Saturday, February 16, 2008

പിണറായി വിജയന്‍ -കടന്നാക്രമങളെ നേരിട്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട്

പിണറായി വിജയന്‍ -കടന്നാക്രമങളെ നേരിട്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട്


കോട്ടയം: മാധ്യമങ്ങളുടെ സംഘടിതാക്രമണം, ജാതിമത സാമുദായികശക്തികളുടെ കടന്നാക്രമണം, പാര്‍ടിയെ തകര്‍ക്കാന്‍ നേതാവിനെ തളര്‍ത്തുന്നതാണ് എളുപ്പമെന്നു കണ്ട് അത്യന്തം ഹീനമായ വ്യക്തിഹത്യ. പാര്‍ടി രണ്ടാകുന്നെന്നു ശത്രുക്കള്‍ ദിവാസ്വപ്നം കണ്ട മലപ്പുറംസമ്മേളനം പാര്‍ടിയെ നയിക്കാന്‍ മൂന്നാമതും ചുമതലപ്പെടുത്തിയ പിണറായി വിജയനുനേരെ മാധ്യമങ്ങളും മറ്റു പിന്തിരിപ്പന്‍ശക്തികളും കഴിഞ്ഞ മൂന്നുവര്‍ഷവും നടത്തിയത് മര്യാദയുടെ എല്ലാ സീമയും ലംഘിച്ച കടന്നാക്രമണങ്ങളുടെ ശരവര്‍ഷമാണ്. ഒരുപക്ഷേ ഒരു രാഷ്ട്രീയനേതാവിനും ഇത്ര ക്രൂരമായ ഒരുഅവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകില്ല. പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെയും കരുത്തില്‍ ഉരുകിത്തെളിഞ്ഞ പിണറായി ഇതിനെയെല്ലാം അക്ഷോഭ്യനായി നേരിട്ട് പാര്‍ടിയെ മുന്നോട്ടുനയിച്ചു. അപവാദങ്ങളുടെയും ആക്രമണങ്ങളുടെയും നിലയ്ക്കാത്ത പ്രവാഹത്തെ കമ്യൂണിസ്റുകാരന്റെ നിശ്ചയദാര്‍ഢ്യത്തോടെ, അസാമാന്യമായ കരുത്തോടെ നേരിട്ട് പാര്‍ടിയെ ഒന്നിച്ചു നിര്‍ത്തി. വ്യക്തിഹത്യ കുടുംബാംഗങ്ങള്‍ക്കെതിരെവരെ നീണ്ടപ്പോഴും അതെല്ലാം പ്രസ്ഥാനത്തെ തളര്‍ത്താനുള്ള ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണംമാത്രമായി കണ്ട് വിപ്ളവപ്രസ്ഥാനത്തിന്റെ അഭിമാനം കാത്തു. കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടി പിറന്നുവീണ പിണറായിയില്‍ ചെത്തുതൊഴിലാളിയുടെ മകനായി ജനിച്ച വിജയന്‍ സഖാവ് പി കൃഷ്ണപിള്ളയുടെ നാട്ടില്‍ നടന്ന ആദ്യസമ്മേളനത്തില്‍ വീണ്ടും സാരഥിയാകുന്നത് പാര്‍ടിയുടെ ശക്തി പതിന്മടങ്ങ് വര്‍ധിപ്പിച്ച അഭിമാനത്തോടെയാണ.്
യുഡിഎഫിന്റെ ദ്രോഹവാഴ്ചയ്ക്കെതിരെ അലയടിച്ചുയര്‍ന്ന എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ക്ക് പിണറായി നേതൃത്വം നല്‍കി. സംസ്ഥാനത്തെ ഇളക്കിമറിക്കുകയും യുഡിഎഫിന്റെ അടിത്തറ ഇളക്കുകയുംചെയ്ത കേരളമാര്‍ച്ച് വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ വളര്‍ന്ന് ഭരണാധികാരിയും ജനനായകനുമായ അദ്ദേഹത്തിന്റെ സംഘടനാപാടവത്തിന്റെ തെളിവായിരുന്നു. ജനങ്ങളെ അണിനിരത്തി നടത്തിയ പോരാട്ടങ്ങള്‍ പാര്‍ടിയുടെ ബഹുജനപിന്തുണ വര്‍ധിപ്പിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും പാര്‍ടിയും എല്‍ഡിഎഫും നേടിയ ചരിത്രവിജയത്തിന്റെ ശില്‍പ്പിയാണ് പിണറായി. മതന്യൂനപക്ഷവിഭാഗങ്ങളില്‍ പാര്‍ടിയുടെ സ്വാധീനം പതിന്മടങ്ങ് വര്‍ധിപ്പിച്ചതാണ് ആ സംഘടനാമികവിന്റെ സാക്ഷ്യപത്രങ്ങളിലൊന്ന്.
ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെ ഇളയമകനായി 1944 മാര്‍ച്ച് 21നാണ് പിണറായി വിജയന്‍ ജനിച്ചത്. അമ്മ കല്യാണി. പിണറായി ശാരദാവിലാസം എല്‍പി സ്കൂളിലും പെരളശ്ശേരി ഗവണ്‍മെന്റ് ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞ് ഒരു വര്‍ഷം നെയ്ത്തുപണിയെടുത്തശേഷമാണ് പ്രീ യൂണിവേഴ്സിറ്റി കോഴ്സില്‍ ചേര്‍ന്നത്. വളരെ ചെറുപ്പത്തിലേ കമ്യൂണിസ്റ്പാര്‍ടിയുടെ ഉശിരന്‍ പ്രവര്‍ത്തകനായി. വിദ്യാര്‍ഥി സംഘടനാ രംഗത്തുകൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവന്നത്. തലശേരി ബ്രണ്ണന്‍കോളേജില്‍ ബിഎ ഇക്കണോമിക്സിനു പഠിക്കുമ്പോള്‍ കേരള സ്റുഡന്റ് ഫെഡറേഷന്റെ (കെഎസ്എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964മുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകനായ പിണറായി ഐതിഹാസികമായ നിരവധി വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ തലശേരി കോടതിക്കുമുമ്പില്‍വച്ച് പിണറായി ഉള്‍പ്പെടെയുള്ളവരെ പൊലീസ് അടിച്ച് കടലില്‍ ചാടിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. കെഎസ്എഫ് സംസ്ഥാന സെക്രട്ടറി, കെഎസ്വൈഎഫ് സംസ്ഥാന വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പിണറായി സംസ്ഥാനത്ത് വിദ്യാര്‍ഥി- യുവജന പ്രസ്ഥാനത്തിന് കരുത്തുറ്റ അടിത്തറ പാകി.
തലശേരിമേഖലയില്‍ വര്‍ഗീയവാദികളുടെ•കടന്നുകയറ്റം തടഞ്ഞുനിര്‍ത്താന്‍ പിണറായിയുടെ സവിശേഷമായ പ്രവര്‍ത്തനശൈലി വലിയ പങ്കുവഹിച്ചു.
1971 അവസാനം തലശേരിയില്‍ വര്‍ഗീയലഹള നടന്നപ്പോള്‍ ആദ്യംതന്നെ സ്ഥലത്ത് ഓടിയെത്തി ധീരമായി പ്രതിരോധപ്രവര്‍ത്തനം നടത്തി. തലശേരിലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റിസ് വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറഞ്ഞ സംഭവമാണ് ഇത്. 1968ല്‍ മാവിലായിയില്‍ നടന്ന ജില്ലാപ്ളീനത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. 1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 60കളുടെ ആദ്യംമുതലേ പലപ്പോഴായി പൊലീസ് മര്‍ദനം അനുഭവിക്കേണ്ടിവന്ന പിണറായി അടിയന്തരാവസ്ഥക്കാലത്ത് എംഎല്‍എയായിരിക്കെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയായി. പൊലീസ് സംഘം അദ്ദേഹത്തെ ചവിട്ടിയുരുട്ടിയ സംഭവം പില്‍ക്കാലത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കി. അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ തടവുകാരനായിരുന്നു.
1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെത്തുടര്‍ന്ന് പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. എം വി രാഘവനും കൂട്ടരും കണ്ണൂര്‍ ജില്ലയില്‍ പാര്‍ടിക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയ ഘട്ടത്തില്‍ കരുത്താര്‍ന്ന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പ്രവര്‍ത്തകരെയും അണികളെയും സിപിഐ എമ്മില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പിണറായി നേതൃത്വം നല്‍കി. 1989ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതുമുതല്‍ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.
വൈദ്യുതിമന്ത്രിയായിരിക്കെ 1998 സെപ്തംബറിലാണ് പാര്‍ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇത്. പാര്‍ടിയെ വെല്ലുവിളിക്കാനും ദുര്‍ബലപ്പെടുത്താനും സേവ് സിപിഎം ഫോറം ഉള്‍പ്പെടെ ശ്രമം നടത്തിക്കൊണ്ടിരുന്ന ആ ഘട്ടത്തില്‍ പ്രതിബന്ധങ്ങള്‍ തട്ടിനീക്കി അദ്ദേഹം പാര്‍ടിയെ മുന്നോട്ടു നയിച്ചു. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17-ാം സംസ്ഥാന സമ്മേളനം പിണറായിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2005 ഫെബ്രുവരിയില്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാനസമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. മലപ്പുറം സമ്മേളനശേഷം പാര്‍ടിയിലെ വിഭാഗീയപ്രവണതകള്‍ക്കെതിരെ പിണറായി അതിശക്തമായ പോരാട്ടമാണ് നയിച്ചത്. ഒറ്റുകാരില്‍നിന്ന് പാര്‍ടിയെ സംരക്ഷിക്കാന്‍ കര്‍ശനമായ നിലപാടെടുത്തു. വിഭാഗീയതയ്ക്ക് അന്ത്യംകുറിച്ച് മൂന്നുവര്‍ഷംകൊണ്ട് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്തു പകരാന്‍ പിണറായിയുടെ നേതൃത്വത്തില്‍ പാര്‍ടിക്ക് കഴിഞ്ഞു.
1970ല്‍ 26-ാം വയസ്സില്‍ നിയമസഭാംഗമായ പിണറായി പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും മികവു പ്രകടിപ്പിച്ചു. 1970ലും 77ലും 91ലും കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1996ല്‍ പയ്യന്നൂരില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
1996ല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി- സഹകരണമന്ത്രിയായ പിണറായി മികച്ച ഭരണാധികാരി എന്ന പ്രശംസ പിടിച്ചുപറ്റി. രണ്ടായിരമാണ്ടോടെ കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമാക്കുക എന്ന ദൃഢനിശ്ചയത്തോടെ നടത്തിയ പ്രവര്‍ത്തനം പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ അഭിനന്ദനം നേടി.
ഇപ്പോള്‍ തിരുവനന്തപുരത്ത് സാക്ഷരതാമിഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന തലശേരി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. സ്വാതന്ത്യ്രസമരസേനാനി ആണ്ടിമാസ്ററുടെ മകളാണ്. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കളാണ്.

No comments: