Friday, May 23, 2008

ഭക്ഷ്യസുരക്ഷാപദ്ധതി: ചില യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും

ഭക്ഷ്യസുരക്ഷാപദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ പലതും മുന്നണിസംവിധാനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും തീരുമാനമെടുക്കുന്നതിന് അവലംബിക്കുന്ന രീതിയെ സംബന്ധിച്ച അജ്ഞതയില്‍നിന്നും ഉടലെടുക്കുന്നതാണ്. മന്ത്രിസഭ പൊതുവായ വിഷയങ്ങളില്‍ എടുക്കുന്ന സമീപനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കുന്നതില്‍ വന്നിട്ടുള്ള പോരായ്മയും കാരണമായിട്ടുണ്ട്. സര്‍ക്കാരിന്റെ ഏത് പ്രവര്‍ത്തനത്തെക്കുറിച്ചും ഇടതുപക്ഷജനാധിപത്യമുന്നണിയില്‍ ചര്‍ച്ച ഉയര്‍ന്നുവരിക സ്വാഭാവികമാണ്. അത്തരം വിഷയത്തില്‍ ഓരോ പാര്‍ടിയും അവരുടേതായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത് എല്ലാ മുന്നണി യോഗങ്ങളിലും ഉണ്ടാകുന്നതുമാണ്. അതില്‍ അസ്വാഭാവികമായി ഒന്നും കാണേണ്ടതില്ല. ഈ വിവിധ വീക്ഷണങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പൊതുകാഴ്ചപ്പാടിന്റെയും മുന്‍കാല പ്രവര്‍ത്തന അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തി പൊതുനിലപാട് സ്വീകരിക്കുക എന്നതാണ് മുന്നണിയുടെ പ്രവര്‍ത്തനരീതി. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് മുന്നണിയുടെ ശൈലി. ഇടതുപക്ഷ ജനാധിപത്യമുന്നണി നയപരമായ യോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയിട്ടുള്ള സംവിധാനമാണ്. അതുകൊണ്ടുതന്നെ അതിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് ഏത് പ്രശ്നവും പരിഹരിക്കപ്പെടുകയുംചെയ്യും. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ അതേപോലെ പകര്‍ത്തിയ യുഡിഎഫ് കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന നയസമീപനമാണ് സ്വീകരിച്ചത്. ആയിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നിലവരെ സംസ്ഥാനത്തുണ്ടായി. ഈ നയങ്ങള്‍ക്കെതിരായി പൊരുതിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഈ നയത്തിനു ബദലായി ജനപക്ഷത്തുനിന്നുകൊണ്ടുള്ള ഒരു നയം ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവച്ചു. ആ നയത്തില്‍ കാര്‍ഷികമേഖലയ്ക്ക് മുന്തിയ പ്രാധാന്യമാണ് നല്‍കിയത്. ഇതിന് വമ്പിച്ച ജനകീയ പിന്തുണ ലഭിക്കുകയുംചെയ്തു. കാര്‍ഷികമേഖലയില്‍ എത്തരത്തില്‍ ഇടപെടണം എന്നതിനെ സംബന്ധിച്ച് ശാസ്ത്രീയമായ കാഴ്ചപ്പാടു തന്നെ ഇതില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തിന്റെ ഇന്നത്തെ പരിതഃസ്ഥിതിയില്‍ കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനത്തിന് മുന്തിയ പരിഗണന നല്‍കണമെന്ന് ഇത് അടിവരയിട്ട് പറയുന്നുണ്ട്. ഈ പ്രവര്‍ത്തനം ഏറ്റവും ക്രിയാത്മകമായ രീതിയില്‍ നടപ്പാക്കുക എന്നത് അതുകൊണ്ടുതന്നെ മന്ത്രിസഭയുടെ മുഖ്യചുമതലയായി തീരുകയുംചെയ്തിട്ടുണ്ട്. ഒപ്പം കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിന് ക്രിയാത്മകമായ കാഴ്ചപ്പാടും ഇതിന്റെ ഭാഗമായി മുന്നോട്ടുവച്ചിട്ടുണ്ട്. ഭക്ഷ്യവിളകളില്‍നിന്ന് മറ്റു വിളകളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി ഭക്ഷ്യോല്‍പ്പാദനം കുറഞ്ഞുവരുന്ന നില കേരളത്തില്‍ പൊതുവില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുക എന്നത് ഒരു സര്‍ക്കാരിന്റെ സുപ്രധാന ഉത്തരവാദിത്തമാണ്. ആ നിലയില്‍ ഭക്ഷ്യോല്‍പ്പാദനത്തിന്റെ പ്രശ്നത്തെ കാണേണ്ടതുണ്ട്. ഈ ദിശയിലേക്ക് അടിയന്തര പ്രാധാന്യത്തോടുകൂടി ഇടപെട്ടിട്ടില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളിലേക്ക് കേരളം നീങ്ങുമെന്ന് സമകാലീന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതിനായുള്ള പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിക്കുക സര്‍ക്കാരിന്റെ മര്‍മപ്രധാനമായ പരിപാടിയായി തീരേണ്ടതുമുണ്ട്. അതുകൊണ്ടുതന്നെ, സംസ്ഥാനത്തോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ മുന്നില്‍ ഇത് അടിയന്തരപ്രശ്നമായി മാറുകയാണ്. കേരളത്തെ ഭക്ഷ്യസ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റാനുള്ള ഈ കാഴ്ചപ്പാടുകള്‍ക്ക് പ്രായോഗികമായ രൂപം അടിയന്തര പ്രാധാന്യത്തോടുകൂടി നല്‍കേണ്ടതുണ്ട്. നെല്‍കൃഷി പോലുള്ള മേഖലയെ ഇത്തരമൊരു സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാന്‍ കഴിയുക പ്രയാസമാണ്. എന്നാല്‍, ഈ മേഖലയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടല്‍ നടത്തേണ്ടതും അനിവാര്യമാണ്. നെല്‍കൃഷി മേഖലയ്ക്കകത്ത് സ്വയംപര്യാപ്തതയ്ക്ക് പരിമിതികളുണ്ടെങ്കിലും പച്ചക്കറി, മുട്ട, പാല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഇത് കൈവരിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ഏറ്റവും അനിവാര്യമായി ഉണ്ടാവേണ്ടത് ഇവയെ ജനകീയപ്രസ്ഥാനമാക്കി മാറ്റുക എന്നതാണ്. അതിനായി ജനപങ്കാളിത്തത്തിനും വികേന്ദ്രീകൃതമായ ആസൂത്രണത്തിനും സുപ്രധാനമായ പങ്കുവഹിക്കാനുണ്ടെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രിക തന്നെ വ്യക്തമാക്കുന്നുണ്ട്. ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുവേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൃഷിവകുപ്പ് മാത്രമല്ല ഇടപെടുന്നതും ഇടപെടേണ്ടതും. കൃഷി, മൃഗസംരക്ഷണം, ജലസേചനം, തദ്ദേശസ്വയംഭരണം, സഹകരണം എന്നീ മേഖലകളിലെ പണം ഈ മേഖലയില്‍ നിലവില്‍ത്തന്നെ വിനിയോഗിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇതെല്ലാം അതത് വകുപ്പാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. മേലിലും ഇത്തരം വകുപ്പുകള്‍തന്നെ ഈ പണം ചെലവഴിക്കുന്ന സംവിധാനം തുടരുകയാണ് ചെയ്യുക. എന്നാല്‍, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന പൊതുവായ ലക്ഷ്യം മുന്‍നിര്‍ത്തി ജനങ്ങളെ ആകമാനം അണിനിരത്തി ഒരു വലിയ പ്രസ്ഥാനമാക്കി ഇതിനെ രൂപപ്പെടുത്തുമ്പോള്‍ അതിന് അനുസരിച്ചുള്ള മേല്‍നോട്ടം മന്ത്രിസഭാതലത്തില്‍തന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതിനും അതിന് ദിശാബോധം പകരുന്നതിനും ബഹുജനപങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിനും ഫണ്ടുകള്‍ പൂര്‍ണമായും ചെലവഴിക്കുന്നതിനും ഒരു ഉപസമിതി ഉണ്ടാകുക എന്നത് ഏറെ പ്രധാനമാണ്. അത്തരം ഉപസമിതിക്ക് മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിതന്നെ നേതൃത്വം നല്‍കുന്നതാണ് ഏറ്റവും ഉചിതമായിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്ന ഘട്ടങ്ങളില്‍ ജനങ്ങളെ ആകെ അണിനിരത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇത്തരം പദ്ധതികളില്‍ മുഖ്യമന്ത്രിതന്നെയാണ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ളത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഗ്രൂപ്പ് ഫാമിങ്ങില്‍ മുഖ്യമന്ത്രിയായിരുന്നു ചെയര്‍മാന്‍. കേരളത്തില്‍ ജനങ്ങളെ ആകമാനം അണിനിരത്തി മഹാപ്രസ്ഥാനമായി മാറിയ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെയും നേതൃസ്ഥാനത്ത് അന്നത്തെ മുഖ്യമന്ത്രിതന്നെയായിരുന്നു. ഇത് കാണിക്കുന്നത് വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ജനങ്ങളെ അണിനിരത്തിയുള്ള പദ്ധതികള്‍ക്ക് നേതൃത്വം വഹിച്ചത് മുഖ്യമന്ത്രിതന്നെയാണ് എന്നാണ്. അത്തരത്തില്‍ ഏറ്റവും സുപ്രധാനമായ പരിപാടിയാക്കി ഭക്ഷ്യസുരക്ഷാ പദ്ധതിയെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നുവന്നത് എന്ന് കാണാനാവണം. കേരളത്തില്‍ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ച് മുന്നോട്ടുപോകുന്ന ഈ പദ്ധതിക്ക് അതത് വകുപ്പുകള്‍ ഈ മേഖലയില്‍ ചെലവഴിക്കുന്ന ഫണ്ടുകള്‍ ഉപയോഗപ്പെടുത്തണം. അതില്‍ മറ്റു വകുപ്പുകള്‍ കൈകടത്തുന്ന പ്രശ്നം ഉദിക്കുന്നില്ല. പൊതുവില്‍ ഈ പദ്ധതിക്ക് വരുന്ന തടസ്സങ്ങള്‍ നീക്കാനും ഫണ്ട് മുഴുവന്‍ ചെലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും ആയിരിക്കും ഉപസമിതി ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള കാഴ്ചപ്പാടോടുകുടി രൂപീകരിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാപദ്ധതിക്കെതിരായി ഇപ്പോള്‍ ചില കോണുകളില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള എതിര്‍പ്പുകള്‍ സ്വാഭാവികമായും ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടും. അത് പ്രയോഗത്തില്‍ വരുന്നതോടെ ഇതു സംബന്ധിച്ച് ഉയര്‍ന്നുവരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടുകയുംചെയ്യും.
BY
പിണറായി വിജയന്‍

1 comment:

ജനശക്തി ന്യൂസ്‌ said...

ഭക്ഷ്യസുരക്ഷാപദ്ധതി: ചില വസ്തുതകള്‍

by
പിണറായി വിജയന്‍