Wednesday, October 31, 2007

കേരളം 52 -)പിറന്നാളിന്റെ നിറവില്‍ .

അമ്പത്തിരണ്ടാം പിറന്നാള്‍ . വി .എസ് അച്യുതാനന്ദന്‍

ഐക്യകേരളത്തിന്റെ അമ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ് വ്യാഴാഴ്ച. ചുമതലയേറ്റശേഷം ആദ്യമായി രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍ കേരളത്തില്‍ എത്തുകയാണ്- പിറന്നാള്‍ ആശംസ നേരാന്‍. കഴിഞ്ഞ വര്‍ഷം കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ അതിഥിയായെത്തിയത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങായിരുന്നു. സുവര്‍ണജൂബിലി വേളയില്‍ നാം വിഭാവനംചെയ്ത പദ്ധതികളില്‍ ഭൂരിഭാഗവും പൂര്‍ത്തീകരിക്കുകയോ ലക്ഷ്യത്തോടടുക്കുകയോ ചെയ്തുവെന്നത് ചാരിതാര്‍ഥ്യജനകമാണ്.
സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി അമ്പതുദിവസം നീണ്ടുനിന്ന പരിപാടികളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്ന് ഉദ്ഘാടനംചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് പ്രധാനമന്ത്രി കേരളത്തിന് ഒരു പിറന്നാള്‍സമ്മാനം വാഗ്ദാനം ചെയ്യുകയുണ്ടായി. നമ്മള്‍ നിരന്തരമായി ആവശ്യപ്പെടുകയും സമ്മര്‍ദ്ദംചെലുത്തുകയുംചെയ്ത ഐഐടിയും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും അനുവദിക്കാമെന്ന് പ്രധാനമന്ത്രി അന്ന് പറഞ്ഞു. അതില്‍ ഐസര്‍ അനുവദിക്കുകയും അത് തുടങ്ങുന്നതിന് അഞ്ഞൂറ് കോടി രൂപ പാസാക്കുകയും ചെയ്തത് ഏതാനും ദിവസം മുമ്പാണ്. ഐഐടി പതിനൊന്നാം പദ്ധതിയില്‍ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കുകയും മറ്റൊരു ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി ആരംഭിക്കുകയുംചെയ്തു. കോഴിക്കോട് സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് തുടങ്ങുന്നതിന് ധാരണാപത്രം ഒപ്പിട്ടു. പതിറ്റാണ്ടുകളായി നാം ആവശ്യപ്പെട്ടുവരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നേടിയെടുക്കാന്‍ കഴിഞ്ഞു. കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയതുകൊണ്ടാണ് അര്‍ഹതപ്പെട്ട സ്ഥാപനങ്ങള്‍ വൈകിയെങ്കിലും നമുക്ക് കിട്ടിയത്.
കോവളംമുതല്‍ കാസര്‍കോടുവരെ നീളുന്ന ജലപാതയുടെ വികസനം നമ്മുടെ ദീര്‍ഘകാലമായുള്ള സ്വപ്നമാണ്. പല തടസ്സങ്ങള്‍ കാരണം അതിന്റെ സാക്ഷാല്‍ക്കാരം വൈകി വൈകി പോവുകയായിരുന്നു. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേതന്നെ കിഴക്കന്‍ മേഖലയിലെ ഏറ്റവും കീര്‍ത്തികേട്ട നാടായി കേരളം മാറിയത് നീണ്ട കടല്‍ത്തീരവും ഉള്‍നാടന്‍ ജലപാതയും കാരണമാണ്. ആ പ്രതാപം വീണ്ടെടുക്കാന്‍ കേരളപ്പിറവിയുടെ സുവര്‍ണജൂബിലി വേളയില്‍ വിവിധ നടപടികള്‍ സ്വീകരിച്ചു. അതിന്റെ ഫലമായി കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതാ (മൂന്ന്) വികസനം യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കകം അത് കമീഷന്‍ചെയ്യും. കൊല്ലത്തുനിന്ന് കോവളത്തേക്കുള്ള ജലപാതാ വികസന പ്രവൃത്തികള്‍ ത്വരിതഗതിയില്‍ നടക്കുന്നു. മൂന്നോ നാലോ വര്‍ഷത്തിനകം കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ഉള്‍നാടന്‍ ജലപാത യാഥാര്‍ഥ്യമാവുമെന്ന് പ്രതീക്ഷിക്കാം.
സ്മാര്‍ട്ട് സിറ്റി പദ്ധതി സംസ്ഥാനത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് നടപ്പാക്കുമെന്നും ഐടി മേഖലയില്‍ അഞ്ചുവര്‍ഷംകൊണ്ട് രണ്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സുവര്‍ണജൂബിലി വേളയില്‍ ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയുണ്ടായി. പ്രതീക്ഷിച്ചതിലും കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടാനും തുടര്‍നടപടികള്‍ നീക്കാനും കഴിഞ്ഞു. സ്മാര്‍ട്ട് സിറ്റി കരാര്‍ കേരളത്തിന്റെ പ്രൌഢി ഉയര്‍ത്തിപ്പിടിക്കുന്നതായി. ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെയും സ്ഥലം വില്‍ക്കുന്നതിനു പകരം വില്‍പ്പനവിലയുടെ മൂന്നു മടങ്ങ് തുക ലഭ്യമാക്കി പാട്ടത്തിനു കൊടുത്തും മുപ്പത്തിമൂവായിരം തൊഴിലവസരം എന്ന മുന്‍ നിര്‍ദേശത്തിനു പകരം തൊണ്ണൂറായിരം തൊഴിലവസരം ഉറപ്പാക്കിയും സ്റേറ്റിന് ഇരുപത്താറ് ശതമാനം ഓഹരി ഉറപ്പാക്കിയുമാണ് കരാര്‍ ഒപ്പിട്ടത്. കൊച്ചിയില്‍ വേറെ ഐടി പാര്‍ക്ക് പാടില്ലെന്ന അപമാനകരമായ വ്യവസ്ഥയും ഒഴിവാക്കി. സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ നിര്‍മാണപ്രവൃത്തി ഏതാനും ദിവസത്തിനകം ആരംഭിക്കാന്‍പോകുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് വിട്ടുകൊടുക്കാന്‍ നിശ്ചയിച്ചിരുന്ന ഇന്‍ഫോപാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍തന്നെ വികസിപ്പിക്കുകയും അടുത്ത മൂന്നു കൊല്ലത്തിനകം അവിടെമാത്രം നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ്. ജില്ലകള്‍ തോറും ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടും പാലക്കാട്ടും ആലപ്പുഴയിലും ഐടി പാര്‍ക്ക് തുടങ്ങുന്നതിന് നടപടികള്‍ തുടങ്ങി. വ്യവസായരംഗത്ത് പതിനായിരം കോടി രൂപയുടെ സ്വകാര്യനിക്ഷേപം വരികയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേവലം 12 പൊതുമേഖലാ വ്യവസായങ്ങള്‍ മാത്രമാണ് ലാഭത്തിലുണ്ടായിരുന്നത്. അത് രണ്ട് ഡസനിലെത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു. വ്യവസായമേഖലയിലെ നിക്ഷേപത്തിന് ഏറ്റവും പറ്റിയ സംസ്ഥാനം കേരളമാണെന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ കഴിഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനം, മികച്ച തൊഴിലന്തരീക്ഷം, കുറഞ്ഞ ചെലവ് എന്നിങ്ങനെ എല്ലാം ഒത്തിണങ്ങിയ സംസ്ഥാനം. ടൂറിസംരംഗത്തെ പുതിയ പദ്ധതികളും അന്തരീക്ഷവും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ് ഡെസ്റിനേഷനായി കേരളത്തെ മാറ്റിയതും ഇക്കഴിഞ്ഞവര്‍ഷമാണ്. ഏറ്റവും നല്ല നിക്ഷേപസൌഹൃദ സംസ്ഥാനമായി കേരളം അഗീകരിക്കപ്പെട്ടത് ഈ കാലയളവിലാണ്. അടിസ്ഥാന സൌകര്യവികസനരംഗത്ത് നല്ല കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതും നിസ്തര്‍ക്കമാണ്. വല്ലാര്‍പ്പാടം പദ്ധതി നിര്‍മാണഘട്ടത്തിലെത്തിക്കാന്‍ കഴിഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചു. വ്യവസായരംഗത്തും അടിസ്ഥാനസൌകര്യവികസനത്തിന് പുതിയ കമ്പനിയുണ്ടാക്കി പ്രവൃത്തി തുടങ്ങി. അതേ രൂപത്തില്‍ ഐടി മേഖലയിലും കമ്പനി രൂപീകരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
റെയില്‍വേയുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞതും ഈ കാലയളവിലാണ്. പാലക്കാട് ഡിവിഷനെ അപ്രസക്തമാക്കിക്കൊണ്ട് സേലം ഡിവിഷന്‍ രൂപീകരിക്കുന്നതിനെ കേരളം ഒറ്റക്കെട്ടായി അതിശക്തമായി എതിര്‍ക്കുകയുണ്ടായി. എന്നാല്‍, സേലംഡിവിഷന്‍ രൂപീകരിക്കുന്നതിന് നാം എതിരായിരുന്നില്ല. കേരളത്തിന്റെ വികാരം ദില്ലിയില്‍ ശക്തമായി പ്രകടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി പാലക്കാട് ഡിവിഷന്‍ വിഭജനം ആദ്യം തീരുമാനിച്ച രീതിയില്‍ നടത്തിയില്ല. മാത്രമല്ല അതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയുടെ ഫലമായി പാലക്കാട്ട് അയ്യായിരം കോടി രൂപ അടങ്കലുള്ള കോച്ച് ഫാക്ടറി അനുവദിക്കുമെന്നും കേരളത്തിന്റെ മറ്റ് റെയില്‍വേ വികസനാവശ്യങ്ങള്‍ അടങ്ങിയ പാക്കേജ് അംഗീകരിക്കുമെന്നും ഉറപ്പ് ലഭിച്ചു. തിരുവനന്തപുരം റെയില്‍വേസ്റേഷന്‍ മാതൃകാ സ്റേഷനാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സുവര്‍ണ ജൂബിലിവേളയില്‍ ലാലുപ്രസാദ് യാദവ് ഉദ്ഘാടനംചെയ്തതാണ്. കൊല്ലത്ത് ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് ആരംഭിച്ചതും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള സാധ്യതാപഠനം തുടങ്ങിയതും ഇക്കാലത്താണ്. കൊച്ചിയില്‍ മെട്രോ റെയില്‍ തുടങ്ങുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.
അസംഘടിതമേഖലയിലെ പത്തു ലക്ഷം തൊഴിലാളികള്‍ക്ക് സേവനവേതന വ്യവസ്ഥകളും ക്ഷേമനിധിയും പെന്‍ഷനും ഉറപ്പാക്കുന്ന നിയമം നടപ്പാക്കാന്‍ കഴിഞ്ഞത് ഈ കാലയളവിലാണ്. ക്ഷീര കര്‍ഷക പെന്‍ഷനും നടപ്പാക്കി. അഴിമതിയുടെ കൂത്തരങ്ങായിരുന്ന ദേവസ്വം ബോര്‍ഡിനെ അതില്‍നിന്ന് മുക്തമാക്കാന്‍ കഴിഞ്ഞതും ഇതേ കാലയളവില്‍ത്തന്നെ. അഴിമതി തടയുന്നതിനും നികുതിചോര്‍ച്ച തടയുന്നതിനും കേരളത്തിന്റെ പ്രവേശനകവാടമായ വാളയാറില്‍ ആരംഭിച്ച നൂതനപദ്ധതി ശ്രദ്ധ പിടിച്ചുപറ്റി. സുനാമി ദുരിതാശ്വാസപദ്ധതിയുമായി ബന്ധപ്പെട്ട് ഒമ്പത് ജില്ലകളിലെ തീരദേശമേഖലയുടെ സമഗ്രവികസനത്തിനുതകുന്ന 1441.75 കോടിരൂപയുടെ പദ്ധതി പ്രവൃത്തിപഥത്തിലെത്തിച്ചു. മൂന്ന് ജില്ലകളില്‍ കാര്‍ഷികപാക്കേജ് നടപ്പാക്കുന്നതിനുപുറമെ കുട്ടനാടന്‍ കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് 1840 കോടി രൂപയുടെ പദ്ധതി അംഗീകരിപ്പിക്കാനും ഇടുക്കിയില്‍ കാര്‍ഷിക പാക്കേജ് നടപ്പാക്കുമെന്ന ഉറപ്പ് നേടിയെടുക്കാനും കഴിഞ്ഞു. നാല് ജില്ലകളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിത്തുടങ്ങി. പൂട്ടിക്കിടക്കുകയായിരുന്ന തോട്ടങ്ങള്‍ തുറന്നു. 115 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഇരുപത്തഞ്ച് ലക്ഷം രൂപാവീതം ചെലവഴിച്ച് നവീകരിക്കുകയാണിപ്പോള്‍. സര്‍ക്കാരാശുപത്രികള്‍ മെച്ചപ്പെടുത്തുന്നതിന് എല്ലാ നടപടിയും സ്വീകരിക്കുമെന്ന സുവര്‍ണ ജൂബിലി വാഗ്ദാനവും നിറവേറ്റിവരികയാണ്. 1300 ല്‍പ്പരം ഡോക്ടര്‍മാരെയും ആവശ്യത്തിന് പാരാമെഡിക്കല്‍ സ്റാഫിനെയും നിയമിച്ചു. കണ്ണൂരില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള അനുമതികള്‍ നേടുകയും വിമാനത്താവളത്തിനായി രണ്ടായിരം ഏക്കര്‍ സ്ഥലം അക്വയര്‍ചെയ്യാന്‍ തുടങ്ങുകയുംചെയ്തു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുകയും വിപണിയില്‍ ഫലപ്രദമായി ഇടപെടുകയും ചെയ്തതിന്റെ ഗുണഫലം പ്രകടമായി. സിവില്‍സ്പ്ളൈസ് കോര്‍പറേഷനും സഹകരണവകുപ്പും നടത്തിയ വിപണി ഇടപെടല്‍ കാരണം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. വൈദ്യുതീകരണരംഗത്തും വൈദ്യുതി ഉല്‍പ്പാദന രംഗത്തും വമ്പിച്ച പുരോഗതിയുണ്ടാക്കി. ആറ് ലക്ഷത്തില്‍പ്പരം പുതിയ കണക്ഷന്‍ നല്‍കി. 2792 അങ്കണവാടികള്‍ പുതുതായി തുടങ്ങി. അറുപതിനായിരത്തില്‍പ്പരം കുടുംബങ്ങള്‍ക്ക് പട്ടയവും കൈവശാവകാശരേഖയും നല്‍കി.
കേരളത്തെ കേരളമാക്കുന്നത് കുന്നുകളും കാടും ജലാശയങ്ങളും നെല്‍പ്പാടങ്ങളും എല്ലാംകൂടിയാണ്. പക്ഷേ, ദുരമൂത്ത പണമുതലാളിത്തം അതിനെയെല്ലാം വിഴുങ്ങാന്‍ നോക്കുകയാണ്. പാടങ്ങളും ജലസ്രോതസ്സുകളും നികത്തി കോണ്‍ക്രീറ്റ് കാടുകളെ പകരം വയ്ക്കാന്‍ മത്സരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നീക്കം നടത്താന്‍ കഴിഞ്ഞു. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ഇരുപതിനായിരത്തോളം ഏക്കര്‍ ഭൂമി വീണ്ടെടുക്കാന്‍ കഴിഞ്ഞു. മൂന്നാറില്‍ ആരംഭിച്ച ആ യത്നം കൂടുതല്‍ ശക്തവും വ്യാപകവുമായി തുടരുമെന്നാണ് ഈ ദിനത്തില്‍ അറിയിക്കാനുള്ളത്. നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് തടയാന്‍ ബില്‍ പാസാക്കിയ കാര്യവും എടുത്തു പറയേണ്ടതുണ്ട്. സൈലന്റ്വാലി ബഫര്‍സോണും കുറിഞ്ഞി സാങ്ച്വറിയും വിപുലമായ പുഴസംരക്ഷണ പദ്ധതിയുമെല്ലാം പരിസ്ഥിതിരംഗത്തെ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന നടപടികളാണ്. ഭൂരഹിതര്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് വീടും എല്ലാ വീട്ടിലും വൈദ്യുതിയും എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റാന്‍ വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കി വരികയാണ്. നമ്മുടെ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗമാണ് ആദിവാസികള്‍. പട്ടിണിയും രോഗപീഡയും ഏറ്റവുമധികം അനുഭവിക്കുന്നവര്‍. വിവിധ നടപടികളിലൂടെ ആദിവാസിമേഖലയില്‍നിന്ന് പട്ടിണി തുടച്ചുമാറ്റാന്‍ ശ്രമിക്കുകയാണ്. രോഗാതുരത മാറ്റുന്നതിന് ആദിവാസികള്‍ക്ക് എല്ലാ തലത്തിലും സൌജന്യ ചികിത്സാ പദ്ധതി നടപ്പാക്കി. ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം ഭൂമിയും വീടുവയ്ക്കാന്‍ ധനസഹായവും നല്‍കുന്ന പദ്ധതി നടപ്പാക്കി. ആറളം ഫാമില്‍മാത്രം 1717 ആദിവാസികള്‍ക്ക് ഭൂമി വിതരണംചെയ്തു.
ഐക്യകേരളത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. കര്‍ഷക ആത്മഹത്യ നിത്യസംഭവമായിരുന്നു. കാര്‍ഷിക കടാശ്വാസ കമീഷന്‍ നിയമം കൊണ്ടുവന്നും കാര്‍ഷിക പാക്കേജുകള്‍ നടപ്പാക്കിയും നെല്ലിന്റെ സംഭരണവില കിലോവിന് രണ്ട് രൂപ വര്‍ധിപ്പിച്ചും മറ്റനേകം നടപടികളിലൂടെയും കാര്‍ഷികമേഖലയില്‍നിന്ന് നൈരാശ്യമകറ്റാനും കര്‍ഷക ആത്മഹത്യ ഇല്ലായ്മചെയ്യാനും കഴിഞ്ഞു എന്ന ആശ്വാസമാണ് ഇത്തവണ കേരളപ്പിറവി ദിനം എത്തുമ്പോള്‍ അനുഭവപ്പെടുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ഒരു കടാശ്വാസബില്‍ അംഗീകരിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞവര്‍ഷം നമ്മെ ഏറ്റവും അലട്ടിയത് ചിക്കുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള പലതരം പനികളാണ്. മടങ്ങിവരാത്തവണ്ണം പോയി മറഞ്ഞുവെന്നു കരുതിയ ചില പകര്‍ച്ചവ്യാധികള്‍ തിരിച്ചുവന്നു. ചിക്കുന്‍ഗുനിയ വിതച്ച അസ്വാസ്ഥ്യം പൂര്‍ണമായി വിട്ടുപോയിക്കഴിഞ്ഞിട്ടില്ല. പരിസര മലിനീകരണമാണ് ചിക്കുന്‍ഗുനിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമെന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് മാലിന്യമുക്തകേരളം പരിപാടി ആവിഷ്കരിച്ചു നടപ്പാക്കുന്നത്.
സുപ്രധാനമായ മൂന്നു പരിപാടികളുടെ ഉദ്ഘാടനം കേരളപ്പിറവിദിനത്തില്‍ രാഷ്ട്രപതി നടത്തുകയാണ്. മാലിന്യമുക്തകേരളം പരിപാടിയുടെയും ഹയര്‍സെക്കന്‍ഡറി സ്കോളര്‍ഷിപ്പ് വിതരണത്തിന്റെയും സമ്പൂര്‍ണ കായികാക്ഷമതാ പരിപാടിയുടെയും ഉദ്ഘാടനം. ദൈവത്തിന്റെ സ്വന്തം നാട് എന്നുവരെ വിദേശ സഞ്ചാരികള്‍ പ്രകീര്‍ത്തിക്കുന്ന കേരളത്തിന്റെ വൃത്തിയും വെടിപ്പും വീണ്ടെടുക്കണം. നമ്മുടെ ശുദ്ധവായുവും ശുദ്ധജലവും മനോഹരമായ പരിസരവും മലീമസമാക്കാതെ കാക്കണം. അതോടൊപ്പം ശാരീരികമായും മാനസികമായും ഏറ്റവും ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കണം. അതിനായാണ് സമ്പൂര്‍ണ കായികാക്ഷമതാ പരിപാടി നടപ്പാക്കുന്നത്. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പാവപ്പെട്ട വിദ്യാര്‍ഥികളില്‍ മികച്ച പഠനനിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അയ്യായിരം രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കുകയാണ്. കേരളപ്പിറവിദിനത്തില്‍ നടക്കുന്ന ഈ പരിപാടികള്‍ വിജയിപ്പിക്കാന്‍, പ്രത്യേകിച്ച് മാലിന്യമുക്തകേരളം യാഥാര്‍ഥ്യമാക്കാന്‍ മുഴുവനാളുകളും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

No comments: