Monday, June 22, 2009

യുഗപുരുഷന്റെ ധൈഷണിക ജീവിതത്തിലേക്ക് സാര്‍ഥകമായ ഒരന്വേഷണം

യുഗപുരുഷന്റെ ധൈഷണിക ജീവിതത്തിലേക്ക് സാര്‍ഥകമായ ഒരന്വേഷണം
കെ ടി ശശി

ചരിത്രത്തിനു മുമ്പേ നടന്ന ഇ എം എസിന്റെ ഉദാത്തവും അവിശ്വസനീയവുമായ ജീവിതവഴിയില്‍ തൃശൂരിന് നിര്‍ണായക സ്ഥാനമുണ്ട്. ഇവിടത്തെ വിദ്യാര്‍ഥി ജീവിതത്തോട് വിടപറഞ്ഞാണ് സ്വാതന്ത്യ്രപ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയത് എന്നതില്‍ മാത്രം പരിമിതപ്പെടുത്താവുന്നതല്ല ഇ എം എസും തൃശൂരുമായുള്ള ബന്ധം. അദ്ദേഹത്തിന്റെ ജീവിതത്തെയും ചിന്താധാരയേയും അടിമുടി മാറ്റിത്തീര്‍ത്ത മൂശയായി വര്‍ത്തിക്കുകയായിരുന്നു യഥാര്‍ഥത്തില്‍ തൃശൂര്‍. പ്രശസ്തമായ സെന്റ്തോമസ് കോളേജിലെ പഠനകാലത്തെക്കുറിച്ച് ഇ എം എസ് ആത്മകഥയില്‍ എഴുതുന്നു: 'തികച്ചും സംഭവബഹുലമായ രണ്ടരക്കൊല്ലമാണത്. അന്നാണ് ഞാനൊരു സജീവ പൊതുപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും മറ്റുമാവാനുള്ള പ്രായോഗിക പരിശീലനം നേടിയത്. അന്നു നേടിയ ആ പരിശീലനമാണ് 1932ല്‍ കോളേജ് വിട്ട് ഒരു മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായതുമുതല്‍ക്കുള്ള എന്റെ ജീവിതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും തുടക്കമെന്നു പറയാം.'
ഇ എം എസിനെക്കുറിച്ചുള്ള ഗൃഹാതുരത്വമാര്‍ന്ന, ജീവസ്സുറ്റ ഓര്‍മകള്‍ തുടിച്ചുനിന്ന അന്തരീക്ഷത്തില്‍ തൃശൂര്‍ കോസ്റ്റ്ഫോര്‍ഡ് ജൂണ്‍ 13, 14 തീയതികളില്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച 'ഇ എം എസ് സമൃതി' അദ്ദേഹത്തിന്റെ അദ്വിതീയമായ ധൈഷണിക സപര്യയിലേക്കും സര്‍ഗാത്മക സംഭാവനകളിലേക്കുമുള്ള സമഗ്രവും കാലികവുമായ അന്വേഷണമായി മാറുകയായിരുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയും മാര്‍ക്സിസവും, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സമകാലിക സമസ്യകള്‍, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം, നവകേരള നിര്‍മിതിയും ഇ എം എസും, ഇ എം എസും അധികാരവികേന്ദ്രീകരണവും, ഇ എം എസിന്റെ ചരിത്രരചനാരീതികള്‍, സാംസ്കാരിക- സാഹിത്യ മണ്ഡലങ്ങളിലെ ഇ എം എസ് സാന്നിധ്യം എന്നീ ഏഴു വിഷയങ്ങളെ അധികരിച്ചായിരുന്നു രണ്ടുദിവസത്തെ സംവാദപരമ്പര. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മേയര്‍ പ്രൊഫ. ആര്‍ ബിന്ദു അധ്യക്ഷയായി. കോസ്റ്റ് ഫോര്‍ഡ് ഡയറക്ടര്‍ ടി ആര്‍ ചന്ദ്രദത്ത് ആമുഖ പ്രസംഗം നടത്തി.
മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ അനിവാര്യമായ ആഗോളപ്രതിസന്ധി ഫലപ്രദമായി ഉപയോഗിക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കഴിയണമെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി രാജീവ് എം പി പറഞ്ഞു. വര്‍ഗസമരത്തിലൂടെ മുതലാളിത്ത പ്രതിസന്ധി തൊഴിലാളിവര്‍ഗം എങ്ങനെ ഉപയോഗപ്പെടുത്തുമെന്നതിനെ ആശ്രയിച്ചാണ് മുതലാളിത്തത്തിന്റെ തകര്‍ച്ചയും വളര്‍ച്ചയുമെന്ന കാറല്‍മാര്‍ക്സിന്റെ നിരീക്ഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. മുതലാളിത്തത്തിന്റെ കമ്പോള സമ്പദ്വ്യവസ്ഥക്കേറ്റ വര്‍ത്തമാനകാല പ്രതിസന്ധിയുടെ ഒരു പ്രത്യേകത മാര്‍ക്സിസത്തിന്റെ പുനര്‍വായനയ്ക്ക് കൂടുതല്‍ അവസരം കൈവന്നുവെന്നതാണെന്ന് സാമ്പത്തികകാര്യ വിദഗ്ധനും സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗവുമായ ഡോ. കെ എന്‍ ഹരിലാല്‍ പറഞ്ഞു.
കേന്ദ്ര- സംസ്ഥാന ബന്ധം അഴിച്ചുപണിയേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ചുബോധ്യപ്പെടുത്തുകയായിരുന്നു 'കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ സമകാലിക സമസ്യകള്‍' എന്ന രണ്ടാം സെമിനാര്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അസന്തുലിതാവസ്ഥ നാള്‍ക്കുനാള്‍ വളരുകയാണെന്ന് മുഖ്യപ്രഭാഷണത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് എടുത്തുകാട്ടി. ധനപരവും ഭരണപരവും നിയമപരവുമായ നടപടികളില്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ദ്രോഹവും അവഗണനയും തുടരുകയാണ്. ഈ അവസ്ഥ സംസ്ഥാനങ്ങളുടെ നിലനില്‍പ്പിനും രാജ്യത്തിന്റെ അഖണ്ഡതക്കും ഭീഷണി ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ശതമാനം ജനസംഖ്യയുള്ള കേരളത്തില്‍ പൊതുമേഖലയിലെ കേന്ദ്രനിക്ഷേപം 2.6 ശതമാനമാണ്. ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാണ്. മൊത്തം വരുമാനത്തിന്റെ 30 ശതമാനം മാത്രമേ സംസ്ഥാനം പിരിക്കുന്നുള്ളൂ. ഏറ്റവും വലിയ നികുതി സ്രോതസ്സായ സേവനനികുതി സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രം കവര്‍ന്നു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം ജനസംഖ്യാനുപാതികമായി കിട്ടുന്നില്ല. കേരളത്തിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം 3.01 ശതമാനമായി വര്‍ധിച്ചു.
കേന്ദ്ര അവഗണനമൂലം സംസ്ഥാനങ്ങള്‍ കൂടുതല്‍ വായ്പയെടുക്കാന്‍ നിര്‍ബന്ധിതമാകുന്നു. ഇത് കടക്കെണിയിലേക്ക് തള്ളിവിടുന്നു. കടം പെരുകുമ്പോള്‍ കമ്മി വര്‍ധിക്കും. എന്നാല്‍ റെവന്യു കമ്മി പാടില്ലെന്നും ധനക്കമ്മി മൂന്നു ശതമാനത്തില്‍ കൂടരുതെന്നുമാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. വിദ്യാഭ്യാസത്തിനും സാമൂഹ്യക്ഷേമ നടപടികള്‍ക്കും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. സാമൂഹ്യക്ഷേമ നടപടികള്‍ വെട്ടിക്കുറയ്ക്കാതെ റെവന്യു കമ്മി കുറയ്ക്കാനാവില്ല. സംസ്ഥാനത്തിന്റെ സവിശേഷതയും ആവശ്യങ്ങളും കാണാതെയുള്ള ധനനയമാണ് കേന്ദ്രം തുടരുന്നത്. ഇതിനെ മറച്ചു പിടിക്കാനാണ് സംസ്ഥാനങ്ങളെ അവഗണിച്ച് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. അതില്‍ത്തന്നെ മൊത്തം പദ്ധതികളുടെ രണ്ടു ശതമാനത്തില്‍ താഴെയാണ് കേരളത്തിന് അനുവദിക്കുന്നത്.
രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് വിഘാതമാകുന്ന കേന്ദ്രനടപടികള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഭരണ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്ന കോണ്‍ഗ്രസാണ് ഇതിനുത്തരവാദി. കോണ്‍ഗ്രസിതര ഗവണ്‍മെന്റുകള്‍ എപ്പോഴൊക്കെ അധികാരത്തില്‍ വന്നോ അപ്പോഴൊക്കെ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വശംവദമാകുന്നു എന്നതാണ് രാജ്യത്ത് ഫെഡറല്‍ സംവിധാനം നേരിടുന്ന വെല്ലുവിളി എന്നും ഇ പി ജയരാജന്‍ പറഞ്ഞു. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം സാധ്യമായതും കാലത്തിനനുസരിച്ചുള്ളതുമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ ഉണ്ടാകണമെന്ന് സി രവീന്ദ്രനാഥ് എംഎല്‍എ പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനത്തിന്റെ പണം ചോര്‍ത്തുകയാണ്. കിട്ടുന്ന ഗ്രാന്റ് സ്വതന്ത്രമായി വിനിയോഗിക്കാനുമാകുന്നില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ശക്തമാകുമ്പോഴേ ഫെഡറലിസം നിലനില്‍ക്കൂ. ഫെഡറല്‍ മൂല്യം, മതനിരപേക്ഷത, സാമ്രാജ്യത്വവിരുദ്ധ നിലപാട് എന്നിവയാണ് ഇന്ത്യയെ ഒരുമിപ്പിക്കുന്നത്. ഇവയ്ക്ക് അനുപൂരകമാകണം കേന്ദ്ര- സംസ്ഥാന ബന്ധം- അദ്ദേഹം പറഞ്ഞു. സി ഒ പൌലോസ് അധ്യക്ഷനായി.
'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം' എന്ന മൂന്നാമത്തെ സെമിനാര്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. ആഗോള മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി സോഷ്യലിസത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ക്ക് സാര്‍വദേശീയമായിത്തന്നെ കൂടുതല്‍ സ്വീകാര്യത നല്‍കിയിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാല്‍ മുതലാളിത്ത പ്രതിസന്ധി എത്രതന്നെ രൂക്ഷമായാലും സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയിലേക്ക് സ്വാഭാവികമായ പരിവര്‍ത്തനം സാധ്യമല്ല. അതിനുള്ള മൂര്‍ത്ത സാഹചര്യം ഒരുക്കാന്‍ കഴിയുന്ന വിപ്ളവപ്രസ്ഥാനം അനിവാര്യമാണ്. സാമ്രാജ്യത്വവും വര്‍ഗീയതയതും ജനവിരുദ്ധ നവലിബറല്‍ നയങ്ങളുമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി.
സാമ്രാജ്യത്വത്തിനു കീഴടങ്ങിയുള്ള യുപിഎ സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും വന്‍കിട കോര്‍പറേറ്റ് മൂലധന ശക്തികളുമാകെ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ പ്രത്യേക ലക്ഷ്യത്തോടെ രംഗത്തിറങ്ങുകയായിരുന്നു. പശ്ചിമബംഗാളില്‍ മമത മുതല്‍ മാവോയിസ്റ്റുകള്‍ വരെയുള്ളവരെ ഇടതുപക്ഷത്തിനെതിരെ ഒരുമിപ്പിച്ചതിനു പിന്നില്‍ ഈ ശക്തികളാണ്. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണമെറിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. തെരഞ്ഞെടുപ്പിലെ തിരിച്ചടികളെ അതിജീവിച്ച് ഇടതുപക്ഷത്തിന് ശക്തമായി തിരിച്ചുവരാനാകുമെന്നും കാരാട്ട് പറഞ്ഞു.
മാറിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതകള്‍ തേടാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ശ്രമിക്കണമെന്ന് സെമിനാറില്‍ സംസാരിച്ച മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റുകാര്‍ പ്രയോഗത്തിന്റെ പുതിയ സാധ്യതകള്‍ തേടുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യണം. ജനാധിപത്യക്രമത്തിലെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് മറുപടി പറയാന്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകര്‍ക്ക് ബാധ്യതയുണ്ട്. പുത്തന്‍ നൂറ്റാണ്ടിലെ ശാസ്ത്ര- സാങ്കേതിക വികാസം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചും നിലപാട് വ്യക്തമാക്കണം. ലിംഗ അസമത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം അവര്‍ക്കു നല്‍കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യലിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള ശാസ്ത്രീയമായ സാമ്പത്തിക ആശയങ്ങള്‍ അത് മുന്നോട്ടു വയ്ക്കുന്നു എന്നതാണെന്ന് ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. സോഷ്യലിസം ശാസ്ത്രീയമായ ഒരു താത്വിക കാഴ്ചപ്പാടാണ്. സാധാരണ ജനവിഭാഗങ്ങളുടെ മേലുള്ള ഏതുതരത്തിലുള്ള ചൂഷണങ്ങളെയും അത് എതിര്‍ക്കുന്നു.
നിരന്തരം ചൂഷണപ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നതുകൊണ്ടുതന്നെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ തൊഴിലാളിവര്‍ഗത്തിന് അതേക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടതുണ്ട്. ഈ ധാരണകള്‍ കാലോചിതമായി പുതുക്കേണ്ടത് അത്യാവശ്യമാണ്. കാരണം സോഷ്യലിസം വ്യക്തിസ്വാതന്ത്യ്രത്തിന്റെ മാത്രം പ്രശ്നത്തെയല്ല കൈകാര്യം ചെയ്യുന്നത്. ആധികാരികമായ സോഷ്യലിസ്റ്റ് ധാരണപുലര്‍ത്തിക്കൊണ്ടുമാത്രമേ അതിന് പുരോഗതി കൈവരിക്കാന്‍ കഴിയൂ. ഏറ്റവും പുതിയ അറിവുകള്‍ സ്വായത്തമാക്കിയാലേ തൊഴിലാളിവര്‍ഗ കാഴ്ചപ്പാടില്‍ അതിന് വികസിക്കാനാകൂ- പ്രഭാത് പട്നായിക് പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ആര്‍ രാജന്‍ എം പി അധ്യക്ഷനായി.
'നവകേരള നിര്‍മിതിയും ഇഎംഎസും' എന്ന സെമിനാറോടെയായിരുന്നു രണ്ടാംനാള്‍ തുടക്കം. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ വിഷയം അവതരിപ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയും ഇ എം എസും സൃഷ്ടിച്ച ആധുനിക കേരളത്തിന്റെ നന്മകളെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് പ്രതിലോമശക്തികള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലയാളി നേടിയ എല്ലാ നേട്ടങ്ങളെയും തകര്‍ക്കാനാണ് ചിലര്‍ രണ്ടാം വിമോചനസമര മുറവിളിയുമായി രംഗത്തുവരുന്നത്. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് ക്ഷീണിക്കുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷം. ഈ തോല്‍വിയുടെ പേരില്‍ സാമുദായിക ശക്തികളും യുഡിഎഫും വിമോചന സമരവുമായി മുന്നോട്ടുവന്നാല്‍ അതനുവദിച്ചുകൊടുക്കാന്‍ പുരോഗമന സമൂഹം തയ്യാറാവില്ല. ആധുനിക കേരളത്തെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തിനെതിരെയും അതീവ ജാഗ്രത പുലര്‍ത്തേണ്ട കടമ പുരോഗമനസമൂഹത്തിനുണ്ട്.
കേരളം കണ്ടതില്‍ ഏറ്റവും മോശക്കാരന്‍ ഇ എം എസ് ആണെന്നും നവോത്ഥാനം കേരളത്തെ പിറകോട്ട് നയിച്ചു എന്നും എഴുതിപ്പിടിപ്പിക്കുന്ന ചരിത്രപണ്ഡിതന്മാരെയും വിജയരാഘവന്‍ പരിഹസിച്ചു. അഞ്ചു പതിറ്റാണ്ടായുള്ള മലയാളിയുടെ ആഗോള മുന്നേറ്റത്തിന്റെ ഈടുവയ്പ്പുകളാണ് '57 ലെ സര്‍ക്കാരിന്റെ നടപടികള്‍. ഇതു മറച്ചുവച്ചാണ് പ്രതിലോമശക്തികളും പിന്തിരിപ്പന്‍ ചരിത്രകാരന്മാരും നടത്തുന്ന പ്രചാരവേലകള്‍. പാവങ്ങള്‍ക്കു നല്‍കിയ ഭൂമി മുഴുവന്‍ പിടിച്ചെടുത്ത് ജന്മിക്ക് തിരിച്ചു നല്‍കിയാല്‍ ഐശ്വര്യ കേരളം സൃഷ്ടിക്കാമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ആഗോളവല്‍ക്കരണത്തിനനുസൃതമായ കുപ്പായം മലയാളിക്ക് സമ്മാനിക്കാനും ഇവര്‍ ശ്രമിക്കുന്നു- അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ബേബി ജോണ്‍, പി ടി കുഞ്ഞുമുഹമ്മദ് എന്നിവരും ഇ എം എസിന്റെ സംഭാവനകളെ എടുത്തുകാട്ടി. എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി.
'ഇ എം എസും അധികാര വികേന്ദ്രീകരണവും' സെമിനാറും സമകാലികപ്രസക്തി കൊണ്ട് ശ്രദ്ധേയമായി. ആസൂത്രണബോര്‍ഡ് അംഗം സി പി നാരായണന്‍ വിഷയം അവതരിപ്പിച്ചു. അധികാര വികേന്ദ്രീകരണ പ്രക്രിയ നേരിടുന്ന വെല്ലുവിളികളെ മറികടക്കാനുള്ള വികസന പരിപ്രേക്ഷ്യം ഉണ്ടാക്കിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് ജയിച്ചവരോ തോറ്റവരോ എന്ന വ്യത്യാസമില്ലാതെ വികസന പ്രക്രിയയില്‍ പങ്കാളികളാവണമെന്ന ഇ എം എസിന്റെ നിര്‍ദേശത്തിന് ഇന്നും പ്രസക്തി ഏറെയാണ്. തുടര്‍ച്ചയായ വികസന സമീപനം നടപ്പാക്കാന്‍ തടസ്സം നില്‍ക്കുന്നത് വലതുപക്ഷവും സാമുദായിക ശക്തികളുമാണ്. അധികാര വികേന്ദ്രീകരണകാര്യത്തില്‍ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വ്യത്യസ്ത സമീപനങ്ങളാണുള്ളത്. 1996-2001ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ജനകീയാസൂത്രണം 2001ല്‍ ആന്റണി സര്‍ക്കാര്‍ വന്നപ്പോള്‍ കേരള വികസന പദ്ധതിയാക്കി മാറ്റി തകിടം മറിച്ചു. ഒന്നാംഘട്ടത്തിന്റെ തുടര്‍ച്ചയല്ല രണ്ടാം ഘട്ടത്തില്‍ കണ്ടത്. കേരളം നാനാമേഖലകളിലും മുന്‍കൈ നേടിയിട്ടും സമ്പൂര്‍ണമായ അധികാര വികേന്ദ്രീകരണം നടപ്പാക്കുന്നതില്‍ ഇപ്പോഴും വെല്ലുവിളികളുണ്ട്. അതിന് പരിഹാരം കാണുന്നവിധം പുതിയ വികസന സംസ്കാരം വളര്‍ത്തിയെടുക്കണം- സി പി പറഞ്ഞു.
ആസൂത്രണത്തെ താഴ്ത്തിക്കെട്ടിയുള്ള നവലിബറല്‍ പ്രചാരണങ്ങള്‍ക്ക് ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിയോടെ വിശ്വാസ്യത നഷ്ടപ്പെടുകയാണെന്ന് പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ലോകബാങ്ക് ഉണ്ടാകുന്നതിനും മുമ്പേ ഇന്ത്യയില്‍ അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അരാഷ്ട്രീയതയുടെയും വിദേശചായ്വിന്റെയും പുകമറ സൃഷ്ടിച്ച് വിവാദകോലാഹലമുണ്ടാക്കിയവര്‍ ഇക്കാര്യം സൌകര്യപൂര്‍വം മറച്ചുവച്ചു. ഇ എം എസിന് അധികാരവികേന്ദ്രീകരണം എന്നത് ഒരു രാഷ്ട്രീയ സമരായുധമായിരുന്നു. വര്‍ഗസമരവുമായി ബന്ധപ്പെടുത്തിയാണ് അധികാരവികേന്ദ്രീകരണത്തെ അദ്ദേഹം കണ്ടത്. അധികാരവികേന്ദ്രീകരണത്തിനായുള്ള ഏത് ഇടപെടലും ജനാധിപത്യത്തെ വിപുലപ്പെടുത്തുമെന്നും ജനാധിപത്യത്തിന്റെ വിപുലീകരണം ജനകീയസമരങ്ങളെ ശക്തിപ്പെടുത്തുമെന്നുമുള്ള ഇ എം എസിന്റെ അഭിപ്രായം ഇന്നും പ്രസക്തമാണ്- പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ അധ്യക്ഷനായി.
ഇ എം എസിന്റെ ചരിത്രരചനാരീതികളെ അവലംബിച്ചായിരുന്നു അടുത്ത സെമിനാര്‍. ഇഎംഎസിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യമാറ്റത്തിനും പുതിയ കേരളം കെട്ടിപ്പടുക്കാനുമുള്ള ആയുധമായിരുന്നു ചരിത്രരചനയെന്ന് വിഷയം അവതരിപ്പിച്ച പ്രമുഖ ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് പറഞ്ഞു. കെ എന്‍ ഗണേഷ്, പ്രൊഫ. ഇ രാജന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശാഭിമാനി യൂണിറ്റ് മാനേജര്‍ യു പി ജോസഫ് അധ്യക്ഷനായി.
സാംസ്കാരികരംഗത്ത് വിശാല ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്ന് ആഹ്വാനം ചെയ്ത 'സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിലെ ഇ എം എസ് സാന്നിധ്യം' എന്ന സെമിനാറോടെയായിരുന്നു സമാപനം. സാംസ്കാരികരംഗത്ത് വിശാല ഐക്യം വേണമെന്ന ഇ എം എസിന്റെ അഭിപ്രായത്തിന് സാമ്രാജ്യത്വ- ഭീകരവാദ- സാംസ്കാരിക അധിനിവേശ ശക്തികളുടെ കടന്നാക്രമണത്തിന്റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ടെന്ന് സാംസ്കാരിക മന്ത്രി എം എ ബേബി പറഞ്ഞു. ഡോ. സുകുമാര്‍ അഴീക്കോട്, സാഹിത്യ അക്കാദമി പ്രസിഡന്റ് എം മുകുന്ദന്‍, സെക്രട്ടറി പുരുഷന്‍ കടലുണ്ടി എന്നിവരും സംസാരിച്ചു. ബാബു എം പാലിശ്ശേരി എംഎല്‍എ അധ്യക്ഷനായി.
ഏതു വിഷയവും മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ വിശകലം ചെയ്തും പ്രയോഗവല്‍ക്കരിച്ചും നാടിന്റെ ഭാഗധേയം നിര്‍ണയിച്ച ഇ എം എസിനുള്ള ഹൃദയംഗമമായ സ്മരണാഞ്ജലിയാണ് ഈ സംവാദ പരമ്പര. ഇ എം എസിന്റെ രീതിശാസ്ത്രത്തോട് നീതിപുലര്‍ത്തിയ വിഷയാവതരണങ്ങളും പ്രൌഢമായ ചര്‍ച്ചകളും മൂര്‍ത്ത നിര്‍ദ്ദേശങ്ങളും കേരളീയ സാമൂഹ്യ ജീവിതത്തിലെ സാര്‍ഥക ഇടപെടലുമായി.

No comments: