Wednesday, October 17, 2007

മതമേലധ്യക്ഷന്മാര്‍ പള്ളിക്കുള്ളിലിരുന്ന് രാഷ്‌ട്രിയം കളിക്കരുത്

നട്ടാല്‍ പൊടിക്കാത്ത നുണകള്‍ കരിയുകതന്നെചെയ്യും.
പിണറായി വിജയന്‍




കേരള രാഷ്ട്രീയത്തില്‍ അടു ത്തകാലത്തുണ്ടായ സുപ്രധാന മാറ്റങ്ങളിലൊന്ന് മതന്യൂനപക്ഷങ്ങള്‍ സിപിഐ എമ്മിനോട് കൂടുതലായി അടുത്തുവരുന്നു എന്നതാണ്. ഇക്കഴിഞ്ഞ ലോക്സഭ-നിയമസഭ-തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ അത് സുവ്യക്തമായതാണ്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അഭൂതപൂര്‍വമായ വിജയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടായത്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ എല്‍ഡിഎഫ് നേടിയ വിജയം യുഡിഎഫിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകള്‍ ഈ തെരഞ്ഞെടുപ്പുകളില്‍ തകര്‍ന്നു തരിപ്പണമായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒരു സീറ്റേ ലഭിച്ചുള്ളൂ. അഴീക്കോട്, കൂത്തുപറമ്പ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ക്ക് റെക്കോഡ് വിജയമാണുണ്ടായത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയക്കുതിപ്പ് ആവര്‍ത്തിച്ചു. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇടതുപക്ഷം വിജയക്കൊടി നാട്ടി. യുഡിഎഫിന്റെ പരമ്പരാഗതമേഖലകള്‍ അവര്‍ക്ക് നഷ്ടമായി. ഈ പ്രതിഭാസം കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലാവട്ടെ 99 സീറ്റോടെ എല്‍ഡിഎഫ് ചരിത്രവിജയം നേടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ജനപിന്തുണ തുടരുകയാണെന്ന് തിരുവമ്പാടി ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മൂവായിരത്തിലേറെ വോട്ടുകളാണ് ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരുവമ്പാടി മണ്ഡലത്തില്‍ ലഭിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിനു നല്‍കുന്ന പിന്തുണ തുടരുകയാണെന്ന് ഈ തെരഞ്ഞെടുപ്പുഫലം അടിവരയിട്ടു. അവസാനമായി നടന്ന മട്ടന്നൂര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ഈ വിജയത്തിന്റെ തുടര്‍ച്ചതന്നെയാണ് കാണുന്നത്. ഈ മാറ്റം ഏതു വിധേനയെങ്കിലും തകര്‍ക്കാന്‍ പറ്റുമോ എന്ന് വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും ശക്തമായ ശ്രമവും തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കമ്യൂണിസ്റുകാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും അവരെ തകര്‍ക്കാന്‍ രഹസ്യമായ അജന്‍ഡതന്നെ പാര്‍ടിക്കുണ്ട് എന്നുമുള്ള പ്രചാരണം.
കമ്യൂണിസ്റ് പാര്‍ടിക്ക് മതവിശ്വാസം സംബന്ധിച്ച് രഹസ്യങ്ങളില്ല. പാര്‍ടിസമീപനം പരസ്യമാണ്. "ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും ഓരോ സമുദായത്തിലുംപെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങള്‍ ചെയ്യാനും ഒരു അനുഷ്ഠാനത്തിനും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതു രൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ടി പോരാടണം.'' (പാര്‍ടി പരിപാടി, അധ്യായം 5, ഖണ്ഡിക 8ല്‍നിന്ന്) എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്.
ഇത് കാണിക്കുന്നത് ഏത് മതവിശ്വാസികളുടെയും വിശ്വാസങ്ങളെ സംരക്ഷിക്കാന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണ് എന്നാണ്. അതുകൊണ്ടാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരായി ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നുവന്നപ്പോള്‍ അവയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പാര്‍ടി നടത്തിയത്. ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ആര്‍എസ്എസ് ആക്രമിച്ചപ്പോള്‍ ക്രൈസ്തവ മതാധ്യക്ഷരില്‍ പലരും ആര്‍എസ്എസ് എന്നു പറയാന്‍ തയ്യാറായില്ല. വലതുപക്ഷ മാധ്യമങ്ങള്‍ അക്രമികള്‍ എന്നുമാത്രം വിശേഷിപ്പിച്ചപ്പോള്‍ സിപിഐ എമ്മാണ് ആര്‍എസ്എസിന്റെ പേരെടുത്തു പറഞ്ഞ് അവരെ ജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ തയ്യാറായത്. ഇത്തരം ആക്രമണം നടത്തുന്ന സംഘപരിവാര്‍ശക്തികളെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനാണ് സിപിഐ എം യുപിഎ സര്‍ക്കാരിന് മന്ത്രിസഭയില്‍ ചേരാതെതന്നെ പിന്തുണ നല്‍കിയിട്ടുമുള്ളത്. രാജ്യത്ത് എവിടെയും വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ നടത്തുന്നതിന് തടസ്സമുണ്ടായാല്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് പോരാടാനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്.
മതവിശ്വാസികള്‍ അവരുടെ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നതുപോലെ, വിശ്വാസമില്ലാത്തവര്‍ക്കും അങ്ങനെ ജീവിക്കുന്നതിനുള്ള അവകാശമുണ്ട്. അത് സംരക്ഷിക്കാനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. അതിനെ വികൃതപ്പെടുത്താനുള്ള ശ്രമത്തിനെതിരെ പോരാടുക എന്നതും പാര്‍ടി നയസമീപനത്തിന്റെ ഭാഗംതന്നെയാണ്. കമ്യൂണിസ്റുകാര്‍ മതവിശ്വാസത്തെ ബഹുമാനിക്കാന്‍ തയ്യാറാകുന്നതുപോലെ മതത്തില്‍ വിശ്വസിക്കാത്തവരെയും അംഗീകരിക്കാനുള്ള ജനാധിപത്യപരമായ ബോധം മതവിശ്വാസികള്‍ക്കും വളര്‍ന്നുവരേണ്ടതുണ്ട്. അത്തരത്തിലുള്ള പരസ്പരബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ജനകീയ പ്രശ്നങ്ങളില്‍ യോജിച്ചു മുന്നോട്ടുപോവുകയാണ് വേണ്ടത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുള്‍പ്പെടെ ജനകീയാവശ്യങ്ങള്‍ക്കുവേണ്ടി ഇത്തരം മുന്നണികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കമ്യൂണിസ്റ് പാര്‍ടിയെ പിന്തുണയ്ക്കുന്നവരിലും ഏറെ മതവിശ്വാസികള്‍ ഉണ്ടെന്ന യാഥാര്‍ഥ്യം നാം കാണേണ്ടതുണ്ട്. അതുകൊണ്ട് വിശ്വാസം ആരുടെയും കുത്തകയുമല്ല.
സ. മത്തായി ചാക്കോ മരിക്കുമ്പോള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും തിരുവമ്പാടിയിലെ ജനപ്രതിനിധിയുമായിരുന്നു. വലതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ തിരുവമ്പാടിയില്‍ വിജയംനേടാന്‍ ഇടയാക്കിയ ഒരു സുപ്രധാന ഘടകം സഖാവ് ഉണ്ടാക്കിയെടുത്ത അംഗീകാരംകൂടിയാണ്. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയുള്ള ശക്തമായ പോരാട്ടാണ് ജീവിതത്തിലുടനീളം സഖാവ് നടത്തിയത്. അതാണ് എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും നേതാവായി ചാക്കോയെ ഉയര്‍ത്തിയത്. വ്യക്തിജീവിതത്തില്‍ കമ്യൂണിസ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് ശ്രദ്ധാലുവുമായിരുന്നു മത്തായി ചാക്കോ. സഖാവിന്റെ മരണത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ സഖാവിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട ചില കള്ളക്കഥകള്‍ രാഷ്ട്രീയ താല്‍പ്പര്യംവച്ച് യുഡിഎഫ് പ്രചരിപ്പിച്ചിരുന്നു. ഈ വസ്തുത കടുത്ത കമ്യൂണിസ്റ് വിരോധം പ്രചരിപ്പിക്കുന്ന മാതൃഭൂമി ദിനപത്രംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 15-ാം തീയതി മാതൃഭൂമി ആദ്യപേജില്‍തന്നെ പ്രസിദ്ധീകരിച്ച 'സി.പി.ഐ (എം) ഉം ക്രൈസ്തവ സഭയും ഏറ്റുമുട്ടലിലേക്ക്' എന്ന വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: "മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്ന വാദം അദ്ദേഹത്തിന്റെ മരണത്തിനുശേഷം നടന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിലാണ് ആദ്യം ഉയര്‍ന്നുവന്നത്. അദ്ദേഹത്തെ പള്ളിയില്‍ അടക്കംചെയ്യാതെ പാര്‍ടി ഓഫീസിനുമുന്നില്‍ സംസ്കരിച്ചത് ചര്‍ച്ചയായിരുന്നു. ഇതിനെ ക്രൈസ്തവര്‍ക്കിടയില്‍ യു.ഡി.എഫ് അനുകൂല മനോഭാവമുണ്ടാക്കാനും ശ്രമം നടന്നതാണ്.'' ഇതില്‍നിന്ന്, തിരഞ്ഞെടുപ്പുഘട്ടത്തില്‍തന്നെ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ യുഡിഎഫിനുവേണ്ടി പ്രചരിപ്പിക്കപ്പെട്ടിരുന്നു എന്നത് വ്യക്തമാണ്. അത് തള്ളിക്കളഞ്ഞാണ് ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ മൂവായിരത്തിലേറെ വോട്ട് കൂടുതല്‍ നല്‍കി ജനങ്ങള്‍ വിജയം സമ്മാനിച്ചത്. അന്ന് നട്ടിട്ടും കിളിര്‍ക്കാതെപോയ നുണ വീണ്ടും മുളപ്പിക്കാനുള്ള ശ്രമമാണ് തിരുവമ്പാടിയില്‍ നടന്നത്.
2007 സെപ്തംബര്‍ 8ന് തിരുവമ്പാടി ഫെറോനയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ സംരക്ഷണ റാലി നടന്നു. അവിടെ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി നടത്തിയ പ്രസംഗം മലയാള മനോരമ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു: "തിരുവമ്പാടിയിലെ ഉപതെരഞ്ഞെടുപ്പുവിജയം കണ്ട് വിശ്വാസികള്‍ കമ്മ്യൂണിസ്റുകളായെന്ന് ആരും കരുതരുതെന്ന് പൊതുസമ്മേളനത്തില്‍ ബിഷപ്പ് മാര്‍പോള്‍ ചിറ്റിലപ്പള്ളി വ്യക്തമാക്കി. മരിക്കുന്നതിനുമുമ്പ് അന്ത്യകൂദാശകള്‍ സ്വബോധത്തോടെ സ്വീകരിച്ച മത്തായി ചാക്കോയെ പാര്‍ടി ഓഫീസില്‍ സംസ്കരിച്ച് വിശ്വാസിസമൂഹത്തെ അപമാനിച്ച പാര്‍ടി നേതൃത്വം മാപ്പ് പറയണമെന്നും ബിഷപ്പ് പറഞ്ഞു. പാഠ്യപദ്ധതിയുടെ മറവില്‍ നിരീശ്വരവാദവും ലൈംഗിക അരാജകത്വവും സ്കൂളുകളില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.'' ഇത്തരത്തില്‍, വിശ്വാസികള്‍ കമ്യൂണിസ്റുകളായിപ്പോയി എന്നതിലുള്ള ഭയപ്പാട് വ്യക്തമാക്കിയാണ് ബഹുമാനപ്പെട്ട ബിഷപ്പ് സംസാരിച്ചത്. മാത്രമല്ല, സ്വബോധത്തോടെ അന്ത്യകൂദാശകള്‍ സ്വീകരിച്ച മത്തായി ചാക്കോയെ പാര്‍ടി ഓഫീസില്‍ സംസ്കരിച്ച് വിശ്വാസിസമൂഹത്തെ അപമാനിച്ചു എന്ന് പ്രഖ്യാപിച്ച് അവിടത്തെ ക്രൈസ്തവ മതവിശ്വാസികളെ പാര്‍ടിക്കെതിരെ തിരിച്ചുവിടാനുള്ള പരിശ്രമവുമാണ് നടത്തിയത്. തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉയര്‍ത്തുകയും ജനങ്ങള്‍ തള്ളിക്കളയുകയുംചെയ്ത മുദ്രാവാക്യം വീണ്ടും ഏറ്റു പാടുകയാണ് ഇവിടെ ഉണ്ടായത് എന്നു വ്യക്തം. മാര്‍ മാത്യു അറയ്ക്കല്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെയും മറ്റു ബിഷപ്പുമാരടക്കം അനേകരുടെയും ആചാര്യനും ഗുരുസ്ഥാനീയനുമായ മാര്‍ പോള്‍ ചിറ്റിലപ്പള്ളി ഈ രീതിയില്‍ കമ്യൂണിസ്റ് വിരുദ്ധ പ്രചാരകനായത് എന്തുകൊണ്ട്? അദ്ദേഹത്തിന്റെ സ്ഥാനവും പദവിയും അംഗീകാരവും കമ്യൂണിസ്റ് വിരുദ്ധ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുകയല്ലേ ഉണ്ടായത്?
മത്തായി ചാക്കോയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഇത്തരം അപവാദമുയര്‍ത്തിയ പ്രദേശത്ത് ചാക്കോയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ നടന്ന പരിപാടിയില്‍ ഈ സമീപനത്തെ തുറന്നുകാട്ടുകയാണ് ഞാന്‍ ചെയ്തത്. പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായി ധന്യമായ കമ്യൂണിസ്റ് ജീവിതം നയിച്ച ഒരു സഖാവിന്റെ ജീവിതത്തെ വളച്ചൊടിച്ച് അവതരിപ്പിച്ചതിനെ കമ്യൂണിസ്റ് സാഹോദര്യത്തിന്റെ ഭാഗമായി തുറന്നുകാട്ടുകയാണ് ചെയ്തത്. പാര്‍ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സഖാവിനെപ്പറ്റി കള്ളക്കഥകള്‍ മെനഞ്ഞ് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിലപാടെടുക്കേണ്ടത് പാര്‍ടി സെക്രട്ടറി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്. ഈ നിലപാട് എന്തു പ്രചാരവേല നടത്തിയാലും ഉപേക്ഷിക്കുന്ന പ്രശ്നമില്ല. സത്യം തുറന്നുകാട്ടി മുന്നോട്ടു പോകുകതന്നെ ചെയ്യും. അത് സഖാവിനോടും പാര്‍ടിയോടും ഞാന്‍ ചെയ്യേണ്ട ഉത്തരവാദിത്തവുമാണ്.
ചാക്കോ സ്വബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചില്ല എന്ന കാര്യം അന്ത്യകൂദാശ നല്‍കി എന്ന് പറയുന്ന ആള്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മാതൃഭൂമി ഒക്ടോബര്‍ 15 ന് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. "രോഗബാധിതനായ സമയത്ത് അബോധാവസ്ഥയിലാണ് മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നല്‍കിയതെന്ന് വ്യക്തമായി.'' അന്ത്യകൂദാശ നല്‍കി എന്ന അവകാശപ്പെടുന്ന ഫാദര്‍ ജോസ് കോട്ടയില്‍തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പത്രം തുടര്‍ന്ന് രേഖപ്പെടുത്തുന്നുണ്ട്.
മത്തായി ചാക്കോയുടെ സഹോദരന്‍ എ എം തോമസ് ഈ പ്രശ്നം സംബന്ധിച്ച് സെപ്തംബര്‍ 12ന് ഒരു വക്കീല്‍ നോട്ടീസ് മാര്‍ ചിറ്റിലപ്പള്ളിക്കെതിരെ അയച്ചിരുന്നു. അതിനുള്ള മറുപടിയിലും മത്തായി ചാക്കോ അബോധാവസ്ഥയിലാണെന്ന് സമ്മതിച്ചിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കെ സ്വബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ച ഒരാളെ പാര്‍ടി ഓഫീസില്‍ സംസ്കരിച്ചു എന്ന് കള്ളം പറഞ്ഞ് മതവിശ്വാസികളെ കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ നിന്ന് അകറ്റാമെന്ന താല്‍പ്പര്യത്തോടെ പ്രസംഗിച്ചാല്‍ അതിനെതിരെ സംസാരിക്കുന്നത് എങ്ങനെയാണ് മതവിരുദ്ധമാവുക? ഇതിന് ഉത്തരം നല്‍കേണ്ട ഉത്തരവാദിത്തം ഈ കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുതന്നെയാണ്.
കുടുംബാംഗങ്ങള്‍ ക്ഷണിച്ചതുകൊണ്ടാണ് വന്നതെന്ന പ്രചാരണവും ഇതിന് സമാന്തരമായി ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ മരണം പ്രതീക്ഷിക്കാത്ത തങ്ങള്‍ അന്ത്യകൂദാശയ്ക്ക് പുരോഹിതനെ ക്ഷണിക്കുന്ന ചോദ്യംപോലും ഉദിക്കുന്നില്ലെന്ന് കുടുബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാക്കോയുടെ സഹോദരന്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ വക്കീല്‍നോട്ടീസ് അയച്ചു എന്നു പറയുമ്പോള്‍ അവരുടെ സമീപനമെന്താണ് എന്ന് വ്യക്തമാണ്. മത്തായി ചാക്കോയെ നന്നായി അറിയാവുന്ന കുടുംബാംഗങ്ങള്‍ സഖാവിന്റെ കാഴ്ചപ്പാടും അഭിപ്രായവും മാനിച്ച് ശവസംസ്കാരം പൊതുസ്ഥലത്ത് നടത്തുന്നതിന് സ്വമനസ്സാ തയ്യാറാവുകയാണുണ്ടായത്. തന്റെ സഹപ്രവര്‍ത്തകരോടും ചാക്കോതന്നെ ഈ ആഗ്രഹം പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് പാര്‍ടി നിറവേറ്റിയത്. ജീവിതാന്ത്യംവരെ കമ്യൂണിസ്റ് പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവരികയും ചെയ്ത ഒരു സഖാവിന്റെ ജീവിതത്തെക്കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് പാര്‍ടിക്കെതിരെ പ്രചാരവേല നടത്താനുള്ള ഹീനശ്രമത്തെ ഒരു കാരണവശാലും അംഗീകരിക്കാനാവുന്നതല്ല. മത്തായി ചാക്കോയെ സ്നേഹിക്കുന്ന വിവിധ ജനവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ അവരുടേതായ രീതിയില്‍ ചാക്കോയുടെ ആയുരാരോഗ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. അതും അവരുടെ വ്യക്തിപരമായ ആഗ്രഹത്തിന്റെയും താല്‍പ്പര്യത്തിന്റെയും ഫലമായുണ്ടായതാണ്.
സഭയ്ക്ക് സംഭവിക്കുന്ന പോരായ്മകള്‍ തിരുത്തുന്ന കാര്യത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്നോട്ടുവച്ച സമീപനം ഈ അവസരത്തില്‍ ഓര്‍മിക്കുന്നത് നന്ന്. റെഡ് ഇന്ത്യന്‍സിന് എതിരായി നടത്തിയ അതിക്രമങ്ങള്‍ തടയുന്ന കാര്യത്തിലും ആഫ്രിക്കയിലെ അടിമവ്യാപാരത്തിനെതിരെ നിലപാട് എടുക്കുന്നതിലും സഭയ്ക്ക് പോരായ്മ വന്നിട്ടുണ്ടെന്ന് തുറന്നുപറയുന്നതിനുള്ള ആര്‍ജവം അദ്ദേഹത്തിനുണ്ടായി. ഈ മാതൃക ഏവര്‍ക്കും അനുകരിക്കാവുന്നതാണ്.
കേരളത്തിലെ മതത്തിന്റെ പേരുപറഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന പലരും തന്നെ പറഞ്ഞ് വഞ്ചിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞത് കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ശ്രീ എ കെ ആന്റണിയാണ്. സ്വാശ്രയകോളേജിലെ വിദ്യാര്‍ഥിപ്രവേശനത്തില്‍ 50 ശതമാനം മെറിറ്റ് നല്‍കാമെന്ന ഉറപ്പ് പിന്നീട് ലംഘിക്കുകയാണ് ഉണ്ടായതെന്ന് ആന്റണി പത്രങ്ങളോട് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ കാര്യത്തെ സംബന്ധിച്ച് ആരാണ് നുണ പറഞ്ഞതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അന്ന് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ എം മാണിക്കും കുഞ്ഞാലിക്കുട്ടിക്കുമുണ്ട്. ഇതില്‍ ആരാണ് മാപ്പ് പറയേണ്ടതെന്ന് അവര്‍ വ്യക്തമാക്കട്ടെ. മതവിശ്വാസത്തെ എല്ലാ അര്‍ഥത്തിലും സിപിഐ എം ബഹുമാനിക്കുന്നു. എന്നാല്‍, മതത്തിന്റെ പേരുപറഞ്ഞ് വലതുപക്ഷ രാഷ്ട്രീയ അജന്‍ഡയും തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങളും നടപ്പാക്കിക്കളയാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കേരളത്തില്‍ നടപ്പുള്ള കാര്യമല്ല. വിശ്വാസികള്‍തന്നെ ഇതിനെതിരെ രംഗപ്രവേശം ചെയ്യുമെന്നതാണ് കേരളത്തിന്റെ അനുഭവം. എന്നാല്‍, ന്യായമായ ആശങ്കകളെ ചര്‍ച്ചചെയ്യാനും പരിഹരിക്കാനും എന്നും പാര്‍ടി സന്നദ്ധവുമാണ്.
വിമോചനസമരത്തിന്റെയും മറ്റും പേരുപറഞ്ഞ് ഈ സര്‍ക്കാരിനെതിരെ രംഗപ്രവേശംചെയ്ത് നോട്ടീസുകളും മറ്റും വിതരണംചെയ്ത ആളുകള്‍ ഇവിടെയുണ്ട്. അവ എന്തുകൊണ്ടാണ് ജനപിന്തുണ നേടാതെ പോയത് എന്ന് ഈ അവസരത്തില്‍ ആലോചിക്കുന്നത് നല്ലതാണ്. വിദ്യാഭ്യാസമേഖലയില്‍ മതവിശ്വാസത്തെ ഹനിക്കാനോ വിശ്വാസികളെ ദ്രോഹിക്കാനോ ഉള്ള ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നിരിക്കെ അത്തരം പ്രചാരവേലകള്‍ നടത്തി മുന്നോട്ടുപോകുന്നവരുടെ പിന്നിലുള്ള രാഷ്ട്രീയലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയുകതന്നെചെയ്യും. തിരുവമ്പാടിയില്‍ ഇത്തരം നുണകള്‍ പ്രചരിപ്പിച്ചിട്ടും എന്തു സംഭവിച്ചു എന്ന് കേരളം കണ്ടതാണ്. കുറച്ചാളുകളെ അല്‍പ്പകാലം വഞ്ചിക്കാന്‍ പറ്റും. എന്നാല്‍, എല്ലാവരെയും എക്കാലവും വഞ്ചിച്ച് നിര്‍ത്താമെന്ന് വ്യാമോഹിക്കരുത്. അത്തരം വ്യാമോഹക്കാര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ സ്ഥാനംപിടിച്ചതാണ് കേരളത്തിന്റെ അനുഭവം.

1 comment:

ജനശക്തി ന്യൂസ്‌ said...

നട്ടാല്‍ പൊടിക്കാത്ത നുണകള്‍ കരിയുകതന്നെചെയ്യും.
പിണറായി വിജയന്‍




കേരള രാഷ്ട്രീയത്തില്‍ അടു ത്തകാലത്തുണ്ടായ സുപ്രധാന മാറ്റങ്ങളിലൊന്ന് മതന്യൂനപക്ഷങ്ങള്‍ സിപിഐ എമ്മിനോട് കൂടുതലായി അടുത്തുവരുന്നു എന്നതാണ്. ഇക്കഴിഞ്ഞ ലോക്സഭ-നിയമസഭ-തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ അത് സുവ്യക്തമായതാണ്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അഭൂതപൂര്‍വമായ വിജയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടായത്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ എല്‍ഡിഎഫ് നേടിയ വിജയം യുഡിഎഫിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകള്‍ ഈ തെരഞ്ഞെടുപ്പുകളില്‍ തകര്‍ന്നു തരിപ്പണമായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒരു സീറ്റേ ലഭിച്ചുള്ളൂ. അഴീക്കോട്, കൂത്തുപറമ്പ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ക്ക് റെക്കോഡ് വിജയമാണുണ്ടായത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയക്കുതിപ്പ് ആവര്‍ത്തിച്ചു. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇടതുപക്ഷം വിജയക്കൊടി നാട്ടി. യുഡിഎഫിന്റെ പരമ്പരാഗതമേഖലകള്‍ അവര്‍ക്ക് നഷ്ടമായി. ഈ പ്രതിഭാസം കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലാവട്ടെ 99 സീറ്റോടെ എല്‍ഡിഎഫ് ചരിത്രവിജയം നേടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ജനപിന്തുണ തുടരുകയാണെന്ന് തിരുവമ്പാടി ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മൂവായിരത്തിലേറെ വോട്ടുകളാണ് ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരുവമ്പാടി മണ്ഡലത്തില്‍ ലഭിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിനു നല്‍കുന്ന പിന്തുണ തുടരുകയാണെന്ന് ഈ തെരഞ്ഞെടുപ്പുഫലം അടിവരയിട്ടു. അവസാനമായി നടന്ന മട്ടന്നൂര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ഈ വിജയത്തിന്റെ തുടര്‍ച്ചതന്നെയാണ് കാണുന്നത്. ഈ മാറ്റം ഏതു വിധേനയെങ്കിലും തകര്‍ക്കാന്‍ പറ്റുമോ എന്ന് വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും ശക്തമായ ശ്രമവും തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കമ്യൂണിസ്റുകാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും അവരെ തകര്‍ക്കാന്‍ രഹസ്യമായ അജന്‍ഡതന്നെ പാര്‍ടിക്കുണ്ട് എന്നുമുള്ള പ്രചാരണം.