Monday, June 22, 2009

'വീക്ഷണ'ത്തിന്റെ വീക്ഷണ വൈകല്യം

'വീക്ഷണ'ത്തിന്റെ വീക്ഷണ വൈകല്യം
ഇ എം രാധ
ഇ എം എസിന്റെ ജന്മശതാബ്ദിവേളയില്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തില്‍ (പുസ്തകം 31, ലക്കം 922, 2009 ജൂണ്‍ 16 ചൊവ്വ) 'ഗവേഷകനും ചരിത്രാധ്യാപകനു'മായ ഡോ. എം.എസ് ജയപ്രകാശ് എഴുതിയ 'ഇ എം എസ് ഭക്തര്‍ വിളമ്പുന്ന നുണക്കഥ' എന്ന ലേഖനം ഗവേഷണ ചരിത്രവിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതിനു തുല്യമാണ്. വസ്തുതകള്‍ക്ക് തീരെ വിരുദ്ധമായ കാര്യങ്ങളാണ്, ശുദ്ധ നുണയാണ്, ജയപ്രകാശ് "വീക്ഷണ''ത്തില്‍ വിളമ്പുന്നത്. വീക്ഷണം വായനക്കാര്‍ക്ക് രസിക്കാവുന്നവിധത്തിലെഴുതാന്‍ പത്രാധിപര്‍ നിര്‍ദ്ദേശിച്ചിട്ടാവുമോ ഇതെഴുതിയത് എന്നു മാത്രമെ അറിയാനുള്ളൂ.
ഇ എം എസ് സ്വത്തുവിറ്റത് രണ്ടു പ്രാവശ്യമായിട്ടാണ്. വിവാഹത്തിനുമുമ്പും പിമ്പും. വിവാഹത്തിനുമുമ്പ് ആകെയുണ്ടായിരുന്ന സ്വത്ത് പന്ത്രണ്ട് ഓഹരിയായിട്ടാണ് കുടുംബത്തില്‍ വീതം വെച്ചത്. ഇതില്‍ ആറ് ഓഹരികള്‍ ഇ എം എസിന്റെ അച്ഛന്റെ ആദ്യഭാര്യയിലെ മൂത്തമകനായ (വല്യേട്ടന്‍) ഇ എം രാമന്‍ നമ്പൂതിരിപ്പാടിനായിരുന്നു. (രാമന്‍നമ്പൂതിരിപ്പാടിനും ഭാര്യയ്ക്കും നാലുമക്കള്‍ക്കും ഉള്‍പ്പെടെ). കുഞ്ഞനിയേട്ടന്‍ (ഇ എം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്) ഇ എം എസിന്റെ അച്ഛന്റെ ആദ്യഭാര്യയിലെ രണ്ടാമത്തെ മകന്‍. അദ്ദേഹം ഓഹരിവെയ്ക്കുമ്പോള്‍ വിവാഹിതനായിരുന്നു. അദ്ദേഹത്തിന് അന്ന് കുട്ടികളുണ്ടായിരുന്നില്ല; വിവാഹം കഴിഞ്ഞ സമയം അദ്ദേഹത്തിനും ഭാര്യയ്ക്കും ഓരോ ഓഹരി. ഇ എം എസിന്റെ ജ്യേഷ്ഠന്‍ കുഞ്ഞുണ്ണിയേട്ടന്‍ (ഇ എം പരമേശ്വരന്‍ നമ്പൂതിരിപ്പാട്) അന്ന് വിവാഹിതനായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് രണ്ട് ഓഹരി. ഇ എം എസ് അവിവാഹിതനായിരുന്നതിനാല്‍ ഒരോഹരി. കുഞ്ഞുണ്ണിയേട്ടനും ഇ എം എസു രണ്ടാം ഭാര്യയിലെ മക്കളാണ്. ഇ എം എസിന്റെ അമ്മയ്ക്ക് ഒരോഹരി. ഇങ്ങനെയാണ് പന്ത്രണ്ട് ഓഹരികള്‍.
അമ്മ മരിക്കുന്നതിനുമുമ്പുതന്നെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലും മറ്റും തനിക്ക് ലഭിച്ച ഭാഗസ്വത്തുക്കള്‍ വിറ്റ് ഇ എം എസ് പാര്‍ടിക്ക് കൊടുത്തിരുന്നു. ഇ എം എസിന്റെ അമ്മ, പതിവിനുവിപരീതമായി, തന്റെ ഓഹരി പെണ്‍ക്കള്‍ക്ക് തുല്യമായി വീതിച്ചുകൊടുത്തു. സാധാരണയായി ആണ്‍കുട്ടികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും മാത്രമെ പിതൃസ്വത്തിന് അവകാശമുള്ളൂ. പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുത്താല്‍, വിവാഹം കഴിച്ച ഇല്ലത്തെ സ്വത്തിനേ പെണ്‍മക്കള്‍ക്ക് അവകാശമുള്ളൂ. ഈ പതിവാണ് ഇ എം എസിന്റെ അമ്മ തെറ്റിച്ചത്. ആജ്ഞാശക്തിയും സ്വപ്രത്യയ സ്ഥൈര്യവുമുള്ള അവരുടെ പ്രവൃത്തി അന്നത്തെ തലമുറയ്ക്ക് അത്ഭുതമായിരുന്നു. അതിനുമുമ്പ് ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലതാനും.
അമ്മയുടെ മരണത്തിനുശേഷമായിരുന്നു ഇ എം എസിന്റെ വിവാഹം. 1948-52 കാലത്ത്, വിവാഹത്തിനുശേഷം, ഇരുപത്തിയേഴുമാസം ഇ എം എസ് ഒളിവില്‍ പോയി. ഇ എം എസ് എഴുതുന്നു:
"ഇരുപത്തി ഏഴുമാസത്തെ ഒളിവു ജീവിതത്തിനിടയ്ക്ക് ഒരിക്കല്‍പോലും ഞാനെന്റെ ഭാര്യയെയോ കുഞ്ഞുമോളെയോ കണ്ടില്ല. ഒരു തവണമാത്രം ഒരു കത്തെഴുതി. ഞാന്‍ ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നതിനെച്ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്ന കാലമാണത്. എന്റെ ഭാര്യ ആകെ ഭയപ്പെട്ടു. ഇനിയെന്നെങ്കിലും എന്നെ ജീവനോടെ കാണാനാകുമോ? അവര്‍ വ്യാകുലപ്പെട്ടു. മകളില്‍ ആശ്വാസംകണ്ട് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കി.
"ഞാന്‍ ഒളിവില്‍ പോയത് എന്റെ ഭാര്യയെ മാത്രമല്ല, അവരുടെ അമ്മയെയും സഹോദരനെയും കൂടി അമ്പരപ്പിച്ചു. എന്റെ മുന്‍കാല ചരിത്രമറിയാവുന്ന അവര്‍, ഞാനൊരിക്കല്‍കൂടി തടവിലാക്കപ്പെട്ടിരുന്നെങ്കില്‍ അത്ഭുതപ്പെടുമായിരുന്നില്ല. ഞാന്‍ ഒളിവില്‍പോയതോടെ തറവാട്ടില്‍നിന്ന് ഭാഗമായി കിട്ടിയ എന്റെ സ്വത്തുക്കളെല്ലാം ഗവണ്‍മെന്റ് കണ്ടുകെട്ടി. ഇത് അവരെ കൂടുതല്‍ സ്തബ്ധരാക്കി. എന്നെ പിടിച്ചുകൊടുക്കുകയോ പിടിക്കാന്‍ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് 10,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നല്ലോ. സ്വത്ത് കണ്ടുകെട്ടല്‍ നടപടി എന്നെ പിടികൂടാനുള്ള അവസാനത്തെ അടവായാണ് ഗവണ്‍മെന്റ് കണക്കാക്കിയിരുന്നത്.
"എന്റെ പേരിലുള്ള വാറണ്ട് പിന്‍വലിച്ചതോടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ എനിക്കു മടക്കികിട്ടി. എന്നാല്‍ ഈ കണ്ടുകെട്ടല്‍ നടപടി എന്റെ ഭാര്യയുടെ ബന്ധുക്കളുടെ കണ്ണുതുറപ്പിച്ചു. തങ്ങള്‍ ആലോചിച്ചുറപ്പിച്ച ഈ വിവാഹം അബദ്ധമായോ എന്നവര്‍ ഭയപ്പെട്ടു. പോരാത്തതിന് ഗവണ്‍മെന്റില്‍നിന്നു വിട്ടുകിട്ടിയ സ്വത്ത് ഒട്ടാകെ ഞാന്‍ വില്‍ക്കുകയും പണം മുഴുവന്‍ പാര്‍ട്ടിക്കു നല്‍കുകയും ചെയ്തിരുന്നു.
"അഞ്ചുവര്‍ഷം മുമ്പ് ഈ വിവാഹം നടത്തുമ്പോള്‍ എന്റെ ഭാര്യയുടെ ബന്ധുക്കള്‍ തികച്ചും ഉത്സാഹഭരിതരായിരുന്നു. നല്ല തറവാട്, ബുദ്ധിയുള്ള ചെറുപ്പക്കാരന്‍-വരന്‍ തങ്ങളുടെ കുട്ടിക്ക് തികച്ചും അനുരൂപനെന്നവര്‍ കരുതി. എന്റെ വധൂ സഹോദരനായ ഗൃഹനാഥനാകട്ടെ, ഞാന്‍ കൂടി ഭാഗഭാക്കായ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിലെ നേതാക്കളിലൊരാളായി ഉയര്‍ന്നുവരികയായിരുന്നുതാനും. ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ച് തികച്ചും ബോധവാനായ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയവും അസ്പൃശ്യമായിരുന്നില്ല. എന്നാല്‍ ഇത്രയും നീണ്ടകാലത്തെ ഒളിവുജീവിതവും സ്വത്ത് വിറ്റ് പാര്‍ടിക്ക് നല്‍കലും അദ്ദേഹത്തിനും സഹിക്കത്തക്കതായിരുന്നില്ല. അദ്ദേഹത്തിന്റെ രോഷം തിളച്ചു മറിയുകയായിരുന്നു. ("ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍-ഇഎംഎസ് ചിന്ത പബ്ളിഷേഴ്സ്, തിരുവനന്തപുരം-ആദ്യ പ്രസിദ്ധീകരണം:1987 ഓഗസ്റ്റ്; പേജ്'' 106-107).
ഇങ്ങനെയാണ് രണ്ടാമത്തെ ഓഹരിയും വിറ്റ് പാര്‍ടിക്ക് കൊടുത്ത ചരിത്രം. ഈ സത്യത്തെ മൂടിവെച്ച് ഇ എം എസ് സ്വത്തുവില്‍ക്കാതെ, അതുപയോഗിച്ച് സ്വന്തം കാര്യം നോക്കി എന്ന് കേരള സമൂഹത്തെ പറഞ്ഞു പറ്റിക്കാന്‍ നോക്കിയാല്‍ ജയപ്രകാശ് സ്വയം വിഡ്ഢിയാവുകയേയുള്ളൂ. ഇന്ത്യയിലെ, കേരളത്തിലെ, പൊതുസമൂഹം ഇ എം എസിന്റെ ജീവിതം സസൂക്ഷ്മം വീക്ഷിച്ചിരുന്നു എന്ന് വീക്ഷണവൈകല്യമില്ലാത്ത എല്ലാവര്‍ക്കും മനസ്സിലാവും.
ഇനി ഇ എം എസ് പറഞ്ഞതുകൊണ്ട് വിശ്വാസം വരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭൂസ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ആപ്പീസില്‍നിന്ന് പകര്‍പ്പെടുത്ത് തെളിയിക്കാമല്ലോ? എത്ര പഴയ വിവരവും അവിടെനിന്ന് കിട്ടും. അതിനൊന്നും തയ്യാറാവാതെ എം ജി എസ് നാരായണന്റെ വിവരക്കേട് പകുത്തെടുത്ത് വിളമ്പാന്‍ നടക്കുന്നവര്‍ സ്വയം അപഹാസ്യരാവുകയാണ് ചെയ്യുക.

2 comments:

Anonymous said...

ഇ.എം.എസ്‌ സ്വത്ത്‌ വിറ്റു ചൈനീസ്‌ കമൂണിസ്റ്റു പാര്‍ട്ടീക്കാണോ കൊടുത്തത്‌?? അതോ ഇന്ത്യന്‍ കമൂണിസ്റ്റു പാര്‍ട്ടീക്കാണോ കൊടുത്തത്‌??

അല്ല അവര്‍ അവരുടെതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന സ്ഥലമാണൊല്ലോ ഇന്ത്യയിലെ സ്ഥലങ്ങള്‍

Calicocentric കാലിക്കോസെന്‍ട്രിക് said...

1948-52 കാലത്ത്, വിവാഹത്തിനുശേഷം, ഇരുപത്തിയേഴുമാസം ഇ എം എസ് ഒളിവില്‍ പോയി.

അതേതായാലും 48-52 ആവില്ല. 38-42 ആയിരിക്കും.
ആരും ഇതൊന്നും വായിക്കുന്നില്ലെന്നു തോന്നുന്നു.