Monday, September 10, 2007

കേരള വികസനവും പാര്‍ടിയുടെ ഇടപെടലും

കേരള വികസനവും പാര്‍ടിയുടെ ഇടപെടലും
പിണറായി വിജയന്‍

നാടിന്റെ വികസനമെന്നത് ആ നാട്ടിലെ ജനങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ ജീവിതത്തിലുണ്ടാകുന്ന വികാസമാണ്. ഇത് രാഷ്ട്രീയ പ്രക്രിയയില്‍നിന്ന് മാറിനില്‍ക്കുന്ന ഒന്നല്ലതാനും. കേരളത്തിന്റെ വികസനത്തെക്കുറിച്ച് പരിശോധിക്കുമ്പോഴും ഈ വസ്തുത ശരിയാണെന്ന് കാണാനാകും. ഒരു നൂറ്റാണ്ടുമുമ്പ് കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ സ്ഥിതിഗതികള്‍ അഭിമാനത്തിന് വകനല്‍കുന്നതായിരുന്നില്ല. അതുകൊണ്ടാണല്ലോ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു കേരളത്തെ വിശേഷിപ്പിച്ചത്.

ഒരു സാമൂഹ്യ വ്യവസ്ഥ നിലനില്‍ക്കുന്നത് സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. കേരളത്തിന്റെ അന്നത്തെ സാമ്പത്തിക ഘടന ജന്മിത്വ രീതിയിലുള്ള ഉല്‍പ്പാദനത്തെ കേന്ദ്രീകരിച്ചായിരുന്നു. കുടിയാന്മാര്‍ ഉല്‍പ്പാദിപ്പിക്കുന്ന മിച്ചമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹം മുന്നോട്ടുപോയത്. അധികാരഘടന നാടുവാഴിത്തത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. സാംസ്കാരിക മേഖലയ്ക്കകത്ത് ജാതി മേധാവിത്വവും നിലനിന്നിരുന്നു. ഈ സാമൂഹ്യവ്യവസ്ഥയെയാണ് ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന് ഇ.എം.എസ് വിശേഷിപ്പിച്ചത്.

ഫ്യൂഡല്‍ ഘടന നിലനിന്ന കേരളത്തില്‍ അതില്‍നിന്നും വ്യത്യസ്തമായ മൂല്യബോധം കടന്നുവരുന്നത് ആധുനിക മുതലാളിത്തത്തിന്റെ കാഴ്ചപ്പാടുകള്‍ കടന്നുവന്നതോടെയാണ്. ആധുനിക മനുഷ്യനെക്കുറിച്ചുള്ള ഈ അവബോധം അതുവരെ നിലനിന്നിരുന്ന ജാതി അടിസ്ഥാനപ്പെടുത്തിയ മൂല്യബോധത്തെ തകിടംമറിക്കുന്നു. എല്ലാ മനുഷ്യരും ജാതിക്കും മതത്തിനും അതീതമായി തുല്യരാണെന്ന ബോധം ഇതുവഴി രൂപപ്പെട്ടുവരുന്നു. കേരളീയ നവോത്ഥാനത്തിന്റെ അടിസ്ഥാനമായി മാറിയ കാഴ്ചപ്പാടുകള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുന്നത്.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിപ്ളവകരമായ ആശയം മുന്നോട്ടുവെച്ച ശ്രീനാരായണപ്രസ്ഥാനം ഈ മാറ്റത്തിനു തുടക്കം കുറിച്ചഒന്നായിരുന്നു. അയ്യങ്കാളി ആരംഭിച്ച സാധുജന പരിപാലനസംഘം ഈ ദിശയിലെ സുപ്രധാനമായ മറ്റൊരു കാല്‍വയ്പ്പായിരുന്നു. തുടര്‍ന്ന് മറ്റു ജനവിഭാഗങ്ങള്‍ക്കിടയിലും ഇത്തരം സ്വാധീനം ഉണ്ടായതോടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിക്കാന്‍ തുടങ്ങി. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച യോഗക്ഷേമസഭയുള്‍പ്പെടെയുള്ള നവോത്ഥാന പ്രസ്ഥാനങ്ങളും ജാതി സ്വത്വത്തില്‍ കുടുങ്ങിക്കിടന്ന കേരളീയനെ ആധുനിക മനുഷ്യനാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഊന്നിയത്.

ജന്മിത്വത്തിന്റെ സാംസ്കാരിക രൂപങ്ങള്‍ക്കെതിരായുള്ള സമരമായിരുന്നു നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചത്. അതിന്റെ സാമ്പത്തിക-രാഷ്ട്രീയ ഘടനകള്‍ക്കെതിരായുള്ള സമരങ്ങള്‍ ഇതിന്റെ ഭാഗമായി ശക്തമായി ഉയര്‍ന്നുവന്നു എന്നു പറയാനാവില്ല. എന്നാല്‍ നവോത്ഥാനപ്രസ്ഥാനം മുന്നോട്ടുവെച്ച ജന്മിത്വത്തിന്റെ സാംസ്കാരിക രൂപങ്ങള്‍ക്കെതിരായുള്ള സമരത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് മറ്റു മേഖലയിലെ പോരാട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത് തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളായിരുന്നു. നാടുവാഴിത്തത്തിന്റെ ആധിപത്യങ്ങള്‍ക്കെതിരായി ആധുനിക ജനാധിപത്യത്തിനുവേണ്ടിയുള്ള സമരം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ശക്തമായി മുന്നോട്ടുവെച്ചു. ജന്മിത്വം തുലയട്ടെ സാമ്രാജ്യത്വം തകരട്ടെ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റു പാര്‍ടി പ്രവര്‍ത്തിച്ചു. ആധുനിക ജനാധിപത്യത്തിന്റെ രീതികള്‍ ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ ഭരണവര്‍ഗം ഈ ഘട്ടത്തില്‍പ്പോലും തയ്യാറായില്ല. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം ഭരണാധികാരികള്‍ മുന്നോട്ടുവച്ചു. അതിനെതിരായുള്ള സമരം കൂടിയായിരുന്നു പുന്നപ്ര-വയലാറില്‍ നടന്നത്. രാജാധിപത്യത്തിന്റെയും നാടുവാഴിത്തത്തിന്റെയും രാഷ്ട്രീയ ഘടനയെ മാറ്റാനുള്ള സമരം കൂടിയായിരുന്നു അത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പൊതുധാരയില്‍ കേരളത്തെ എത്തിക്കുന്നതില്‍ ഈ സമരത്തിനും പ്രധാന പങ്കുണ്ട്.

പോരാട്ടങ്ങള്‍ ശക്തിപ്രാപിച്ചതോടെ രാജാധിപത്യത്തിന്റെയും നാടുവാഴിത്തത്തിന്റെയും ഘടകങ്ങളെ പുതിയ കാലഘട്ടത്തിലും സംരക്ഷിക്കാനാകുമോ എന്ന പരിശ്രമം ഭരണവര്‍ഗം നടത്താതിരുന്നില്ല. ജന്മിത്വവും രാജവാഴ്ചയും ബ്രിട്ടീഷ് മൂലധനത്തിന്റെ സംരക്ഷണവും ഉറപ്പുവരുത്തുന്ന ജാതി-ജന്മി-നാടുവാഴിത്ത അടിത്തറയിലൂന്നിയ ഐക്യകേരളമെന്ന സങ്കല്‍പ്പം കൊച്ചി രാജാവ് ഉള്‍പ്പെടെയുള്ള വലതുപക്ഷ ശക്തികള്‍ മുന്നോട്ടുവെച്ചു. ഇതിനെ എതിര്‍ത്തുകൊണ്ട് നാടുവാഴിത്തത്തെയും ബ്രിട്ടീഷ് മൂലധനത്തെയും ഒഴിവാക്കിക്കൊണ്ട് സാധാരണ ജനവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള രാഷ്ട്രീയ നിലപാട് കമ്മ്യൂണിസ്റ്റുപാര്‍ടി സ്വീകരിച്ചു. ഇ.എം.എസ് എഴുതിയ കൊച്ചി രാജാവിന്റെ ഐക്യകേരളം ബ്രിട്ടീഷ് കമ്മട്ടത്തില്‍ അടിച്ച കള്ളനാണയം എന്ന ലഘുലേഖ ഈ രാഷ്ട്രീയ നിലപാടുകളുടെ ഏറ്റുമുട്ടലിന്റെ തെളിവായി ചരിത്രത്തില്‍ അവശേഷിക്കുന്നു.

തൊഴിലാളികളുടെയും കര്‍ഷകരുടെയും മറ്റ് സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കമ്മ്യൂണിസ്റ് പാര്‍ടി മുന്നോട്ടുപോയി. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ പാര്‍ടി സ്വാംശീകരിച്ചു. മലബാറില്‍ സാമൂഹ്യ നവോത്ഥാന പ്രക്രിയകള്‍ പാര്‍ടിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് മുന്നോട്ടുപോയത്. ജാതി-സാമുദായിക ശക്തികള്‍ക്ക് സാമൂഹ്യ ജീവിതത്തില്‍ മലബാറില്‍ സ്വാധീനം കുറയാനിടയായത് ഈ ചരിത്ര പ്രക്രിയയുടെ ഭാഗമായിട്ടാണ്. ജനജീവിതത്തില്‍ ഇടപെട്ടുകൊണ്ടു നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ടി വമ്പിച്ച ബഹുജനപിന്തുണ നേടിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ നടന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുപാര്‍ടിക്ക് അധികാരത്തില്‍ വരാനായത്.

ജാതി-ജന്മി-നാടുവാഴിത്ത ഘടനയുടെ സാമ്പത്തിക അടിത്തറയായ ജന്മിത്ത വ്യവസ്ഥ തകര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടാവുന്നത്. ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുക എന്ന, സര്‍ക്കാരിന്റെ ആദ്യത്തെ ഓര്‍ഡിനന്‍സ് ഈ പ്രക്രിയയുടെ ആദ്യ കാല്‍വയ്പ്പായിരുന്നു. തുടര്‍ന്ന് കാര്‍ഷിക പരിഷ്കരണം നടപ്പിലാക്കിയതോടെ ജന്മിത്തത്തിന്റെ സാമ്പത്തിക ഘടനയും തകര്‍ന്നു. ഇത്തരത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടുകൂടിയും കേരള വികസനത്തെ സംബന്ധിച്ചുള്ള ശരിയായ രാഷ്ട്രീയ ധാരണയോടുകൂടിയുമുള്ള ഇടപെടലാണ് കേരളത്തിന്റെ വികസന പ്രക്രിയയ്ക്ക് അടിസ്ഥാനമിട്ടതെന്നു കാണാം. ഇത് സ്വയംഭൂവായി ഉയര്‍ന്നുവന്നതല്ല. മറിച്ച് അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുക എന്ന കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ വര്‍ഗസമീപനത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണ്.

കേരള വികസനം കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ സുപ്രധാനമായ അജണ്ടകളിലൊന്നായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിനു മുമ്പുതന്നെ 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശ്ശൂരില്‍ ചേര്‍ന്ന പാര്‍ടിയുടെ സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസനരേഖ. അതിലെ സുപ്രധാന കാഴ്ചപ്പാട് കേരളത്തിന്റെ വികസനത്തിനു തടസ്സമായി നില്‍ക്കുന്നത് കേരളത്തിലെ ഭൂവുടമാ സംവിധാനമാണെന്നും അതുകൊണ്ട് ഇത് അടിമുടി ഉടച്ചുവാര്‍ക്കേണ്ടത് അനിവാര്യമാണെന്നും ആയിരുന്നു. ഈ ആശയത്തിന്റെ പ്രയോഗമായിരുന്നു യഥാര്‍ത്ഥത്തില്‍ 1957 തൊട്ട് അധികാരത്തില്‍ വന്ന പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നിര്‍വ്വഹിച്ചത്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികളെ സംബന്ധിച്ച വ്യക്തമായ ധാരണ പാര്‍ടിക്ക് ഉണ്ടായിരുന്നുതാനും. ഒരു വിപ്ളവാനന്തര സമൂഹത്തില്‍ ചെയ്യാന്‍ പറ്റുന്ന പ്രവര്‍ത്തനങ്ങളൊന്നും സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്ന് അത് വ്യക്തമാക്കിയിരുന്നു. പാര്‍ടി അന്ന് അംഗീകരിച്ച രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതേസമയം അടിസ്ഥാന നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ വികസനപ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയം ഭിന്നതകള്‍ മാറ്റിവയ്ക്കുന്ന കാര്യത്തെ സംബന്ധിച്ചും അന്ന് വ്യക്തമാക്കിയിരുന്നു. ഈ സമീപനത്തോടുകൂടി പാര്‍ടി ഇടപെട്ടതിന്റെ ഫലമായിട്ടാണ് കേരളത്തിന്റെ വികസന പ്രക്രിയയെ മുന്നോട്ടുനയിക്കാന്‍ സാധ്യമായത്.

ഒഴിപ്പിക്കല്‍ അവസാനിപ്പിക്കല്‍, വിദ്യാഭ്യാസമേഖലയിലെ ഇടപെടല്‍, പാവപ്പെട്ടവര്‍ക്ക് ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങള്‍, തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടാന്‍ പാടില്ലെന്ന നയം, അധികാരവികേന്ദ്രീകരണത്തിനുവേണ്ടിയുള്ള നീക്കങ്ങള്‍ തുടങ്ങിയ പില്‍ക്കാല കേരള വികസനത്തിന് അടിത്തറയിട്ട പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ന്യൂനപക്ഷ സമുദായത്തിന് ചില മേഖലകളില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയും ഭൂരിപക്ഷസമുദായത്തിനൊപ്പമുള്ള സൌകര്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. വികസനരേഖയില്‍ ചൂണ്ടിക്കാണിച്ചതുപോലെ മലബാറിന്റെ വികസനത്തിനു പ്രത്യേക ഊന്നല്‍ നല്‍കുകയും ചെയ്തു.

ഈ പ്രവര്‍ത്തനം യാതൊരു എതിര്‍പ്പുമില്ലാതെ മുന്നോട്ടുപോവുകയല്ല ഉണ്ടായത്. ജനപക്ഷത്തുനിന്നുകൊണ്ട് നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ക്കെതിരായി വലതുപക്ഷ ശക്തികള്‍ ശക്തമായ എതിര്‍പ്പ് സംഘടിപ്പിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ കുപ്രസിദ്ധമായ വിമോചനസമരം ഈ ഘട്ടത്തിലാണ് രൂപപ്പെട്ടുവന്നത്. ഇതിന്റെ ചുവടുപിടിച്ച് നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. ഇതിനു പിന്നില്‍ അമേരിക്കന്‍ സി.ഐ.എയുടെ പണം ഒഴുകിയിട്ടുണ്ട് എന്ന വസ്തുത പില്‍ക്കാലത്ത് പുറത്തുവരികയും ചെയ്തു. ഇത്തരം പിന്തിരിപ്പന്മാരുടെ ഇടപെടലുകളെ നേരിട്ടുകൊണ്ടാണ് കേരളത്തിന്റെ വികസന പ്രക്രിയ മുന്നോട്ടുപോയതെന്ന യാഥാര്‍ത്ഥ്യം മറന്നുകൂടാ.

1967 ലെ സര്‍ക്കാരും ആദ്യ സര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ച തന്നെയാണ് നടപ്പിലാക്കിയത്. കാര്‍ഷിക പരിഷ്കരണ ബില്‍, അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തല്‍, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളിലാണ് ഇക്കാലത്ത് ശ്രദ്ധയൂന്നിയത്.

1980 ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭ പ്രധാനമായും ക്ഷേമപദ്ധതികള്‍ക്കും ഭക്ഷ്യമേഖലയിലെ ഇടപെടലുകള്‍ക്കും പ്രാധാന്യം നല്‍കി. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കൊണ്ടുവന്നത് ഇക്കാലത്താണ്. മാവേലി സ്റോറുകളും ഇതേ സര്‍ക്കാരിന്റെ സംഭാവനകളാണ്. 1987 ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭയുടെ പ്രധാന പ്രവര്‍ത്തനം ജനകീയ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കിയുള്ള ഇടപെടലുകള്‍ക്കായിരുന്നു. ഇതിലൂടെ ക്ഷേമപ്രവര്‍ത്തനങ്ങളിലും സമ്പൂര്‍ണ്ണ സാക്ഷരത പോലുള്ള പരിപാടികള്‍ക്കും ഊന്നല്‍ കൊടുക്കാനും സാധ്യമായി.

1990 കള്‍ ആകുമ്പോഴേക്കും കേന്ദ്രസര്‍ക്കാര്‍ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടുവെച്ചു. എല്ലാ മേഖലകളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറുക എന്ന നയം നടപ്പിലാക്കപ്പെട്ടു. സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്നുള്ള വിഹിതത്തിലും വലിയ കുറവുണ്ടായി. ഇതോടെ കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ വികസന പ്രശ്നങ്ങള്‍ കേരളത്തില്‍ രൂപപ്പെട്ടുതുടങ്ങി. നാം നേടിയെടുത്ത വിശ്വവിഖ്യാതമായ കേരളാ മോഡല്‍ വികസനത്തിന്റെ നേട്ടങ്ങള്‍ അതേപോലെ നിലനിര്‍ത്തുക എന്നത് എളുപ്പമല്ലെന്ന സ്ഥിതിവിശേഷമുണ്ടായി. ഈ സാഹചര്യത്തില്‍ കാലത്തിന്റെ പുതിയ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുക എന്നത് പാര്‍ടിയുടെ പ്രധാന ഉത്തരവാദിത്വമായിത്തീര്‍ന്നു.

ഈ ഘട്ടത്തില്‍ പുതിയ സാഹചര്യങ്ങളെ വിലയിരുത്തി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് മൂര്‍ത്തമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനുള്ള ഉത്തരവാദിത്വവും പാര്‍ടി ഏറ്റെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 1994 ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ എ.കെ.ജി പഠന ഗവേഷണ കേന്ദ്രം കേരള വികസനം സംബന്ധിച്ച് അന്താരാഷ്ട്ര സെമിനാര്‍ തന്നെ സംഘടിപ്പിച്ചു.

ഒരു വികസന പരിപ്രേക്ഷ്യം മുന്നോട്ടുവച്ചില്ലെങ്കിലും കേരള വികസനത്തെ സംബന്ധിച്ച മൂര്‍ത്തമായ ചില കാഴ്ചപ്പാടുകള്‍ ഇതില്‍ ഉരുത്തിരിഞ്ഞു. കാര്‍ഷിക-വ്യാവസായികാദി മേഖലകളിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തണം. കേരളത്തില്‍ ഇന്നും അവശേഷിക്കുന്ന ദാരിദ്യ്രത്തിന്റെ തുരുത്തുകളില്‍ പ്രത്യേക സാമൂഹ്യശ്രദ്ധ പതിയണം. വികസനത്തിന് സ്ത്രീപങ്കാളിത്തം ഗൌരവമായ പരിശോധനയ്ക്ക് വിധേയമാക്കണം. ജനപങ്കാളിത്ത വികസനമാതൃകയ്ക്ക് ഊന്നല്‍ കൊടുക്കണം. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ഇതിന് അനിവാര്യമാണ്. കേരളത്തിലെ ബഹുജനപ്രവര്‍ത്തനങ്ങളുടെയും സമരപോരാട്ടങ്ങളുടെയും അനുഭവങ്ങളുടെകൂടി പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഇത്തരമൊരു നിഗമനത്തില്‍ സെമിനാറിന് എത്തിച്ചേരാന്‍ കഴിഞ്ഞത്.

ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 1996 ല്‍ അധികാരത്തില്‍ വന്ന പാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസനത്തിന്റെ പുതിയ പന്ഥാവ് വെട്ടിത്തുറക്കാന്‍ തയ്യാറായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ സമീപനം ദൃശ്യമാവുകയും ചെയ്തു. ജനകീയാസൂത്രണം എന്ന പേരില്‍ അധികാരവികേന്ദ്രീകരണത്തിനായുള്ള പദ്ധതി ആവിഷ്കരിച്ചു. കാര്‍ഷിക മേഖല, വ്യാവസായിക മേഖല തുടങ്ങിയവ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തി. പുത്തന്‍ വികസന മേഖലകളായ ബയോ-ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയ്ക്കും പ്രാധാന്യം നല്‍കി. ടൂറിസം സാധ്യതകളെ വികസിപ്പിക്കാനും പദ്ധതികള്‍ തയ്യാറാക്കി. സാമൂഹ്യക്ഷേമ പദ്ധതികളെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെയും ശക്തിപ്പെടുത്താന്‍ നാം തയ്യാറായി.

ഈ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിലും പുതിയ പ്രശ്നങ്ങളെയും സാധ്യതകളെയും വിശകലനം ചെയ്തുകൊണ്ട് ഒരു വികസന രേഖ തയ്യാറാക്കണമെന്ന കാഴ്ചപ്പാട് പാര്‍ടി മുന്നോട്ടുവെച്ചു. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 2005 ല്‍ സംഘടിപ്പിച്ച കേരള പഠന കോണ്‍ഗ്രസ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. വിവിധ ജനവിഭാഗങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ച് ഈ കാഴ്ചപ്പാടിന് അന്തിമരൂപം നല്‍കി. ഈ പുതിയ വികസന കാഴ്ചപ്പാട് ജനങ്ങളുടെ മുമ്പാകെ ഒരു പ്രകടന പത്രികയായി ഇടതുപക്ഷമുന്നണി മുന്നോട്ടുവയ്ക്കുകയും ചെയ്തു.

കേരളത്തിന്റെ കാര്‍ഷിക-വ്യാവസായിക മേഖലകളിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതിന് ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ചു. വ്യവസായ പുരോഗതിക്ക് അടിസ്ഥാനമായ പശ്ചാത്തല സൌകര്യങ്ങളുടെ വര്‍ദ്ധനയ്ക്ക് ഊന്നല്‍ കൊടുക്കാനും ധാരണയായി. ജൈവ സാങ്കേതികവിദ്യ, വിവര സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ പുത്തന്‍ വികസന മേഖലകളെ വികസിപ്പിക്കുക പ്രധാനമാണെന്നു കണ്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കാനുള്ള പരിപാടികളും മുന്നോട്ടുവെച്ചു. വിദ്യാഭ്യാസമേഖലയുടെയും ആരോഗ്യമേഖലയുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുവാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനക്ഷേമകരമായി സംഘടിപ്പിക്കാനുള്ള കാഴ്ചപ്പാടും അതു മുന്നോട്ടുവെച്ചു. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വീടും കുടിവെള്ളവും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കണമെന്നു തീരുമാനിച്ചു. സ്ത്രീകള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍, ദളിത് ജനവിഭാഗങ്ങള്‍ ഇവരുടെ പ്രശ്നങ്ങള്‍ പ്രത്യേക പരിഗണന നല്‍കി പരിഹരിക്കാനുള്ള പദ്ധതികളും മുന്നോട്ടുവച്ചു. തൊഴിലാളികളുടെ ക്ഷേമ-പെന്‍ഷന്‍ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുക പ്രധാനമാണെന്നും എല്‍ഡിഎഫ് പ്രകടന പത്രിക വ്യക്തമാക്കി.

ഈ നയപരിപാടികള്‍ക്ക് ജനങ്ങള്‍ വലിയ പിന്തുണ നല്‍കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ ചരിത്രവിജയം അതാണ് കാണിക്കുന്നത്. ആ പ്രതീക്ഷകള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള പ്രവര്‍ത്തനം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷിക കടാശ്വാസ നിയമം, പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണം, കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ആക്ട് 2006, സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാനുള്ള നടപടി, സ്മാര്‍ട്ട് സിറ്റി കരാര്‍ തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. ഭരണത്തിലിരിക്കുന്ന ഘട്ടത്തില്‍ പാര്‍ടി നടപ്പിലാക്കിയ നയസമീപനങ്ങള്‍ പിന്നീട് തകര്‍ക്കാന്‍ നടത്തിയ വലതുപക്ഷ പരിശ്രമങ്ങളെ പ്രക്ഷോഭസമരങ്ങളിലൂടെ നേരിട്ട് വികസനത്തെ സ്ഥായിയായി നിലനിര്‍ത്തുന്നതിനു കഴിഞ്ഞു എന്നതും എടുത്തുപറയേണ്ടതാണ്. പാര്‍ലമെന്റും പാര്‍ലമെന്റിതരവുമായ സമരമാര്‍ഗങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് മുന്നോട്ടുപോവുക എന്ന കാഴ്ചപ്പാടാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയത്.

ചുറ്റുമുള്ള ലോകത്ത് ഇടപെട്ടുകൊണ്ട് മാത്രമേ ഒരു വിപ്ളവപ്രസ്ഥാനത്തിനു മുന്നോട്ടുപോവാന്‍ പറ്റൂ. ആ ഇടപെടല്‍ ജനങ്ങളുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുന്ന വിധത്തിലായിരിക്കുകയും വേണം. ജനപക്ഷത്തുനിന്നുകൊണ്ടുള്ള വികസനത്തിനായുള്ള ഇടപെടലിന് ജനകീയപ്രസ്ഥാനങ്ങള്‍ക്കു മാത്രമേ കഴിയുകയുള്ളൂ. അതുകൊണ്ടാണ് വലതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്കെതിരായുള്ള ജനകീയ വികസന അജണ്ട രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടിക്ക് നടത്താനാവുന്നത്. വികസന പ്രക്രിയ സ്വയംഭൂവായി രൂപപ്പെടുന്ന ഒന്നല്ല. അതിനു പിന്നില്‍ ബോധപൂര്‍വ്വമായ രാഷ്ട്രീയ ഇടപെടലുകളുണ്ട്. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വികസന കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിത്തീരുന്നത് ഈ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ വ്യത്യസ്തതകൊണ്ടാണ്. കേരളത്തിന്റെ അനുഭവങ്ങളില്‍നിന്ന് നമുക്ക് ഇത് വ്യക്തമാവും.

1 comment:

ജനശക്തി ന്യൂസ്‌ said...