിയുമാണ്. (അവസാനിക്കുന്നില്ല)

No comments: