Wednesday, October 10, 2007

ലാറ്റിനമേരിക്കയില്‍ ചെ അനുസ്മരണം

ലാറ്റിനമേരിക്കയില്‍ ചെ അനുസ്മരണം


ക്യൂബ: ലാറ്റിനമേരിക്കന്‍ വിപ്ലവനായകനായ ഏണസ്റ്റോ ചെ ഗുവേരയെ നാല്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ക്യൂബയടക്കമുള്ള പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും അനുസ്മരിച്ചു.



ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ചെയുടെ ഭൌതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ള മ്യുസോളിയത്തിനടുത്തു നടന്ന വന്‍ അനുസ്മരണ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.1959ല്‍ ക്യൂബന്‍ വിപ്ലവം വിജയിപ്പിക്കുന്നതില്‍ തന്നെ സഹായിച്ച അര്‍ജന്റൈന്‍ ഡോക്ടറായ ചെയെ അനുസ്മരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ രോഗബാധിതനായ പ്രസിഡന്റ് ഫിഡെല്‍ കാസ്ട്രോ എത്തിയില്ല.



പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്രാന്‍മയില്‍ ചെയെ അനുസ്മരിച്ചു കാസ്ട്രോ എഴുതിയ ദീര്‍ഘമായ ലേഖനം റാലിയില്‍ വായിച്ചു.'നാലു പതിറ്റാണ്ടു മുന്‍പു ജീവന്‍ ബലിയര്‍പ്പിച്ച ആ അസാധാരണ പോരാളിയുടെ സ്മരണയ്ക്കു മുന്നില്‍ ആദരവോടെയും നന്ദിയോടെയും തല കുനിക്കാന്‍ എന്റെ ദൈനംദിന പോരാട്ടം അല്‍പനേരം നിര്‍ത്തിവയ്ക്കുന്നു എന്നാണു കാസ്ട്രോ എഴുതിയത്.



ക്യൂബന്‍ വിപ്ലവത്തിന്റെ വിധി നിര്‍ണയിച്ച പോരാട്ടം നടന്ന മധ്യ ക്യൂബന്‍ നഗരമായ സാന്ത ക്ളാരയിലെ ചെ പ്രതിമയ്ക്കു മുന്നില്‍ നടന്ന അനുസ്മരണച്ചടങ്ങില്‍ പതിനായിരത്തോളം ക്യൂബന്‍ തൊഴിലാളികള്‍ പങ്കെടുത്തു. ക്യൂബന്‍ വിപ്ലവകാരികള്‍ ആദ്യം മോചിപ്പിച്ച നഗരം സാന്ത ക്ളാരയായിരുന്നു. മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും ഇടതു ചായ്വ് ചെയുടെ വിപ്ലവദര്‍ശനങ്ങള്‍ ശരിവച്ചിരിക്കുകയാണെന്നു മകള്‍ അലെയ്ഡ ഗുവേര സാന്ത ക്ളാര ചടങ്ങില്‍ ചൂണ്ടിക്കാട്ടി.



ക്യൂബന്‍ വിപ്ലവാനന്തരം ബൊളീവിയയില്‍ വിപ്ലവം സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ 1967 ഒക്ടോബര്‍ എട്ടിനാണു സിഐഎ പിന്തുണയോടെ ബൊളീവിയന്‍ സേന ചെയെ പിടികൂടി വെടിവച്ചു കൊന്നത്. ബൊളീവിയയിലെ അനുസ്മരണച്ചടങ്ങിന് ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ഇവോ മൊറാലസ് നേതൃത്വം നല്‍കി.




ചെ സാമൂഹ്യ മനസാക്ഷിയുടെ വിത്തുവിതച്ചു: കാസ്ട്രോ




ഹവാന: വിമോചന പോരാട്ടത്തിന്റെ ധീരമാതൃക സൃഷ്ടിച്ച് അനശ്വരനായ ചെ ഗുവേരയുടെ 40ാം രക്തസാക്ഷിത്വ വാര്‍ഷികാചരണത്തിന് തുടക്കമായി. വിപ്ളവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ വലംകൈയായി ചെ പോരാടിയ ക്യൂബയിലും അദ്ദേഹം പൊരുതിവീണ ബൊളീവിയയിലും ജന്മനാടായ അര്‍ജന്റീനയിലും അദ്ദേഹത്തിന്റെ പോര്‍വീര്യത്തിനു വേദിയായ മറ്റു രാജ്യങ്ങളിലും മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വിവിധ പരിപാടികളോടെ ഇടതുപക്ഷപ്രവര്‍ത്തകരും സാമ്രാജ്യവിരുദ്ധ പോരാളികളും ചെയെ അനുസ്മരിക്കുകയാണ്. ചൊവ്വാഴ്ചയാണ് രക്തസാക്ഷിത്വദിനം.
ചെ ഗുവേര ലാറ്റിനമേരിക്കയിലും ലോകത്താകെയും സാമൂഹ്യ മനഃസാക്ഷിയുടെ വിത്തുവിതച്ചതായി ക്യൂബന്‍ നായകന്‍ ഫിദല്‍ കാസ്ട്രോ അനുസ്മരിച്ചു. അകാലത്തില്‍ പിഴുതെടുക്കപ്പെട്ട ഒരു പുഷ്പംപോലെയാണ് ചെയെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് എഴുതിയ ലേഖനത്തില്‍ കാസ്ട്രോ പറഞ്ഞു. സ്വേഛാധിപത്യവാഴ്ചയില്‍നിന്ന് 1958ല്‍ ചെയുടെ നേതൃത്വത്തില്‍ മോചിപ്പിച്ച മധ്യ ക്യൂബയിലെ സാന്റാക്ളാരയില്‍ അദ്ദേഹത്തിന്റെ സ്മാരകത്തില്‍ ചെയുടെ കീഴില്‍ പോരാടിയവരും വിദ്യാര്‍ഥികളും യുവാക്കളുമടക്കം പതിനായിരങ്ങള്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ വിധവ അലെയ്ഡയും നാല് മക്കളും പരിപാടികളില്‍ സന്നിഹിതരായിരുന്നു.
ചെ..പറക്കുന്ന ചെങ്കൊടി: "ഞാന്‍ ക്യൂബക്കാരനും അര്‍ജന്റീനക്കാരനും ബൊളീവിയനും പെറുവിയനും ഇക്വഡോറുകാരനുമാണ്'' കൊല്ലാനെത്തിയ ബൊളീവിയന്‍ കൂലിപ്പടയുടെ കേണലിനോട് 1967 ഒക്ടോബര്‍ 9ന് ചെ ഗുവേര പറഞ്ഞു.നിസ്വവര്‍ഗത്തിനായി പോരാടി ധീരരക്തസാക്ഷിത്വം വരിച്ച ചെ. പോരാട്ടത്തിന് അതിര്‍വരമ്പുകളില്ലെന്നു തെളിയിച്ച പോരാളിക്ക് പ്രണാമം. ബൊളീവയന്‍ ഗ്രാമമായ വല്ലെഗ്രനേഡില്‍ ചെയുടെ നാല്‍പ്പതാം രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഓര്‍മപുതുക്കാനെത്തിയവര്‍.
ബൊളീവിയയില്‍ വധിക്കപ്പെട്ട് മൂന്നുപതിറ്റാണ്ടുശേഷം ചെയുടെ അസ്ഥികള്‍ കണ്ടെത്തിയ വല്ലേഗ്രാന്റയില്‍ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണ പരിപാടികള്‍. വെനസ്വേലയില്‍ 55വര്‍ഷംമുമ്പ് ചെ സന്ദര്‍ശിച്ച പികോ ഡെല്‍ അഗ്വിലയില്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നേതൃതത്തിലാണ് അനുസ്മരണ പരിപാടി. ബ്രസീല്‍ സെനറ്റ് ചെയെ ആദരിച്ച് ഒക്ടോബര്‍ 23ന് പ്രത്യേക സമ്മേളനം ചേരുന്നുണ്ട്. അര്‍ജന്റീന അടുത്തവര്‍ഷം ജൂണില്‍ ചെയുടെ 80ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഗ്വാട്ടിമാല, മെക്സിക്കോ, നിക്കരാഗ്വ തുടങ്ങിയ മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളിലും വിപുലമായി ചെ അനുസ്മരിക്കപ്പെടുന്നു.

1 comment:

Anonymous said...

ലാറ്റിനമേരിക്കയില്‍ ചെ അനുസ്മരണം