Saturday, April 19, 2008

പൊതുവിതരണത്തിനായി ശബ്ദമുയരണം

പൊതുവിതരണത്തിനായി ശബ്ദമുയരണം

മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത തരത്തില്‍ വില ക്കയറ്റം അതിരൂക്ഷമാണെന്നും സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമായിരിക്കുകയാണെന്നും പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ഭരണകക്ഷി- പ്രതിപക്ഷവ്യത്യാസമില്ലാതെ എല്ലാവരും സമ്മതിച്ചിരിക്കുന്നു. ബിജെപിയുടെ ഭരണകാലത്ത് സംഭരണം ഉപേക്ഷിച്ചതും ഗോഡൌണുകള്‍ കാലിയാക്കിയതുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് കോഗ്രസ് ഭരണാധികാരികള്‍ വാദിക്കുന്നു. കോഗ്രസാണ് വിലക്കയറ്റത്തിന് ഉത്തരവാദിയെന്ന് ബിജെപിയും പറയുന്നു. ആഗോളീകരണ സാമ്പത്തികനയം അംഗീകരിച്ചു നടപ്പാക്കാന്‍ പരസ്പരം മത്സരിക്കുന്ന രണ്ട് പാര്‍ടിയാണ് കോഗ്രസും ബിജെപിയുമെന്ന യഥാര്‍ഥ വസ്തുത മറച്ചുപിടിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഇരുപാര്‍ട്ടികളും. വിലക്കയറ്റം ഒരു യാഥാര്‍ഥ്യമാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമല്ല, സകലതിനും വില വാണംപോലെ ഉയര്‍ന്നിരിക്കുന്നു. ഇരുമ്പ്, സിമെന്റ് തുടങ്ങിയ അടിസ്ഥാന നിര്‍മാണവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചു. പത്രക്കടലാസിന്റെ വിലയും ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ വില ടണ്ണിന് പതിനായിരം രൂപയാണ് പെട്ടെന്നു വര്‍ധിപ്പിച്ചത്. മുമ്പൊരിക്കലും ഇന്നത്തെ രീതിയില്‍ വിലവര്‍ധന അനുഭവപ്പെട്ടിട്ടില്ല. കൊള്ളലാഭക്കാരെയും ഊഹക്കച്ചവടക്കാരെയും പൂഴ്ത്തിവയ്പുകാരെയും നിലയ്ക്കുനിര്‍ത്താന്‍ ജനങ്ങളുടെ യോജിച്ച പ്രക്ഷോഭസമരം മാത്രമാണ് ശരിയായ മാര്‍ഗമെന്നു വന്നിരിക്കുന്നു. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി അക്കമിട്ടു നിരത്തി പറഞ്ഞ കാര്യം യുപിഎ സര്‍ക്കാര്‍ ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല. സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കണമെന്നതാണ് ഇടതുപക്ഷത്തിനുവേണ്ടി യെച്ചൂരി ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യം. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കൃഷിമന്ത്രി ശരത്പവാര്‍ ന്യായമായ ഈ ആവശ്യം നിരാകരിച്ചിരിക്കുകയാണ്. 25 ഉല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം പൂര്‍ണമായി നിരോധിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. എന്നാല്‍, അവധിവ്യാപാരത്തിന് യുപിഎ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്ന നിലയാണ് തുടരുന്നത്. സര്‍ക്കാരിന്റെ ഗോഡൌണുകള്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തക മുതലാളിമാര്‍ ഊഹക്കച്ചവടത്തിലൂടെ സംഭരിക്കുന്ന ധാന്യം സൂക്ഷിക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. ധാന്യസംഭരണത്തിന്റെ ചുമതലയില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയും അതിന്റെ ചുമതല വന്‍കിട കുത്തകകളെ ഏല്‍പ്പിക്കുകയും ചെയ്തതിലൂടെ വിലക്കയറ്റത്തില്‍നിന്ന് മുതലെടുത്ത് അമിതലാഭം കൈക്കലാക്കാന്‍ സ്വകാര്യമേഖലയ്ക്ക് കൂട്ടുനില്‍ക്കുന്ന നയമാണ് യുപിഎ സര്‍ക്കാര്‍ തുടരുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടനയില്‍ മാറ്റം വരുത്തി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ നിഷ്കരുണം നിരസിച്ചിരിക്കുകയാണ്. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 115 ഡോളറായി വര്‍ധിച്ച സാഹചര്യം അത്യന്തം ഉല്‍ക്കണ്ഠാജനകമാണ്. അവശ്യവസ്തു നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തി കരിഞ്ചന്തയും പൂഴ്ത്തിവയ്പും കര്‍ശനമായി തടയണമെന്ന ആവശ്യവും അംഗീകരിക്കാതെ ഈ ചുമതല സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിയേല്‍പ്പിക്കാനാണ് മുതിര്‍ന്നത്. വിലക്കയറ്റത്തിന്റെ ഗൌരവം യുപിഎ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ച സഹായിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മറുപടിയില്‍ അസംതൃപ്തരായ ഇടതുപക്ഷവും യുഎന്‍പി സഖ്യവും ബിജെപിയും ഇറങ്ങിപ്പോക്ക് നടത്തേണ്ടിവന്നു. ഇതോടെ ഭൂരിപക്ഷത്തിന്റെ യഥാര്‍ഥ വികാരം പാര്‍ലമെന്റില്‍ പ്രകടിപ്പിക്കപ്പെട്ടു. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഇടതുപക്ഷവും യുഎന്‍പി സഖ്യവും പറയുന്നത് അംഗീകരിച്ച് സത്വരമായ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അതീവ ഗുരുതരമായ സ്ഥിതിവിശേഷം സംജാതമാകാന്‍ ഇടവരുത്തും. ഈ സാഹചര്യത്തില്‍ 22ന് ഗ്രാമഗ്രാമാന്തരങ്ങള്‍ ഇളക്കിമറിക്കുന്ന ബഹുജനസമരം ശക്തിപ്പെടുത്താന്‍ ഇടതുപക്ഷജനാധിപത്യ മുന്നണി പ്രവര്‍ത്തകരും മുഴുവന്‍ ബഹുജനങ്ങളും തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

1 comment:

ജനശക്തി ന്യൂസ്‌ said...