Wednesday, November 03, 2010

മതനേതാക്കള്‍ക്ക് അതിരുവിട്ട സ്വാതന്ത്യ്രം വര്‍ഗീയ ധ്രുവീകരണത്തിന് വഴിവയ്ക്കും

മതനേതാക്കള്‍ക്ക് അതിരുവിട്ട സ്വാതന്ത്യ്രം വര്‍ഗീയ ധ്രുവീകരണത്തിന് വഴിവയ്ക്കും

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിട്ട പരാജയം കത്തോലിക്ക മതപുരോഹിതരുടെ ഇടതുവിരുദ്ധ നിലപാടു കാരണമാണെന്ന കെസിബിസിയുടെ പ്രസ്താവന പല്ലി ഉത്തരം ചുമക്കുന്നതിന് തുല്യമാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൌസില്‍ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വിവിധ സമുദായങ്ങളും വിവിധ പ്രസ്ഥാനങ്ങളും അവരുടെ നിലപാടുകളുമൊക്കെ പൊതുതെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടാകാം. തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ക്ക് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനിരിക്കെ എല്ലാത്തിനും ഉത്തരവാദികള്‍ തങ്ങളാണെന്ന് വിളിച്ചുപറയുന്ന മെത്രാന്മാര്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ്. എല്‍ഡിഎഫിനെ തങ്ങള്‍ തറപറ്റിച്ചുവെന്ന് വീമ്പിളക്കുന്ന കത്തോലിക്കാ സഭാനേതൃത്വം യുഡിഎഫ് തങ്ങളുടെ അഭിരുചിക്കനുസൃതമായി പോയില്ലെങ്കില്‍ അവരെയും പാഠം പഠിപ്പിക്കുമെന്ന് ആവര്‍ത്തിക്കുന്നത് മതങ്ങളുടെ രാഷ്ട്രീയത്തിലെ സ്വാധീനം അരക്കിട്ടുറപ്പിക്കുമെന്ന് പറയുന്നതിന് തുല്യമാണ്. താല്‍ക്കാലിക കാര്യലാഭത്തിനുവേണ്ടി മതനേതാക്കള്‍ക്ക് അതിരുവിട്ട സ്വാതന്ത്യ്രം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നല്‍കുന്നത് ഭാവിയില്‍ സംസ്ഥാനത്ത് കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന് തിരിച്ചറിയാനും അതിനനുസൃതമായി പ്രതികരിക്കാനും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആര്‍ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ജോയ് പോള്‍ പുതുശേരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഫെലിക്സ് ജെ പുല്ലൂടന്‍, ആന്റോ കൊക്കാട്ട്, ജോസഫ് വെളിവില്‍, ബെന്നി ജോസഫ്, ജോര്‍ജ് ജോസഫ്, ജോര്‍ജ് മൂലേച്ചാലില്‍, വി കെ ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments: