Monday, June 22, 2009

ഇ എം എസിന്റെ മണ്ണ് ഇ എം എസിന്റെ ലോകം

ഇ എം എസിന്റെ മണ്ണ് ഇ എം എസിന്റെ ലോകം.

പാലക്കീഴ് നാരായണന്‍

മൂടിക്കെട്ടിയ ആകാശം. എങ്ങും ഒരു വിങ്ങല്‍. ചുറ്റും ഇതികര്‍ത്തവ്യതാമൂഢരായ സഖാക്കള്‍ വന്നു നിറഞ്ഞിരിക്കുന്നു. ഒരു വട്ടം കൂടി ആ പഴയ വിദ്യാലയത്തിലേക്ക് കടന്നുചെന്നപ്പോള്‍ ആരോ ചൊല്ലിക്കൊടുക്കുന്നതുകേട്ടു. "സഖാവ് ഇ എം എസിന്റെ ക്ളാസുമുറി''. ഈ മങ്ങൂഴം മായില്ലേ? വെളിച്ചം വരില്ലേ? വെളിച്ചം പരത്തുന്ന ചിരിക്കുന്ന മുഖവുമായി വെളുപ്പിന്റെ പ്രതീകമായ പ്രകാശ് കാരാട്ട് വന്നിറങ്ങിയപ്പോള്‍ ഇടിവെട്ടുംപോലെ എങ്ങും മുദ്രാവാക്യങ്ങള്‍. എങ്ങും പ്രകാശം പരന്നതുപോലെ ഏവരും ഉത്സാഹഭരിതര്‍.
പെരിന്തല്‍മണ്ണ ഹയര്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെ അങ്കണത്തില്‍ മനോഹരമായി അലങ്കരിച്ച പന്തലില്‍ "ഇ എം എസിന്റെ ലോകം' ദേശീയ സെമിനാര്‍ ആരംഭിക്കുകയാണ്. വള്ളുവനാടിന്റെ ആരോമല്‍ പുത്രനെ ആരാധിക്കുവാനുള്ള മുഹൂര്‍ത്തം. 'നാലാം തമ്പുരാന്‍' സ. ഇ എം എസായി വിളികൊണ്ടതിന്റെ വിദ്യാരംഭം നടന്ന തിരുമുറ്റം. ഇ എം എസിന്റെ മഹത്തായ സംഭാവനകളെക്കുറിച്ച് പഠിക്കാനെത്തിയ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കം ആയിരങ്ങള്‍. ഇ എം എസിന്റെ മക്കളായ ഡോ. മാലതിയും ഇ എം രാധയും ജാമാതാവ് ഡോ. ദാമോദരനും പേരക്കുട്ടി ഡോ. സുമംഗലയും ഉള്‍ക്കുളിരോടെ സാക്ഷികളായി.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് സിപിഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രാരംഭംകുറിച്ചു. ഇ എം എസിന്റെ നാട്ടില്‍ പാര്‍ടി പടുത്തുയര്‍ത്താന്‍ ആയുസ്സുഴിഞ്ഞുവച്ച തദ്ദേശ ഭരണവകുപ്പുമന്ത്രി പാലോളി മുഹമ്മദുകുട്ടി അധ്യക്ഷനായി. പാലോളിയുടെ ഉശിരനായ പിന്‍ഗാമി യുവസഖാവ് വി ശശികുമാര്‍ എംഎല്‍എ സ്വാഗതമോതി.
ലോകസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതവും ഗൌരവപൂര്‍ണ്ണവുമായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അത്യന്തം ശ്രദ്ധയോടും ജാഗ്രതയോടും കൂടിയാണ് സദസ്സ് കാരാട്ടിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തത്.
പ്രകാശ് കാരാട്ടിന്റെ പ്രസംഗത്തില്‍നിന്ന്- തെരഞ്ഞെടുപ്പില്‍ വന്ന കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഭരണതലത്തിലും പാര്‍ടി നേതൃത്വത്തിലും സംഭവിച്ച പിശകുകള്‍ തിരുത്തി മുന്നോട്ടുപോകും. കേരളത്തിലെയും ബംഗാളിലെയും കാര്യം പ്രത്യേകിച്ചും ഗൌരവത്തോടെ വിലയിരുത്തും. ഏതെല്ലാം ജനവിഭാഗങ്ങളാണ് പാര്‍ടിയില്‍ നിന്നകന്നതെന്ന് പരിശോധിക്കും. അവരെ തിരിച്ചുകൊണ്ടുവരലാണ് അടിയന്തിര കര്‍ത്തവ്യം. വിമോചന സമരാനന്തരം 1960-ല്‍ നടന്ന തെരഞ്ഞെടുപ്പിന് സമാനമായ പരാജയമാണിത്. ഇ എം എസിന്റെ അന്നത്തെ നിര്‍ദ്ദേശം ഇപ്പോഴും പ്രസക്തമാണ്. തോല്‍വിയെ തോല്‍വിയായി കണ്ട് സ്വയം വിമര്‍ശനപരമായി വിശകലനംചെയ്യാന്‍ കഴിയണം എന്നാണ് അദ്ദേഹം എഴുതിയത്. ഈ പരാജയം പാര്‍ടിയുടെയോ പ്രസ്ഥാനത്തിന്റെയോ പ്രാധാന്യം കുറയ്ക്കുന്നില്ല. ജനപിന്തുണയും വിശ്വാസവും തിരിച്ചുപിടിച്ച് ഏറെ ശക്തിയോടെ മുന്നേറാന്‍ കഴിയുമെന്ന് കാരാട്ട് പ്രഖ്യാപിച്ചു. ഇടതുമുന്നണിക്കെതിരെ വലതു പ്രതിലോമശക്തികളും ഭരണകൂടവും സാമ്രാജ്യത്വശക്തികളും ശക്തമായ ആക്രമണമാണ് നടത്തുന്നത്. എന്നാല്‍ നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കും കേന്ദ്രഭരണകൂടത്തിന്റെ സാമ്രാജ്യത്വ വിധേയതയ്ക്കും എതിരായ പോരാട്ടത്തിന് ഇ എം എസ് തന്നെയാണ് വഴികാട്ടി. ഇന്ത്യയില്‍ ഹിന്ദു വര്‍ഗ്ഗീയതയുടെ ഭീഷണി ആദ്യം കണ്ടെത്തിയതും അത് നേരിടാനുള്ള മാര്‍ഗ്ഗം കണ്ടെത്തിയതും ഇ എം എസാണ്.
തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങളെ ദേശീയ സ്വാതന്ത്യ്രസമരത്തോട് കണ്ണിചേര്‍ക്കാന്‍ യത്നിച്ചത് ഇ എം എസാണ്. കാരണം ചൈനയും വിയത്നാമും ഒഴിച്ചുള്ള മൂന്നാംലോക രാഷ്ട്രങ്ങളില്‍നിന്നുള്ള ഏറെ മൌലികതയുള്ള പ്രതിഭാധനനായ മാര്‍ക്സിസ്റ്റ് ചിന്തകനാണ് ഇ എം എസ്. ഐക്യകേരള സ്ഥാപനത്തിലൂടെ ഭാഷാ സംസ്ഥാന രൂപീകരണത്തിന് തുടക്കംകുറിക്കാന്‍ കാരണക്കാരന്‍ ഇ എം എസാണ്. അധികാര വികേന്ദ്രീകരണം ഇ എം എസിന്റെ മറ്റൊരു നേട്ടമാണ്. അതി തീവ്രവാദം വേരോടിയകാലത്ത് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ തത്വവും പ്രയോഗവും വര്‍ഗ്ഗസമരത്തിന്റെ പശ്ചാത്തലത്തില്‍ വിട്ടുവീഴ്ചയില്ലാതെ വിശദീകരിച്ചത് ഇ എം എസാണ്. ഐക്യമുന്നണി രാഷ്ട്രീയത്തില്‍ ഊന്നുമ്പോഴും മന്ത്രിസഭയിലും സര്‍ക്കാരിലും പങ്കുചേരുമ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം എടുക്കേണ്ട സൂക്ഷ്മത ഇ എം എസ് പഠിപ്പിച്ചു. കേരളത്തിലെ ജാതിമത സങ്കീര്‍ണ്ണതകളെ തൊഴിലാളിവര്‍ഗം നേരിടേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കിയതും ഇ എം എസാണ്. സംഘപരിവാറും മറ്റു വര്‍ഗീയശക്തികളും പിടിമുറുക്കുന്നതിനെപ്പറ്റി സൂചന നല്‍കുകയും അതിന്റെ അപകടത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഏതു നിലയ്ക്കും ഇ എം എസ് മുമ്പേ നടന്ന ആളാണ്. അദ്ദേഹം ഇന്നു കാണുന്നത് നമുക്ക് നാളെയേ മനസ്സിലാവു.
ഇടതുപക്ഷ പ്രസ്ഥാനത്തെ കുപ്രചാരണങ്ങളിലൂടെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന് തദ്ദേശ ഭരണവകുപ്പുമന്ത്രി പാലോളി മുഹമ്മദുകുട്ടി പറഞ്ഞു. ശക്തമായ എതിര്‍പ്പാണ് ശത്രുപക്ഷം ഇപ്പോഴും നടത്തുന്നത്. ഇതിനുമുമ്പ് പലപ്പോഴും കൊടുങ്കാറ്റുപോലുള്ള എതിര്‍പ്പുണ്ടായിട്ടുണ്ട്. അതിനെയെല്ലാം ശാന്തമായി നേരിട്ട പാരമ്പര്യമാണ് പാര്‍ടിക്കുള്ളത്. ബഹുജനങ്ങളെ അണിനിരത്തി പ്രതിസന്ധികളെ തരണം ചെയ്യേണ്ടതെങ്ങനെയെന്നും ഇ എം എസ് പഠിപ്പിച്ചിട്ടുണ്ടെന്ന് പാലോളി പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക് ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക്, എ വിജയരാഘവന്‍, ടി കെ ഹംസ, വി എം കുട്ടി, പി ശ്രീരാമകൃഷ്ണന്‍, കെ സെയ്താലിക്കുട്ടി, പി പി അബ്ദുള്ളക്കുട്ടി, പി നന്ദകുമാര്‍ എന്നിവര്‍ വേദിയെ ധന്യമാക്കി. ജനറല്‍ കണ്‍വീനര്‍ ഇ എന്‍ മോഹന്‍ദാസ് നന്ദി പറഞ്ഞു.
"വികസനത്തിന്റെ കേരളീയ പാഠങ്ങള്‍'' എന്ന സെഷനായിരുന്നു ഇ എം എസ് സെമിനാറില്‍ ആദ്യം എന്നത് ഉചിതം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവര്‍ കെ സെയ്താലിക്കുട്ടി അധ്യക്ഷതവഹിച്ചു.
ധനമന്ത്രി തോമസ് ഐസക് ഇ എം എസ് തുറന്നുതന്ന വികസനത്തിന്റെ വഴികള്‍ വിശദീകരിച്ചുകൊണ്ട് ചര്‍ച്ചാവേദി ഉദ്ഘാടനംചെയ്തു. നിരവധി വേദികള്‍, എണ്ണമറ്റ പ്രബന്ധങ്ങള്‍, പ്രഗത്ഭരുടെ രാഷ്ട്രീയാഭിപ്രായഭേദമെന്യെയുള്ള പങ്കാളിത്തം എന്നിവകൊണ്ട് ലോകചരിത്രത്തിലെ അദ്ഭുതസംഭവമായ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് ഇ എം എസിന്റെ വികസന സങ്കല്‍പത്തിന്റെ സാക്ഷാത്കാരമായിരുന്നു. അടുത്ത പടിയായി ജനകീയാസൂത്രണം. ജന്മി ബൂര്‍ഷ്വാ സാമൂഹ്യവ്യവസ്ഥ എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നകറ്റി ഇന്ത്യയെപ്പറ്റി പഠിക്കാനാവില്ല. ഫെഡറല്‍ സംവിധാനത്തിന്റെ മേന്മയും പരിമിതികളും അറിയണം. 57ലെ ഗവണ്‍മെന്റ് വികസനത്തെപ്പറ്റി രൂപപ്പെടുത്തിയ സങ്കല്‍പം വിമോചനസമരത്തിന്റെ ദുഷ്ടശക്തികള്‍ തകര്‍ക്കുകയായിരുന്നു. ജനകീയാസൂത്രണത്തിന്റെ ഗുണവശങ്ങളും അവര്‍ തട്ടിക്കളഞ്ഞു.
പിന്നീട് ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് സംസാരിച്ചു. ജനാധിപത്യ വിപ്ളവത്തിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ആഗോള മൂലധന വ്യവസ്ഥയ്ക്ക് കീഴ്പ്പെടുന്നതോടെ നഷ്ടമാകുമെന്നദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളും ആഗോള മൂലധനശക്തികളെ അന്ധമായി അനുകരിക്കുന്നതായിട്ടാണ് കാണുന്നത്. നമുക്കതു പറ്റില്ല. വന്‍ വ്യവസായങ്ങള്‍ക്കുചേര്‍ന്ന പ്രകൃതിയല്ല കേരളത്തിന്റേത്''. പരമ്പരാഗത കുലത്തൊഴില്‍, കൃഷി മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കിയില്ലെങ്കില്‍ അവര്‍ അതുപേക്ഷിച്ച് വെറും കൂലിക്കാരായി മാറും. സഹകരണ പ്രസ്ഥാനത്തെ ആശ്രയിച്ച് മൂലധനം സ്വരൂപിക്കുന്നതാണിവിടെ സുരക്ഷിതമെന്ന് പട്നായിക് അഭിപ്രായപ്പെട്ടു.
ഇനി ഏലംകുളത്തേക്ക്
ഉള്ളില്‍ കുളിരുകോരുന്ന ഓര്‍മ്മകളെ അലകൈകളാല്‍ ലാളിച്ചു തലോടിക്കൊണ്ട് ഒഴുകുന്ന കുന്തിപ്പുഴ. നാലാം തമ്പുരാനായ കുഞ്ചു ഓടിക്കളിച്ച പൊയ്പ്പോയ പ്രതാപം അയവിറക്കി തലപൊക്കി നില്‍ക്കുന്ന ഏലംകുളം മന. നാലാം തമ്പുരാന്‍ കാടുകാട്ടി ഓടിക്കളിച്ച മുറ്റം. പന്തുകളിയും കാരകളിയും അതിഥിയായി വന്ന ഹോക്കിയും (ഇ എം എസ് ഹോക്കി കമ്പക്കാരനായിരുന്നു. കളിക്കളത്തിലെ മിടുക്കില്‍നിന്ന് പുസ്തകാലയത്തിലേക്ക് പിടിച്ചുകയറ്റുകയും വര്‍ഗ്ഗസമര നായകത്വത്തിലേക്ക് നയിക്കുകയും ചെയ്ത ഗുരുഭൂതന്മാര്‍ക്ക് പ്രണാമം). തട്ടിത്തിമിര്‍ക്കുന്നതിനിടയില്‍ കാടും പൊന്തയും ചതഞ്ഞുപോയ തൊട്ടപ്പുറത്തെ മണ്ണ്. ഇ എം എസ് സ്മാരക സമുച്ചയത്തിന്റെ ശിലാസ്ഥാപനത്തിനുള്ള വേദി അവിടെയാണ്. വികാരഭരിതമായ അന്തരീക്ഷം. അതിനു മാര്‍ദ്ദവമേകാന്‍ മുന്‍മന്ത്രിയും മുന്‍ എംപിയുമായ ടി കെ ഹംസയും മാപ്പിളപ്പാട്ടിന്റെ തലതൊട്ടപ്പന്‍ വി എം കുട്ടിയും ചേര്‍ന്ന കര്‍ഷകസമരത്തിന്റെ ഇതിഹാസം വിളിച്ചുപറയുന്ന ഒരു പാട്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര അധ്യാപികയായ ഇ എം എസിന്റെ മകള്‍ ഡോ. മാലതിയുടെ മകള്‍ ഡോ. സുമംഗലയുടെ അതിമനോഹരമായ ഗാനം. പ്രതിരോധ സംഗീതത്തില്‍ ഗവേഷണം നടത്തുന്ന ഡോ. സുമംഗല കയ്യൂര്‍ സമരത്തെ ആധാരമാക്കി ബംഗാളിയില്‍ ആലപിച്ച ഗാനം അധിനിവേശത്തിനെതിരെ ഭാരതീയ ഭാഷകളില്‍ പിറക്കുന്ന സംഗീതത്തെ പ്രതിനിധാനംചെയ്യുന്നു. ഡോ. സുമംഗലയുടെ പ്രിയതമന്‍ ബംഗാളിയാണ്. മകള്‍ നീലാംബരി. സെമിനാര്‍ വേദിയിലും ഇല്ലത്തിന്റെ അങ്കണത്തിലും ഗാനങ്ങള്‍ ആലപിച്ച സുമംഗല സദസ്സിന് പ്രിയംകരിയായി.
ഇ എം എസ് സ്മാരക ട്രസ്റ്റ് പത്തുവര്‍ഷമായി നടത്തിപ്പോരുന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ നടത്തിപ്പിനായി ശേഖരിക്കാറുള്ള ഫണ്ടില്‍നിന്ന് പിശുക്കിക്കരുതിവെച്ച സംഖ്യ കൊടുത്ത് ഏലംകുളം മനയുടെ പാര്‍ശ്വഭാഗത്ത് വിലയ്ക്കുവാങ്ങിയ ഒരേക്കര്‍ സ്ഥലത്താണ് ഇ എം എസ് സ്മാരക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നത്. ചരിത്രമ്യൂസിയം, റഫറന്‍സ് ലൈബ്രറി, ഓഡിറ്റോറിയം എന്നിവയാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. ഇ എം എസ് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ സെയ്താലിക്കുട്ടി പറഞ്ഞു.
ഇ എം എസിന്റെ തറവാടിന്റെ തൊട്ട് കുന്തിപ്പുഴയുടെ ഓരത്താണ് ഇ എം എസ് സ്മാരക സമുച്ചയം നിര്‍മ്മിക്കുന്നത്. കെ സെയ്താലിക്കുട്ടി ചെയര്‍മാനും എ വിജയരാഘവന്‍ കണ്‍വീനറുമായ ചെറുകാട് സ്മാരക ട്രസ്റ്റാണ് അതിന്റെ ചുമതല ഏറ്റത്. സ്മാരകം നിര്‍മ്മിക്കുന്നതും ആരാധിക്കുന്നതും കമ്യൂണിസ്റ്റുകാര്‍ക്ക് പ്രധാനമല്ലെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച പ്രകാശ്കാരാട്ട് പറഞ്ഞു. ഇ എം എസ് സ്മാരകം ജനകീയ വിദ്യാഭ്യാസ കേന്ദ്രമായി വളരണം. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന നിശ്ചയം ശ്ളാഘനീയംതന്നെ. അപ്പോഴും ഇവിടെ വരാന്‍ കഴിയണമെന്നാണ് തന്റെ മോഹമെന്നും കാരാട്ട് പറഞ്ഞു. എ വിജയരാഘവന്‍ അധ്യക്ഷതവഹിച്ചു. പാലോളി മുഹമ്മദ്കുട്ടി, ടി കെ ഹംസ, കെ ടി ജലീല്‍ തൊട്ടുള്ളവര്‍ പ്രസംഗിച്ചു. പി പി വാസുദേവന്‍ സ്വാഗതവും എന്‍ പി ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഏലംകുളത്തെ വികാര നിര്‍ഭരമായ ചടങ്ങ് ആവേശകരവുമായിരുന്നു.
ഇ എം എസ് സെമിനാറിന്റെ രണ്ടാം ദിവസം ആരംഭിച്ചത് ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള പര്യാലോചനയോടെയാണ്. പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ഇടതുപക്ഷം വിഭാവനംചെയ്യുന്ന മൂന്നാം ബദലും തെരഞ്ഞെടുപ്പുകാലത്ത് വന്നുചാടിയ മൂന്നാം മുന്നണിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് എസ്ആര്‍പി ആവര്‍ത്തിച്ചും ഉറപ്പിച്ചും വ്യക്തമാക്കി. ബൂര്‍ഷ്വാഭൂപ്രഭുവര്‍ഗ രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ വിശാലമായ ഇടതുപക്ഷ ജനകീയ മുന്നണിയാണ് മൂന്നാം ബദല്‍. കേരളത്തിലെ ഇടതുപക്ഷ മുന്നണിപോലും അതല്ല. മൂന്നാംബദല്‍ തെരഞ്ഞെടുപ്പുകാലത്ത് തട്ടിക്കൂട്ടുന്നതല്ല. തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴും നടത്തുന്ന ഇടതുപക്ഷ ഇടപെടലുകളില്‍നിന്ന് ക്രമേണ രൂപംകൊള്ളേണ്ടതാണത്. തെരഞ്ഞെടുപ്പുകാലത്തെ താല്‍ക്കാലിക സഖ്യങ്ങള്‍ മൂന്നാം ബദലിന് ശക്തിപകരും. ഇന്ത്യയില്‍ സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ജനകീയ ജനാധിപത്യ കടമകള്‍ പൂര്‍ത്തീകരിക്കാന്‍ തൊഴിലാളിവര്‍ഗത്തിന് മേല്‍ക്കൈയുള്ള വിശാലമായ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. അഖിലേന്ത്യാതലത്തില്‍ രൂപംകൊള്ളേണ്ട മൂന്നാംബദല്‍ ഇന്നോ നാളെയോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുതെന്ന് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍വന്ന പരാജയത്തെപ്പറ്റി എസ്ആര്‍പി പറഞ്ഞത് തെറ്റുതിരുത്താന്‍ പാര്‍ടി സന്നദ്ധമാകുകയാണെന്നാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ തിരുത്തല്‍ പ്രക്രിയ നടക്കുക. ഗവണ്‍മെന്റിലും പാര്‍ടിയിലും മുന്നണിയിലും വേണ്ട തിരുത്തലുകള്‍ നടക്കും. കോണ്‍ഗ്രസ് മതനിരപേക്ഷമാണെന്ന പാഴ്മോഹവും വിഫലമായ മൂന്നാംമുന്നണിയും പാര്‍ടിക്കെതിരായ പ്രചാരവേലയും തിരിച്ചടിക്ക് കാരണമായോ എന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള കാരണങ്ങളുണ്ടാവാം. എന്നിരുന്നാലും ഇടതുപക്ഷ പാര്‍ടികളുടെ അടിത്തറ ഇളകിയിട്ടൊന്നുമില്ല. ഏകോപിച്ചെതിര്‍ത്ത എതിരാളികള്‍ ഏറെ കരുത്താര്‍ജ്ജിച്ചതിനാല്‍ പ്രതീക്ഷിച്ചതുപോലെ മുന്നേറാനായില്ല. ചില ഘട്ടങ്ങളില്‍ പാര്‍ടി എടുക്കുന്ന നിലപാട് തത്വവിരുദ്ധമാണെന്ന് തോന്നാം. ഭൂരിപക്ഷാഭിപ്രായപ്രകാരം നയം രൂപീകരിക്കുമ്പോള്‍ വിശേഷിച്ചും. തെറ്റെന്നു ബോധ്യമായാല്‍ നയം മാറ്റും. ജനകീയ കടമകള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെയേ സമൂഹത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് ഉയര്‍ത്താനാകു എന്നും അതിന്റെ ഭാഗമാണ് മൂന്നാം ബദല്‍ പരീക്ഷണമെന്നും എസ് രാമചന്ദ്രന്‍പിള്ള വിശദീകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയെ വേറിട്ടുനിര്‍ത്തുന്നത് അത് തെരഞ്ഞെടുപ്പുപാര്‍ടി മാത്രമല്ല എന്ന ഘടകമാണ് എസ്ആര്‍പി ഓര്‍മ്മിപ്പിച്ചു.
സാര്‍വദേശീയതലത്തില്‍പോലും ശ്രദ്ധിക്കപ്പെടുന്നതാണ് മുന്നണി രാഷ്ട്രീയത്തില്‍ ഇ എം എസിന്റെ സംഭാവനയെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നവ ഇടതുപക്ഷ മുന്നേറ്റത്തിന്റെയും രാഷ്ട്രീയ മുന്നണികളുടെയും കേന്ദ്രമായ ലാറ്റിനമേരിക്കയില്‍ വളരുന്ന രാഷ്ട്രീയ മാറ്റം ദൃഷ്ടാന്തമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
"മുന്നണി രാഷ്ട്രീയം സ്വാതന്ത്യ്രപൂര്‍വനാളുകളില്‍'' എന്ന വിഷയമാണ് ഡോ. കെ കെ എന്‍ കുറുപ്പ് അവതരിപ്പിച്ചത്. ദേശീയതലത്തില്‍ കൂട്ടുകക്ഷി ഭരണം എന്ന ചിന്താഗതി നടാടെ കരുപ്പിടിപ്പിച്ചത് കേരളത്തിലാണ്. കോണ്‍ഗ്രസ് ഒരിക്കലും മുന്നണി സംവിധാനത്തില്‍ ആത്മാര്‍ത്ഥത കാണിച്ചിട്ടില്ല. അധികാരത്തിലേക്കൊരു വഴി. അത്രയേ ഉള്ളൂ. ഇ എം എസിന്റെ മാതൃക ആധുനിക കാലത്തെ രാഷ്ട്രീയ സംവിധാനത്തിന് സഹായകമാകുമെന്ന് കുറുപ്പു പറഞ്ഞു.
മാധ്യമരംഗത്തെ കാപട്യങ്ങള്‍ക്കുനേരെ തുറന്നടിച്ചുകൊണ്ടാണ് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി "മാധ്യമങ്ങളും മുന്നണി പരീക്ഷണങ്ങളും'' വിശകലനം ചെയ്തത്. സിപിഐ (എം)നെക്കുറിച്ചുളള നുണകള്‍ വായിക്കാന്‍ ഒരു പത്രം വായിച്ചാല്‍ മതിയാകും. മറ്റുള്ളതിലൊക്കെ അതിന്റെ പകര്‍പ്പാകും. ഒരേ അടുക്കളയില്‍നിന്നാണ് എല്ലാം വിളമ്പുന്നത്. മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പിണറായി വിജയന്റെ പ്രയോഗം അര്‍ത്ഥവത്താണ്, യാഥാര്‍ത്ഥ്യമാണ്-മാധവന്‍കുട്ടി പറഞ്ഞു.
സ്ത്രീപക്ഷ ഇടപെടലുകളുടെ ഇടതുപക്ഷ കാഴ്ചപ്പാട് വിസ്തരിച്ച ഡോ. ടി എന്‍ സീമ ഇന്ത്യയില്‍ വര്‍ഗ ജാതി ലിംഗപരമായ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി. സ്ത്രീപക്ഷ ഇടപെടലുകളുടെ കാര്യത്തില്‍ കേരളത്തിന്റെതായ മാതൃക മുന്നോട്ടുവെച്ചത് 1957ലെ ഇ എം എസിന്റെ സര്‍ക്കാരാണ്. മതനിരപേക്ഷത പുലരുന്ന സമൂഹത്തില്‍ മാത്രമേ സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടൂ എന്ന് സീമ പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധത വേണ്ടവിധത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. സ്ത്രീകളെ ഇരകള്‍ മാത്രമല്ല കരുക്കളും ആക്കുന്നുണ്ട്.
ഇ എം എസ് സെമിനാറിന്റെ ഒടുവിലത്തെ സെഷന്‍ ഇ എം എസിന്റെ സാംസ്കാരിക സാഹിത്യസമീപനം എന്നതായിരുന്നു. നമ്പൂതിരി നവോത്ഥാനപ്രസ്ഥാനത്തിന്റെ കാലത്ത് ഇ എം എസിന്റെ സഹപ്രവര്‍ത്തകനായ വന്ദ്യവയോധികനായ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ സാന്നിധ്യം വേദിക്ക് ധന്യതയേകി. മന്ത്രി എം എ ബേബി കൂടി എത്തിയപ്പോള്‍ സാംസ്കാരിക സദസ്സ് ഗൌരവപൂര്‍ണ്ണമായി. സഭ ഉദ്ഘാടനംചെയ്ത വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രി എം എ ബേബി സാമൂഹ്യ മാറ്റത്തിനായുള്ള പോരാട്ടത്തില്‍ സാംസ്കാരിക മേഖലയ്ക്ക് പ്രമുഖസ്ഥാനമുണ്ടെന്ന് പഠിപ്പിച്ച മഹാനാണ് ഇ എം എസ് എന്ന് അഭിപ്രായപ്പെട്ടു. ഇ എം എസിന്റെ അനുയായികളായ സഖാക്കള്‍പോലും സാംസ്കാരികരംഗത്തിന്റെ പ്രാധാന്യം പ്രവര്‍ത്തനത്തില്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. കമ്യൂണിസ്റ്റുകാരനാവുന്നതിനുമുമ്പുതന്നെ സാമൂഹികമാറ്റത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗിച്ച നേതാവാണ് ഇ എം എസ്. മഹാകവി അക്കിത്തവും പ്രേംജിയും എം ആര്‍ബിയും വി ടിയും സഹപ്രവര്‍ത്തകരായിരുന്നു. ഇന്ത്യയില്‍ പി സി ജോഷിയും ആഗാളതലത്തില്‍ ഫിഡല്‍ കാസ്ട്രായും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചവരാണെന്ന് എം എ ബേബി പറഞ്ഞു.
ഇ എം എസിന്റെ ജീവിതം പുതിയ തലമുറ മാതൃകയാക്കണം എന്നാണ് മഹാകവി അക്കിത്തം വെളിപ്പെടുത്തിയത്. ഇ എം എസിന്റെ സ്വകാര്യ ജീവിതത്തില്‍ ഗാന്ധിയന്‍ വീക്ഷണത്തിന്റെ സ്വാധീനം പ്രബലമായിരുന്നു. സ്വത്തുക്കളോട് താല്‍പര്യമില്ലായ്മ ദൃഷ്ടാന്തം. കര്‍മ്മംചെയ്യുക എന്നതായിരുന്നു ഉണര്‍ന്നിരിക്കുമ്പോഴെല്ലാം ഇ എം എസിന്റെ ആഹ്വാനം. അദ്ദേഹത്തിന്റെ പക്ഷപാതം ദരിദ്ര ജനങ്ങളോടായിരുന്നു. ഗാന്ധിജിയിലൂടെ ജയപ്രകാശിലൂടെയാണ് ഇ എം എസ് കമ്യൂണിസത്തിലെത്തിയതെന്ന് പഴയ സഹപ്രവര്‍ത്തകനായ മഹാകവി അക്കിത്തം പറഞ്ഞു. സാഹിത്യത്തെക്കുറിച്ച് ഇ എം എസ് തന്റെ നിലപാടില്‍ മാറ്റംവരുത്തി എന്ന ചിലരുടെ പ്രചാരണം ശരിയല്ലെന്ന് ഇ എം എസും സാംസ്കാരികരംഗവും എന്ന വിഷയത്തെക്കുറിച്ച്, അധ്യക്ഷനായ പ്രഭാവര്‍മ്മ പറഞ്ഞു. നിലപാടു മാറ്റാതെ ആദ്യം പറഞ്ഞതില്‍ ചില തിരുത്തുവരുത്തി പുഷ്ടിപ്പെടുത്തുകയായിരുന്നു അദ്ദേഹം. ജീവല്‍ സാഹിത്യത്തിന്റെ തുടക്കത്തിലെടുത്ത നിലപാട് കീഴ്മേല്‍ മറിച്ചുകൊണ്ട് ഇ എം എസ് ആശയക്കുഴപ്പമുണ്ടാക്കി എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. സാമ്രാജ്യത്വത്തിനെതിരായ മുന്നേറ്റത്തിന് സാഹിത്യത്തെ ഉപകരണമാക്കണം എന്നാണ് ഇ എം എസ് ആഹ്വാനംചെയ്തത്.
സാംസ്കാരികരംഗത്തെ വര്‍ഗ്ഗസമരം എന്ന വിഷയമാണ് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. കെ ജി പൌലോസ് അവതരിപ്പിച്ചത്. കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഗതി നിര്‍ണ്ണയിക്കുന്നത് ജറ്റുവിമാനവും മിസൈലുകളുമല്ലെന്നും പേനയും മഷിയുമാണ് എന്നുമാണ് വിമോചന സമരം പഠിപ്പിച്ചത്. വിമോചനസമരത്തിന് ചില സാഹിത്യകാരന്മാര്‍ ധൈഷണികമായ മുഖം നല്‍കി അഴിമതിക്കഥയാണ് അന്നും ആയുധമാക്കിയത്. കമ്യൂണിസ്റ്റ് നേതാക്കളെ നശിപ്പിക്കാതെ പാര്‍ടിയെ തകര്‍ക്കാനാവില്ലെന്ന് സി ഐ എക്കറിയാം. മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളുടെ ബോധമണ്ഡലത്തില്‍ അവര്‍ വിഷം കുത്തിക്കയറ്റുകയാണെന്ന് ഡോ. പൌലോസ് പറഞ്ഞു.
സാംസ്കാരികരംഗവും തീവ്ര ഇടതുപക്ഷവും എന്നവിഷയത്തെപ്പറ്റി എം എം നാരായണന്‍ പ്രസംഗിച്ചു. പാലക്കീഴ് നാരായണന്‍ സ്വാഗതവും വി രമേശന്‍ നന്ദിയും പറഞ്ഞു.
കുന്തിപ്പുഴയുടെ തീരത്തുനിന്ന് ഏലംകുളം മനയുടെ പടിക്കലൂടെ മടങ്ങിപോരുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ മനസ്സില്‍ തളിരിടുകയായിരുന്നു. അപ്പുറത്ത് കുറുക്കന്മാര്‍ ഓരിയിടുന്നതുപോലെ കുലംകുത്തികളായ പഴവന്മാര്‍ ശപിക്കുന്നുണ്ടായിരുന്നുവത്രെ. "ഗഹനമായ പ്രത്യയശാസ്ത്ര ചര്‍ച്ചകളോ സാമ്പത്തികാധിനിവേശത്തിന്റെ പരാമര്‍ശമോ ഇ എം എസ് സെമിനാറില്‍ നടത്തിയില്ല. അത് വെറും പാര്‍ടി പരിപാടിയാക്കി''. തറവാടിന്റെ അജണ്ട നിശ്ചയിക്കുന്നത് മുടിയനായ പുത്രന്മാരല്ല എന്നതിരിക്കട്ടെ നാലുകെട്ടിനകത്തു നടക്കുന്നത് എന്തൊക്കെ എന്ന് പടിപ്പുരയ്ക്കല്‍ നില്‍ക്കുന്നവര്‍ നിശ്ചയിക്കണോ? ഇ എം എസിന്റെ മേല്‍വിലാസം ഉപജീവനമാര്‍ഗ്ഗമാക്കി നടക്കുന്നവരോട് എന്തു പറഞ്ഞിട്ടെന്താണ്?


No comments: