Thursday, June 25, 2009

രണ്ടാം വിമോചനസമരം വ്യാമോഹം

രണ്ടാം വിമോചനസമരം വ്യാമോഹം
1957 ഏപ്രില്‍ അഞ്ചിനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കരസ്ഥമാക്കി ഇന്ത്യയില്‍ ആദ്യമായി കമ്യൂണിസ്റ് പാര്‍ടി അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രി ഇ എം എസ് ഉള്‍പ്പെടെ 11 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. 1947ല്‍ സ്വാതന്ത്യ്രം പ്രാപിച്ച ഇന്ത്യയില്‍ 1948 മുതല്‍ 1952 വരെ മിക്കവാറും സംസ്ഥാനങ്ങളില്‍ പാര്‍ടി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി എന്നീ കേരളത്തിലെ വ്യത്യസ്ത ഭരണപ്രദേശങ്ങളിലും നിരോധനത്തിലായിരുന്നു പാര്‍ടി. തൊഴിലാളികള്‍, കര്‍ഷകാദി അധ്വാനിക്കുന്ന ജനങ്ങളെ സംഘടിപ്പിക്കുകയും ഇവരുടെ പോരാട്ടങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനും നിയമവിരുദ്ധമാക്കപ്പെട്ടിരുന്ന പാര്‍ടി ഇടതടവില്ലാതെ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. മരണം വരിക്കാന്‍ തയ്യാറായും കൊടിയ മര്‍ദനവും ജയില്‍വാസവും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിച്ച കമ്യൂണിസ്റുകാര്‍ക്ക് സാമാന്യജനങ്ങളുടെ ഹൃദയങ്ങളില്‍ ഉറച്ച സ്ഥാനം നേടാന്‍ കഴിഞ്ഞു. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിലും പോരാട്ടത്തിലും കമ്യൂണിസ്റ് പാര്‍ടിതന്നെയായിരുന്നു മുന്നിട്ട് പ്രവര്‍ത്തിച്ചിരുന്നത്. ഈ വിധത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് 1956 നവംബര്‍ ഒന്നിന് കേരളം പിറവയിയെടുക്കുന്നത്. അതുകഴിഞ്ഞ് കഷ്ടിച്ച് നാലു മാസം കഴിഞ്ഞപ്പോഴാണ് 1957ലെ തെരഞ്ഞെടുപ്പ്. സ്വാഭാവികമായും ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി കേരളത്തിന്റെ ഭരണച്ചുമതല ഏല്‍പ്പിച്ചത് പാര്‍ടിയെ ആയിരുന്നു. കോഗ്രസ് ഉള്‍പ്പെടെയുള്ള നാനാവിധത്തിലുള്ള കമ്യൂണിസ്റ് വിരുദ്ധശക്തികളുടെ ദയാവായ്പുകൊണ്ടല്ല പാര്‍ടി അധികാരത്തിലെത്തിയത്. ഇന്ത്യയിലും വിദേശ മുതലാളിത്ത രാജ്യങ്ങളിലുമുള്ള ചൂഷക വര്‍ഗങ്ങള്‍ക്കും അവര്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്കും സംരക്ഷകരായ സര്‍ക്കാരുകള്‍ക്കും കമ്യൂണിസ്റ് പാര്‍ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്നത് ഞെട്ടലും അത്ഭുതവും ഉളവാക്കിയ സംഭവമായിരുന്നു. തൊഴില്‍സമരങ്ങളില്‍ പൊലീസ് ഇടപെടുകയില്ലെന്ന് 1957 ഏപ്രില്‍ അഞ്ചിന് വൈകിട്ട് ഓള്‍ ഇന്ത്യാ റേഡിയോയിലൂടെ മുഖ്യമന്ത്രി ഇ എം എസ് നടത്തിയ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ പ്രതിലോമശക്തികളെ ഞെട്ടിക്കുകതന്നെ ചെയ്തു. വ്യവസായരംഗത്ത് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രായോഗികമായ പല നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. തൊഴില്‍പ്രശ്നങ്ങളില്‍ പ്രഗത്ഭനായ ടി വി തോമസായിരുന്നു തൊഴില്‍വകുപ്പ് കൈകാര്യംചെയ്തത്. തൃകക്ഷി സംഭാഷണം, വ്യവസായബന്ധ സമിതികള്‍, ദീര്‍ഘകാല കരാറുകള്‍ തുടങ്ങിയവയ്ക്കുള്ള നടപടി കൈക്കൊണ്ടു. തൊഴിലെടുക്കുന്നവര്‍ക്ക് വിപുലമായ സംഘടനാ സ്വാതന്ത്യ്രം അനുവദിച്ചു. പുതിയ വിഭാഗം തൊഴിലാളികള്‍ അതിവേഗം യൂണിയനുകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. കുടിയൊഴിപ്പിക്കല്‍ തടയുകയും കുടികിടപ്പുകാരെ 10 സെന്റ് ഭൂമിക്ക് അവകാശികളാക്കുകയും ചെയ്തു. പാട്ടം, വാരം കൃഷിക്കാരെ ഒഴിപ്പിക്കുന്നത് ഓര്‍ഡിനന്‍സ് വഴി നിരോധിച്ചു. ഇന്ത്യയിലാദ്യമായി മെയ്ദിനം വേതനത്തോടുകൂടിയ ഒഴിവുദിനമായി പ്രഖ്യാപിച്ചു. ഈ വിധത്തില്‍ കൈക്കൊണ്ട നടപടി ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്കോ രാഷ്ട്രീയനിലപാട് സ്വീകരിച്ചവര്‍ക്കോ വേണ്ടിയായിരുന്നില്ല. ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി പാവപ്പെട്ടവര്‍ക്കാകെ വേണ്ടിയായിരുന്നു. ക്രിസ്തീയവിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് വമ്പിച്ച നേട്ടമാണ് കമ്യൂണിസ്റു സര്‍ക്കാരിന്റെ നടപടി മുഖേന ലഭിച്ചത്. എന്നാല്‍, പ്രതിലോമശക്തികള്‍ക്കുവേണ്ടിയുള്ള വിമോചനസമരത്തിന്റെ കേളികൊട്ട് ആരംഭിച്ചത് ക്രിസ്തീയസഭകളുടെ നേതൃത്വത്തില്‍ത്തന്നെ ആയിരുന്നുവെന്നതില്‍ അത്ഭുതപ്പെടാനില്ല. വിശ്വാസത്തെ ചൂഷകര്‍ക്ക് അടിയറവയ്ക്കുന്ന നയം ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. പള്ളികളും പള്ളിക്കൂടങ്ങളും പാര്‍ടി ഓഫീസാക്കി മാറ്റുമെന്നും, കുട്ടികളെയെല്ലാം നിരീശ്വരവാദികളാക്കുമെന്നും തുടങ്ങി, അസത്യമായ പ്രചാരവേലയില്‍ നിഷ്കളങ്കരായ വിശ്വാസികളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞു. അങ്ങനെയാണ് ഭക്തജനങ്ങളെ തെരുവിലിറക്കിയത്. അധികാരം നഷ്ടപ്പെട്ട കോഗ്രസായിരുന്നു സമരത്തിന് രാഷ്ട്രീയനേതൃത്വം നല്‍കിയത്. അതോടൊപ്പം എന്‍എസ്എസ്, കത്തോലിക്ക കോഗ്രസ്, മുസ്ളിംലീഗ് എന്നീ ജാതി അടിസ്ഥാനത്തിലുള്ള സംഘടനകളും ചേര്‍ന്നു. എസ്എന്‍ഡിപി നേതൃത്വവും സമരത്തിന്റെ കൂടെയുണ്ടായിരുന്നു. കെഎസ്പി, ആര്‍എസ്പി, പിഎസ്പി എന്നീ ഇടതുപാര്‍ടികളും വിമോചനസമരത്തില്‍ അണിചേര്‍ന്നു. എല്ലാ രംഗത്തും സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിപ്പിക്കുക എന്നതായിരുന്നു സമരക്കാര്‍ ലക്ഷ്യമാക്കിയത്. സ്വകാര്യ വിദ്യാലയങ്ങള്‍ സമരകേന്ദ്രങ്ങളായി മാറി. സര്‍ക്കാര്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്തംഭിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസ് സ്റേഷനുകള്‍ പിക്കറ്റ് ചെയ്തു. കല്ലെറിഞ്ഞും വാഹനങ്ങള്‍ തകര്‍ത്തും ബസ് സര്‍വീസുകള്‍ അലങ്കോലപ്പെടുത്തി. മന്ത്രിസഭയിലെ 11 മന്ത്രിമാരില്‍ എട്ടുപേര്‍ മാത്രമായിരുന്നു പാര്‍ടിക്കാര്‍. പ്രൊഫസര്‍ ജോസഫ് മുണ്ടശേരി, വി ആര്‍ കൃഷ്ണയ്യര്‍, ഡോ. എ ആര്‍ മേനോന്‍ എന്നിവര്‍ സ്വതന്ത്രരായിരുന്നു. പാലക്കാട്, തൃശൂര്‍ നഗരസഭകളില്‍ ചെയര്‍മാന്‍സ്ഥാനം വഹിച്ചിട്ടുള്ള തികഞ്ഞ കോഗ്രസ് നേതാവായിരുന്നു ഡോ. എ ആര്‍ മേനോന്‍. ഇരുപത്തെട്ടു മാസമേ ആ മന്ത്രിസഭയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയിലെ 356-ാം വകുപ്പുപയോഗിച്ച് മന്ത്രിസഭയെ ഡിസ്മിസ് ചെയ്യുന്നതുവരെ തികഞ്ഞ യോജിപ്പോടെയായിരുന്നു ഭരണം മുന്നോട്ടു പോയത്. അസംബ്ളിയില്‍ രണ്ട് വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. എംഎല്‍എമാരില്‍നിന്ന് ഒരാളെയെങ്കിലും അടര്‍ത്തിയെടുക്കാന്‍ വിമോചനസമരത്തിന്റെ ചെലവു വഹിച്ചിരുന്ന പണച്ചാക്കുകളുടെ ശ്രമം വിജയിച്ചില്ല. വിദ്യാഭ്യാസമന്ത്രിയായിരുന്ന മുണ്ടശേരി മാസ്ററുള്‍പ്പെടെയുള്ള മന്ത്രിമാരെ വഴിയില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. പള്ളിമേടകളില്‍നിന്ന് ആഹ്വാനം നല്‍കി ഇറക്കിവിട്ട പെകുട്ടികളെക്കൊണ്ട് എ കെ ആന്റണി, വയലാര്‍രവി തുടങ്ങിയ കെഎസ്യു നേതാക്കള്‍ വിളിപ്പിച്ച മുദ്രാവാക്യം അറപ്പ് ഉളവാക്കുന്നതും സംസ്കാരത്തിന്റെ സീമകളാകെ ലംഘിക്കുന്നതുമായിരുന്നു. പൊലീസിലെ ഉന്നതരുള്‍പ്പെടെ നല്ലൊരു ഭാഗം ഉദ്യോഗസ്ഥ മേധാവികള്‍ സര്‍ക്കാരിന്റെ നയത്തിനനുസൃതമായല്ല പ്രവര്‍ത്തിച്ചിരുന്നത്. വെടിവയ്പുകള്‍പോലും സമരനേതൃത്വത്തിന്റെ ആഗ്രഹമായിരുന്നു. അക്രമസമരം കൊടുമ്പിരികൊള്ളുന്നതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയിലും ഭരണകക്ഷിക്കകത്തും അഭിപ്രായഭിന്നതയുണ്ടാകുമെന്നാണ് സമരനേതൃത്വം കണക്കുകൂട്ടിയത്. പക്ഷേ,സര്‍ക്കാരിന്റെയും പാര്‍ടിയുടെയും നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയാണുണ്ടായത്. നീതിനിഷേധിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും അടങ്ങിയ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിനുവേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ജനപിന്തുണ വര്‍ധിക്കുമെന്ന ഉത്തമവിശ്വാസം മന്ത്രിമാര്‍ക്കും പാര്‍ടിക്കും ഉണ്ടായിരുന്നു. വിവേകത്തിന്റെയും ജനസ്നേഹത്തിന്റെയും വിനയത്തിന്റെയും നിസ്വാര്‍ഥതയുടെയും ഉറച്ച കമ്യൂണിസ്റ്ബോധത്തിന്റെയും നിറകുടമായിരുന്ന സ. ഇ എം എസിന്റെ നേതൃത്വത്തില്‍ മന്ത്രിമാരെല്ലാം യോജിച്ചു നിലകൊണ്ടു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത് ചൂഷകവര്‍ഗമായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ല. ലോകത്തിലാകെ കമ്യൂണിസം നിര്‍മാര്‍ജനം ചെയ്യാന്‍ കച്ചകെട്ടിയിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയും സാമ്പത്തിക സഹായവും വിമോചനസമരത്തിനുണ്ടായിരുന്നു. വിമോചനസമരകാലത്ത് അമേരിക്കന്‍ അബാസഡര്‍ ആയിരുന്ന മൊയ്നിഹാന്‍തന്നെ പിന്നീടത് വെളിവാക്കുകയുണ്ടായി. ഇപ്പോള്‍ ഉന്നത സ്ഥാനത്തുതുടരുന്ന കോഗ്രസ് നേതാക്കള്‍തന്നെ അത് തുറന്നു സമ്മതിക്കുകയുണ്ടായിട്ടുണ്ട്. സമരത്തിന്റെ തുടക്കത്തില്‍ പ്രകടമായിരുന്ന ആവേശം ദിവസം ചെല്ലുന്തോറും തണുക്കാന്‍ തുടങ്ങി. സമരം പരാജയപ്പെടാന്‍ പോവുകയാണെന്നു മനസ്സിലാക്കിയ കോഗ്രസ് നേതൃത്വം അന്ന് കോഗ്രസ് അധ്യക്ഷയായിരുന്ന ഇന്ദിര ഗാന്ധി മുഖേന പിതാവായ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെമേല്‍ സമ്മര്‍ദം ചെലുത്തി സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യുകയായിരുന്നു. ചൂഷകവര്‍ഗ താല്‍പ്പര്യ സംരക്ഷണാര്‍ഥം ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ മടിക്കുകയില്ലെന്നാണ് ഇതു തെളിയിച്ചത്. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നല്ലോ അടിയന്തരാവസ്ഥ പ്രഖ്യാപനം. വിമോചനസമരം, കോഗ്രസിനും ക്രിസ്ത്യന്‍സഭകള്‍ക്കും പ്രത്യേകിച്ച് കത്തോലിക്കസഭയ്ക്ക് നേട്ടമല്ല നഷ്ടമാണുണ്ടാക്കിയത്. കോഗ്രസ് കൂടുതല്‍ കൂടുതല്‍ അധഃപതിക്കാന്‍ തുടങ്ങി. വിശ്വാസികളെ അക്രമമാര്‍ഗത്തിലേക്കു തള്ളിവിട്ട സഭാനേതൃത്വം ക്രിസ്തീയ ആദര്‍ശങ്ങള്‍ക്ക് കടകവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞ വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടുവരുന്നു. സമൂഹത്തിലെ ഭൂരിപക്ഷം വരുന്നവര്‍ക്കുവേണ്ടിയല്ല ന്യൂനപക്ഷം വരുന്ന ചൂഷകവര്‍ഗത്തിനുവേണ്ടിയാണ് കോഗ്രസ് എന്നും നിലകൊണ്ടിട്ടുള്ളത്. ഇത് കോഗ്രസിനെ പടിപടിയായി ജനങ്ങളില്‍നിന്ന് അകറ്റാനിടയാക്കി. മന്ത്രിസഭയെ പിരിച്ചുവിട്ടതിനുശേഷം 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗീയ, സാമുദായിക കക്ഷികളെയും കമ്യൂണിസ്റ് വിരുദ്ധ ഇടതുപക്ഷ പാര്‍ടികളെയും യോജിപ്പിച്ചു നിര്‍ത്തിയാണ് കോഗ്രസ് മത്സരിച്ചത്. കമ്യൂണിസ്റ് പാര്‍ടി ഒറ്റയ്ക്കും. പാര്‍ടി പരാജയപ്പെട്ടു. പാര്‍ടിക്ക് സീറ്റ് കുറയുകയും ഭരണം നഷ്ടപ്പെടുകയും ചെയ്തെങ്കിലും 1957ല്‍ കിട്ടിയതിനേക്കാള്‍ നാലു ശതമാനത്തോളം വോട്ട് വര്‍ധിക്കുകയാണുണ്ടായത്. എതിര്‍ഭാഗത്തുനിന്ന് പാര്‍ടിയുടെ ഭാഗത്തേക്കുണ്ടായ ജനങ്ങളുടെ മാറ്റത്തിന്റെ തെളിവായിരുന്നു ഇത്. തെരഞ്ഞെടുപ്പു ജയത്തെത്തുടര്‍ന്ന് അധികാരത്തില്‍ വന്ന മുന്നണി സര്‍ക്കാരിന് അധികകാലം യോജിച്ച് ഭരിക്കാന്‍ കഴിഞ്ഞില്ല, തമ്മില്‍തല്ലിപ്പിരിഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം കോഗ്രസിന്റെ പരിഹരിക്കാനാകാത്ത തകര്‍ച്ചയുടെ തുടക്കമായിരുന്നു വിമോചനസമരമെന്നു പറഞ്ഞാല്‍ തെറ്റുണ്ടാകില്ല. ഇപ്പോള്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും ഒരു 'രണ്ടാം വിമോചനസമരം' നടത്തി തകര്‍ക്കാമെന്നാണ് ഒന്നാം വിമോചനസമരത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ കണക്കാക്കുന്നത്. കാടുകയറിയ ആ ചിന്തയ്ക്ക് ജനങ്ങളുടെ പിന്തുണ കിട്ടുമെന്നത് ഈ കൂട്ടരുടെ വ്യാമോഹംമാത്രമാണ്. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് അങ്കമാലി വെടിവയ്പിന്റെ 50-ാം വാര്‍ഷിക ആചരണത്തിനുണ്ടായ ദയനീയ പരാജയം. അങ്കമാലി വെടിവയ്പാണ് വിമോചനസമരത്തിന്റെ തുടക്കമെന്നു പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്. അത് വിശ്വസിച്ചവരുമുണ്ട്. എന്നാല്‍, വെടിവയ്പ് നടന്ന് രണ്ടു മൂന്ന് ദിവസം കഴിഞ്ഞതിനുശേഷമാണ് വിമോചനസമരം ആരംഭിച്ചതെന്ന് കെ സി കിടങ്ങൂര്‍ വ്യക്തമാക്കുന്നു. വെടിവയ്പ് സന്ദര്‍ഭത്തില്‍ രംഗത്തുണ്ടായിരുന്ന കത്തോലിക്കനായ കോഗ്രസ് നേതാവാണ് കെ സി കിടങ്ങൂര്‍. അദ്ദേഹത്തിന്റെ വിലക്ക് വകവയ്ക്കാതെ തെറ്റായ 'ഒരു വിവരത്തെ അടിസ്ഥാനമാക്കി' പൊലീസ് സ്റേഷനിലേക്ക് അക്രമാസക്തമായി മാര്‍ച്ച് ചെയ്ത് ചെന്നതിനെത്തുടര്‍ന്നാണ് വെടിവയ്പ് ഉണ്ടായതെന്ന് എഐസിസി അംഗമായിരുന്ന കിടങ്ങൂര്‍ പറയുന്നു. വിമോചന സമരത്തില്‍ സജീവമായി പങ്കുവഹിച്ച ദേഹംകൂടിയാണ് കിടങ്ങൂര്‍. 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ ജനാനുകൂല നടപടിയുടെ ഈ കാലഘട്ടത്തിലെ തുടര്‍ച്ചയാണ് ഇന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍. വിവിധ മേഖലയില്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉള്‍പ്പെടെ സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനിടയ്ക്ക് ചിലപ്പോള്‍ പിശകോ വീഴ്ചയോ ഉണ്ടായെന്നു വരാം. അവയെല്ലാം ചൂണ്ടിക്കാണിക്കാനും ഉത്തരവാദികളെ വിമര്‍ശിക്കാനുമുള്ള അവകാശം ആരും നിഷേധിക്കുന്നില്ല, നിഷേധിക്കാനാകില്ലതാനും. സദുദ്ദേശ്യത്തോടെ സ്വീകരിക്കുന്ന നിലപാടിനെ തുറന്ന മനസ്സോടെ സമീപിക്കാനും ആവശ്യമുള്ളിടത്ത് തിരുത്താനും ഒരു മടിയുമില്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുമായി സഹകരിച്ച്, ഭിന്നതയുള്ള പ്രശ്നങ്ങളില്‍ ചര്‍ച്ചയിലൂടെ സമവായം ഉണ്ടാക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. അതിനുപകരം ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവച്ച 'വിമോചനസമര'മെന്ന ദുഃസ്വപ്നത്തിന്റെ പിന്നാലെ പോവുകയല്ല. രണ്ടാം വിമോചന സമരമെന്ന സാഹസത്തിന് ക്രിസ്തീയ സഭാവിശ്വാസികളുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടല്‍ നിജസ്ഥിതി മനസ്സിലാക്കാതെയാണ്.
എം എം ലോറന്‍സ്

2 comments:

ജനശക്തി ന്യൂസ്‌ said...

രണ്ടാം വിമോചനസമരം വ്യാമോഹം
എം എം ലോറന്‍സ്
1957 ഏപ്രില്‍ അഞ്ചിനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കരസ്ഥമാക്കി ഇന്ത്യയില്‍ ആദ്യമായി കമ്യൂണിസ്റ് പാര്‍ടി അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രി ഇ എം എസ് ഉള്‍പ്പെടെ 11 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. 1947ല്‍ സ്വാതന്ത്യ്രം പ്രാപിച്ച ഇന്ത്യയില്‍ 1948 മുതല്‍ 1952 വരെ മിക്കവാറും സംസ്ഥാനങ്ങളില്‍ പാര്‍ടി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി എന്നീ കേരളത്തിലെ വ്യത്യസ്ത ഭരണപ്രദേശങ്ങളിലും നിരോധനത്തിലായിരുന്നു പാര്‍ടി. തൊഴിലാളികള്‍, കര്‍ഷകാദി അധ്വാനിക്കുന്ന ജനങ്ങളെ സംഘടിപ്പിക്കുകയും ഇവരുടെ പോരാട്ടങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനും നിയമവിരുദ്ധമാക്കപ്പെട്ടിരുന്ന പാര്‍ടി ഇടതടവില്ലാതെ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. മരണം വരിക്കാന്‍ തയ്യാറായും കൊടിയ മര്‍ദനവും ജയില്‍വാസവും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിച്ച കമ്യൂണിസ്റുകാര്‍ക്ക് സാമാന്യജനങ്ങളുടെ ഹൃദയങ്ങളില്‍ ഉറച്ച സ്ഥാനം നേടാന്‍ കഴിഞ്ഞു. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിലും പോരാട്ടത്തിലും കമ്യൂണിസ്റ് പാര്‍ടിതന്നെയായിരുന്നു മുന്നിട്ട് പ്രവര്‍ത്തിച്ചിരുന്നത്. ഈ വിധത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് 1956 നവംബര്‍ ഒന്നിന് കേരളം പിറവയിയെടുക്കുന്നത്. അതുകഴിഞ്ഞ് കഷ്ടിച്ച് നാലു മാസം കഴിഞ്ഞപ്പോഴാണ് 1957ലെ തെരഞ്ഞെടുപ്പ്. സ്വാഭാവികമായും ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി കേരളത്തിന്റെ ഭരണച്ചുമതല ഏല്‍പ്പിച്ചത് പാര്‍ടിയെ ആയിരുന്നു.

Anonymous said...

http://tappulathif.blogspot.com/2009/06/crime-river.html