ആണവകരാര്‍ ലീഗ് അണികളും നേതൃത്വവും കൂടുതല്‍ അകലുന്നു
അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമുന്നില്‍ മുട്ടുമടക്കിയ കേന്ദ്രസര്‍ക്കാര്‍ ആണവകരാറുമായി മുന്നോട്ടുപോകുമ്പോള്‍ മുസ്ളിംലീഗില്‍ അണികളും നേതൃത്വവും തമ്മില്‍ അകല്‍ച്ച വര്‍ധിച്ചു.
ആണവകരാര്‍ വിഷയത്തില്‍ നേതൃത്വം നടത്തുന്ന ഒളിച്ചുകളി ലീഗ് അണികളില്‍ രോഷവും നിരാശയും പടര്‍ത്തുകയാണ്. റമദാനു മുമ്പ് നടന്ന ലീഗ് പഞ്ചായത്ത്-മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുയോഗങ്ങളില്‍ പലരും വിഷയം ഉന്നയിച്ചിരുന്നു. റമദാനുശേഷം ജില്ലാ ഭാരവാഹിതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എതിര്‍പ്പ് ശക്തിപ്പെടുമെന്ന് നേതാക്കള്‍ ഭയക്കുന്നു. പുതിയ അഖിലേന്ത്യ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ 13നും 14നും ഡല്‍ഹിയില്‍ ചേരുന്ന ദേശീയ നിര്‍വാഹകസമിതി ആണവകരാര്‍ ചര്‍ച്ചചെയ്യുമെന്നാണ് നേതാക്കള്‍ ഇപ്പോള്‍ യോഗങ്ങളില്‍ പറയുന്നത്. ഇത് തമാശയായിട്ടേ അണികള്‍ എടുത്തിട്ടുള്ളൂ. പല ഘട്ടങ്ങള്‍ പിന്നിട്ട് കരാര്‍ യുഎസ് കോഗ്രസിന്റെ മുമ്പിലാണ്. ഈ അവസരത്തിലാണ് കരാര്‍ ചര്‍ച്ചചെയ്യുമെന്ന് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.
ഡല്‍ഹിയോഗത്തില്‍ ആണവകരാറുമായി ബന്ധപ്പെട്ട് ഗൌരവമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് 'ദേശാഭിമാനി'യോട് പറഞ്ഞു. അഹമ്മദിന്റെ രാജിക്ക് ഇനി പ്രസക്തിയേ ഇല്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്. എന്നാല്‍, ലീഗ് ആശങ്ക യുപിഎ നേതൃത്വത്തെ ശക്തമായി അറിയിക്കണമെന്ന തീരുമാനം ഇ അഹമ്മദ് നടപ്പാക്കിയില്ലെന്ന വിമര്‍ശം യോഗത്തില്‍ ഉയര്‍ന്നേക്കും. ആണവകരാറിനെ എതിര്‍ത്തില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ലീഗിന് കനത്ത തിരിച്ചടി നേരിടുമെന്ന് നേതാക്കളില്‍ ഒരു വിഭാഗം കരുതുന്നു. കാരണം, പ്രധാന മുസ്ളിം സംഘടനകളെല്ലാം കരാറിനെ എതിര്‍ത്ത് പ്രചാരണരംഗത്താണ്. ഈ അവസരത്തില്‍ ലീഗിന്റെ മൌനം അണികളുടെ വര്‍ധിച്ച ചോര്‍ച്ചയ്ക്ക് ഇടയാക്കും.
കഴിഞ്ഞ സെപ്തംബറില്‍ ചെന്നൈയില്‍ നടന്ന ദേശീയസമിതി യോഗത്തില്‍ മിക്ക നേതാക്കളും കരാറിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബനാത്ത്വാലയുടെ പ്രസ്താവന. ജൂലൈ പത്തിന് പാണക്കാട്ട് ചേര്‍ന്ന ദേശീയസമിതി യോഗശേഷം കരാറില്‍ ഗൌരവമായ ഉല്‍ക്കണ്ഠയും പ്രശ്നങ്ങളുമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു.
ലീഗിന്റെ ആശങ്ക യുപിഎ ഏകോപനസമിതിയില്‍ അറിയിക്കാന്‍ ഇ അഹമ്മദിനെ ചുമതലപ്പെടുത്തി. കരാറുമായി അതേപടി മുന്നോട്ടുപോയാല്‍ വിശ്വാസവോട്ടെടുപ്പില്‍ യുപിഎയെ പിന്തുണയ്ക്കുകയും അഹമ്മദ് മന്ത്രിസ്ഥാനം രാജിവയ്ക്കുകയും വേണമെന്ന ഫോര്‍മുലയും ചര്‍ച്ചയ്ക്കുവന്നിരുന്നു. ലീഗിന്റെ ആശങ്ക യുപിഎയെ അറിയിച്ചെന്നാണ് 12ന് ഇ അഹമ്മദ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, ഒന്നും നടന്നില്ല. മുസ്ളിംസംസ്കാരത്തിന്റെ കളിത്തൊട്ടിലായ അഫ്ഗാനും ഇറാഖും ചുട്ടെരിച്ച അമേരിക്ക ഇപ്പോള്‍ ഇറാനുനേരെയും വാളോങ്ങിയിരിക്കുകയാണ്.
ഈ സാഹചര്യം ഭീതിയോടെയാണ് മുസ്ളിം രാഷ്ട്രങ്ങള്‍ കാണുന്നത്. ഈ വികാരംതന്നെയാണ് ലീഗ് അണികളിലും ഒരു വിഭാഗം നേതാക്കളിലും. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി എ അഹമ്മദ് കബീര്‍ ചന്ദ്രികയില്‍ എഴുതിയ 'ആണവകരാറും മുസ്ളിംലീഗും' എന്ന ലേഖനത്തിലും കരാറിനെ വിമര്‍ശിച്ചിരുന്നു. ഈ വികാരം അവഗണിച്ചാണ് കരാര്‍ നടപ്പാക്കാന്‍ യുപിഎ സര്‍ക്കാരിന് ലീഗ് പിന്തുണ നല്‍കുന്നത്.
റഷീദ് ആനപ്പുറം
Subscribe to:
Post Comments (Atom)
No comments:
Post a Comment