Wednesday, March 19, 2008

ഇ എം എസ് സ്മരണ എന്നും പോരാട്ടങള്‍ക്കുള്ള കരുത്ത്.

ഇ എം എസ് സ്മരണ എന്നും പോരാട്ടങള്‍ക്കുള്ള കരുത്ത്. പിണറായി വിജയന്‍

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്മതയോടുകൂടി വിലയിരുത്തിയ മാര്‍ക്സിസ്റ് ആചാര്യനായിരുന്നു സ. ഇ എം എസ്. തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്തുവര്‍ഷമായി. മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് ഇ എം എസ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തു മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനത്തെയും സസൂക്ഷ്മം വിലയിരുത്തുകയും അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും സഖാവ് കാണിച്ച ശുഷ്കാന്തി കേരള ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. ഏത് പ്രശ്നത്തെയും പരസ്പര ബന്ധത്തിലും അതിന്റെ മാറ്റത്തിലും വിലയിരുത്തി ലളിതമായി വിശദീകരിക്കുന്നതിനു കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അമൂല്യമായ സംഭാവനയാണ് നല്‍കിയത്. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ് ഇ എം എസ്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയചലനങ്ങളിലും സാമൂഹ്യമുന്നേറ്റങ്ങളിലും സാംസ്കാരിക ഇടപെടലുകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. ജന്മിത്വം കൊടികുത്തിവാണ ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് ഇ എം എസ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഗ്രസുകാരനായി രാഷ്ട്രീയജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ് ഗ്രൂപ്പില്‍ സഖാവ് അംഗമായിരുന്നു. 1934 ലും 1938-40 ലും കെപിസിസി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. പാര്‍ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് ഇടയാക്കിയ സാമൂഹ്യ-രാഷ്ട്രീയ ചലനങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായി സഖാവുണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളത്തെ ഒന്നാക്കി നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സംസ്കാരത്തെയും രാഷ്ട്രീയത്തെയും സാമൂഹ്യ രൂപീകരണത്തെയും അടിസ്ഥാനപ്പെടുത്തി വിശദീകരിക്കുന്നതില്‍ ഇ എം എസ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത് എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുതന്നെ ഇടയാക്കിയ അടിസ്ഥാന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചുകൊണ്ടുള്ളതാണ്. ജന്മിത്വവും സാമ്രാജ്യത്വവും രാജാധിപത്യവും എല്ലാം ചേര്‍ന്ന കേരളത്തെക്കുറിച്ചുള്ള സങ്കല്‍പ്പമാണ് വലതുപക്ഷ ശക്തികള്‍ മുന്നോട്ടുവച്ചത്. രാജാക്കന്മാര്‍പോലും ഇത്തരം ആശയങ്ങളുടെ പ്രചാരകരായിത്തീര്‍ന്നു. എന്നാല്‍, ഇതിനെ ചോദ്യംചെയ്ത്് തൊഴിലാളിവര്‍ഗ രാഷ്ട്രീയ നിലപാടുകളില്‍ നിന്നുകൊണ്ട് ഇ എം എസ് ഇടപെട്ടു. 'കൊച്ചിരാജാവിന്റെ ഐക്യകേരളം ബ്രിട്ടീഷ് കമ്മട്ടത്തില്‍ അടിച്ച കള്ളനാണയം' എന്ന അദ്ദേഹത്തിന്റെ ലഘുലേഖ ജന്മിത്വവും രാജാധിപത്യവും സാമ്രാജ്യത്വ ഇടപെടലുമില്ലാത്ത ഭാവികേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. ഐക്യകേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായതിനുശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടി അധികാരത്തിലെത്തി. ഈ ഘട്ടത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചതും സഖാവിനെയായിരുന്നു. ഒരു മാതൃക മുന്നിലില്ലാതിരുന്ന അത്തരമൊരു സാഹചര്യം ഒരു ഭരണകര്‍ത്താവിനെയും പാര്‍ടിയെയും സംബന്ധിച്ചിടത്തോളവും ഏറെ സങ്കീര്‍ണമായിരുന്നു. എന്നാല്‍, കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭയ്ക്ക് മാതൃകയാകുന്ന വിധത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ സഖാവിന് സാധ്യമായി. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ട്് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ സുപ്രധാനപങ്കു വഹിച്ചത്. 1967 ലെ സപ്തകക്ഷി സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഇ എം എസ് തന്നെയായിരുന്നു. ഈ സര്‍ക്കാരുകളുടെ നയസമീപനങ്ങളെ പിന്‍പറ്റിയാണ് പില്‍ക്കാല ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം പ്രവര്‍ത്തിച്ചത്. ഈ സര്‍ക്കാരുകളുടെ പ്രവര്‍ത്തനവും തൊഴിലാളി-കര്‍ഷക ജനവിഭാഗങ്ങളുടെ ശക്തമായ ഇടപെടലും കേരളത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകി. സാമ്പത്തികമായി താരതമ്യേന പിന്നോക്കമാണെങ്കിലും ഉചിതമായ പുനര്‍വിതരണ പരിപാടികളിലൂടെ ഉയര്‍ന്ന ജീവിതനിലവാരം ഇതിന്റെ ഫലമായി ജനങ്ങള്‍ക്ക് ലഭിച്ചു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍, സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ പരിരക്ഷ, മിനിമംകൂലി, വീടുവയ്ക്കാന്‍ ഭൂരിപക്ഷത്തിനും ഒരുതുണ്ട് ഭൂമി, ജാതിവ്യവസ്ഥയുടെ നികൃഷ്ടമായ രൂപങ്ങളെ ഇല്ലായ്മ ചെയ്യല്‍ എന്നീ നേട്ടങ്ങള്‍ സ്വായത്തമാക്കാനും സാധിച്ചു. എങ്കിലും അടിയന്തരമായി പരിഹരിക്കേണ്ട ചില ദൌര്‍ബല്യങ്ങള്‍ ഇതിലുണ്ടെന്ന് ഇ എം എസ് തന്നെ വിലയിരുത്തി. സാമൂഹ്യനേട്ടങ്ങള്‍ക്കനുസരിച്ച സാമ്പത്തിക വളര്‍ച്ച സംസ്ഥാനത്ത് ഉണ്ടാകാത്തതും കാര്‍ഷിക-വ്യവസായ മേഖല ദുര്‍ബലമായിക്കിടക്കുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. തൊഴിലില്ലായ്മയുടെ ഭീകരതയെയും വിദ്യാഭ്യാസ-ആരോഗ്യ മേഖലയുടെ നിലവാരത്തകര്‍ച്ചയുടെ പ്രശ്നങ്ങളും ഗൌരവമായി എടുക്കേണ്ടതുണ്ടെന്നും സഖാവ് ഓര്‍മിപ്പിച്ചു. കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കൈയും ഇ എം എസിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായി. അധികാര വികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കാനുള്ള അര്‍ഥവത്തായ പ്രവര്‍ത്തനങ്ങളും ജനകീയാസൂത്രണപദ്ധതിയും ഇ എം എസിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ യാഥാര്‍ഥ്യമായത്. കേരള വികസനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പഠന കോഗ്രസ് സംഘടിപ്പിക്കാന്‍ സഖാവ് മുന്‍കൈയെടുത്തു. അതിന്റെ അധ്യക്ഷപ്രസംഗത്തില്‍ സഖാവ് ഇങ്ങനെ പറഞ്ഞു: "എത്രയുംവേഗം വിവിധ ശാസ്ത്ര ശാഖകളിലെ അക്കാഡമിക് പണ്ഡിതന്മാരും സാങ്കേതിക വിദഗ്ധരും രാഷ്ട്രീയ പ്രവര്‍ത്തകരും എല്ലാവരും പങ്കെടുക്കുന്ന ഒരു ബൃഹത്തായ ദേശീയ സംവാദത്തിന് രൂപം നല്‍കേണ്ടതാണ്. ഇടതും വലതുമുള്ള രാഷ്ട്രീയപ്പാര്‍ടികള്‍ ഇതില്‍ പങ്കാളികളാകേണ്ടതാണ്. എങ്ങനെ നമ്മുടെ ഉല്‍പ്പാദന അടിത്തറ ശക്തിപ്പെടുത്താമെന്നുള്ളതായിരിക്കണം ഈ സംവാദത്തിലെ മുഖ്യവിഷയം. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മായാന്‍ പോകുന്നില്ല. പക്ഷേ, ഇന്നത്തെ പ്രതിസന്ധി മറികടക്കുന്നതിന് എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ചില പൊതു നയപരിപാടികളില്‍ എത്തിച്ചേരാമെന്ന് എനിക്കുറപ്പുണ്ട്.'' ഇ എം എസ് മുന്നോട്ടുവച്ച ഈ കാഴ്ചപ്പാട് സഖാവിന്റെ കാലശേഷവും പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി സംഘടിപ്പിച്ചു. എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠന കോഗ്രസ് കേരളത്തെ സംബന്ധിച്ച ഒരു ഇടതുപക്ഷ ബദല്‍ തന്നെ മുന്നോട്ടുവച്ചു. ഇത്തരം കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന പ്രകടനപത്രിക കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചു. ഇതിന് ചരിത്രവിജയം നേടാനും കഴിഞ്ഞു. ഈ പരിപാടിയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. ദുര്‍ബലമായ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താനും വ്യവസായ മേഖലയെ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള നടപടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ സുരക്ഷാമേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഇതിന്റെ ആനുകൂല്യം എല്ലാ ജനവിഭാഗത്തിനും എത്തിക്കുന്നതിനുമുള്ള സമീപനവും പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുമുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ രണ്ടാം തലമുറപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, പൊതുവിതരണ സംവിധാനം ദൃഢീകരിക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമുള്ള നിലപാടുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആഗോളവല്‍ക്കരണകാലത്ത് ഇടതുപക്ഷ ബദലുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. കോഗ്രസും ബിജെപിയും ആഗോളവല്‍ക്കരണ നയങ്ങളെ പിന്തുണയ്ക്കുമ്പോള്‍ അവയ്ക്കെതിരെ നിലപാടെടുത്ത് മുന്നോട്ടുനീങ്ങുന്ന ഇടതുപക്ഷത്തെ തകര്‍ത്താല്‍ തങ്ങളുടെ അജന്‍ഡ എളുപ്പം നടപ്പാക്കാന്‍ കഴിയുമെന്ന് ആഗോളവല്‍ക്കരണശക്തികള്‍ കണക്കുകൂട്ടുന്നു. 1957 ലെ ആദ്യ മന്ത്രിസഭയെ അട്ടിമറിക്കാന്‍ സിഐഎ പണമൊഴുക്കിയ വസ്തുതകള്‍ മുമ്പേ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കന്‍ വിദേശവകുപ്പ് കേരളത്തിലെയും പശ്ചിമ ബംഗാളിലെയും സര്‍ക്കാരിനെതിരെയും പരസ്യമായ പോരിന് ഇറങ്ങിയതിന്റെ ചിത്രവും പുറത്തുവന്നിരിക്കുകയാണ്. ജനകീയ ബദലുയര്‍ത്തി മുന്നോട്ടുപോകുന്ന സര്‍ക്കാരുകളെ അട്ടിമറിച്ച് തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ സാമ്രാജ്യത്വവും വലതുപക്ഷ ശക്തികളും പരിശ്രമിക്കുമ്പോള്‍ അവയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാനുള്ള ഉത്തരവാദിത്തം നമുക്ക് ഏറ്റെടുക്കാനുണ്ട്. സാമ്രാജ്യത്വ-പിന്തിരിപ്പന്‍ ശക്തികളുടെ കുത്സിത തന്ത്രങ്ങള്‍ക്കെതിരെ നാടിന്റെ വികസനത്തിനും തൊഴിലാളിവര്‍ഗ വിപ്ളവത്തിനുമായി ജീവിതാന്ത്യംവരെ പൊരുതിയ സഖാവായിരുന്നു ഇ എം എസ്. ആ പാരമ്പര്യം ഏറ്റുവാങ്ങി പ്രവര്‍ത്തിക്കുന്ന സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്തമുണ്ട്. ഇത്തരത്തില്‍ അനുസ്മരണത്തെ പോരാട്ടമാക്കി മുന്നേറാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ നമുക്ക് കഴിയണം.

1 comment:

ജനശക്തി ന്യൂസ്‌ said...