ചരിത്രം സൃഷ്ടിച്ച പാര്‍ടി കോണ്‍ഗ്രസ്
സാമ്രാജ്യത്വത്തിനും നവ ഉദാരവല്‍ക്കരണനയത്തിനും വര്‍ ഗീയതയ്ക്കുമെതിരായ പോരാട്ടത്തിനു കൂടുതല്‍ കരുത്തുപകരുന്ന തീരുമാനവുമായാണ് കോയമ്പത്തൂരില്‍ സിപിഐ എമ്മിന്റെ 19-ാം കോഗ്രസ് സമാപിച്ചത്. പിന്നിട്ട മൂന്നുവര്‍ഷം ഉറച്ച കാല്‍വയ്പോടെ നയിച്ച് സിപിഐ എമ്മിനെ രാജ്യത്തെ രാഷ്ട്രീയത്തിന്റെ ഹൃദയത്തില്‍ ഉറപ്പിച്ചുനിര്‍ത്തുംവിധം നേതൃത്വം നല്‍കിയ പ്രകാശ് കാരാട്ടിനെ വീണ്ടും ജനറല്‍ സ്രെകട്ടറിയായി തെരഞ്ഞെടുക്കുകയുംചെയ്തു. പോരാട്ടത്തിന്റെ കത്തുന്ന അനുഭവങ്ങളുമായി ഒത്തുചേര്‍ന്ന കോഗ്രസിനെ രാജ്യം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. രാഷ്ട്രീയധ്രുവീകരണത്തിനു ദിശാബോധം പകരുന്ന ചര്‍ച്ചയും തീരുമാനവും ഇന്ത്യന്‍രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. കോഗ്രസിനും ബിജെപിക്കുമെതിരായ മൂന്നാംബദലിനെ സംബന്ധിച്ച മൂര്‍ത്തരൂപം മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞതാണ് രാഷ്ട്രീയനയത്തിലെ പ്രധാന സംഭാവന. പലരും കരുതുംപോലെ തെരഞ്ഞെടുപ്പുമാത്രം ലാക്കാക്കി തട്ടിക്കൂട്ടുന്ന താല്‍ക്കാലിക സംവിധാനമല്ല അത്. നിശ്ചിത പരിപാടിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ രൂപംകൊള്ളുന്ന രാഷ്ട്രീയസംവിധാനത്തിനുമാത്രമേ ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ. സാമ്രാജ്യത്വത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയതിന്റെ അനുഭവം വിലയിരുത്തുകയും ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിന് തീരുമാനമെടുക്കുകയും ചെയ്തത് രാജ്യസ്നേഹികളില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെയാകെ കൂട്ടിയിണക്കി ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രഖ്യാപനം പുതിയ തലത്തിലേക്ക് പ്രക്ഷോഭത്തെ ഉയര്‍ത്തുന്നതാണ്. രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റുന്നതിനുള്ള പ്രവര്‍ത്തനത്തിന് തുടര്‍ന്നും സിപിഐ എം നേതൃത്വം വഹിക്കുമെന്നും പ്രമേയം പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കയറ്റത്തിനെതിരെയും പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രക്ഷോഭത്തിന് ആഹ്വാനംചെയ്യുന്ന പ്രമേയം പാസാക്കിയത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പാര്‍ടിയുടെ പ്രതിബദ്ധതയാണ് പ്രകടിപ്പിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ടി സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തിനു രൂപം നല്‍കുകയാണ് കോഗ്രസ് കൈകാര്യംചെയ്ത പ്രധാന അജന്‍ഡകളിലൊന്ന്. ആറുദിവസം നീണ്ട ജനാധിപത്യപ്രക്രിയ മറ്റൊരു രാഷ്ട്രീയപാര്‍ടിക്കും സ്വപ്നംകാണാന്‍പോലും കഴിയാത്തതാണ്. പാര്‍ടി സമ്മേളനങ്ങള്‍ കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ വേദിയായിമാത്രം ചുരുക്കിക്കാണുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകില്ലെന്നതു വേറെ കാര്യം. അത് ആറുദിവസത്തെ സമ്മേളനത്തിനകത്തുമാത്രം ഒതുങ്ങുന്ന പ്രക്രിയയല്ല. രണ്ടുമാസംമുമ്പുതന്നെ പ്രമേയത്തിന്റെ കരട് പ്രസിദ്ധപ്പെടുത്തുകയും നിശ്ചിതസമയത്തിനകത്ത് പാര്‍ടിക്കകത്ത് സജീവചര്‍ച്ചയ്ക്ക് വിധേയമാക്കുകയുംചെയ്തു. പാര്‍ടി ഘടകങ്ങള്‍ക്കുമാത്രമല്ല എല്ലാ അംഗങ്ങള്‍ക്കും ഈ പ്രമേയത്തിനു ഭേദഗതി സമര്‍പ്പിക്കാന്‍ അവകാശമുണ്ട്. ഇതൊന്നും പേരിനുവേണ്ടിയുള്ള പ്രക്രിയയല്ല. കേന്ദ്രകമ്മിറ്റി ഈ ഭേദഗതിയാകെ പരിശോധിച്ച് അതു സംബന്ധിച്ച് റിപ്പോര്‍ട്ട് കോഗ്രസില്‍ സമര്‍പ്പിക്കുകയുംചെയ്തു. നാലായിരത്തിലധികം ഭേദഗതി ലഭിച്ചെന്നത് നയരൂപീകരണത്തില്‍ പാര്‍ടി അംഗങ്ങളുടെ താല്‍പ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതുകൂടാതെ പ്രതിനിധികള്‍ക്കും ഭേദഗതി സമര്‍പ്പിക്കാന്‍ അവകാശമുണ്ട്. തന്റെ ഭേദഗതി സ്റിയറിങ് കമ്മിറ്റി തള്ളുകയാണെങ്കില്‍ അതിനെതിരെ നിലപാട് സ്വീകരിക്കാനും ഭേദഗതി വോട്ടിനിടാന്‍ ആവശ്യപ്പെടാനും പ്രതിനിധിക്ക് അവകാശമുണ്ട്. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതെന്തോ അത്ഭുതമെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ പാര്‍ടി ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശത്തിന്റെ സജീവമായ പ്രകടനമാണ് അത്. ആറുമാസംമുമ്പ് പാര്‍ടി ഭരണഘടനയ്ക്ക് ഭേദഗതി നല്‍കുന്നതിനും അംഗങ്ങള്‍ക്ക് അവകാശമുണ്ട്. ഇതിന്മേല്‍ വോട്ടെടുപ്പ് ആവശ്യപ്പെടാനുള്ള അവകാശവുമുണ്ട്. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിനുപോലും ഭേദഗതി നിര്‍ദേശിക്കാനുള്ള ജനാധിപത്യ അവകാശം പ്രതിനിധികള്‍ക്കുണ്ട്. ജനാധിപത്യപാര്‍ടി എന്ന് അവകാശപ്പെടുന്ന കോഗ്രസില്‍ ഇത്തരമൊരു സംഗതി ചിന്തിക്കാന്‍കൂടി കഴിയുമോ? നേതാക്കള്‍ക്ക് സ്തുതിപാടലാണല്ലോ അത്തരം സമ്മേളനങ്ങളുടെ മുഖ്യ അജന്‍ഡ. കേഡര്‍പാര്‍ടി എന്ന് അവകാശപ്പെടുന്ന ബിജെപിയുടെ നയവും നേതൃത്വവും നിശ്ചയിക്കപ്പെടുന്നത് നാഗ്പുരിലെ സംഘപരിവാറിന്റെ ആസ്ഥാനത്തുനിന്നാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ആറുദിവസവും കോഗ്രസ് വേദിക്കുമുമ്പില്‍നിന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ള ചിലതുമാത്രം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുന്ന നമ്മുടെ മാധ്യമപ്രതിനിധികള്‍ എന്നാണാവോ ഇതെല്ലാം തിരിച്ചറിയുന്നത്. നുണപ്രചാരവേലയ്ക്കായിരുന്നു പ്രാമുഖ്യമെങ്കിലും സമീപകാലത്ത് ഇത്രയും മാധ്യമ ശ്രദ്ധയും സാന്നിധ്യവും ഉണ്ടായ മറ്റൊരു രാഷ്ട്രീയപാര്‍ടിയുടെ സമ്മേളനവും ഉണ്ടായിട്ടില്ലെന്നത് ശക്തിപ്പെട്ട സ്വാധീനത്തിന്റെ പ്രതിഫലനംകൂടിയാണെന്നത് കാണാതിരുന്നുകൂടാ. മൂന്നുവര്‍ഷത്തെ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനം വിലയിരുത്തുകയും ഭാവിപരിപാടി ആവിഷ്രിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അംഗീകരിക്കലായിരുന്നു സമ്മേളനത്തിന്റെ മറ്റൊരു പ്രധാന അജന്‍ഡ. ഇന്നത്തെ വെല്ലുവിളിയെ നേരിടുന്നതിനും രാഷ്ട്രീയ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനും ഇനിയുമേറെ വളരേണ്ടതുണ്ടെന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്ന റിപ്പോര്‍ട്ട് അതിന് ആവശ്യമായ പരിപാടിയും മുന്നോട്ടുവച്ചു. പ്രതിനിധികളില്‍നിന്നുവന്ന നിര്‍ദേശംകൂടി കണക്കിലെടുത്ത് റിപ്പോര്‍ട്ടില്‍ മാറ്റംവരുത്താന്‍ പുതിയ കേന്ദ്രകമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ ഇത്തവണത്തെ പ്രത്യേകത സിപിഐ എം നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന രണ്ടാംഭാഗമാണ്. വിശദമായ ചര്‍ച്ചയ്ക്കുശേഷം അംഗീകരിച്ച രേഖ ഈ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിനു കൂടുതല്‍ ശക്തിപകരുമെന്ന് ഉറപ്പ്. സാമൂഹ്യപ്രശ്നത്തില്‍ ഉള്‍പ്പെടെ ഇടപെട്ട് പ്രക്ഷോഭം സംഘടിപ്പിച്ച് തമിഴകത്തു നടത്തുന്ന പ്രവര്‍ത്തനം പാര്‍ടിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവന നല്‍കിയിട്ടുണ്ടെന്നതിന്റെ തെളിവാണ് ആവേശം നിറഞ്ഞുകവിഞ്ഞ ജനലക്ഷങ്ങള്‍ പങ്കെടുത്ത പ്രകടനവും കോഗ്രസിന്റെ നടത്തിപ്പും. ദ്രാവിഡരാഷ്ട്രീയത്തിന്റെ സ്വാധീനവലയത്തില്‍ വീര്‍പ്പുമുട്ടുന്ന തമിഴകത്തെ പുതിയ മാറ്റത്തിന്റെ ഗതിയിലേക്കു നയിക്കുന്നതിലും കോഗ്രസിന്റെ സംഘാടനം നല്‍കിയ അനുഭവം സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment