Monday, September 10, 2007

വികസനത്തിന്റെ കുതിച്ചുചാട്ടത്തിനു തയ്യാറെടുക്കുന്ന കേരളം

വി എസ് അച്യുതാനന്ദന്‍

കേരള മോഡല്‍ വികസനം വലിയ പ്രതിസന്ധിയിലാണെന്ന് സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശനങ്ങളും പരിദേവനങ്ങളും ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. മാനവവികസനമാണ് യഥാര്‍ഥ വികസനം എന്ന ശാസ്ത്രീയമായ കാഴ്ചപ്പാടാണ് കേരള മോഡല്‍ വികസനത്തിന്റെ അടിസ്ഥാനം. ഭൂപരിഷ്കരണം, സാര്‍വത്രിക വിദ്യാഭ്യാസം, സാര്‍വത്രികമായ സൌജന്യ ആരോഗ്യപരിപാലന സംവിധാനം എന്നിവയിലാണ് അത് സാധിച്ചെടുത്തത്. മാനവവികസനത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്താനും ലോകത്തിന്റെ മുമ്പില്‍ത്തന്നെ നിവര്‍ന്നുനില്‍ക്കാനും കഴിഞ്ഞ പ്രദേശമാണ് കേരളം.

സമ്പൂര്‍ണ സാക്ഷരത, സ്ത്രീസാക്ഷരത, കുറഞ്ഞ മരണനിരക്ക്, കുറയ്ക്കാന്‍ കഴിഞ്ഞ ജനനനിരക്ക് തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ കേരളത്തെ പുറത്തുള്ളവര്‍ വാഴ്ത്താറുണ്ട്. അത്യാധുനികമായ എല്ലാ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. ജീവിതത്തിന്റെ എല്ലാ തുറകളിലുംപെട്ടവര്‍ക്ക് ഏറെക്കുറെ ആധുനിക സംവിധാനങ്ങള്‍ അപ്രാപ്യമല്ലാത്ത അവസ്ഥയുണ്ട്. അതിനര്‍ഥം ദാരിദ്യ്രവും പങ്കപ്പാടും അവസാനിച്ചുവെന്നല്ല.

കേരളത്തിന്റെ സമൃദ്ധിയില്‍ പരാശ്രയത്വത്തിന്റേതായ ഒരു അംശം അടങ്ങിയിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കേരളത്തിലെ തൊഴിലില്ലായ്മ കുറെയൊക്കെ പരിഹരിക്കുന്നത് ഗള്‍ഫിലെയും മറ്റു മറുനാടുകളിലെയും തൊഴിലവസരങ്ങള്‍കൊണ്ടാണ്. മൂന്നര പതിറ്റാണ്ടുമുമ്പ് മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ പണം ഇവിടേക്ക് വരാന്‍തുടങ്ങി. ലക്ഷക്കണക്കിനു മലയാളിയുവാക്കള്‍ ഗള്‍ഫില്‍ ജോലിചെയ്യുന്നു. ഗള്‍ഫിലും മറ്റു മറുനാടുകളിലുമായി നമ്മുടെ ജനസംഖ്യയില്‍ അഞ്ചിലൊന്നോളം പേരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്രംഗത്തെ പ്രധാന ഭാഗം. ആ പണം ഇവിടെ കെട്ടിടനിര്‍മാണരംഗത്തും വാണിജ്യരംഗത്തുമാണ് പ്രധാനമായും ഉപയോഗിക്കപ്പെട്ടത്. പതിനായിരക്കണക്കിനാളുകള്‍ക്ക് ഇവിടെ പ്രസ്തുത രംഗങ്ങളില്‍ തൊഴില്‍ ലഭ്യമായി. മെച്ചപ്പെട്ട കൂലി ലഭ്യമായി. ജീവിതനിലവാരത്തില്‍ നല്ല മാറ്റമുണ്ടായി.

കേരളത്തിന്റെ വാര്‍ഷികപദ്ധതിത്തുകയുടെ മൂന്ന്മടങ്ങോളം പണമെങ്കിലും പ്രവാസി കേരളീയര്‍ ഇവിടേക്കെത്തിക്കുന്നുണ്ട്. ഈ പണം ഉല്‍പാദനരംഗങ്ങളില്‍ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല എന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ട്. വാണിജ്യരംഗത്തല്ല, കാര്‍ഷിക-വ്യാവസായിക മേഖലകളിലാണ് നമുക്ക് നിക്ഷേപം ആവശ്യമുള്ളത്. പ്രവാസി മലയാളികളുടെ നിക്ഷേപം വ്യവസായം-കൃഷി എന്നീമേഖലകളില്‍ ശാസ്ത്രീയമായി ഉപയോഗിക്കുന്നതിന് ശ്രമമുണ്ടാവണം. ആ നിലയ്ക്കുള്ള മുന്‍കൈ സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവും.

ഇതോടൊപ്പംതന്നെ കാണേണ്ട ഒന്നാണ് ഗള്‍ഫിലും മറ്റമുണ്ടാകുന്ന പ്രശ്നങ്ങള്‍. കുവൈത്ത് യുദ്ധകാലത്ത് നാം അതനുഭവിച്ചു. അവിടങ്ങളിലെ തൊഴില്‍നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, രാഷ്ട്രീയമാറ്റങ്ങള്‍, രാഷ്ട്രീയക്കുഴപ്പങ്ങള്‍ എന്നിവയൊക്കെ നമുക്ക് ഭീഷണിയാണ്. പുറത്തെ ധനം കണ്ടുകൊണ്ട് ശാശ്വതമായി സമാധാനിച്ചിരിക്കാന്‍ പറ്റില്ല. ആഭ്യന്തരമായിത്തന്നെ ഉല്‍പാദനരംഗങ്ങള്‍ വികസിച്ചേതീരൂ. കേരള വികസനത്തിന്റെ മുഖ്യ അജണ്ടകളിലൊന്നിതാണ്.

വികസനം സംബന്ധിച്ച്പലരും നടത്തുന്ന വിലാപങ്ങള്‍ അന്തഃസാരശൂന്യമാണ്.

'ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് വികസനം വരില്ല. വിദേശനിക്ഷേപം വരില്ല. കാരണം ഇടതുപക്ഷം വികസനവിരുദ്ധരാണ്' എന്നാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ഐക്യജനാധിപത്യമുന്നണി നേതാക്കള്‍ പ്രചരിപ്പിച്ചത്. അന്നത്തെ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ എന്നെ വികസനവിരുദ്ധന്‍ എന്ന് വ്യക്തിപരമായി ആക്ഷേപിക്കുകയുംചെയ്തു.

വികസനത്തിന്റെ ലാസ്റ്റ് ബസ് വന്നുനില്‍ക്കുകയാണ്, വിദേശനിക്ഷേപത്തിന്റെ ലാസ്റ്റ് ബസ് വന്നുനില്‍ക്കുകയാണ്- അതു പോയിക്കഴിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് വികസനത്തില്‍ കൊതിയുള്ളവരെല്ലാം ഇതില്‍ കയറിക്കൊള്ളൂ എന്നാണ് അന്ന് ഉമ്മന്‍ചാണ്ടിമുതല്‍ കുഞ്ഞാലിക്കുട്ടിവരെയുള്ളവര്‍ ആഹ്വാനം ചെയ്തത്. ആഗോളനിക്ഷേപക സമ്മേളനം എന്ന പേരില്‍ ഒരു മാമാങ്കവും അതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകൊണ്ട് വികസനം വരാതിരിക്കരുത് എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിച്ചത്. ജിമ്മില്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഞാന്‍ പങ്കെടുക്കുകയും സംസ്ഥാന താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന നിക്ഷേപസംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ, പരക്കെ അറിവുള്ളപോലെ അമ്പതിനായിരം കോടിയുടെ പോയിട്ട് അമ്പതുകോടി രൂപയുടെ വികസന നിക്ഷേപംപോലും ജിമ്മുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല.

വ്യവസായരംഗത്തും അടിസ്ഥാനസൌകര്യ വികസന രംഗത്തും നമുക്ക് വിദേശത്തുനിന്നായാലും നാട്ടില്‍നിന്നായാലും വമ്പിച്ച നിക്ഷേപം ആവശ്യമാണ്. അതിന് എല്ലാവിധ ശ്രമവും നടത്തേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നശേഷം ഡസന്‍ കണക്കിന് സംരംഭകര്‍ നിക്ഷേപ സന്നദ്ധതയുമായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതുപോലെ വികസനത്തിന്റെ ലാസ്റ്റ്ബസ് അവരോടൊപ്പം പോയില്ല. വികസനത്തിനും നിക്ഷേപത്തിനുമൊന്നും ലാസ്റ്റ് ബസില്ല. ഒരു ബസ് പോയാല്‍ അടുത്ത ബസ് വരും. പറഞ്ഞുവന്നത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുന്‍കാലത്തെ അപേക്ഷിച്ച് നിക്ഷേപസന്നദ്ധതയുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ്. ഇതിനകം വന്ന സന്നദ്ധതാ ലിസ്റ്റ് നോക്കിയാല്‍ത്തന്നെ പതിനായിരക്കണക്കിന് കോടിയുടേത് വരും. എന്നാല്‍, കിട്ടുന്ന കടലാസുകളിലെ തുക മുഴുവന്‍ കണക്കുകൂട്ടി ഇതാ സംസ്ഥാനത്ത് ഒരുലക്ഷം കോടിയുടെ അല്ലെങ്കില്‍ അരലക്ഷം കോടിയുടെ നിക്ഷേപം വരാന്‍പോകുന്നു എന്ന് പെരുമ്പറയടിക്കാന്‍ ഞങ്ങള്‍ തയ്യാറില്ല. എല്ലാ വശങ്ങളും പരിശോധിച്ച് സന്നദ്ധരുടെ പ്രാപ്തിയും നമ്മുടെ ആവശ്യവും സംസ്ഥാനത്തിന്റെ ഭാവിയും വിശാലമായ താല്‍പര്യങ്ങളുമൊക്കെ പരിഗണിച്ച് ഒരു പ്രാഥമിക ധാരണയിലെങ്കിലും എത്തിക്കഴിയാതെ ആയിരം കോടി വരും, പതിനായിരംകോടി വരും എന്ന് കൊട്ടിഘോഷിക്കാന്‍ ഞങ്ങളില്ല. അങ്ങനെ പെരുമ്പറയടിച്ചവര്‍ കയറിയ ലാസ്റ്റ് ബസാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ പോയിക്കഴിഞ്ഞത്.

വ്യവസായ വികസനത്തിനും അതിന് അത്യാവശ്യമായ അടിസ്ഥാന സൌകര്യവികസനത്തിനും നമ്മുടെ സംസ്ഥാനത്തെ പാകപ്പെടുത്തിയെടുക്കാന്‍ വലിയൊരു കുതിപ്പുനടത്താന്‍ കഴിഞ്ഞ പതിനഞ്ച് മാസംകൊണ്ട് കഴിഞ്ഞിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും കേരളം വ്യാവസായിക നിക്ഷേപത്തിന് പറ്റിയ സ്ഥലമാണെന്ന ബോധം ആഗോളതലത്തില്‍തന്നെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. മുമ്പ് അധികാരത്തിലിരുന്നവര്‍ ലാസ്റ്റ് ബസുകാരാണെന്ന് അവര്‍ക്ക് മനസ്സിലായി. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ വികസനവിരുദ്ധരല്ല, യാഥാര്‍ഥ്യബോധത്തോടെയും നാടിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചും വികസനത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്നും മനസ്സിലായിരിക്കുന്നു.

വ്യവസായമേഖയില്‍ വികസനത്തിന് പശ്ചാത്തലമൊരുക്കേണ്ടതുണ്ട്. അതായത് അടിസ്ഥാനസൌകര്യവികസനം. അതിനായി സംയുക്ത മേഖലയില്‍ ഒരു കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. സിയാന്‍ മോഡല്‍ കമ്പനി. മറുനാടന്‍ മലയാളികളില്‍നിന്നും മറ്റും ഓഹരി പിരിച്ചു സര്‍ക്കാര്‍ ഓഹരികൂടി ചേര്‍ത്ത് മൂലധനം ഉണ്ടാക്കുകയും വ്യവസായം സ്ഥാപിക്കാന്‍ സ്ഥലം വികസിപ്പിക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യം. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അഭൂതപൂര്‍വമായ സ്വകാര്യനിക്ഷേപത്തിനാണ് സംസ്ഥാനത്ത് പശ്ചാത്തലമൊരുങ്ങുന്നത്. സംശുദ്ധവും സുതാര്യവുമായ അന്തരീക്ഷവും ഭരണവുമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപത്തിനുവേണ്ടി നിക്ഷേപം ആകര്‍ഷിക്കുക എന്ന കേവലവും യാന്ത്രികവുമായ നയം സര്‍ക്കാരിനില്ല. സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി നമുക്ക് നിക്ഷേപം അത്യാവശ്യമുണ്ട്. ജനങ്ങളുടെ വരുമാനത്തിനും ക്ഷേമത്തിനുംവേണ്ടി നമുക്ക് നിക്ഷേപം വേണം. നിലനില്‍ക്കുന്ന നിക്ഷേപം. എന്നാല്‍, നമ്മുടെ ദീര്‍ഘകാല വികസനലക്ഷ്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന നിക്ഷേപം പ്രോത്സാഹിപ്പിക്കാനാവില്ല. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന തരത്തിലുള്ള വ്യവസായ നിക്ഷേപവും അംഗീകരിക്കാനാവില്ല. പാവപ്പെട്ടവരെ ഒഴിവാക്കുന്നതും ചൂഷണം ചെയ്യുന്നതുമായ നിക്ഷേപങ്ങളും നമുക്ക് വേണ്ട. സ്വകാര്യനിക്ഷേപവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് സുതാര്യമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന നിക്ഷേപക നിര്‍ദേശങ്ങളെ സര്‍വാത്മനാ സര്‍ക്കാര്‍ സ്വാഗതംചെയ്യും.

കാര്‍ഷിക-വ്യാവസായിക മേഖലയുടെ പുരോഗതിയിലാണ് ഊന്നേണ്ടതെന്ന് നേരത്തെ സൂചിപ്പിച്ചു. കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് ഒരു കാരണമായി ചിലര്‍പറയുന്നത് തുണ്ടുവല്‍ക്കരണമാണ്. ഭൂപരിഷ്കരണനിയമം കൃഷിഭൂമി കൃഷിക്കാരന്റേതാക്കി. പാവപ്പെട്ടവര്‍ക്ക് ഭൂമി ലഭിച്ചു. ഭൂമി ചെറുകഷണങ്ങളായതോടെ കൃഷി നഷ്ടത്തിലായി; അതില്‍നിന്ന് മെല്ലെമെല്ലെ കൃഷിക്കാര്‍ പിന്തിരിയാന്‍ തുടങ്ങിയെന്നാണ് പറയുന്നത്. എന്നാല്‍, ഭൂപരിഷ്കരണത്തിനുമുമ്പ് ലക്ഷക്കണക്കിനേക്കര്‍ ഭൂമി കൃഷിചെയ്യാതെ തരിശിട്ടിരിക്കുകയായിരുന്നുവെന്നും ഭൂപരിഷ്കരണത്തിനുശേഷം കൃഷിക്കാര്‍ സ്വന്തം ഭൂമിയില്‍ ഉത്സാഹത്തോടെ കൃഷിചെയ്ത് ഗണ്യമായ ഉല്‍പാദനവര്‍ധനയുണ്ടായി. പിന്നീട് കാര്‍ഷികരംഗത്തുണ്ടായ ഉല്‍പാദനത്തകര്‍ച്ചയുടെയും വൈമുഖ്യത്തിന്റെയും കാരണം വേറെ തിരയണം. മുക്കാല്‍ക്കോടിയോളം കൃഷിക്കാരും കാല്‍കോടിയോളം കര്‍ഷകത്തൊഴിലാളികളുമുള്ള നാടാണ് നമ്മുടേത്. അതുകൊണ്ടുതന്നെ തരിശിടലും എല്ലാ വിളയും എടുക്കാത്തതും സംസ്ഥാനത്തിനാകെ ഭീഷണിയാണ്. തരിശിടല്‍ തടയാന്‍ കര്‍ശനമായ നടപടികള്‍ ആവശ്യമാണ്. കൃഷിഭൂമി ഉണ്ടായിരിക്കുകയും കൃഷിക്കാരന്റെ പുതിയ തലമുറ മറ്റ് തൊഴില്‍മേഖലകളില്‍ ചേക്കേറുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അത്തരക്കാര്‍ പരമ്പരയാ കിട്ടിയ കൃഷിഭൂമി തരിശിടുന്ന സ്ഥിതിയുണ്ട്. കൃഷിവകുപ്പും തദ്ദേശഭരണസ്ഥാപനങ്ങളും കുടുംബശ്രീയുമൊക്കെ ഈ കാര്യങ്ങള്‍ അപ്പപ്പോള്‍ കണ്ടെത്തുകയും തരിശിടല്‍ ഒഴിവാക്കാന്‍വേണ്ട നടപടി സ്വീകരിക്കുകയും വേണം. ഭൂവുടമയ്ക്ക് മറ്റു വരുമാനമാര്‍ഗമുള്ളതിനാല്‍ സ്വന്തം കൃഷിഭൂമി തരിശിടാമെന്ന സ്ഥിതിക്ക് മാറ്റംവരണം. അതിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കേണ്ടതുണ്ട്.

കാര്‍ഷികരംഗത്ത് താല്‍പര്യം വളര്‍ത്താന്‍, നൈരാശ്യമകറ്റി നവോന്മേഷം സൃഷ്ടിക്കാന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കടാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല. മുന്‍വര്‍ഷത്തേക്കാള്‍ കിലോയ്ക്ക് ഒന്നര രൂപ അധികം നല്‍കി നെല്ല് സംഭരിക്കാന്‍ തുടങ്ങിയതും സംഭരണം കാര്യക്ഷമമാക്കിയതും നെല്‍കൃഷി മേഖലയില്‍ പുത്തനുണര്‍വ് സൃഷ്ടിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പാദനത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായി. കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാന്‍, കൃഷി ലാഭകരമാക്കാന്‍, തരിശിടല്‍ തടയാന്‍, വയല്‍ നികത്തല്‍ തടയാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കും. വ്യവസായരംഗത്ത് ശരിയായ ദിശാബോധത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പൊതുമേഖലാ വ്യവസായങ്ങള്‍ പുനരുദ്ധരിക്കുകയും പുരോഗമിപ്പിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. മുന്‍ ഭരണകാലത്ത് കേവലം 12 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് രണ്ടു ഡസനിലെത്തിക്കാന്‍ കഴിഞ്ഞു.

കേരളത്തിന്റെ ഭാവിവികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖല ഐടിയാണ്. ഐടി രംഗത്ത് ഈ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് രണ്ടുലക്ഷം തൊഴിലവസരമുണ്ടാക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആദ്യത്തെ നയപ്രഖ്യാപനപ്രസംഗത്തില്‍ത്തന്നെ പറഞ്ഞതാണ്. ഐടി രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിഞ്ഞ പതിനഞ്ചുമാസത്തിനിടയില്‍ സാധ്യമായി. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് വന്‍ വികസനപാതയിലാണ്. ടെക്നോപാര്‍ക്കിനടുത്തുതന്നെ 500 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്ത് ടെക്നോസിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കൊച്ചിയില്‍ യുഡിഎഫ് ഭരണകാലത്ത് കയ്യൊഴിയാന്‍ നിശ്ചയിച്ചിരുന്ന ഇന്‍ഫോപാര്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍തന്നെ നിലനിര്‍ത്തി വികസിപ്പിക്കുകയാണ്. അടുത്ത മൂന്നുവര്‍ഷത്തിനകം അവിടെമാത്രം പുതുതായി നാല്‍പതിനായിരംപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സ്മാര്‍ട്ട്സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരക്കെ അറിവുള്ളതാണ്. സംസ്ഥാനത്തിന്റെ ഉത്തമതാല്‍പര്യങ്ങളെല്ലാം സംരക്ഷിച്ചുകൊണ്ട് സ്മാര്‍ട്ട്സിറ്റി കരാറില്‍ ഒപ്പുവെച്ചു. ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുത്തില്ല, കേരളത്തിന് മുന്‍ സര്‍ക്കാര്‍ പറഞ്ഞ ഒമ്പതു ശതമാനത്തിനുപകരം 16 ശതമാനം ഓഹരി ആദ്യഘട്ടത്തിലും പദ്ധതി തുടങ്ങുന്ന മുറയ്ക്ക് 26 ശതമാനം ഓഹരിയും ഉറപ്പാക്കി. എഴുപത് ശതമാനം സ്ഥലത്തും ഐടി സ്ഥാപനങ്ങളാണ് നിര്‍മിക്കുകയെന്നുറപ്പാക്കി. എറണാകുളത്ത് മറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കരുതെന്ന മുന്‍ സര്‍ക്കാരിന്റെകാലത്തെ ലജ്ജാകരമായ വ്യവസ്ഥ മാറ്റി. മുന്‍ ഭരണകാലത്ത് സ്മാര്‍ട്ട്സിറ്റിയുടെ ധാരണാപത്രത്തില്‍ മുപ്പത്തിമൂവായിരം തൊഴിലവസരമാണ് പറഞ്ഞത്. അത് തൊണ്ണൂറായിരമായി വര്‍ധിപ്പിച്ചു. സ്ഥലം വില്‍ക്കാനായിരുന്നു മുന്‍ ഭരണകാലത്തെ തീരുമാനം. വില കേവലം 36 കോടി രൂപ. എന്നാല്‍, സ്ഥലം കൈമാറുന്നത് പാട്ടവ്യവസ്ഥയിലാക്കുകയും പാട്ടത്തുക 104 കോടിയായി ഉയര്‍ത്തുകയുംചെയ്തു. ഇങ്ങനെ സംസ്ഥാനതാല്‍പര്യം സംരക്ഷിച്ചുകൊണ്ട് സ്മാര്‍ട്ട്സിറ്റി കരാര്‍ ഒപ്പുവെക്കുകയും പദ്ധതിനടപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുകയുംചെയ്തു. സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനിയുടെ ചെയര്‍മാന്‍ സംസ്ഥാന ഫിഷറീസ്മന്ത്രി എസ് ശര്‍മയായിരിക്കും.

സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട മാരത്തോണ്‍ ചര്‍ച്ചകളും അതേത്തുടര്‍ന്ന് എത്തിയ കരാറും ഒരുകാര്യം വ്യക്തമാക്കി. വ്യവസായരംഗത്ത്, ഐടി രംഗത്ത്, വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഇങ്ങനെയൊരു ബദല്‍നയം ഉയര്‍ത്തിപ്പിടിക്കാനും അതിനെ വിജയിപ്പിച്ചെടുക്കാനും കഴിഞ്ഞുവെന്നത് വലിയ കാര്യംതന്നെയാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...