Saturday, August 11, 2007

അഭയ കേസ് - ഗീതയെയും ചിത്രയെയും വിദഗ്ധര്‍ ചോദ്യംചെയ്തു

സിസ്റ്റര്‍ അഭയ വധക്കേസില്‍ സിബിഐ അന്വേഷണം നിര്‍ണായകഘട്ടത്തിലേക്കു നീങ്ങുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ചീഫ് കെമിക്കല്‍ എക്സാമിനറായിരുന്ന ആര്‍ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെ ഡല്‍ഹിയില്‍ വിദഗ്ധരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ചോദ്യംചെയ്തു. അഭയയുടെ രാസപരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയെന്ന ആക്ഷേപത്തെത്തുടര്‍ന്ന് ഇരുവരും സസ്പെന്‍ഷനിലാണിപ്പോള്‍. കേസിലെ സുപ്രധാന കണ്ണികളായ ഫാ. തോമസ് കോട്ടൂരിനെയും മുന്‍ എഎസ്ഐ അഗസ്റ്റിനെയും കഴിഞ്ഞദിവസം നാര്‍കോ അനാലിസിസിന് വിധേയമാക്കിയിരുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിഭാഗത്തിലെയും സെറോളജിവിഭാഗത്തിലെയും വിദഗ്ധരാണ് ഇരുവരെയും ചോദ്യംചെയ്തത്. അഭയയുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ വരുത്തിയ തിരുത്തലുകള്‍ സംബന്ധിച്ച് ചിത്രയും ഗീതയും നല്‍കിയ വിശദീകരണത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ തൃപ്തരല്ലെന്നാണ് സൂചന. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ രാസപരിശോധനകളുടെ ആധികാരികതയിലും വിദഗ്ധര്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.

വര്‍ക്ക് റിപ്പോര്‍ട്ടില്‍ വരുത്തിയ തിരുത്തലുകള്‍ ബോധപൂര്‍വമല്ലെന്നാണ് ഗീതയും ചിത്രയും പറഞ്ഞത്. രാസപരിശോധനയില്‍ അഞ്ചുതരം പരീക്ഷണങ്ങളാണ് നടത്തിയത്. ഇതില്‍ നാലാമത്തെ പരീക്ഷണത്തില്‍ പുരുഷബീജത്തിന്റെ അംശമുള്ളതായി സംശയം തോന്നുകയും അത് വര്‍ക്ക് റിപ്പോര്‍ട്ടില്‍ എഴുതുകയുമായിരുന്നു. എന്നാല്‍ അഞ്ചാമത്തെ പരീക്ഷണത്തില്‍ ബീജത്തിന്റെ അംശം ഇല്ലെന്ന് തെളിഞ്ഞപ്പോള്‍ അത് വര്‍ക്ക് റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തുവെന്നുമാണ് ഇരുവരും മൊഴിനല്‍കിയത്. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ ചോദ്യംചെയ്യല്‍ രണ്ടുമണിക്കൂര്‍ നീണ്ടു.

അഭയ കേസില്‍ ഏറെ പുരോഗതി കൈവരിച്ചതായാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്. ഏതാനും ആഴ്ചകള്‍ക്കകം കേസ് തീര്‍പ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇനി അഞ്ചുപേരെക്കൂടി ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്.

അഭയ ലൈംഗികമായി പീഡിക്കപ്പെട്ടില്ലെന്നായിരുന്നു രാസപരിശോധനകള്‍ക്കുശേഷം ചിത്രയും ഗീതയും നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ അടുത്തിടെ പരിശോധനകളുടെ വര്‍ക്ക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍വരുത്തിയ വിവരം പുറത്തുവരികയായിരുന്നു.

No comments: