Saturday, August 11, 2007

യുഎഇ: പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്തണം - മുഖ്യമന്ത്രി

യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി സെപ്തംബര്‍ മൂന്നിന് അവസാനിക്കാനിരിക്കെ അതിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചു. പൊതുമാപ്പിനായി എംബസി/കോണ്‍സുലേറ്റില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം 13 വരെയാണ്. അപേക്ഷ നല്‍കേണ്ട അവസാനദിവസം ഏറെ അടുത്തുകഴിഞ്ഞ സ്ഥിതിക്ക് സുരക്ഷിതമായ തിരിച്ചുവരവിനായി സമയം കളയാതെ ശ്രമിക്കണം.

യുഎഇയിലുള്ള മലയാളികളും നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പൊതുമാപ്പിന് അര്‍ഹതയുള്ളവര്‍ അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പൊതുമാപ്പ് കാലാവധിയില്‍ നാട്ടിലേക്കു മടങ്ങാതെ തുടര്‍ന്നും ആ രാജ്യത്ത് തങ്ങുന്നവര്‍ക്ക് കടുത്ത ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരും. നാട്ടിലേക്ക് സുരക്ഷിതമായി തിരിച്ചുവരാനുള്ള ഇപ്പോഴത്തെ അവസരം പാഴാക്കി ശിക്ഷ ചോദിച്ചുവാങ്ങുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതവേണം.

പൊതുമാപ്പ് ആനുകൂല്യം ലഭിക്കാന്‍ പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ എംബസി/കോണ്‍സുലേറ്റുകളില്‍ അതിന്റെ പകര്‍പ്പ് നല്‍കിയാല്‍ ഔട്ട്പാസ് ലഭിക്കും. പകര്‍പ്പുപോലും ഇല്ലാത്തവര്‍ക്ക് മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി ആനുകൂല്യം നേടാം.

ഇതിനോടകം ദുബായ് കോണ്‍സുലേറ്റില്‍ 34,802 അപേക്ഷ ലഭിച്ചതില്‍ 26,942 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുകയും 22,126 സര്‍ട്ടിഫിക്കറ്റ് പൊതുമാപ്പ് അപേക്ഷകര്‍ക്ക് വിതരണം ചെയ്യുകും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ പൊതുമാപ്പ് പ്രഖ്യാപനം പരമാവധി ഗുണപ്രദമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക്ക റൂട്ട്സിന്റെ ഉന്നതതലസംഘത്തെ പൊതുമാപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി യുഎഇയിലേക്ക് അയച്ചിരുന്നു. സംഘം അബുദാബി ഇന്ത്യന്‍ എംബസി, ദുബായ് കോണ്‍സുലേറ്റ്, മലയാളി അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടു. നാട്ടിലേക്കു മടങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് യുഎഇയില്‍ മലയാളി അസോസിയേഷനുകളടക്കം പലരും സജീവമായി രംഗത്തുണ്ട്.

തിരിച്ചുവരവിന് ശ്രമിക്കുന്ന യുഎഇ മലയാളികള്‍ക്കും നാട്ടിലെ ഉറ്റവര്‍ക്കുമായി ചില ഫോണ്‍/ഫാക്സ് നമ്പരുകള്‍ ചുവടെ: നോര്‍ക്ക റൂട്ട്സ്, തിരുവനന്തപുരം-ഫോണ്‍: 0471-2332452, 2332416, ഫാക്സ്: 0471-2326263. ജനറല്‍ മാനേജര്‍, നോര്‍ക്ക റൂട്ട്സ്-9847117569, അബുദാബി ഇന്ത്യന്‍ എംബസി ഫോണ്‍: +9712 44 92 700, ഫാക്സ്: +9712 4444 685, ദുബായ് കോണ്‍സുലേറ്റ്: ഫോണ്‍: 043971222, 043971333, ഫാക്സ്: 043970453.

1 comment:

SHAN ALPY said...

A free
gulf video
visit my blog
http://shanalpyblogspotcom.blogspot.com