Wednesday, March 19, 2008

ചുമതല നിര്‍വഹിച്ചുകൊണ്ട് സ്മരണ നിലനിര്‍ത്താം

ചുമതല നിര്‍വഹിച്ചുകൊണ്ട് സ്മരണ നിലനിര്‍ത്താം. വി വി ദക്ഷിണാമൂര്‍ത്തി .



ഇഎം എസിന്റെ ചരമദിനമായ മാര്‍ച്ച് 19 മുതല്‍ എ കെ ജിയുടെ ചരമദിനമായ മാര്‍ച്ച് 22 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ടിയുടെ ആശയം എത്തിക്കുന്നതിനുള്ള വ്യാപകമായ പ്രചാരണം സംഘടിപ്പിക്കാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരിക്കുകയാണല്ലോ. മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 15 വരെയുള്ള ദിവസങ്ങളില്‍ ദേശാഭിമാനിപത്രത്തിന് പുതിയ വായനക്കാരെയും വരിക്കാരെയും കണ്ടെത്താനുള്ള പ്രവര്‍ത്തനം വിജയിപ്പിക്കാനും പ്രവര്‍ത്തനങ്ങളില്‍ നേതാക്കളെന്നോ അണികളെന്നോ ഭേദമില്ലാതെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മിക്ക ജില്ലയും കാലേക്കൂട്ടിത്തന്നെ മുഴുകിക്കഴിഞ്ഞു. പാര്‍ടി ഭരണഘടനയുടെ പതിനൊന്നാം വകുപ്പിന്റെ 'സി' ഉപവകുപ്പില്‍ പറയുന്ന "പാര്‍ടി പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുകയും അവ നിലനിര്‍ത്താന്‍ സഹായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക'' എന്നത് ഓരോ പാര്‍ടി അംഗത്തിന്റെയും ചുമതലയാണ്. അംഗങ്ങള്‍ മാത്രമല്ല, പാര്‍ടി അനുഭാവികളും അഭ്യുദയകാംക്ഷികളും പാര്‍ടിയുമായി ആശയപരമായി യോജിപ്പില്ലാത്തവര്‍പോലും ഇക്കാര്യത്തില്‍ പാര്‍ടിയുമായി സഹകരിക്കാന്‍ ഇതിനുമുമ്പും തയ്യാറായിട്ടുണ്ട്. ദേശാഭിമാനി പാര്‍ടിപത്രം എന്നതിനോടൊപ്പം ഒരു പൂര്‍ണ ദിനപത്രംകൂടിയാണെന്ന വസ്തുത ഈ പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന് സഹായകമാണ്. സിപിഐ എം തൊഴിലാളിവര്‍ഗ വിപ്ളവപാര്‍ടിയാണ്. നിലവിലുള്ള സാമ്പത്തിക സാമൂഹ്യ വ്യവസ്ഥ അടിമുടി മാറ്റി പകരം സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുകയെന്നത് ലക്ഷ്യമായിട്ടുള്ള സവിശേഷ രാഷ്ട്രീയപാര്‍ടിയാണെന്നതുകൊണ്ട് പാര്‍ടിയുടെ ആശയം ബോധപൂര്‍വം പ്രചരിപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള വ്യവസ്ഥ അന്യൂനമായി നിലനിര്‍ത്താന്‍ താല്‍പ്പര്യമുള്ള സകലരുടെയും സംഘടിതവും ആസൂത്രിതവുമായ എതിര്‍പ്പുകളെ സമര്‍ഥമായി നേരിട്ടുകൊണ്ടുമാത്രമേ പാര്‍ടിയുടെ ആശയം പ്രചരിപ്പിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെയാണ് ബൂര്‍ഷ്വാമാധ്യമങ്ങള്‍ പാര്‍ടിക്കെതിരെ സദാ നുണപ്രചാരണം നടത്തുന്നത്. 1942ലാണ് ദേശാഭിമാനി വാരികയായി കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണമാരംഭിച്ചത്. 1946ല്‍ അത് ദിനപത്രമായി. നിരവധി ക്ളേശങ്ങള്‍ സഹിച്ചാണ് ദേശാഭിമാനി നിലനിര്‍ത്തിയതും വളര്‍ത്തിയതും. സ. ഇ എം എസ് തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ദേശാഭിമാനിക്കു നല്‍കി. എ കെ ജി സിലോണിലും (ശ്രീലങ്ക) ബര്‍മയിലും (മ്യാന്‍മര്‍) പോയി മലയാളികളില്‍നിന്ന് പണം സമാഹരിച്ചു നല്‍കിയാണ് ദേശാഭിമാനി നിലനിര്‍ത്തിയത്. ദേശാഭിമാനിയുടെ ഫണ്ടുപിരിവിന് സഖാക്കള്‍ ഗൃഹസന്ദര്‍ശനം നടത്തിയപ്പോള്‍ ദരിദ്രകര്‍ഷകമാതാവ് പാലോറ മാത ഓമനിച്ചുവളര്‍ത്തുന്ന പശുക്കിടാവിനെ സംഭാവന നല്‍കിയ സംഭവം ഇപ്പോള്‍ പാര്‍ടിശത്രുക്കള്‍പോലും ഓര്‍മയില്‍ സൂക്ഷിക്കുന്നു എന്നത് നല്ലതുതന്നെ. ദേശാഭിമാനിക്ക് പുതിയ അച്ചടിയന്ത്രം വാങ്ങാനും കെട്ടിടം പണിയാനുമായി കഴിവുള്ളവരില്‍നിന്ന് വായ്പ വാങ്ങാന്‍ പാര്‍ടി ഒരു തീരുമാനമെടുത്തിരുന്നു. മുമ്പും പലരില്‍നിന്നും ഇങ്ങനെ കടം വാങ്ങേണ്ടിവന്നിട്ടുണ്ട്; പലിശ സഹിതം തിരിച്ചുനല്‍കിയിട്ടുമുണ്ട്. ദേശാഭിമാനിക്ക് സ്ഥിരമായി പരസ്യം തന്നുകൊണ്ടിരുന്ന ലോട്ടറി ഏജന്റായ സാന്റിയാഗോ മാര്‍ട്ടിന്റെ മക്കള്‍ രണ്ടുകോടിരൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഇക്കൂട്ടത്തില്‍ ദേശാഭിമാനിക്കു വായ്പ തന്നിരുന്നു. ഇതിന്റെ പേരില്‍ ചില മാധ്യമങ്ങളും പാര്‍ടി ശത്രുക്കളും ദേശാഭിമാനിക്കും പാര്‍ടിക്കുമെതിരെ ദുഷ്പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. നികുതി വെട്ടിപ്പുകാരനില്‍നിന്ന് ദേശാഭിമാനി കോഴ വാങ്ങിയെന്നും പാലോറ മാതയെ മറന്നെന്നും മറ്റുമായിരുന്നല്ലോ പ്രചാരവേല. പാര്‍ടി ഇക്കാര്യത്തില്‍ മറ്റ് രാഷ്ട്രീയപാര്‍ടികളില്‍നിന്നു വേറിട്ട ഒരു തീരുമാനംതന്നെയാണ് എടുത്തത്. ആ വായ്പത്തുക തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചു; നല്‍കുകയുംചെയ്തു. പശു ചത്തിട്ടും മോരിന്റെ പുളി പോയില്ലെന്നു പറയുന്നതുപോലെ 'മാതയ്ക്കു പകരം മാര്‍ട്ടിന്‍, മാര്‍ക്സിനു പകരം മാര്‍ട്ടിന്‍' തുടങ്ങിയ ദുഷ്പ്രചാരവേലകള്‍ക്ക് ശമനമുണ്ടായില്ല. ദേശാഭിമാനിയുടെ നിലനില്‍പ്പും വളര്‍ച്ചയും ശത്രുവര്‍ഗത്തിന് എത്രത്തോളം അലോസരം സൃഷ്ടിക്കുന്നു എന്നതിന്റെ തെളിവായിവേണം ശത്രുവര്‍ഗത്തിന്റെ ഈ പ്രചാരവേലയെ കാണാന്‍. ഒരു വിപ്ളവപാര്‍ടിക്ക് ഒരു പത്രം ഒഴിച്ചുകൂടാത്തതാണെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. വിപ്ളവപാര്‍ടിക്ക് പത്രം പ്രചാരകനും പ്രക്ഷോഭകാരിയും മാത്രമല്ല സംഘാടകന്‍കൂടിയാണെന്നാണ് ലെനിന്‍ പറഞ്ഞത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി പീപ്പിള്‍സ് വാര്‍, ന്യൂ ഏജ് എന്നീ പ്രസിദ്ധീകരണങ്ങള്‍ നടത്തിയത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ഗണശക്തി, പ്രജാശക്തി, തീക്കതിര്‍, എന്നിങ്ങനെ മിക്ക സംസ്ഥാനത്തും പാര്‍ടിക്ക് പത്രവും വാരികയും മറ്റ് പ്രസിദ്ധീകരണവുമുണ്ട്. പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിക്ക് ഇംഗ്ളീഷില്‍ പീപ്പിള്‍സ് ഡെമോക്രസി എന്ന വാരികയും 'ലോക്ലഹര്‍' എന്ന ഹിന്ദി വാരികയുമുണ്ട്. ദേശാഭിമാനി കേരളത്തില്‍ ആറു ജില്ലാ കേന്ദ്രത്തില്‍നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും സ്വന്തമായി കെട്ടിടവും ആധുനിക അച്ചടിയന്ത്രവും മറ്റ് സംവിധാനവുമുണ്ട്. മലപ്പുറത്തുനിന്ന് പ്രസിദ്ധീകരിക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നു. ഗള്‍ഫില്‍നിന്ന് ഏതാനും നാളിനകം ദേശാഭിമാനി പ്രസിദ്ധീകരണം ആരംഭിക്കും. ദേശാഭിമാനി വാരികയോടൊപ്പം പാര്‍ടിക്ക് താത്വികവാരികയായ ചിന്തയും, ത്രൈമാസികയായ മാര്‍ക്സിസ്റ്റ് സംവാദവുമുണ്ട്. ഇതിനെല്ലാംപുറമെ ചിന്ത പബ്ളിഷേഴ്സ് എന്ന പുസ്തകപ്രസിദ്ധീകരണശാലയുമുണ്ട്. മറ്റൊരു രാഷ്ട്രീയപാര്‍ടിക്കും അവകാശപ്പെടാന്‍ കഴിയാത്തതാണ് ആശയപ്രചാരണത്തില്‍ പാര്‍ടിയുടെ നേട്ടം. 'പ്രഭാത'ത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ് കേരളത്തില്‍ ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിന് ആരംഭംകുറിച്ചത്. പ്രഭാതത്തിന്റെ പ്രിന്ററും പബ്ളിഷറുമായിരുന്ന ഐ സി പി നമ്പൂതിരി പറയുന്നു: "കോഗ്രസിലെ മിതവാദികള്‍ക്ക് അവരുടെ ആശയപ്രകാശനത്തിന് സംവിധാനങ്ങളുണ്ടായിരുന്നു. മാതൃഭൂമി, മിതവാദി എന്നീ പത്രങ്ങള്‍ അവര്‍ പ്രയോജനപ്പെടുത്തി. എന്നാല്‍, കോഗ്രസിലെ ഇടതുപക്ഷക്കാര്‍ക്ക് ആശയപ്രചാരണത്തിന് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. അതിനാല്‍ ഒരു പത്രം തുടങ്ങണമെന്ന ആശയം ശക്തിപ്പെട്ടു. "1934ല്‍ പട്നയില്‍ നടന്ന കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് ഇ എം എസ് അടക്കമുള്ളവര്‍ പങ്കെടുത്തു. സമ്മേളനം കഴിഞ്ഞു വന്നതോടെ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്ക് മുഖപത്രം തുടങ്ങാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി''. (വിപ്ളവത്തിന്റെ ഉള്‍ത്തുടിപ്പുകള്‍- ഐ സി പി നമ്പൂതിരി. പേജ് 53) കെ എസ് നായര്‍ എന്ന ആള്‍ പ്രഭാതം പത്രം നടത്തിയിരുന്നു. അത് നിലച്ചുപോയി. പ്രസ് ബാങ്കില്‍ പണയത്തിലായിരുന്നു. ബാങ്കില്‍ അടയ്ക്കാനുള്ള പണം ഇ എം എസ് നല്‍കി. 1935 ജനുവരി ഒമ്പതിന് പ്രഭാതം പ്രസിദ്ധീകരണം തുടങ്ങി. ഇ എം എസ്, കെ ദാമോദരന്‍, മൊയാരത്ത് ശങ്കരന്‍, രാമചന്ദ്രന്‍ നെടുങ്ങാടി എന്നിവര്‍ സ്ഥിരമായും പി കൃഷ്ണപിള്ള ഇടയ്ക്കൊക്കെയും എഴുതാറുണ്ടായിരുന്നു എന്നാണ് ഐ സി പി പറയുന്നത്. ഒമ്പതുമാസം കഴിഞ്ഞപ്പോള്‍ ഒരു സംഭവമുണ്ടായി. ചൊവ്വര പരമേശ്വരന്റെ 'ആത്മനാദം' എന്ന കവിത പ്രഭാതത്തില്‍ പ്രസിദ്ധീകരിച്ചു. പ്രഭാതത്തിന് ബ്രിട്ടീഷ് ഗവമെന്റ് 2000 രൂപ പിഴയിട്ടു. ഇതോടെ പ്രഭാതത്തിന്റെ പ്രസിദ്ധീകരണം നിലച്ചു. ഭഗത്സിങ്ങിനെ തൂക്കിക്കൊന്നതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതായിരുന്നു കവിത. വിപ്ളവം നീണാള്‍ ജയിക്കട്ടെ, സാമ്രാജ്യ ദുഷ്പ്രഭുത്വത്തെ ചവിട്ടിമാറ്റീടുവാന്‍ നീണാള്‍ ജയിക്ക തൊഴിലാളിവര്‍ഗം ഈ വീണാമൃദുസ്വനം കേള്‍ക്കായി ചുറ്റിലും സര്‍ദാര്‍ ഭഗത്സിങ് സമശതം ആരുടെ സര്‍വം സഹിയാം പരിത്യാഗബുദ്ധിയെ സംത്യാഗമൂര്‍ത്തിയാം ലോകൈകവന്ദ്യനാം ഗാന്ധിജിപോലും വണങ്ങി സ്തുതിച്ചുപോയ്! 1938ല്‍ മദിരാശി സംസ്ഥാനത്ത് രാജാജി മന്ത്രിസഭ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് പിഴ ഉത്തരവ് തിരുത്തി പത്രം വീണ്ടും തുടങ്ങാന്‍ അനുമതി ലഭിച്ചു. 1938ല്‍ പ്രഭാതം വീണ്ടും കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ പ്രഭാതം വീണ്ടും നിന്നു. പിന്നീട് കല്ലച്ചില്‍ അച്ചടിച്ച് കോഴിക്കോട്ടുനിന്ന് പാര്‍ടികത്ത് പ്രസിദ്ധീകരിച്ചു. മാധ്യമലോകം അംഗീകരിക്കില്ലെങ്കിലും ഏറ്റവും നല്ല രീതിയിലുള്ള പത്രമായിരുന്നു പാര്‍ടികത്ത് എന്നാണ് ഇ എം എസ് പറഞ്ഞത്. അധ്വാനിക്കുന്ന തൊഴിലാളി കര്‍ഷകാദി ജനവിഭാഗങ്ങള്‍ അവരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംഘടന രൂപീകരിക്കുന്നുണ്ട്, പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട്. അതൊക്കെ പ്രതിഫലിപ്പിക്കുകയും, ഇത്തരം സംഘടനകള്‍ക്കും പ്രക്ഷോഭസമരങ്ങള്‍ക്കും പ്രചോദനവും പ്രോത്സാഹനവും നല്‍കുകയും ചെയ്യുകയെന്നതാണ് ഇടതുപക്ഷ പത്രത്തിന്റെ പ്രാഥമികമായ കടമ. അത് നിറവേറ്റുന്നതോടൊപ്പം ഒരു സമ്പൂര്‍ണ ദിനപത്രമായി ദേശാഭിമാനിയെ ഉയര്‍ത്തണമെന്ന ഇ എം എസിന്റെ ആഗ്രഹം സഫലീകരിക്കാനാണ് പാര്‍ടിയും ദേശാഭിമാനി പ്രവര്‍ത്തകരും ശ്രമിക്കുന്നത്. കേരളത്തിലെ മൂന്നു ലക്ഷത്തിലധികം വരുന്ന പാര്‍ടി അംഗങ്ങളും, ഒരുകോടിയോളം വര്‍ഗ ബഹുജനസംഘടനകളിലെ അംഗങ്ങളും ആത്മാര്‍ഥമായി ശ്രമിച്ചാല്‍ കേരളത്തിലെ ഒന്നാമത്തെ പത്രമായി ദേശാഭിമാനിയെ ഉയര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ഇ എം എസ് അവസാനനിമിഷംവരെ വച്ചുപുലര്‍ത്തിയത്. 1998 മാര്‍ച്ച് 19ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു തൊട്ടുമുമ്പ് ദേശാഭിമാനിക്കുള്ള തുടര്‍ലേഖനം പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് ഇ എം എസ് ചെയ്തത്. ഇ എം എസിന്റെ സ്മരണ നിലനിര്‍ത്താനുള്ള ഏറ്റവും ഉചിതമായ മാര്‍ഗങ്ങളില്‍ പ്രഥമമായിട്ടുള്ളത് ദേശാഭിമാനിയുടെ പ്രചാരം വര്‍ധിപ്പിക്കുകയാണ്. ആ കടമ നമുക്ക് ഏറ്റെടുത്തു നിറവേറ്റാം.

No comments: